മഹത്തായ കാര്യം ചെയ്തുവെന്ന് കരുതുന്നില്ല, കേസുമായി മുന്നോട്ട് പോവാനുള്ള കാരണം അതായിരുന്നു- ഭാവന

9 months ago 7

bhavana

ഭാവന | photo: Jaiwin T Xavier / Mathrubhumi

നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ ആരാധക ഹൃദയം കവര്‍ന്ന നടിയാണ് ഭാവന. തനിക്ക് നേരിട്ട ദുരനുഭവത്തില്‍ നിന്ന് ഉയര്‍ന്നു വന്ന്‌ നീതിക്കായി കടുത്ത പോരാട്ടം നടത്തിയ ധീര വ്യക്തിത്വം കൂടിയാണ് അവര്‍. അതിജീവിതകള്‍ക്ക് മുന്നോട്ടുവന്ന് നീതിക്കായി പോരാടുവാനുള്ള കരുത്ത് ഭാവന പകര്‍ന്നു നല്‍കി.

തനിക്ക് നേരിട്ട ദുരനുഭവത്തേക്കുറിച്ചും കേസ് നല്‍കിയ സാഹചര്യത്തേക്കുറിച്ചും വ്യക്തമാക്കുകയാണ് ഭാവന. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിനിടേയാണ് ഭാവന ഇതേക്കുറിച്ച് പങ്കുവെച്ചത്.

പ്രൊഫഷണല്‍ ജീവിതത്തിലെ തിരിച്ചടികള്‍ ഉള്‍പ്പെടെ വരാനിരിക്കുന്ന പ്രത്യാഘാതങ്ങള്‍ മനസ്സിലാക്കി തന്നെയാണ്‌ നിയമനടപടികളുമായി മുന്നോട്ട് പോയതെന്ന് ഭാവന പറയുന്നു. സംഭവിച്ചതിന് താന്‍ ഒരു തരത്തിലും ഉത്തരവാദിയല്ലെന്ന ഉറച്ച വിശ്വാസമാണ് കേസുമായി മുന്നോട്ട് പോവാനുള്ള ശക്തിയായതെന്ന്. എന്നാല്‍, തന്റെ പ്രവൃത്തികളെ ഒരു വലിയ നേട്ടമായി കാണുന്നില്ലെന്നും, അനീതിക്കെതിരെ വെളിച്ചം വീശേണ്ട അനിവാര്യതയായി മാത്രമാണ് അതിനെ കാണുന്നതെന്നും അവർ വ്യക്തമാക്കി.

'ഞാന്‍ ഒരു തെറ്റും ചെയ്തില്ല എന്നാണ് ആദ്യം എന്റെ മനസിലേക്ക് എത്തിയത്. അതുകൊണ്ട് യാതൊരു മടിയുമില്ലാതെ ഞാന്‍ പരാതി രജിസ്റ്റര്‍ ചെയ്തു. ആ നിമിഷം അധികം ആലോചിച്ചില്ല, ശരിയെന്ന് തോന്നിയത് ചെയ്തു. പിന്നീട് അത് വലിയ വിഷയമായി മാറി. ഞാന്‍ എന്തോ മഹത്തായ കാര്യം ചെയ്തുവെന്ന് കരുതുന്നില്ല. ശരിയെന്ന് തോന്നുന്നത് ചെയ്യാന്‍ അല്ലെങ്കില്‍ പറയാന്‍ നമ്മള്‍ എന്തിനാണ് ഭയപ്പെടുന്നത്?'- ഭാവന ചോദിക്കുന്നു.

'മിണ്ടാതെ ഇരിക്കുന്നതല്ലേ തുറന്നു സംസാരിക്കുന്നതിനേക്കാള്‍ വലിയ പ്രശ്‌നം? എന്റെ മനസ്സില്‍ തങ്ങിനിന്ന ചോദ്യം അതായിരുന്നു. ഞാന്‍ മിണ്ടാതിരുന്നാലും വര്‍ഷങ്ങള്‍ക്ക് ശേഷം ഇത് പുറത്തുവന്നാല്‍, ആളുകള്‍ ചോദിക്കും, 'നീ എന്തിനാണ് ഇത്രയും കാലം മിണ്ടാതിരുന്നത്?' അതുകൊണ്ട് ഞാന്‍ ഉടനടി പരാതി നല്‍കി. നടക്കുമ്പോള്‍ നമ്മള്‍ വീണാല്‍ നമ്മള്‍ സ്വയം എഴുന്നേറ്റ് സ്വയം പരിചരിക്കും അല്ലേ? മരുന്ന് വെച്ചോ ആശുപത്രിയില്‍ പോയോ നമ്മള്‍ ശ്രദ്ധിക്കും. അതേ മനോഭാവമാണ്‌ ഞാന്‍ ഇവിടെയും പിന്തുടര്‍ന്നത്'- ഭാവന കൂട്ടിച്ചേര്‍ത്തു.

ഭാവനയുടെ ദ ഡോര്‍ എന്ന തമിഴ് ചിത്രം റിലീസിന് ഒരുങ്ങുകയാണ്. 12 വര്‍ഷത്തിനു ശേഷം ഭാവന തമിഴിലേക്ക് മടങ്ങിയെത്തുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഭാവനയുടെ സഹോദരന്‍ ജയ്ദേവ് സംവിധാനം ചെയ്യുന്ന ചിത്രം ജൂണ്‍ ഡ്രീംസ് സ്റ്റുഡിയോസിന്റെ ബാനറില്‍ ഭാവനയുടെ ഭര്‍ത്താവ് നവീന്‍ രാജനാണ് നിര്‍മിക്കുന്നത്. മാര്‍ച്ച് 28-നെത്തുന്ന ഈ ആക്ഷന്‍ ഹൊറര്‍ ത്രില്ലര്‍ ചിത്രം സഫയര്‍ സ്റ്റുഡിയോസ്സാണ് തീയേറ്ററില്‍ എത്തിക്കുന്നത്. ഗണേഷ് വെങ്കിട്ടരാമന്‍, ജയപ്രകാശ്, ശിവരഞ്ജനി, നന്ദകുമാര്‍, ഗിരീഷ്, പാണ്ടി രവി, സംഗീത, സിന്ധൂരി, പ്രിയ വെങ്കട്ട്, രമേഷ് അറുമുഖം, കപില്‍, ബൈരി വിഷ്ണു, റോഷ്നി, സിതിക്, വിനോലിയ തുടങ്ങിയ അഭിനേതാക്കളും അഭിനയിക്കുന്നു.

Content Highlights: bhavana interview

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article