മലയാളികള്‍ക്ക് പരിചിതമായ ഘടകങ്ങള്‍ നിറഞ്ഞ സൂപ്പര്‍ഹീറോ ചിത്രമാണ് 'ലോകഃ'- തുറന്നുപറഞ്ഞ് സംവിധായകന്‍

6 months ago 6

ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മിക്കുന്ന ഏഴാം ചിത്രമായ ' ലോകഃ- ചാപ്റ്റര്‍ വണ്‍:ചന്ദ്ര' മലയാളത്തില്‍ ഒരു സൂപ്പര്‍ഹീറോ യൂണിവേഴ്‌സിന് തുടക്കം കുറിക്കുന്നു. കല്യാണി പ്രിയദര്‍ശന്‍, നസ്ലന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ഒരു സൂപ്പര്‍ ഹീറോ ചിത്രമായാണ് ഒരുക്കിയിരിക്കുന്നത്. സൂപ്പര്‍ ഹീറോ കഥാപാത്രമായി തന്നെയാണ് കല്യാണി ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. ഡൊമിനിക് അരുണ്‍ എഴുതി, സംവിധാനംചെയ്ത ചിത്രം വമ്പന്‍ ബജറ്റിലാണ് ഒരുങ്ങുന്നത്.

'ലോകഃ' എന്ന് പേരുള്ള ഒരു സൂപ്പര്‍ ഹീറോ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ചാപ്റ്റര്‍ ആണ് 'ചന്ദ്ര'. മലയാളത്തിലെ ആദ്യ ഫീമെയില്‍ സൂപ്പര്‍ഹീറോ എന്ന ടാഗ് വച്ച് 'ലോകഃ' ക്രിയേറ്റ് ചെയ്യണം എന്നൊരു ചിന്ത ഒരിക്കലും ഉണ്ടായിരുന്നില്ല എന്നും മലയാളികള്‍ക്ക് പരിചിതമായ ഘടകങ്ങള്‍ നിറഞ്ഞ സൂപ്പര്‍ഹീറോ ചിത്രമാണ് ഇതെന്നും സംവിധായകന്‍ ഡൊമിനിക് അരുണ്‍ ദി ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.

ഒറ്റ സിനിമയില്‍ ഒതുക്കാനാവാത്ത ഒന്നിലധികം ചാപ്റ്ററുകളുള്ള കഥയാണ് 'ലോകഃ'യുടേത് എന്നും ആദ്യ ഭാഗം കല്യാണിയുടെ കഥപാത്രത്തെ അവതരിപ്പിക്കുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ യൂണിവേഴ്‌സിലെ മറ്റുചാപ്റ്ററുകളും ഡെവലപ്പ് ചെയ്തു കൊണ്ടിരിക്കുകയാണെന്നും സൂപ്പര്‍ഹീറോ വിഭാഗത്തില്‍പ്പെടുന്ന മറ്റേത് സിനിമയുമായും ലോകഃയെ താരതമ്യപ്പെടുത്താന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രേക്ഷകര്‍ക്ക് 'ലോകഃ' കണക്ട് ആകുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നും മനസ്സില്‍ കണ്ട കഥക്ക് മികച്ച രീതിയില്‍ ജീവന്‍ നല്‍കാനുള്ള ഒരു ഗംഭീരടീമിനെയാണ് ലഭിച്ചത് എന്നും അദ്ദേഹം പറഞ്ഞു. നിലവിലെ റിയാലിറ്റയോട് ചേര്‍ന്ന് നിന്നുകൊണ്ട് പുതുതായി ഒരു ഫിക്ഷണല്‍ ലോകം സൃഷ്ടിക്കാന്‍ ആണ് ഈ യൂണിവേഴ്‌സിലൂടെ ശ്രമിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

പ്രേക്ഷകര്‍ക്ക് വലിയ ആവേശവും ആകാംക്ഷയും സമ്മാനിച്ച് കൊണ്ടാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തത്. കല്യാണി പ്രിയദര്‍ശന്‍, നസ്ലിന്‍ എന്നിവര്‍ക്കൊപ്പം ചന്ദു സലിംകുമാര്‍, അരുണ്‍ കുര്യന്‍, ശാന്തി ബാലചന്ദ്രന്‍ എന്നിവരും നിര്‍ണ്ണായക വേഷങ്ങള്‍ ചെയ്യുന്ന ചിത്രം ഏറെ പ്രതീക്ഷകളോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

ഛായാഗ്രഹണം: നിമിഷ് രവി, സംഗീതം: ജേക്സ് ബിജോയ്, എഡിറ്റര്‍: ചമന്‍ ചാക്കോ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്: ജോം വര്‍ഗീസ്, ബിബിന്‍ പെരുമ്പള്ളി, അഡീഷണല്‍ തിരക്കഥ: ശാന്തി ബാലചന്ദ്രന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: ബംഗ്ലാന്‍, കലാസംവിധായകന്‍: ജിത്തു സെബാസ്റ്റ്യന്‍, മേക്കപ്പ്: റൊണക്‌സ് സേവ്യര്‍, കോസ്റ്റ്യൂം ഡിസൈനര്‍: മെല്‍വി ജെ, അര്‍ച്ചന റാവു, സ്റ്റില്‍സ്: രോഹിത് കെ. സുരേഷ്, അമല്‍ കെ. സദര്‍, ആക്ഷന്‍ കൊറിയോഗ്രാഫര്‍: യാനിക്ക് ബെന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: റിനി ദിവാകര്‍, വിനോഷ് കൈമള്‍, ചീഫ് അസോസിയേറ്റ്: സുജിത്ത് സുരേഷ്.

Content Highlights: Director Dominic Arun astir Lokah Chapter One: Chandra

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article