മലയാളത്തിലെ ആദ്യ വാമ്പയർ ആക്ഷൻ മൂവി; 'ഹാഫ്' ജയ്സാൽമീർ ഷെഡ്യൂൾ പൂർത്തിയായി

4 months ago 4

Half Movie

ഹാഫ് എന്ന ചിത്രത്തിലെ താരങ്ങളും അണിയറപ്രവർത്തകരും | ഫോട്ടോ: അറേഞ്ച്ഡ്

മലയാളത്തിലെ ആദ്യ വാമ്പയർ ആക്ഷൻ മൂവിയും വലിയ മുതൽമുടക്കിൽ ഇന്ത്യക്കകത്തും വിദേശ രാജ്യങ്ങളിലുമായി ചിത്രീകരണം പൂർത്തിയാക്കുന്നതുമായ ഹാഫ് എന്ന ചിത്രത്തിൻ്റെ രാജസ്ഥാനിലെ ജയ്സാൽമീർ ഷെഡ്യൂൾ പൂർത്തിയായി. മികച്ച വിജയം നേടിയ ഗോളം എന്ന ചിത്രത്തിൻ്റെ സംവിധായകനായ സംജാദാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. ഫ്രാഗ്രൻ്റ് നേച്ചർ ഫിലിംസിൻ്റെ ബാനറിൽ ആൻ സജീവ്, സജീവ് എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ നൂറ്റിഇരുപതു ദിവസത്തോളം നീണ്ടുനിന്ന ഷെഡ്യൂളാണ് ജയ്സാൽമീറിൽ പൂർത്തിയായത്.

ഏപ്രിൽ അവസാനവാരത്തിൽ ചിത്രീകരണം ആരംഭിച്ച ഈ ചിത്രത്തിൻ്റെ ചിത്രീകരണം ഏതാണ്ട് ഒരു മാസം പിന്നിടുമ്പോഴാണ് ഇന്ത്യാ-പാക് സംഘർഷം മൂർഛിക്കുന്നത്. സംഘർഷത്തിൻ്റെ പ്രതിഫലനങ്ങൾ ചിത്രീകരണത്തിനു ബുദ്ധിമുട്ടായതോടെ ചിത്രീകരണം താത്കാലികമായി നിർത്തിവെക്കേണ്ട സാഹചര്യമുണ്ടായി. പിന്നീട് സ്ഥിതിഗതികൾ ശാന്തമായതോടെ വീണ്ടും ചിത്രീകരണമാരംഭിക്കുകയും സുഗമമായിത്തന്നെ ചിത്രീകരണം പൂർത്തിയാക്കുകയും ചെയ്തുവെന്ന് സംവിധായകൻ സജാദ് വ്യക്തമാക്കി.

ചിത്രത്തിൻ്റെ അടുത്ത ഷെഡ്യൂൾ സെപ്റ്റംബർ പതിനെട്ടിന് കുട്ടിക്കാനം വണ്ടിപ്പെരിയാർ ഭാഗങ്ങളിലായി ആരംഭിക്കും. രണ്ടാഴ്ച്ചയോളം നീണ്ടുനിൽക്കുന്നതാണ് ഇവിടുത്തെ ഷെഡ്യൂൾ. അതോടെ ഇൻഡ്യയിലെ ഷെഡ്യൂൾ പൂർത്തിയാകും. പിന്നീടുള്ള ചിത്രീകരണം വിദേശങ്ങളിലാണ്. ഒരു മാസത്തോളം നീണ്ടുനിൽക്കുന്ന ചിത്രീകരണം റഷ്യയിലും പാരീസിലുമായിട്ടാണ് പൂർത്തിയാകുക. ഡിസംബർ - ജനുവരി മാസങ്ങളിലായിട്ടാണ് വിദേശങ്ങളിലെ ചിത്രീകരണം പൂർത്തിയാകുക .

മൈക്ക്, ഗോളം, ഖൽബ് യു.കെ. ഓക്കെ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രഞ്ജിത്ത് സജീവ് നായകനാകുന്ന ഈ ചിത്രത്തിൽ ഐശ്വര്യ (ഓഫീസർ ഓൺ ഡ്യൂട്ടി ഫെയിം) നായികയാകുന്നു. സുധീഷ്, മണികണ്ഠൻ,( ബോയ്സ് ഫെയിം) ശ്രീകാന്ത് മുരളി എന്നിവരാണ് മലയാളത്തിൽ നിന്നുള്ള മറ്റഭിനേതാക്കൾ. ബോളിവുഡ് താരം റോക്കി മഹാജൻ അടക്കം തമിഴ്, തെലുങ്ക് കന്നഡ ഭാഷകളിലെ അഭിനേതാക്കളുടെ സാന്നിദ്ധ്യവും ഈ ചിത്രത്തെ ഒരു പാൻ ഇൻഡ്യൻ സിനിമയാക്കി മാറ്റുന്നു.

ചിത്രത്തിൻ്റെ ആക്ഷൻ കോറിയോഗ്രാഫർ പ്രശസ്തനായ ഇൻഡോനേഷ്യക്കാരൻ വെരിട്രി യൂലിസ്മാൻ ആണ്. റെയ്ഡ് 2, ദി നൈറ്റ് കംസ് ഫോർ അസ് ( the nighttime comes for america ) തുടങ്ങിയ ലോകപ്രശസ്ത ചിത്രങ്ങൾക്ക് ആക്ഷൻ നിർവ്വഹിച്ച കോറിയോഗ്രാഫറാണ് വെരിട്രി. ആക്ഷന് ഏറെ പ്രാധാന്യം നൽകുന്ന ഈ ചിത്രം സമീപകാല മലയാള സിനിമയിലെ ഏറ്റം മികച്ച ആക്ഷൻ ചിത്രം കൂടിയായിരിക്കും.
സംവിധായകൻ സംജാദും പ്രവീൺ വിശ്വനാഥുമാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

സംഗീതം - മിഥുൻ മുകുന്ദൻ. ഛായാഗ്രഹണം- അപ്പു പ്രഭാകർ. എഡിറ്റിംഗ് - മഹേഷ് ഭുവനന്ദ്. കലാസംവിധാനം- മോഹൻദാസ്. കോസ്റ്റ്യും ഡിസൈൻ -ധന്യ ബാലകൃഷ്ണൻ. മേക്കപ്പ്-നരസിംഹ സ്വാമി. സ്റ്റിൽസ് - സിനറ്റ് സേവ്യർ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - രാജേഷ് കുമാർ. അസ്സോസ്സിയേറ്റ് ഡയറക്ടർ - ജിബിൻ ജോയ്. പ്രൊഡക്ഷൻ മാനേജേഴ്സ് -സജയൻ ഉദിയൻകുളങ്ങര, സുജിത്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - അബിൻ എടക്കാട്/ പ്രൊഡക്ഷൻ കൺട്രോളർ - ബിനു മുരളി. പി.ആർ.ഓ-വാഴൂർ ജോസ്.

Content Highlights: Malayalam's "Half" Vampire Film Wraps Jaisalmer Shoot, Heads to Russia and Paris

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article