മറ്റുള്ളവർ ചെയ്യുന്ന പലതിനും വിമർശനം കേൾക്കേണ്ടിവരുന്നത് മോഹൻലാലാണ്, ഇത് അന്യായം -രവീന്ദ്രൻ

6 months ago 6

17 July 2025, 04:43 PM IST

Raveendran and Mohanlal

നടൻ രവീന്ദ്രൻ, മോഹൻലാൽ | സ്ക്രീൻ​ഗ്രാബ്, ശ്രീജിത്ത് പി. രാജ് | മാതൃഭൂമി

തിരുവനന്തപുരം: മറ്റുള്ളവർ ചെയ്യുന്ന പല കാര്യങ്ങൾക്കും വിമർശനവിധേയനാകുന്നത് മോഹൻലാലാണെന്ന് നടൻ രവീന്ദ്രൻ. ഒരു മനുഷ്യനോട് ചെയ്യുന്ന ഏറ്റവും വലിയ അന്യായമാണിതെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. താരസംഘടനയായ അമ്മയിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മോഹൻലാൽ മാത്രം വിമർശനത്തിന് വിധേയനാകുന്നതിനോട് തനിക്ക് വിയോജിപ്പാണെന്ന് പറഞ്ഞ രവീന്ദ്രൻ മോഹൻലാൽ തീർച്ചയായും സംഘടനയ്ക്കൊപ്പമുണ്ടാവുമെന്ന പ്രത്യാശ പ്രകടിപ്പിച്ചു.

താരസംഘടനയിലേക്ക് മത്സരിക്കാൻ സഹപ്രവർത്തകരുടെ ആവശ്യപ്രകാരം പത്രിക വാങ്ങിയിട്ടുണ്ടെന്നും ഇനിയെന്താണ് വേണ്ടതെന്ന് തീരുമാനിച്ചിട്ടില്ലെന്നും രവീന്ദ്രൻ പറ‍ഞ്ഞു. സംഘടന നൽകിവരുന്ന കൈനീട്ടം വാങ്ങുന്നവർക്ക് ചില അവകാശങ്ങളുണ്ട്. കൈനീട്ടം വാങ്ങിയിട്ട് ആ പൈസ തിരിച്ചുകൊടുത്തയാളാണ് താൻ. ബുദ്ധിമുട്ടുന്നവരുടെ വേദന എന്താണെന്ന് തനിക്ക് കൃത്യമായി അറിയാം. അത്തരക്കാരുടെ പ്രാതിനിധ്യം സംഘടനയിലുണ്ടാവണം. സിനിമയിൽ അഭിനയിക്കണം എന്നതാണ് എല്ലാവരുടെയും ആവശ്യവും സങ്കടവും. വേറൊരു തൊഴിൽ ചെയ്യാൻ പോകാൻ പറ്റില്ല. അതുകൊണ്ട് മോഹൻലാലിന്റെ നേതൃത്വത്തിൽ ഒരു ആന്തോളജി സിനിമ പ്രോജക്റ്റ് പ്രഖ്യാപിച്ചു. എന്നാൽ അത് നടന്നില്ല. പിന്നാലെ എല്ലാവരേയും ഉൾപ്പെടുത്തി ഫീച്ചർ ഫിലിം പ്രഖ്യാപിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

മമ്മൂട്ടിയും മോഹൻലാലുമാണ് മലയാള സിനിമയ്ക്ക് ഇന്ത്യൻ സിനിമയിൽ പേരുണ്ടാക്കിത്തന്നത്. മറ്റുള്ളവർ ചെയ്ത തെറ്റിന് വിമർശനം കേൾക്കേണ്ടിവരുമ്പോൾ ഇവർ ഒറ്റപ്പെടുകയാണ്. ഇവരുടെ കൂടെ നിൽക്കാൻപോലും അന്ന് ഉത്തരവാദിത്തപ്പെട്ടവർ ശ്രമിച്ചില്ല. അപ്പോൾ അദ്ദേഹത്തിന് വേദനയുണ്ടാവില്ലേ? ഞാനറിയുന്ന മോഹൻലാൽ ഒരിക്കലും അമ്മയെ വിട്ടുപോവില്ല. മോഹൻലാൽ മാത്രമായി വിമർശനം കേൾക്കുന്നതിനോട് യോജിപ്പില്ല. അദ്ദേഹം പറഞ്ഞു.

പൃഥ്വിരാജിനെപ്പോലെയും ആസിഫ് അലിയെപ്പോലെയും കുഞ്ചാക്കോ ബോബനെപ്പോലെയുമുള്ളവർ സംഘടനയുടെ മുന്നിലേക്ക് വരണം. അവർക്കൊപ്പം സീനിയർ താരങ്ങളും നിന്നുകൊണ്ട് അമ്മയെ നല്ല രീതിയിൽ നയിക്കണം. ആരുടെയൊക്കെയോ തെറ്റുകൊണ്ട് അമ്മയെ എഎംഎംഎ എന്ന് വിളിക്കുന്നുണ്ട്. തിരിച്ച് അമ്മ എന്ന് ബഹുമാനത്തോടെ വിളിക്കുന്ന നിലയിലേക്ക് കാര്യങ്ങൾ മാറേണ്ടത് അത്യാവശ്യമാണ്. കാരണം അത്രയ്ക്കധികം നന്മകൾ ചെയ്യുന്ന പ്രസ്ഥാനമാണിത്. പൊതുമണ്ഡലത്തിൽ ആരോപണങ്ങളെക്കുറിച്ച് പറഞ്ഞ് കളിയാക്കപ്പെടുന്നുണ്ട്. ഇതിൽനിന്ന് ഒരു മോചനം വേണമെന്നും രവീന്ദ്രൻ പറഞ്ഞു.

Content Highlights: Actor Raveendran defends Mohanlal amidst criticism, emphasizing his contributions

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article