
മരണമാസ് എന്ന ചിത്രത്തിൽനിന്ന് | സ്ക്രീൻഗ്രാബ്
രണ്ടര മണിക്കൂര്‍ തീയേറ്ററില്‍ കയറിയാല്‍ പിന്നെ സിനിമയുടെ മായാ ലോകത്തേക്ക് പോവണം. മതിമറന്ന് ചിരിക്കണം, ചിന്തിക്കാനും എന്തെങ്കിലും വേണം. ഒരു സാമാന്യ മലയാളി സിനിമ ആസ്വാദകർ ആഗ്രഹിക്കുന്ന അടിസ്ഥാന കാര്യം ഇതാണ്. ഇക്കാര്യങ്ങളെല്ലാം തൃപ്തിപ്പെടുത്തുന്ന ഒന്നാണ് ബേസില്‍ ജോസഫ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം മരണമാസ്സ്. സ്ഥിരം ഫീല്‍ഗുഡ്, ഹാസ്യ സിനിമ ചേരുവകളില്‍ നിന്ന് മാറ്റി പിടിച്ച് ഡാര്‍ക്ക് കോമഡി സൈഡ് പരീക്ഷിച്ചിരിക്കുകയാണ് ഈ ചിത്രം. പ്രേക്ഷകനെ മതിമറന്ന് ചിരിപ്പിക്കാനും അതോടൊപ്പം തന്നെ ത്രില്ലിങ്ങ് അനുഭവം വാരികോരി നല്‍കാനും മരണമാസെന്ന ചിത്രം യാതൊരു പിശുക്കും കാണിക്കുന്നില്ല.
ഒരു അഭിനേതാവ് എന്ന രീതിയില്‍ ബേസില്‍ ജോസഫിന് പുതിയ മുഖം തന്നെയാണ് ഈ ചിത്രത്തിലെ ലൂക്ക് എന്ന കഥാപാത്രം. ബേസിലിന്റെ കരിയറില്‍ ഇതുവരെ കാണാത്ത കഥാപാത്രമായിട്ടാണ് അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്. തലതെറിച്ച ലൂക്ക് എന്ന കഥാപാത്രത്തെ അത്രമേല്‍ മികച്ചതാക്കാന്‍ ബേസിലിന് കഴിഞ്ഞിട്ടുണ്ട്.
നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്ത് നടന്‍ ടൊവിനോ തോമസ് നിര്‍മിച്ച് ചിത്രമാണിത്. ഒരു നവാഗത സംവിധായകന്റെ യാതൊരു പ്രശ്നങ്ങളുമില്ലാതെ വിഷയം കയ്യടക്കത്തോടെ അവതരിപ്പിക്കാന്‍ സംവിധായകനായിട്ടുണ്ട്.നടന്‍ സിജു സണ്ണി കഥ രചിച്ച ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും സിജു സണ്ണിയും സംവിധായകന്‍ ശിവപ്രസാദും ചേര്‍ന്നാണ്. സമകാലിക സംഭവങ്ങളെയും ട്രോളുകളെയും വളരെ രസകരമായി തന്നെ സിജു തന്റെ തിരക്കഥയില്‍ കോര്‍ത്തിണക്കിയിട്ടുണ്ട്. അതിര്‍വരമ്പുകള്‍ ഭേദിക്കാതെ മികച്ച ഹാസ്യരംഗങ്ങള്‍ മനോഹരമായ മുത്തുമാല കണക്കെയാണ് സിജു കോര്‍ത്ത് വെച്ചിരിക്കുന്നത്. സിജുവിന്റെ ശാന്തനായ ബസ് കണ്ടക്ടര്‍ വേഷവും പ്രേക്ഷരുടെ മനസില്‍ ഉടക്കി നില്‍ക്കുന്നതാണ്. അഭിനയത്തോടൊപ്പം സിനിമയുടെ പിന്നണിയിലും തനിക്ക് തിളങ്ങാനാവുമെന്ന് തെളിയിച്ചിരിക്കുകയാണ് സിജു.
ന്യൂജന്‍ യുഗത്തിന്റെ കണ്‍വിന്‍സിങ് സ്റ്റാര്‍ ആയ സുരേഷ് കൃഷ്ണ തന്റെ റോള്‍ വളരെയധികം കണ്‍വിന്‍സിങ് ആക്കിയിട്ടുണ്ട്. പരുക്കനും അതിലേറെ ലോലനുമായ ബസ് ഡ്രൈവര്‍ ജിക്കു സുരേഷ് കൃഷ്ണയുടെ കൈകളില്‍ അതീവ ഭദ്രമായിരുന്നു. ഒരോ മിനിറ്റും സുരേഷ് കൃഷ്ണ എന്തായിരിക്കും ചെയ്യുന്നത് എന്ന ആകാംക്ഷ കാണികളില്‍ വളര്‍ത്തിയെടുക്കുന്നതില്‍ അദേഹം വിജയിച്ചു
ബനാന കില്ലറായി എത്തിയ രാജേഷ് മാധവന്റെ അഭിനയമാണ് മറ്റൊരു പ്രത്യേകത. രാജേഷ് മാധവനെ മലയാള സിനിമ വീണ്ടും വീണ്ടും ഉപയോഗപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഓരോ സീനിലും വ്യക്തമാണ്.
അഭിനേത്രി എന്ന രീതിയില്‍ അനീഷ്മയുടെ വലിയൊരു മാറ്റവും ഇതില്‍ കാണാവുന്നത്. പാളിപ്പോവാന്‍ വളരെ സാധ്യയുള്ള കഥാപാത്രമാണ് ഇതിലെ ജെസ്സി, ഹാസ്യം, ദേഷ്യം, ദുഃഖം എന്നിവ ഒന്ന് കുറയുകയോ കൂടുകയോ ചെയ്തിരുന്നെങ്കില്‍ വളരെയേറെ അഭംഗി തോന്നാവുന്ന കഥാപാത്രമാവാന്‍ സാധ്യതയുണ്ടായിട്ടും തനിക്ക് കിട്ടിയ കഥാപാത്രത്തെ അനീഷ്മ വൃത്തിയായി ചെയ്ത് വെച്ചിട്ടുണ്ട്.
ഡിവൈഎസ്പി രാജേഷ് മാധവനായി ബാബു ആന്റണി സ്‌ക്രീനിലെത്തുമ്പോള്‍ പ്രേക്ഷകരും അക്ഷാരാര്‍ത്ഥത്തില്‍ ആവേശതിമിര്‍പ്പിലായിരുന്നു. തന്റെ സ്‌ക്രീന്‍ പ്രസന്‍സ് ഒരുതെല്ല് പോലും കുറഞ്ഞിട്ടില്ലെന്ന് അദ്ദേഹം വീണ്ടും തെളിയിച്ചിരിക്കുയാണ്.
ഒരു നിമിഷം പോലും ഈ രസചരടില്‍ നിന്ന് പ്രേക്ഷനെ പോവാന്‍ അനുവദിക്കാതെ മരണമാസ്സ് നിലനിര്‍ത്തുന്നുണ്ട്. ഒരു വെറൈറ്റി ചിരിപ്പടം അതാണ് ഒറ്റവാക്കില്‍ മരണമാസ്സ്.
ഗോകുല്‍നാഥ് ജി എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍ ആയ ഈ ചിത്രത്തിന്റെ ഛായാഗ്രഹണം- നീരജ് രവി, സംഗീതം- ജയ് ഉണ്ണിത്താന്‍, എഡിറ്റിംഗ്- ചമന്‍ ചാക്കോ, വരികള്‍- വിനായക് ശശികുമാര്‍, പ്രൊഡക്ഷന്‍ ഡിസൈന്‍- മാനവ് സുരേഷ്, വസ്ത്രാലങ്കാരം- മഷര്‍ ഹംസ, മേക്കപ്പ് - ആര്‍ ജി വയനാടന്‍, സൗണ്ട് ഡിസൈന്‍ ആന്‍ഡ് മിക്‌സിങ്- വിഷ്ണു ഗോവിന്ദ്, വിഎഫ്എക്‌സ്- എഗ്ഗ് വൈറ്റ് വിഎഫ്എക്‌സ്, ഡിഐ- ജോയ്‌നര്‍ തോമസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- എല്‍ദോ സെല്‍വരാജ്, സംഘട്ടനം- കലൈ കിങ്സണ്‍, കോ ഡയറക്ടര്‍- ബിനു നാരായണ്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- ഉമേഷ് രാധാകൃഷ്ണന്‍, സ്റ്റില്‍സ്- ഹരികൃഷ്ണന്‍, ഡിസൈന്‍സ്- സര്‍ക്കാസനം, ഡിസ്ട്രിബൂഷന്‍- ടോവിനോ തോമസ് പ്രൊഡക്ഷന്‍സ് ത്രൂ ഐക്കണ്‍ സിനിമാസ്, ഐക്കണ്‍ സിനിമാസ്. പിആര്‍ഒ- വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍.
Content Highlights: Marana Mass: Basil Joseph`s Dark Comedy Thriller
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·