
സിദ്ധു മൂസെവാല | ഫോട്ടോ: Instagram
പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായ ശുഭ്ദീപ് സിങ് സിദ്ധു മൂസെവാല അക്രമികളുടെ വെടിയേറ്റുമരിച്ചത് ഏവരേയും ഞെട്ടിച്ചിരുന്നു. 2022 മേയ് മാസത്തിലായിരുന്നു സംഗീതലോകത്തെ ഒന്നടങ്കം ഞെട്ടിച്ച സംഭവം. പക്ഷേ മൂന്നുവർഷം മുമ്പ് മരിച്ച സിദ്ധു മൂസേവാലയുടെ ഔദ്യോഗിക സോഷ്യൽ മീഡിയാ അക്കൗണ്ടിൽ കഴിഞ്ഞദിവസം പ്രത്യക്ഷപ്പെട്ട ഒരു അനൗൺസ്മെന്റ് വീഡിയോ ഏവരേയും ഞെട്ടിച്ചിരിക്കുകയാണ്.
സിദ്ധു മൂസെവാലയുടെ ലോക പര്യടനത്തേക്കുറിച്ചുള്ള പ്രഖ്യാപന വീഡിയോ ആയിരുന്നു ഇത്. 2026 എന്നാണ് വീഡിയോക്ക് നൽകിയിരിക്കുന്ന തലക്കെട്ട്. സൈൻഡ് റ്റു ഗോഡ് എന്ന പേരിലായിരിക്കും പര്യടനം. ഇത്രയുമാണ് വീഡിയോയിലുള്ളത്. പക്ഷേ ഇതെങ്ങനെ നടക്കുമെന്നാണ് ആരാധകർ ചോദിക്കുന്നത്.
മൂസേവാലയുടെ ജനപ്രിയ ഗാനങ്ങൾ അദ്ദേഹത്തിന്റെ എഐ അവതാറിനെ ഉപയോഗിച്ച് വേദിയിൽ പുനഃസൃഷ്ടിക്കാനാണ് സംഘാടകർ ഉദ്ദേശിക്കുന്നതെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ത്രീ ഡി ഹോളോഗ്രാം, ഓഗ്മെന്റഡ് റിയാലിറ്റി തുടങ്ങിയ സാങ്കേതികവിദ്യകളുടെ സഹായമുണ്ടാവുമെന്നും അന്തരിച്ച കലാകാരന്മാരെ അനുസ്മരിക്കുന്ന രീതിയെ പുനർനിർവചിക്കുന്നതാണ് പുതിയ നീക്കമെന്നും റിപ്പോർട്ടുണ്ട്.
പര്യടനത്തിന്റെ തീയതികൾ, വേദികൾ, ടിക്കറ്റ് ലഭ്യത എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. എങ്കിലും, ഈ പ്രഖ്യാപനം മൂസെവാലയുടെ ലോകമെമ്പാടുമുള്ള ആരാധകർക്കിടയിൽ ആകാംഷയുടെ തരംഗം സൃഷ്ടിച്ചിട്ടുണ്ട്.
മാൻസയ്ക്കുസമീപം ഝാവഹർ കെ ഗ്രാമത്തിലെ ക്ഷേത്രത്തിനടുത്തുവെച്ച് മൂസെവാല സഞ്ചരിച്ച ജീപ്പിനുനേരെ അജ്ഞാതർ നിറയൊഴിക്കുകയായിരുന്നു. മാൻസയിലെ സിവിൽ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൂസെവാലയുൾപ്പെടെ 424 പേരുടെ സുരക്ഷ പഞ്ചാബ് സർക്കാർ പിൻവലിച്ചതിന്റെ പിറ്റേന്നാണ് സംഭവം. നിരവധി ഹിറ്റ് പഞ്ചാബി ഗാനങ്ങളിലൂടെ ശ്രദ്ധേയനായ ഗായകനായിരുന്നു സിദ്ദു. 29 വയസ്സ് മാത്രമേ പ്രായമുണ്ടായിരുന്നുവെങ്കിലും ചുരുങ്ങിയ കാലയളവില്‍ തന്നെ സംഗീതമേഖലയിലും അഭിനയരംഗത്തും രാഷ്ട്രീയത്തിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു അദ്ദേഹം.
ലെജന്റ്, ഡെവിള്‍, ജസ്റ്റ് ലിസണ്‍, ടിബെയാന്‍ ദാ പുട്ട്, ജട്ട് ദ മുക്കാബല, ബ്രൗണ്‍ ബോയ്‌സ്, ഹാത്യാര്‍ തുടങ്ങിയവയാണ് സിദ്ദുവിന്റെ പ്രധാനപ്പെട്ട ഹിറ്റ് സംഗീത ആല്‍ബങ്ങള്‍. 2017-ല്‍ പുറത്തിറങ്ങിയ 'സോ ഹൈ' എന്ന ആല്‍ബത്തിലൂടെയാണ് സിദ്ധു ശ്രദ്ധ നേടിയത്. ആല്‍ബങ്ങളെ ജനപ്രിയതയുടെ അടിസ്ഥാനത്തില്‍ റാങ്ക് ചെയ്യുന്ന ബില്‍ബോര്‍ഡ് കനേഡിയന്‍ ആല്‍ബം ലിസ്റ്റില്‍ 2018-ല്‍ സിദ്ധുവിന്റെ സംഗീതവും ഇടം നേടിയിരുന്നു. 'സോ ഹൈ' ആല്‍ബത്തിന്റെ ജനപ്രിയതയ്ക്ക് ഇപ്പോഴും മങ്ങലേറ്റിട്ടില്ല. 481 മില്ല്യണ്‍ ആണ് യൂട്യൂബില്‍ 'സോ ഹൈ' ആല്‍ബത്തിന്റെ കാഴ്ച. പഞ്ചാബി ചിത്രങ്ങളായ മൂസ ജട്ട്, യെസ് ഐ ആം സ്റ്റുഡന്റ് എന്നിവയിൽ അദ്ദേഹം അഭിനയിച്ചിട്ടുമുണ്ട്.
Content Highlights: Sidhu Moose Wala's Legacy Continues: Posthumous World Tour Announced for 2026
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·