മലയാള സിനിമയ്ക്ക് ലഭിച്ച അംഗീകാരം, ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാര നിറവില്‍ പ്രതികരിച്ച് മോഹന്‍ലാല്‍

4 months ago 4

20 September 2025, 07:17 PM IST

mohanlal

മോഹൻലാൽ | ഫോട്ടോ: മാതൃഭൂമി

ചെന്നൈ: ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരത്തിന് എന്നെ തിരഞ്ഞെടുത്തതില്‍ അതിയായ സന്തോഷവും അഭിമാനവുമുണ്ടെന്ന് അവാര്‍ഡ് ജേതാവായ മോഹന്‍ലാല്‍. ഇത് എനിക്ക് മാത്രമായി കിട്ടിയ അംഗീകാരമല്ലെന്നും മലയാള സിനിമയ്ക്കും മലയാള സിനിമയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും മലയാള ഭാഷയ്ക്കും കേരളത്തിനുമെല്ലാം ചേര്‍ന്ന് ലഭിച്ചിരിക്കുന്ന അംഗീകാരമായാണ് ഇതിനെ കണക്കാക്കുന്നതെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

ഇത്തരത്തിലുള്ള വലിയൊരു അംഗീകാരത്തിന് എന്നെ തിരഞ്ഞെടുത്ത ജൂറിയോടും ഇന്ത്യയിലെ ഗവണ്‍മെന്റിനോടും നന്ദി പറയുന്നതായും മോഹന്‍ലാല്‍ പറഞ്ഞു. അതിനൊപ്പം എന്റെ പ്രേക്ഷകര്‍ക്ക്, കുടുംബത്തിന്, സിനിമ കുടുംബത്തിന്, എന്നെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കുമായി ഈ അവാര്‍ഡ് ഞാന്‍ സമര്‍പ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നെ ഞാനാക്കിയ സംവിധായകര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഞാന്‍ ഈ സന്തോഷം പകുത്തുനല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരമാണ് മലയാളത്തിന്റെ പ്രിയതാരമായ മോഹന്‍ലാലിന് ലഭിച്ചിരിക്കുന്നത്. ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവനയ്ക്കാണ് പുരസ്‌കാരം. 2023 ലെ പുരസ്‌കാരത്തിനാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തിരിക്കുന്നത്. തലമുറകളെ പ്രചോദിപ്പിക്കുന്നതാണ് മോഹന്‍ലാലിന്റെ സിനിമായാത്രകളെന്ന് പുരസ്‌കാര വാര്‍ത്ത പുറത്തുവിട്ടുകൊണ്ടുള്ള കുറിപ്പില്‍ പറയുന്നു.

2025 സെപ്തംബര്‍ 23-ന് നടക്കുന്ന എഴുപത്തിയൊന്നാമത് നാഷണല്‍ ഫിലിം അവാര്‍ഡ്‌സ് പുരസ്‌കാര വേദിയില്‍ വച്ച് പുരസ്‌കാരം വിതരണം ചെയ്യും. കഴിഞ്ഞവര്‍ഷത്തെ ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം ബോളിവുഡ് നടന്‍ മിഥുന്‍ ചക്രവര്‍ത്തിക്കായിരുന്നു. സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനാണ് ഇതിന് മുമ്പ് ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ച മലയാളി. 2004 ലാണ് അദ്ദേഹത്തിന് പുരസ്‌കാരം ലഭിച്ചത്. രാജ്യത്തെ പ്രഥമ സമ്പൂര്‍ണ ഫീച്ചര്‍സിനിമയായ രാജ ഹരിശ്ചന്ദ്രയുടെ സംവിധായകനായ ദാദാ സാഹേബ് ഫാല്‍ക്കെയുടെ സ്മരണ നിലനിര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ 1969-ല്‍ ഏര്‍പ്പെടുത്തിയതാണ് പുരസ്‌കാരം

Content Highlights: Mohanlal honored with Dadasaheb Phalke Award, India`s highest movie honor

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article