20 April 2025, 06:36 PM IST

ഭാഗ്യലക്ഷ്മി, മാലാ പാർവതി | ഫോട്ടോ: ബിജു വർഗീസ്, ആർക്കൈവ്സ് | മാതൃഭൂമി
തിരുവനന്തപുരം: മാലാ പാർവതിയുടെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. മാലാ പാർവതിയോട് പുച്ഛം തോന്നുന്നുവെന്ന് അവർ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. സമീപകാലത്തായി അവർ ഇടയ്ക്കിടെ ഇത്തരം പരാമർശങ്ങൾ നടത്തുന്നുണ്ട്. ഇതാണോ മാലാ പാർവതിയുടെ സ്ത്രീ ശാക്തീകരണമെന്നും ഭാഗ്യലക്ഷ്മി ചോദിച്ചു.
മാലാ പാർവതിയുടെ വായിൽനിന്ന് ഇത്തരം വാക്കുകൾ വീണല്ലോ എന്നുകേൾക്കുമ്പോൾ പുച്ഛം തോന്നുന്നുവെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. എന്നോടൊപ്പം കിടക്കാൻ വരുമോ എന്ന് ചോദിച്ചാൽ പോടാ എന്ന് പറഞ്ഞ് തമാശരൂപേണ തോളിൽത്തട്ടി മുൻപോട്ടുപോവുക എന്ന് പറയുന്നതിനെ എന്ത് വാക്കുചേർത്ത് വിളിയ്ക്കണം എന്നറിയില്ല. അങ്ങനെ പറഞ്ഞാൽ ഒറ്റ പ്രാവശ്യമേ അയാളങ്ങനെ പറയൂ. രണ്ടാമതൊരു തവണ അങ്ങനെ പറയാനുള്ള ധൈര്യം നമ്മൾ കൊടുക്കാൻ പാടില്ലെന്നും ഭാഗ്യലക്ഷ്മി അഭിപ്രായപ്പെട്ടു.
''ഇതാണോ മാലാ പാർവതി ഇത്രയുംകാലം സ്ത്രീകൾക്കുവേണ്ടി ചെയ്തുകൊണ്ടിരുന്ന ശാക്തീകരണ പ്രവർത്തനം? എനിക്ക് അദ്ഭുതം തോന്നുന്നു. വല്ലാതെ വിഷമം തോന്നുന്നു. ഇങ്ങനെ മറ്റാര് പറഞ്ഞാലും നമുക്ക് ബുദ്ധിമുട്ടോ വിഷമമോ തോന്നില്ല. പക്ഷേ മാലാ പാർവതിയിൽനിന്ന് അത്തരത്തിലുള്ള പ്രസ്താവനകൾ വരുന്നത് വളരെ ദയനീയമാണ്.'' ഭാഗ്യലക്ഷ്മി കൂട്ടിച്ചേർത്തു.
പലരും കളിതമാശ പോലും മനസിലാകാത്തവരാണെന്നാണ് മാലാ പാർവതി പറഞ്ഞത്. ലൈംഗികാതിക്രമങ്ങള്‍ വലിയ വിഷയമായി മനസില്‍ കൊണ്ടുനടക്കേണ്ട കാര്യമുണ്ടോ എന്ന് ചോദിച്ച മാലാ പാര്‍വതി ഇതൊക്കെ മാനേജ് ചെയ്യാന്‍ സ്ത്രീകള്‍ പഠിക്കണമെന്നും പറഞ്ഞു. ഈ പ്രസ്താവനയ്ക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയർന്നിട്ടുള്ളത്. നേരത്തേ നടി രഞ്ജിനിയും മാലാ പാർവതിയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.
Content Highlights: Bhagyalakshmi slams Mala Parvathy`s remarks





English (US) ·