മസൂദ് സയീദ് വന്നത് യാദൃച്ഛികമോ, പൃഥ്വിരാജ് ചിത്രങ്ങളില്‍ ദേശവിരുദ്ധത ആവര്‍ത്തിക്കുന്നു -RSS മുഖപത്രം

9 months ago 8

MOHANLAL-Prithviraj

മോഹൻ ലാലും പൃഥ്വിരാജും |ഫോട്ടോ:PTI

മോഹന്‍ലാല്‍ ചിത്രമായ എമ്പുരാനെതിരെ വീണ്ടും വിമര്‍ശന ശരങ്ങളുമായി ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറില്‍ ലേഖനം. ഇസ്ലാമിക ഭീകരതയെ വെള്ളപൂശുകയും ഹിന്ദു സമൂഹത്തെ വില്ലന്‍ വേഷത്തില്‍ അവതരിപ്പിക്കുകയും ചെയ്തുവെന്ന് പുതയ ലേഖനത്തില്‍ പറയുന്നു. ചിത്രത്തിലെ വിവാദ ഭാഗങ്ങള്‍ നീക്കം ചെയ്യുമെന്ന് നടന്‍ മോഹന്‍ലാലും മറ്റു അണിയറ പ്രവര്‍ത്തകരും പ്രഖ്യാപിച്ചിരിക്കെയാണ് പുതിയ ലേഖനം.

പൃഥ്വിരാജിന്റെ സിനിമകളില്‍ ദേശവിരുദ്ധ ലക്ഷ്യങ്ങളുടെ ആവര്‍ത്തനം ഗുരുതരമായ ആശങ്കകള്‍ ഉയര്‍ത്തുന്നുവെന്നും ഇതില്‍ പറയുന്നു. സിനിമയുടെ ഫണ്ടിങ് ചോദ്യം ചെയ്യുന്ന ലേഖനം നിര്‍മാതാക്കളില്‍ ഒരാള്‍ പിന്മാറിയതിനെക്കുറിച്ചും സംശയമുന്നയിക്കുന്നുണ്ട്.

എമ്പുരാനില്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര് മസൂദ് സയീദ് ആണെന്നത് യാദൃച്ഛികമാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോയെന്ന് ചോദിച്ചുകൊണ്ടാണ് ലേഖനം ആരംഭിക്കുന്നത്. ജയ്‌ഷെ മുഹമ്മദ് ഭീകരന്‍ മസൂദ് അസ്ഹറിന്റെയും ലഷ്കറെ തൊയ്ബ ഭീകരന്‍ ഹാഫിസ് സയീദിന്റെയും പേരുകളുടെ ഒരു കൂട്ടിച്ചേര്‍ക്കലാണിത്.

ദേശവിരുദ്ധവും ഹിന്ദുവിരുദ്ധവുമായ ഒരു അജണ്ട മുന്നോട്ട് കൊണ്ടുപോകാന്‍ ലക്ഷ്യമിട്ടുള്ള ഒരു നീക്കമാണിത്. ഇതൊരു ഒറ്റപ്പെട്ട കേസല്ല, മറിച്ച് നടനും സംവിധായകനുമായ പൃഥ്വിരാജ് നയിക്കുന്ന കേരളത്തിലെ സിനിമാ വ്യവസായത്തില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ഒരു പ്രത്യയശാസ്ത്ര പ്രസ്ഥാനത്തിന്റെ ഭാഗമാണിതെന്നും ലേഖനത്തില്‍ പറയുന്നു.

ഭാരതത്തിന്റെ ചരിത്രത്തിലെ ഒരു ദാരുണവും സങ്കീര്‍ണ്ണവുമായ അധ്യായമാണ് ഗുജറാത്ത് കലാപം. അതിനെ വക്രീകരിച്ചാണ് ചിത്രീകരിച്ചിരിക്കുന്നത്. ഭിന്നിപ്പിക്കുന്ന രാഷ്ട്രീയ വ്യവഹാരത്തിന് അനുയോജ്യമായ രീതിയില്‍ വസ്തുതകളെ വളച്ചൊടിച്ചിരിക്കുന്നു. ഗോധ്രയില്‍ 59 നിരപരാധികളായ രാമഭക്തരുടെ കൂട്ടക്കൊലയെ എമ്പുരാന്‍ അവഗണിച്ചു. വേദനാജനകമായ ഓര്‍മ്മകള്‍ പുനരുജ്ജീവിപ്പിക്കുക മാത്രമല്ല, രാജ്യത്തിന്റെ ഐക്യത്തെയും അതിന്റെ ജനാധിപത്യ സ്ഥാപനങ്ങളെയും ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്ന വിധത്തിലാണ് ഈ ചിത്രം ചെയ്തിരിക്കുന്നതെന്നും ഓര്‍ഗനൈസറിലെ പുതിയ ലേഖനത്തില്‍ പറയുന്നു.

ഒരു സിനിമ സൂക്ഷ്മമായി വിഭജനത്തിന്റെ വിത്തുകള്‍ നടുമ്പോള്‍, ഈ വിത്തുകള്‍ വേരുറപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് നമ്മുടെ കൂട്ടായ ഉത്തരവാദിത്തമാണെന്നും ഓരോ ദേശസ്‌നേഹിയായ ഇന്ത്യക്കാരനും കണക്കുചോദിക്കേണ്ട സമയമാണിതെന്നും ലേഖനത്തില്‍ പറയുന്നു.

Content Highlights: rss mouthpiece again against empuraan and Prithviraj

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article