മറ്റെന്തോ ഉദ്ദേശലക്ഷ്യം, എന്തിനാണ് സയീദ് മസൂദിനെ രക്ഷിച്ചത്?; എമ്പുരാനെതിരേ വീണ്ടും ശ്രീലേഖ

9 months ago 11

mohanlal

എമ്പുരാൻ ചിത്രത്തിന്റെ പോസ്റ്റർ, ആർ. ശ്രീലേഖ | Photo: FacebookMohanlal, Mathrubhumi

മോഹൻലാൽ- പൃഥ്വിരാജ് ചിത്രം 'എമ്പുരാനെ'തിരെ വീണ്ടും രൂക്ഷവിമർശനവുമായി മുൻ ഡിജിപി ആർ. ശ്രീലേഖ. ബിജെപിയുമായി സാമ്യമുള്ള പാർട്ടി ഇവിടെ വരാൻ പാടില്ലെന്ന് ചിത്രത്തിൽ പറയുന്നു. അത്ര വലിയ മഹത്തരമായിട്ടുള്ള സിനിമയല്ല എമ്പുരാൻ. ആ സിനിമ രാജ്യത്തിനും എല്ലാ രാഷ്ട്രീയ പാർട്ടിക്കും എതിരാണെന്നും അവർ പറയുന്നു. സ്വന്തം യൂട്യൂബ് ചാനലിലെ വീഡിയോയിലാണ് ശ്രീലേഖ ഇക്കാര്യങ്ങൾ പറഞ്ഞത്. 'എമ്പുരാൻ സിനിമയെ വീണ്ടും ഒന്ന് ചൂഴ്ന്നു നോക്കുമ്പോൾ' എന്ന ക്യാപ്ഷനിലാണ് വീഡിയോ പങ്കുവെച്ചത്.

ചിത്രം പറയാൻ ഉദ്ദേശിക്കുന്ന സന്ദേശം യാദൃച്ഛികമായി വന്നതല്ലെന്നും പിന്നിൽ മറ്റെന്തോ ഉദ്ദേശലക്ഷ്യമുണ്ടെന്നും ആരോപിച്ചുകൊണ്ട് ശ്രീലേഖ നേരത്തെ രം​ഗത്തെത്തിയിരുന്നു. ചിത്രം സമൂഹത്തിന് നൽകുന്ന സന്ദേശം അങ്ങേയറ്റം മോശമാണ്. തിരഞ്ഞെടുപ്പുകൾ വരാനിരിക്കന്ന സാഹചര്യത്തിൽ, ബിജെപിയോട് കൂറുകാണിക്കുന്നവരെപിന്തിരിപ്പിക്കണം എന്ന ലക്ഷ്യത്തോടെ എടുത്തതാണോ ചിത്രം എന്ന് പോലും തനിക്ക്‌ സംശയമുണ്ടെന്നും അന്ന് ശ്രീലേഖ പറഞ്ഞു. 'എമ്പുരാൻ എന്ന സിനിമ വെറും എമ്പോക്കിത്തരം', എന്ന ക്യാപ്ഷനിലാണ് അന്ന് വീഡിയോ പങ്കുവെച്ചത്.

''എമ്പുരാൻ എന്ന സിനിമയെക്കുറിച്ച് ഞാൻ പറഞ്ഞതിൽ ചില സ്ഥലത്തെങ്കിലും ഒരു ക്ലാരിറ്റി കുറവ് ഉണ്ടായതായിട്ട് എനിക്ക് തോന്നി. ഞാൻ പറയേണ്ട പല കാര്യങ്ങളും വ്യക്തമായി പറയാൻ എനിക്ക് സാധിച്ചിട്ടില്ല എന്ന് സംശയമുണ്ടായി. അത്ര വലിയ മഹത്തരമായിട്ടുള്ള സിനിമയല്ല എമ്പുരാൻ. അതിന് ഞാൻ ആവശ്യമില്ലാതെ ഒരു ഹൈപ്പ് ഞാനും കൂടെ ചേർന്ന് കൊടുക്കേണ്ട കാര്യമില്ല. ആ സിനിമയുടെ ​ഗതി എങ്ങോട്ടേക്കാണ് എന്ന് പൊതുവെ എല്ലാവർക്കും അറിയാം. ആ സിനിമ രാജ്യത്തിനും എല്ലാ രാഷ്ട്രീയ പാർട്ടിക്കും എതിരാണ്.

ഐയുഎഫ് പാർട്ടി വളരെ മോശം പാർട്ടി ആയിട്ടാണ് കാണിക്കുന്നത്. ആർപിഐഎം പാർട്ടിയെ അതിനേക്കാൾ മോശമായിട്ടാണ് കാണിക്കുന്നത്. ഇവർ രണ്ട് പേർ ഒരു ഗ്രൂപ്പാണെന്നും ആർപിഐഎം നേതാവിന് തിരുവാതിര കളി ഇഷ്ടമാണെന്നുമൊക്കെയുള്ള ധ്വനി ആ ചിത്രത്തിലുണ്ട്. അത് എല്ലാ പാർട്ടിക്കും മോശമാണ്. എന്തുകൊണ്ടാണ് ഒരു രാഷ്ട്രീയ പാർട്ടിക്ക് ഈ സിനിമ ഇഷ്ടമായതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ചിലപ്പോൾ, അതിൽ വികലമായ രീതിയിൽ ​ഗുജറാത്തിൽ നടന്നതിനെ കാണിക്കുന്നത് കൊണ്ടാകാം. ബിജെപിയെ താഴ്ത്തിക്കാണിക്കുന്ന സിനിമയാണ് അതിനാൽ ഞങ്ങൾ അതിനെ പ്രോത്സാഹിപ്പിക്കണം എന്ന ധാരണ മനസ്സിലുള്ളതുകൊണ്ട് ആണോ എന്നും അറിയില്ല.

ഐക്യത്തോടെയും സഹോദര്യത്തോടുകൂടിയും ജീവിക്കുന്ന ഒരു അവസ്ഥയിൽ ഇതുപോലെ സിനിമ എടുത്തുകൊണ്ട് അധോലോക നായകന്മാർ അല്ലാതെ ബാക്കി എല്ലാവരും മോശക്കാർ എന്ന് കാണിക്കുന്ന രീതി സിനിമയ്ക്ക് ഭൂഷണമല്ല. ലൂസിഫർ എന്ന ചിത്രം എനിക്ക് ഇഷ്ടമായെന്ന് ഞാൻ എവിടേയും പറഞ്ഞിട്ടില്ല. ലൂസിഫറിൽ മയിൽവാഹനം എന്ന കമ്മിഷണറെ മോശമായിട്ടാണ് കാണിച്ചിരിക്കുന്നത്. ഒരു കമ്മിഷണറെ കൊന്നിട്ട് അയാൾ ജയിലിലായില്ലേ, അയാൾ ഇപ്പോഴും പുറത്ത് ഇങ്ങനെ കറങ്ങിനടക്കുവാണോ, അതിന് കേസൊന്നും ഇല്ലേ എന്ന് ആരെങ്കിലും ആലോചിച്ചിട്ടുണ്ടോ.

ബിജെപിയുമായി സാമ്യമുള്ള പാർട്ടി ഇവിടെ വരാൻ പാടില്ല, ആ മുഖ്യമന്ത്രിയെ ഇവിടെ നിന്ന് ഒഴിവാക്കിയിട്ട് പകരം മുഖ്യമന്ത്രിയുടെ സഹോദരിയായ സ്ത്രീയെ ഇവിടുത്തെ മുഖ്യമന്ത്രി സ്ഥാനാർഥിയായി കൊണ്ടുവരണം. അപ്പോൾ, അതിനുവേണ്ടിയാണ് മോഹൻലാൽ മുണ്ടുടുത്ത് സ്റ്റീഫൻ നെടുമ്പള്ളി ആയി തിരിച്ചുവരുന്നതും അവിടെയുണ്ടാകുന്ന പ്രശ്‌നത്തിൽ ഇടപെട്ട് പ്രിയദർശിനിയെ കൊണ്ടുവന്ന് ഈ കാര്യങ്ങളൊക്കെ ചെയ്യിപ്പിക്കുന്നതും.

സയീദ് മസൂദ് എന്ന കഥാപാത്രം 13-ഓ 14-ഓ വയസ്സുള്ളപ്പോൾ ഗുജറാത്തിലെ കഥാപാത്രത്തിന്റെ ഇടയിൽ നിന്ന് രക്ഷപ്പെട്ട ഏക പയ്യനായിട്ടാണ് കാണിക്കുന്നത്. അവൻ എങ്ങനെ പാകിസ്താനിലെ ക്യാമ്പിൽ ട്രെയിനിങ്ങിന് ചെന്നു എന്ന കാര്യം ആരും പറയുന്നില്ല. അപ്പോൾ, ലഷ്‌കർ ഇ തൊയ്ബയുടെ കരം ശക്തമായി ഭാരതത്തിലുണ്ട്. അവർ ഇതൊക്കെ നോക്കിക്കൊണ്ട് ഇരിക്കുകയാണ്. ഭാരതത്തിൽ നിന്ന് ഒരുപാട് കുട്ടികളെ പാകിസ്താനിലെ ടെററിസ്റ്റ് ക്യാമ്പുകളിൽ എത്തിച്ചു ട്രെയിൻ ചെയ്യും എന്നാണ് കാണിക്കുന്നത്. അവരെ ഇന്ത്യക്കെതിരേ മുദ്രാവാക്യം മുഴക്കാനും ഭീകരവാദം പഠിപ്പിക്കാനും ഇന്ത്യയാണ് എല്ലാവരേയും കൊന്നതെന്നും പറഞ്ഞ് പഠിപ്പിക്കുന്നു.

സയീദ് മസൂദിനെ എന്തിനാണ് അബ്രാം ഖുറേഷി രക്ഷപ്പെടുത്തുന്നത്. അവനെ രക്ഷിച്ച് വിദ്യാഭ്യാസം നൽകി ഭാരതീയ പൗരനായിട്ട് വളർത്തിയെടുത്ത് ദേശസേവനം ചെയ്യാൻ വേണ്ടിയാണോ. അല്ല, അയാളുടെ ഗ്യാങ്ങിലേക്ക് റിക്രൂട്ട് ചെയ്യുകയാണ്. അയാളുടെ കള്ളക്കടത്ത് സംഘത്തിലേക്ക് അയാൾക്ക് ഇതുപോലത്തെ ആളുകളെ വേണം. പിന്നീട്, സയീദ് മസൂദും ഇതുപോലുള്ള കുട്ടികളെ രക്ഷിക്കുന്നുണ്ട്. ഒരു പെൺകുട്ടിയും അതിനകത്ത് ഉൾപ്പെടുത്തുന്നു എന്നത് കഷ്ടം', ആർ. ശ്രീലേഖ പറയുന്നു.

Content Highlights: Former DGP R. Sreelekha criticizes Mohanlal-Prithviraj`s Empuraan

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article