മലയാള സിനിമയ്ക്ക് ചരിത്ര നേട്ടം; ആദ്യ ദിനത്തിലെ ടിക്കറ്റ് വില്‍പ്പനയിലൂടെ 50 കോടി കൊയ്ത് എമ്പുരാന്‍

9 months ago 7

Empuran

Photo: Facebook/Prithviraj Sukumaran

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന എമ്പുരാന്‍ മലയാള സിനിമയില്‍ പുതിയ റെക്കോഡുകള്‍ സൃഷ്ടിക്കുകയാണ്. കഴിഞ്ഞ ദിവസം സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ട വിവരം അനുസരിച്ച് 58 കോടിയുടെ പ്രീ സെയില്‍ ബുക്കിങ്ങ് ഈ സിനിമയ്ക്ക് ലഭിച്ചിരുന്നു. എന്നാല്‍, പൃഥ്വിരാജിന്റെ പുതിയ വെളിപ്പെടുത്തല്‍ അനുസരിച്ച് എമ്പുരാന്റെ റിലീസ് ദിനത്തിലെ ഷോയുടെ മാത്രം 50 കോടി രൂപയുടെ ടിക്കറ്റുകളാണ് വിറ്റഴിച്ചിരിക്കുന്നത്.

മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സിനിമയുടെ റിലീസ് ദിനത്തിലെ ബുക്കിങ്ങില്‍ ഇത്രയും വലിയ തുക നേടുന്നത്. അഡ്വാന്‍സ് ടിക്കറ്റ് സെയില്‍സിലൂടെ ലഭിച്ച തുകയുടെ വിവരം കഴിഞ്ഞ ദിവസം എമ്പുരാന്റെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ പുറത്തുവിട്ടിരുന്നു. ചിത്രത്തിന്റെ ഓള്‍ ഇന്ത്യ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിങ് മാര്‍ച്ച് 21-ന് രാവിലെ ഒമ്പതുമണിക്കാണ് ആരംഭിച്ചത്. ബുക്കിങ് ട്രെന്‍ഡിങ്ങില്‍ ഒരു മണിക്കൂറില്‍ ഒരു ലക്ഷത്തിനടുത്ത് ടിക്കറ്റുകള്‍ വിറ്റും ചിത്രം റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു.

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത എമ്പുരാന്‍ മാര്‍ച്ച് 27-നാണ് ആഗോള റിലീസായി എത്തുന്നത്. ശ്രീ ഗോകുലം മൂവീസ്, ആശീര്‍വാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ ഗോകുലം ഗോപാലന്‍, ആന്റണി പെരുമ്പാവൂര്‍, സുഭാസ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മുരളി ഗോപി രചിച്ച ഈ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യത്തെ ഐമാക്‌സ് റിലീസായി എത്തുന്ന ചിത്രം കൂടിയാണ്.

മാര്‍ച്ച് 27-ന് ഇന്ത്യന്‍ സമയം രാവിലെ ആറ് മണി മുതല്‍ ചിത്രത്തിന്റെ ആഗോള പ്രദര്‍ശനം ആരംഭിക്കും. ചിത്രത്തിന്റെ തമിഴ്‌നാട് ഡിസ്ട്രിബ്യൂഷന്‍ ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസ് ആണ്. ദില്‍ രാജുവിന്റെ ഉടമസ്ഥതയിലുള്ള ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സ് ചിത്രം ആന്ധ്ര- തെലുങ്കാന സംസ്ഥാനങ്ങളില്‍ വിതരണം ചെയ്യുമ്പോള്‍, അനില്‍ തഡാനി നേതൃത്വം നല്‍കുന്ന എഎ ഫിലിംസാണ് ചിത്രം നോര്‍ത്ത് ഇന്ത്യയില്‍ എത്തിക്കുന്നത്. കര്‍ണാടകയിലെ ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്ണര്‍ കന്നഡയിലെ വമ്പന്‍ സിനിമാ നിര്‍മാണ വിതരണ കമ്പനിയായ ഹോംബാലേ ഫിലിംസ് ആണ്.

മോഹന്‍ലാല്‍ നായകനായി അഭിനയിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്‌ലിന്‍, ബൈജു, സായ്കുമാര്‍, ആന്‍ഡ്രിയ ടിവാടര്‍, അഭിമന്യു സിങ്, സാനിയ അയ്യപ്പന്‍, ഫാസില്‍, സച്ചിന്‍ ഖേഡ്കര്‍, നൈല ഉഷ, ജിജു ജോണ്‍, നന്ദു, മുരുകന്‍ മാര്‍ട്ടിന്‍, ശിവജി ഗുരുവായൂര്‍, മണിക്കുട്ടന്‍, അനീഷ് ജി. മേനോന്‍, ശിവദ, അലക്‌സ് ഒനീല്‍, എറിക് എബണി, കാര്‍ത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോര്‍, സുകാന്ത്, ബെഹ്സാദ് ഖാന്‍, നിഖാത് ഖാന്‍, സത്യജിത് ശര്‍മ, നയന്‍ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് എന്നിവരാണ് മറ്റു താരങ്ങള്‍. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.

Content Highlights: Mohanlals Empuran creates past with rupees 50 crore worthy of opening time tickets sold

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article