മരത്തില്‍ തലയടിച്ചുവീണു, മുറിവില്‍ മഞ്ഞള്‍പ്പൊടിയിട്ടു, തല കെട്ടി പോകുമ്പോള്‍ പോലീസ് പിടിച്ചു

10 months ago 8

ലൈഞ്ജര്‍ കരുണാനിധിയെ നാടകത്തിലൂടെയാണ് ത്യാഗരാജന്‍ അറിഞ്ഞുതുടങ്ങുന്നത്. സിനിമയുടെ ലോകത്തേക്ക് കാലെടുത്തുവെക്കുംമുമ്പേ കരുണാനിധിയുടെ നാടകങ്ങള്‍ പല ദേശങ്ങളില്‍ നിന്നായി കാണുകയും അദ്ദേഹത്തോട് ആരാധന തോന്നുകയും ചെയ്തിരുന്നു. കടുത്ത സാമൂഹികവിമര്‍ശനങ്ങള്‍ എയ്തവയായിരുന്നു കരുണാനിധിയുടെ പല നാടകങ്ങളും. അദ്ദേഹത്തിന്റെ കുണ്ഡലകേശി എന്ന പ്രശസ്ത നാടകം ആമ്പൂരില്‍വെച്ചാണ് ത്യാഗരാജന്‍ കാണുന്നത്. 1960-കളുടെ ആരംഭത്തില്‍ തമിഴ് സിനിമയില്‍ എം.ജി.ആറിന്റെയും ശിവാജി ഗണേശന്റെയും താരോദയത്തോടെതന്നെ കരുണാനിധി എന്ന തിരക്കഥാരചയിതാവിനെയും തമിഴകം താരമായി പ്രതിഷ്ഠിച്ചു തുടങ്ങിയിരുന്നു. നാടകംപോലെ ഉശിരന്‍ സംഭാഷണങ്ങള്‍കൊണ്ട് വെള്ളിത്തിരയും ആരവഭരിതമാക്കിയ കരുണാനിധിയോടുള്ള ആരാധന നാള്‍ക്കുനാള്‍ കൂടിവന്നു ത്യാഗരാജന്. സ്റ്റണ്ട്മാസ്റ്ററുടെ സഹായിയായി ജോലിചെയ്ത നാളുകളിലെപ്പോഴോ ആണ് മദിരാശിയിലെ മറീന ബീച്ചില്‍ കരുണാനിധിയുടെ പ്രസംഗം കേള്‍ക്കാന്‍ ത്യാഗരാജന്‍ പോകുന്നത്.

ജനസമുദ്രത്തെ ഇളക്കിമറിക്കുന്ന കരുണാനിധിയുടെ പ്രസംഗത്തെക്കുറിച്ച് പലരും പറഞ്ഞുകേട്ട അറിവേ ത്യാഗരാജനുണ്ടായിരുന്നുള്ളൂ. ആ സന്ധ്യയില്‍ അണ്ണാദുരൈ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ നിറഞ്ഞ വേദിയില്‍വെച്ച് കരുണാനിധി നടത്തിയ പ്രസംഗം കേട്ട് ത്യാഗരാജന്‍ അമ്പരന്നു. ആ വാക്കുകളുടെ മൂര്‍ച്ചയിലും തെളിച്ചത്തിലും ജനലക്ഷങ്ങള്‍ ആര്‍ത്തിരമ്പുന്നത് അദ്ഭുതത്തോടെ നോക്കിനിന്നു. പിന്നീട്, നിരന്തരമായി വാഗ്ധോരണി കേള്‍ക്കാന്‍വേണ്ടി മാത്രം ത്യാഗരാജന്‍ കടന്നുചെന്നു, ദ്രാവിഡ രാഷ്ട്രീയത്തിന്റെ കൊടിപാറുന്ന വേദികളുടെ മുന്‍നിരയിലേക്ക്. ഒരര്‍ത്ഥത്തില്‍ ത്യാഗരാജന്‍ എന്ന മനുഷ്യന്റെ മനസ്സില്‍ ഡി.എം.കെ. എന്ന പ്രസ്ഥാനം ആഴത്തില്‍ വേരൂന്നുകകൂടിയായിരുന്നു കരുണാനിധിയുടെ വാക്കുകളിലൂടെ. മദിരാശിയിലെ ഒട്ടനവധി സ്റ്റുഡിയോകളില്‍ കരുണാനിധിയെ ത്യാഗരാജന്‍ വീണ്ടും കണ്ടു. ഒരിക്കല്‍ 'സത്യാ' സ്റ്റുഡിയോയില്‍നിന്ന് ഇറങ്ങിവരുന്ന കരുണാനിധിയുടെ മുന്നിലേക്ക് കൂപ്പുകൈകളോടെ ചെന്നു, സ്വയം പരിചയപ്പെടുത്തി.

'സര്‍, ഞാന്‍ ത്യാഗരാജന്‍. സ്റ്റണ്ട്മാസ്റ്ററാണ്.'
സ്റ്റണ്ടിനെക്കാള്‍ കൂടുതല്‍ ത്യാഗരാജന് പറയാനുണ്ടായിരുന്നത് കരുണാനിധിയുടെ നാടകങ്ങള്‍ കാണാന്‍ പല ദേശങ്ങളിലും പോയ കഥയാണ്. ഏറെ സന്തോഷത്തോടെ ആ വാക്കുകള്‍ കേട്ട കരുണാനിധി ത്യാഗരാജന്റെ തോളത്ത് കൈവെച്ചുകൊണ്ട് പറഞ്ഞു: 'എനിക്കറിയാം ത്യാഗരാജനെ. കുറച്ചു ദിവസം മുമ്പ് നിങ്ങളെക്കുറിച്ച് എം.ജി.ആര്‍. എന്നോട് പറഞ്ഞിരുന്നു. ധീരന്മാരെ എനിക്ക് വലിയ ഇഷ്ടമാണ്. നമുക്ക് വീണ്ടും കാണാം.'

ഇത്രയും പറഞ്ഞ് കരുണാനിധി കാറിലേക്കു കയറി. ഏറെ ആദരവോടെ നോക്കിക്കണ്ട ഒരു വലിയ മനുഷ്യന്‍ തന്നെക്കുറിച്ച് പറഞ്ഞ വാക്കുകളില്‍ ത്യാഗരാജന്‍ അഭിമാനംകൊണ്ടു. തിരിച്ച് സത്യാ സ്റ്റുഡിയോയുടെ മുകളിലത്തെ നിലയിലേക്ക് കയറിപ്പോകുമ്പോഴും കരുണാനിധിയുടെ വാക്കുകള്‍ തന്റെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്നതുപോലെ തോന്നി: 'ധീരന്മാരെ എനിക്ക് വലിയ ഇഷ്ടമാണ്.'

എഴുപതോളം സിനിമകള്‍ക്ക് കരുണാനിധി രചന നിര്‍വ്വഹിച്ചെങ്കിലും അതിലൊന്നുംതന്നെ ത്യാഗരാജന്റെ സാന്നിദ്ധ്യമുണ്ടായിരുന്നില്ല. എങ്കിലും കരുണാനിധിയുടെ തീതുപ്പുന്ന സിനിമാസംഭാഷണങ്ങള്‍ ഹൃദയത്തില്‍ കൊണ്ടുനടന്നു. നിരന്തരമായ കണ്ടുമുട്ടലുകളോ സംഭാഷണങ്ങളോ അവര്‍ക്കിടയിലുണ്ടായില്ല. പക്ഷേ, ഇരുവരുടെയും മനസ്സില്‍ അപരനുണ്ടായിരുന്നു. അത് പല ഘട്ടങ്ങളിലും ത്യാഗരാജന് ബോദ്ധ്യപ്പെടുകയും ചെയ്തു.

സ്റ്റണ്ട്മാസ്റ്ററായി പേരെടുത്തു തുടങ്ങിയെങ്കിലും അദ്ദേഹത്തിന് സ്വയം വാഹനങ്ങള്‍ ഓടിക്കാനറിയില്ലായിരുന്നു. റിട്ടയേഡ് ആര്‍മി ഉദ്യോഗസ്ഥനായിരുന്ന സേതുപതിയായിരുന്നു വാഹനങ്ങള്‍ ഓടിക്കാനുള്ള പരിശീലനം ത്യാഗരാജനു നല്‍കിയത്. വടപളനിയില്‍ത്തന്നെയായിരുന്നു സേതുപതിയുടെയും താമസം. സിനിമയോട് എന്തെന്നില്ലാത്ത അഭിനിവേശമായിരുന്നു അയാള്‍ക്ക്. പതിവായി ഷൂട്ടിങ് ലൊക്കേഷനുകളില്‍ വന്നിരുന്ന സേതുപതിയെ ത്യാഗരാജന്‍ പരിചയപ്പെട്ടതും ലൊക്കേഷനില്‍വെച്ചു തന്നെയായിരുന്നു. ആ പരിചയം സൗഹൃദമായി. തനിക്ക് ബൈക്ക് ഓടിക്കാന്‍ അറിയില്ലെന്ന് ത്യാഗരാജന്‍ പറഞ്ഞപ്പോള്‍ താന്‍ പഠിപ്പിച്ചുതരാമെന്നായി സേതുപതി. രാത്രി ഷൂട്ടിങ് കഴിഞ്ഞ് ത്യാഗരാജന്‍ മുറിയിലെത്തുമ്പോഴേക്കും സ്വന്തം ബൈക്കുമായി സേതുപതി അവിടെയെത്തിയിട്ടുണ്ടാവും. പിന്നീട് തിരക്കൊഴിഞ്ഞ റോഡിലൂടെ ബൈക്ക് ഓടിക്കുന്നതിനുള്ള പരിശീലനമാണ്. മൂന്നേ മൂന്നു രാത്രി. പരിചയസമ്പന്നനായ ഒരാളെപ്പോലെ ബൈക്കില്‍ ചീറിപ്പായുന്ന ത്യാഗരാജനെയാണ് സേതുപതി പിന്നീട് കണ്ടത്. അപ്പോഴൊക്കെ സേതുപതി മുന്നറിയിപ്പു നല്‍കും, 'മരണപ്പാച്ചില്‍ വേണ്ട ത്യാഗരാജാ... അപകടം വിളിച്ചുവരുത്തേണ്ട.' സാഹസികതയെ സ്നേഹിച്ച ത്യാഗരാജന്‍ സേതുപതിയുടെ വാക്കുകള്‍ പുഞ്ചിരിയോടെ സ്വീകരിച്ചുവെന്നല്ലാതെ ആ വേഗത്തിന് ഒട്ടും കുറവു വന്നില്ല.

ഏതു രീതിയിലും ബൈക്ക് ഓടിക്കാന്‍ പരിശീലിച്ചതില്‍പ്പിന്നെ ത്യാഗരാജന്റെ മോഹം പ്രേക്ഷകര്‍ ശ്വാസമടക്കിപ്പിടിച്ചിരുന്ന് കാണുന്ന ചില സീനുകള്‍ സൃഷ്ടിക്കുന്നതിനെക്കുറിച്ചായി. ഇംഗ്ലീഷ്, ഹിന്ദി ചിത്രങ്ങളില്‍ കാണുന്നതുപോലെ ബൈക്ക് ജംപിങ്ങും കാര്‍ ജംപിങ്ങുമൊക്കെ മലയാളത്തിന്റെ തിരശ്ശീലയിലും പകര്‍ത്താന്‍ ആ മനസ്സ് ആഗ്രഹിച്ചു. അതിനുള്ള പരിശീലനമായി പിന്നീട്. വാടകയ്ക്കെടുക്കുന്ന മോട്ടോര്‍ ബൈക്ക് ഉപയോഗിച്ച് ജംപിങ്ങിനുള്ള പരിശീലനം ആരംഭിച്ചു. സഹായിയായി രാമകൃഷ്ണനും. രാത്രി ടി. നഗറിലൊരൊഴിഞ്ഞ ഗ്രൗണ്ടിലായിരുന്നു പരിശീലനം. മറുഭാഷാ ചിത്രങ്ങളില്‍ കണ്ടതുപോലെ കാണികളുടെ നെഞ്ചിടിപ്പിന്റെ വേഗം കൂട്ടുന്ന അത്യുഗ്രന്‍ ആക്ഷന്‍ സീനുകള്‍ തന്റേതായ ശൈലിയില്‍ ത്യാഗരാജന്‍ രൂപപ്പെടുത്തി. രണ്ടും മൂന്നും മണിക്കൂറുകള്‍ നീളുന്ന കഠിനവും അപകടകരവുമായ പരിശീലനം. പലപ്പോഴും ബൈക്കില്‍നിന്ന് പിടിവിട്ട് തെറിച്ചുവീണു. തലയ്ക്കും കൈമുട്ടിനും കാല്‍മുട്ടിനുമൊക്കെയായി പരിക്കേറ്റു. രക്തം വരുമ്പോള്‍ മഞ്ഞള്‍പ്പൊടി വെച്ചുകെട്ടി പരിശീലനം തുടരും. വീഴ്ചകള്‍ക്കും മുറിവുകള്‍ക്കും തന്റെ നിശ്ചയദാര്‍ഢ്യത്തെ തോല്‍പ്പിക്കാനാവില്ലെന്ന് ഉറച്ചുവിശ്വസിച്ചിരുന്നു ത്യാഗരാജന്‍.

ബൈക്കില്‍ എന്തഭ്യാസവും കാണിക്കാമെന്ന അവസ്ഥയിലെത്തിയപ്പോള്‍ പിന്നെ കാര്‍ ജംപിങ്ങിലും ജീപ്പ് ജംപിങ്ങിലും പരിശീലനം നേടുകയായി ലക്ഷ്യം. ആക്ഷന്‍ സിനിമകളെ ഹൃദയത്തിലേറ്റുന്ന പ്രേക്ഷകര്‍ക്കുവേണ്ടിയുള്ള ആത്മസമര്‍പ്പണമായിരുന്നു ആ പരിശീലനങ്ങളെല്ലാം. ഹോളിവുഡ്, ബോളിവുഡ് ചിത്രങ്ങളില്‍നിന്നുമാത്രം പരിചയിച്ച ആക്ഷന്‍ സീനുകളെ അതേപടി പകര്‍ത്തിവെക്കാതെ ഓരോ സീക്വന്‍സിനും തന്റേതായ ഡയമന്‍ഷന്‍ നല്‍കുകയായിരുന്നു ത്യാഗരാജന്‍. കാറും ജീപ്പും ഓടിക്കാന്‍ പരിശീലനം നല്‍കിയതും സേതുപതി തന്നെയായിരുന്നു. ആ പരിശീലനം വെള്ളിത്തിരയില്‍ സ്ഫോടനാത്മകമായ ഒട്ടനവധി രംഗങ്ങളാണ് സൃഷ്ടിച്ചത്. തീയേറ്ററിനെ പ്രകമ്പനംകൊള്ളിക്കുന്ന ഇത്തരം സീനുകള്‍ക്കു മുന്നില്‍ മറയില്ലാതെ ത്യാഗരാജന്‍ പ്രവര്‍ത്തിച്ചതിന്റെ മുഴുവന്‍ കൈയടികളും ഏറ്റുവാങ്ങിയത് സിനിമയിലെ നായകന്മാരായിരുന്നു. ത്യാഗരാജന്റെ ശരീരത്തില്‍നിന്നു ചോരയിറ്റുവീഴാത്ത ആക്ഷന്‍ സീനുകള്‍ നന്നേ കുറവായിരുന്നു സിനിമയില്‍. മലയാളത്തില്‍ മാത്രമല്ല, തമിഴും തെലുങ്കും കന്നടയും സിംഹളയും ഹിന്ദിയും കടന്ന് ത്യാഗരാജന്റെ ത്രസിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങള്‍ ഇന്ത്യന്‍ സിനിമയിലുടനീളം പടരാന്‍ തുടങ്ങി.

പെരിയാറിനും അണ്ണാദുരൈക്കും ശേഷം ദ്രാവിഡപ്രസ്ഥാനത്തിന്റെ ആള്‍രൂപമായി കരുണാനിധി കടന്നുവരുമ്പോഴേക്കും സ്റ്റണ്ട്മാസ്റ്റര്‍ എന്ന നിലയില്‍ ത്യാഗരാജന്റെ ഖ്യാതി ഏറെ ഉയര്‍ന്നിരുന്നു. 1969-ല്‍ മുഖ്യമന്ത്രിയായി മുത്തുവേല്‍ കരുണാനിധി ചുമതലയേറ്റ് ഏറെനാള്‍ കഴിയുംമുമ്പാണ് എം.ജി.ആറിനെ നായകനാക്കി പി. നീലകണ്ഠന്‍ സംവിധാനം ചെയ്ത വീനസ് പിക്ചേഴ്സിന്റെ 'എന്‍ അണ്ണന്‍' സിനിമയിലെ ഒരു ആക്ഷന്‍ രംഗം മുഖ്യമന്ത്രിയുടെ ഓഫീസില്‍ ചിത്രീകരിക്കാനിടയായി. ത്യാഗരാജന്റെ സംവിധാനത്തിലായിരുന്നു പ്രസ്തുത രംഗം ഷൂട്ട് ചെയ്തത്. ചിത്രീകരണത്തിനിടെയാണ് കരുണാനിധി ഓഫീസിലേക്കു കയറിവന്നത്. എം.ജി.ആറുമായി സംസാരിക്കുന്നതിനിടയിലാണ് ത്യാഗരാജനെ കരുണാനിധി ശ്രദ്ധിക്കുന്നത്. തന്റെ അരികിലേക്ക് വിളിച്ചശേഷം ത്യാഗരാജനോട് കരുണാനിധി പറഞ്ഞു: 'ഞാന്‍ അന്നേ മനസ്സില്‍ കരുതിയതാണ്, നീ വലിയവനാകുമെന്ന്. ഇവിടെയല്ല, ഇതിലുമെത്രയോ ഉയരത്തില്‍ നീയെത്തിച്ചേരും ത്യാഗരാജാ...'

സ്റ്റണ്ട്മാസ്റ്ററായി പേരെടുത്തു തുടങ്ങിയതുമുതല്‍ ത്യാഗരാജന്‍ മനസ്സില്‍ കൊണ്ടുനടന്ന ഒരാഗ്രഹമാണ് പുതിയൊരു ജാവാ ബൈക്ക് സ്വന്തമാക്കുകയെന്നത്. വളരെ ചെറുപ്പത്തിലേ ജാവാ ബൈക്കിനോട് വല്ലാത്തൊരിഷ്ടം വെച്ചുപുലര്‍ത്തിയ ത്യാഗരാജന്‍ തന്റെ വരുമാനത്തില്‍നിന്ന് ചെറിയൊരു തുക തുടക്കം മുതലേ മാറ്റിവെച്ചിരുന്നു. പുതിയൊരു ബൈക്ക് വാങ്ങുന്ന കാര്യം ഡ്രൈവിങ് പഠിപ്പിച്ചു കൊടുത്ത സേതുപതിയോടു തന്നെയാണ് ആദ്യം പറഞ്ഞത്. ഷൂട്ടിങ്ങിന്റെ ഇടവേളയില്‍ സേതുപതിയോടൊപ്പം പോയി മദിരാശി നോര്‍ത്തിലുള്ള ഒരു കടയില്‍നിന്നാണ് മൂവായിരം രൂപയ്ക്ക് പുതിയ ജാവാ ബൈക്ക് ത്യാഗരാജന്‍ വാങ്ങുന്നത്. ആ ദിവസംതന്നെ, ബി. ദൊരൈരാജ് സംവിധാനം ചെയ്ത കസ്തൂരി നിവാസ എന്ന കന്നട ചിത്രത്തിനു വേണ്ടിയുള്ള ബൈക്ക് ചേസിങ്ങില്‍ നായകന്‍ രാജ്കുമാറിനുവേണ്ടി ത്യാഗരാജന് ഡ്യൂപ്പിടേണ്ടതുണ്ടായിരുന്നു.

വൈകീട്ടായിരുന്നു ബൈക്ക് ചേസിങ്. ഷൂട്ടിങ്ങിന് ഉപയോഗിച്ച ബൈക്ക് പഴകിയതായിരുന്നു. നിയന്ത്രണംവിട്ടപോലെ അത് ത്യാഗരാജനെയുംകൊണ്ട് പറന്നു. റോഡിന് ഇരുവശങ്ങളിലുമായി വലിയ മരങ്ങളും കരിങ്കല്ലുകളും നിറഞ്ഞു കിടപ്പുണ്ടായിരുന്നു. നിയന്ത്രണംവിട്ട ബൈക്കില്‍നിന്ന് എടുത്തുചാടുകയല്ലാതെ മറ്റൊരു നിവൃത്തിയുമുണ്ടായിരുന്നില്ല. പരിചയസമ്പന്നരായവര്‍ക്കു മാത്രമേ അങ്ങനെ ചാടാന്‍ കഴിയൂ. ബൈക്കില്‍നിന്ന് ചാടിയെങ്കിലും ത്യാഗരാജന്‍ ആ വേഗത്തില്‍ വലിയൊരു മരത്തിലിടിച്ചു വീഴുകയാണുണ്ടായത്. തലയ്ക്ക് പരിക്കേറ്റ അദ്ദേഹത്തെ ഉടനേതന്നെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകാന്‍ എല്ലാവരുംകൂടി ശ്രമിച്ചെങ്കിലും ത്യാഗരാജന്‍ വഴങ്ങിയില്ല. ബാഗില്‍ സൂക്ഷിച്ചിരുന്ന മഞ്ഞള്‍പ്പൊടിയെടുത്ത് മുറിവില്‍ വെച്ചുകെട്ടി. ഷൂട്ടിങ് അടുത്ത ദിവസം മതിയെന്ന് സംവിധായകന്‍ പറഞ്ഞപ്പോള്‍ തന്റെ പുതിയ ജാവാ ബൈക്കില്‍ കയറി വടപളനിയിലേക്ക് തിരിച്ചു. സമയം ഏറെ ഇരുട്ടിയിരുന്നു. തലയില്‍ വെള്ളത്തുണികൊണ്ടുള്ള കെട്ടുമായി അതിവേഗം ബൈക്കോടിച്ച് വരുന്നയാളെ കണ്ടപ്പോള്‍ പോലീസ് കൈ കാണിച്ചു. ക്ഷീണിതനായ ത്യാഗരാജന്‍ ബൈക്ക് നിര്‍ത്തി. പോലീസിന്റെ വക വളരെ മോശമായ ഭാഷയില്‍ കുറെ ചോദ്യങ്ങള്‍. അത് ത്യാഗരാജനെ ചൊടിപ്പിച്ചു.

'ലൈസന്‍സെടുക്കെടാ...' പോലീസുകാരന്‍ പറഞ്ഞു. 'അത് വീട്ടില്‍വെച്ചിരിക്കുകയാണ്,' ത്യാഗരാജന്റെ മറുപടി. ലൈസന്‍സില്ലാതെ വണ്ടിയോടിച്ചതിന് പോലീസ് കേസ് ചാര്‍ജ് ചെയ്തു.
'സര്‍, ബൈക്ക് മാത്രമല്ല, ജീപ്പും കാറുമെല്ലാം ഞാന്‍ നന്നായി ഓടിക്കും. ലൈസന്‍സ് ഞാന്‍ നാളെ ഹാജരാക്കാം.'
പോലീസ് ത്യാഗരാജന്റെ ബൈക്ക് പിടിച്ചുവെച്ചു. ലൈസന്‍സുമായി വന്നശേഷം വണ്ടി കൊണ്ടുപോയാല്‍ മതിയെന്ന പോലീസിന്റെ മറുപടി കേട്ടപ്പോള്‍ ത്യാഗരാജന്‍ പറഞ്ഞു: 'എന്നാല്‍ ഞാന്‍ മുഖ്യമന്ത്രിയോട് പറഞ്ഞോളാം.'

ആ രാത്രിതന്നെ ത്യാഗരാജന്‍ ഗോപാലപുരത്തുള്ള കരുണാനിധിയുടെ വീട്ടിലേക്ക് ചെന്നു. 'കലൈഞ്ജറോട് ത്യാഗരാജന്‍ വന്നിട്ടുണ്ടെന്ന് പറഞ്ഞാല്‍ മതി.' കാവല്‍ക്കാരനോട് ഇത്രയേ പറഞ്ഞുള്ളു. നിമിഷങ്ങള്‍ക്കകം വീടിന്റെ വാതില്‍ തുറന്ന് കരുണാനിധിയുടെ മുറിയിലേക്ക് ആരോ ത്യാഗരാജനെ കൂട്ടിക്കൊണ്ടുപോയി. നടന്നതെല്ലാം കരുണാനിധിയെ ധരിപ്പിച്ചു. ഒടുവില്‍ ഇത്രയുംകൂടി പറഞ്ഞു, 'സര്‍, കാറും ജീപ്പും എല്ലാം ഞാനോടിക്കും. പക്ഷേ, എനിക്ക് ലൈസന്‍സില്ല. പോലീസ് വളരെ മോശമായി സംസാരിച്ചപ്പോള്‍ ലൈസന്‍സ് വീട്ടിലുണ്ടെന്ന് ഞാനൊരു കളവ് പറഞ്ഞു.'
കരുണാനിധി ത്യാഗരാജന്റെ തലയില്‍ കൈ വെച്ച് ചോദിച്ചു: 'ഇതെങ്ങനെ പറ്റി?'
'ഷൂട്ടിങ്ങിനിടയില്‍ സംഭവിച്ചതാണ്' എന്ന മറുപടി കേട്ടപ്പോള്‍ കുറച്ചുനേരം അദ്ദേഹത്തിന്റെ കണ്ണുകളിലേക്ക് നോക്കി കരുണാനിധി പറഞ്ഞു: 'ത്യാഗരാജന്‍, നീ ധീരനാണ്. ഇപ്പോ വീട്ടിലേക്ക് പോ. ലൈസന്‍സ് നാളെ വീട്ടിലെത്തും. നീ വീട്ടിലെത്തുമ്പോഴേക്കും നിന്റെ ബൈക്കും അവിടെയെത്തിയിരിക്കും.'

ത്യാഗരാജന്‍ മുറിയിലെത്തുമ്പോഴേക്കും പോലീസുകാര്‍ ബൈക്കുമായി വന്നിരുന്നു. 'ലൈസന്‍സിന് കൊടുക്കാനാണ്. ത്യാഗരാജന്റെ ഒരു ഫോട്ടോ വേണം,' പോലീസുകാരന്‍ പറഞ്ഞു.

ഫോട്ടോ കിട്ടിയ ഉടനെ പോലീസുകാര്‍ ഇറങ്ങി. പിറ്റേന്നു രാത്രി ഷൂട്ടിങ് കഴിഞ്ഞ് തിരിച്ചെത്തിയ ത്യാഗരാജനോട് റിസപ്ഷനിലെ പയ്യന്‍ പറഞ്ഞു: 'സാറിനെ അന്വേഷിച്ച് പോലീസ് വന്നിരുന്നു. അവര് തന്നതാണ് ഈ കവര്‍.'

കവര്‍ തുറന്നുനോക്കിയപ്പോള്‍ അതിനുള്ളില്‍ ത്യാഗരാജന്റെ പേരിലുള്ള ഡ്രൈവിങ് ലൈസന്‍സ്. ഒറ്റ ദിവസംകൊണ്ട് കരുണാനിധി തനിക്കു മുന്നിലേക്ക് ഡ്രൈവിങ് ലൈസന്‍സ് എത്തിച്ചിരിക്കുന്നു. അപ്പോഴും ത്യാഗരാജന്‍ ഓര്‍ത്തത് കരുണാനിധിയുടെ പ്രശസ്തമായ ഒരു സിനിമാസംഭാഷണമാണ്. 'വീരന്‍ സാകവേയില്ലൈ കോഴ വാഴ്കവേയില്ലൈ!' ശരിയാണ്. ധീരന് മരണമില്ല; ഭീരുവിന് ജീവിതവും!

(തുടരും)

Content Highlights: stunt maestro thyagarajan, tamil movie, karunanidhi, mgr, enactment movie

ABOUT THE AUTHOR

എഴുത്തുകാരൻ, ജീവചരിത്രകാരൻ, നാടകകലാകാരൻ. ഗുരുമുഖങ്ങൾ, മുൻപേ പെയ്ത മഴയിലാണ് ഇപ്പോൾ നനയുന്നത് തുടങ്ങിയ പുസ്തകങ്ങളുടെ രചയിതാവ്

More from this author

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article