ഒരു വിഷുക്കാലംകൂടി ഇങ്ങെത്തിക്കഴിഞ്ഞു. വിഷുവെന്നാൽ മലയാളികൾക്ക് പുത്തൻ സിനിമകൾ തിയേറ്ററുകളിലെത്തുന്ന ആഘോഷക്കാലം കൂടിയാണ്. ഇത്തവണയും ആ പതിവിന് മാറ്റമില്ല. വിഷു ആഘോഷം കൊഴുപ്പിക്കാൻ മലയാളത്തിൽ നിന്ന് മൂന്നും തമിഴിൽനിന്ന് ഒരുചിത്രവുമാണ് പ്രദർശനത്തിനെത്തുന്നത്. നാലുചിത്രങ്ങളേക്കുറിച്ചും സിനിമാ പ്രേമികൾക്കുള്ളത് തികഞ്ഞ വിജയപ്രതീക്ഷകൾ മാത്രം.
1. ബസൂക്ക
തിരക്കഥാകൃത്ത് കലൂർ ഡെന്നീസിന്റെ മകനായ ഡിനോ ഡെന്നീസ് ആദ്യമായി സംവിധാനംചെയ്യുന്ന ചിത്രമാണ് ബസൂക്ക. ഗെയിം ത്രില്ലറായാണ് ചിത്രം ഒരുങ്ങിയിരിക്കുന്നത്. സംവിധായകനും നടനുമായ ഗൗതം മേനോനും ചിത്രത്തിൽ ഒരു പ്രധാനവേഷത്തിലെത്തുന്നുണ്ട്. മമ്മൂട്ടിയുടെ സ്റ്റൈലിഷ് ലുക്ക് ഇതിനോടകംതന്നെ ചർച്ചയായിട്ടുണ്ട്. തിയേറ്റർ ഓഫ് ഡ്രീംസ് ഇൻ അസോസിയേഷൻ വിത്ത് സരിഗമയുടെ ബാനറിൽ പ്രശസ്ത തിരക്കഥാകൃത്ത് ജിനു.വി. എബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. സിദ്ധാർഥ് ഭരതൻ, ഷൈൻ ടോം ചാക്കോ, ഡീൻ ഡെന്നീസ്, സുമിത് നേവൽ (ബിഗ് ബി ഫെയിം), ദിവ്യാപിള്ള, ഐശ്വര്യാ മേനോൻ, സ്ഫടികം ജോർജ്ജ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. സയ്ദ് അബ്ബാസാണ് സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്. നിമേഷ് രവിയാണ് ഛായാഗ്രഹണം. ഏപ്രിൽ പത്തിന് ചിത്രം തിയേറ്ററുകളിലെത്തും.
2. മരണമാസ്
മിന്നൽ മുരളിക്കുശേഷം ടൊവിനോയും ബേസിലും ഒന്നിക്കുന്ന ചിത്രമാണ് മരണമാസ്. എന്നാൽ ചെറിയൊരു വ്യത്യാസമുണ്ട്. ഇത്തവണ നിർമാതാവിന്റെ കുപ്പായമണിഞ്ഞ് ക്യാമറയ്ക്ക് പിന്നിലാണ് ടൊവിനോ. ബേസിലാകട്ടെ നായകനായി ക്യാമറയ്ക്ക് മുന്നിലും. നടൻ സിജു സണ്ണിയാണ് കഥയും തിരക്കഥയും എഴുതിയിരിക്കുന്നത്. സംവിധായകൻ ശിവപ്രസാദും തിരക്കഥാകൃത്തുക്കളിൽ ഒരാളായുണ്ട്. ചിത്രത്തിലെ ബേസിലിന്റെ പ്രത്യേക ഗെറ്റപ്പ് ഇതിനകം ചർച്ചയായി കഴിഞ്ഞു. ബാബു ആന്റണി, സുരേഷ് കൃഷ്ണ, സിജു സണ്ണി, രാജേഷ് മാധവൻ, പുലിയനം പൗലോസ് എന്നിവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അനിഷ്മ അനിൽകുമാറാണ് നായിക. ടൊവിനോ തോമസ് പ്രൊഡക്ഷൻസ്, റാഫേൽ ഫിലിം പ്രൊഡക്ഷൻസ്, വേൾഡ് വൈഡ് ഫിലിംസ് എന്നീ ബാനറുകളിൽ ടൊവിനോ തോമസ്, റാഫേൽ പൊഴാലിപ്പറമ്പിൽ, തൻസീർ സലാം, ടിങ്സ്റ്റൺ തോമസ് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഏപ്രിൽ പത്തിന് തന്നെയാണ് മരണമാസും റിലീസ് ചെയ്യുന്നത്.
3. ആലപ്പുഴ ജിംഖാന
'തല്ലുമാല'യ്ക്ക് ശേഷം ഖാലിദ് റഹ്മാൻറെ സംവിധാനം, പ്രേമലുവിലൂടെ ബമ്പർ ഹിറ്റടിച്ച നസ്ലിൻ ഗഫൂർ നായകൻ, ഒപ്പം വലിയൊരു യുവതാരനിരയും. 'ആലപ്പുഴ ജിംഖാന'യ്ക്കായി കാത്തിരിക്കാൻ മറ്റെന്തുവെണമെന്നാണ് ആരാധകർ ചോദിക്കുന്നത്. നസ്ലിന് പുറമേ ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ് തുടങ്ങിയ താരങ്ങളുടെ ഗെറ്റപ്പും ശ്രദ്ധേയമായിക്കഴിഞ്ഞു. അനഘ രവി, ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാൻസി തുടങ്ങിയവരും ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തുന്നു. 'ആലപ്പുഴ ജിംഖാന' നിർമ്മിക്കുന്നത് പ്ലാൻ ബി മോഷൻ പിക്‌ചേഴ്സിന്റെ ബാനറിലും റീലിസ്റ്റിക് സ്റ്റുഡിയോയുടെ ബാനറിലും ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ ചേർന്നാണ്. പ്ലാൻ ബി മോഷൻ പിക്‌ചേർസിന്റെ ആദ്യ നിർമ്മാണസംരംഭമാണിത്. ഖാലിദ് റഹ്മാനും ശ്രീനി ശശീന്ദ്രനും ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിനായ് സംഭാഷണങ്ങൾ തയ്യാറാക്കിയിരിക്കുന്നത് രതീഷ് രവിയാണ്. ഛായാഗ്രഹണം: ജിംഷി ഖാലിദ്, ചിത്രസംയോജനം: നിഷാദ് യൂസഫ്, സംഗീതം: വിഷ്ണു വിജയ്, ഓഡിയോഗ്രാഫി: വിഷ്ണു ഗോവിന്ദ്, ലിറിക്സ്: മുഹ്‌സിൻ പരാരി, വസ്ത്രാലങ്കാരം: മാഷർ ഹംസ, വി എഫ് എക്‌സ്: ഡിജി ബ്രിക്‌സ്, മേക്കപ്പ്: റോണക്‌സ് സേവിയർ, ആക്ഷൻ കോറിയോഗ്രാഫി: ജോഫിൽ ലാൽ, കലൈ കിംഗ്‌സൺ, ആർട്ട് ഡയറക്ടർ: ആഷിക് എസ്, അസോസിയേറ്റ് ഡയറക്ടർ: ലിതിൻ കെ ടി, ലൈൻ പ്രൊഡ്യൂസർ: വിഷാദ് കെ എൽ, പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായണൻ. വിതരണം: സെൻട്രൽ പിക്ചർസ്, ട്രൂത്ത് ഗ്ലോബൽ ഫിലിംസ്.
4. ഗുഡ് ബാഡ് അഗ്ലി
മാർക്ക് ആന്റണി എന്ന സൂപ്പർഹിറ്റ് ചിത്രത്തിനുശേഷം ആധിക് രവിചന്ദ്രൻ സംവിധാനംചെയ്യുന്ന ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി. അജിത് കുമാറാണ് നായകൻ. വിടാമുയർച്ചി എന്ന ഈ വർഷംതന്നെയിറങ്ങിയ ചിത്രത്തിന്റെ ക്ഷീണം മാറ്റാനും ബോക്സോഫീസിൽ പുതിയ ചരിത്രമെഴുതാനും ലക്ഷ്യമിട്ടാണ് അജിത് ഗുഡ് ബാഡ് അഗ്ലിയുമായി കേരളത്തിലെത്തുന്നത്. അജിത്തിന്റെ കരിയറിലെ വൻ ഹിറ്റുകളായ മങ്കാത്ത, ദീന, ബില്ല തുടങ്ങിയ ചിത്രങ്ങളുടെ റഫറൻസുകൾ നിറഞ്ഞ ട്രെയിലർ ഇതിനകം തന്നെ ട്രെന്റിംഗായി മാറിയിട്ടുണ്ട്.
മൈത്രി മൂവി മേക്കേഴ്‌സും ടീ സീരീസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അർജുൻ ദാസ്, സുനിൽ, പ്രസന്ന, റെഡിൻ കിംഗ്സ്ലി, ഷൈൻ ടോം ചാക്കോ, ജാക്കി ഷെറോഫ്, പ്രഭു, യോഗി ബാബു, തൃഷ, പ്രിയ വാര്യർ, സിമ്രാൻ എന്നിവരാണ് മറ്റുപ്രധാനവേഷങ്ങളിൽ. അഭിനന്ദൻ രാമാനുജനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ജിവി പ്രകാശാണ് സംഗീതം. ഏപ്രിൽ പത്തിനുതന്നെയാണ് ഈ അജിത് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.
Content Highlights: This Vishu, bask 4 breathtaking caller releases





English (US) ·