മലയാളത്തിലെ ത്രില്ലർ സിനിമകളുടെ മറുപേരാണ് സംവിധായകൻ ജീത്തു ജോസഫ്. ദൃശ്യം, മെമ്മറീസ്, നേര്, കൂമൻ, ദൃശ്യം-2, ട്വൽത്ത് മാൻ തുടങ്ങി ത്രില്ലർവഴിയിൽ മലയാളിയെ വിസ്മയിപ്പിച്ച സംവിധായകൻ വീണ്ടും മറ്റൊരു ത്രില്ലറുമായി മലയാളിക്കുമുന്നിലേക്ക് എത്തിയിരിക്കുകയാണ് -മിറാഷ്. ആസിഫ് അലിക്ക് കരിയറിലെ വ്യത്യസ്ത കഥാപാത്രം നൽകിയ കൂമൻ എന്ന ഹിറ്റ് ചിത്രത്തിനുശേഷം ജീത്തു ജോസഫും ആസിഫ് അലിയും ഒന്നിക്കുന്ന മിറാഷിൽ അപർണാ ബാലമുരളിയും കേന്ദ്രകഥാപാത്രമാകുന്നു. ഒരു ന്യൂജെൻ ത്രില്ലർ ചിത്രമാണ് മിറാഷെന്ന് നായകൻ ആസിഫ് അലി പറയുന്നു.
കൂമനുശേഷം വീണ്ടും ജീത്തു ജോസഫിനൊപ്പം, ‘മിറാഷ്’ എന്ന സിനിമയിലേക്ക് ആസിഫിനെ ആകർഷിച്ച ഘടകം എന്താണ്...
എനിക്ക് വലിയ ബോക്സോഫീസ് വിജയങ്ങളൊന്നും ഇല്ലാതിരുന്ന സമയത്ത് വളരെ അപ്രതീക്ഷിതമായാണ് ജീത്തുച്ചേട്ടൻ കൂമൻ എന്ന സിനിമയിലേക്ക് എന്നെ വിളിക്കുന്നത്. ഞാൻ അന്ന് വളരെ ആശ്ചര്യപ്പെട്ടിരുന്നു, എന്തുകൊണ്ടാകാം എന്നെ വിളിച്ചതെന്ന് ചിന്തിച്ചു. കാരണം ദൃശ്യം, ദൃശ്യം-2, മെമ്മറീസ്, മൈ ബോസ്, ആദി തുടങ്ങി അദ്ദേഹം തുടരെ വലിയ ഹിറ്റുകൾ സൃഷ്ടിച്ചുനിൽക്കുന്ന സമയമാണ്, ഇന്ത്യയിലെ ഏത് വലിയ അഭിനേതാവും അദ്ദേഹം വിളിക്കാൻവേണ്ടി കാത്തുനിൽക്കുകയാണ്. കഥകേട്ടപ്പോൾ ഗിരി എന്ന കേന്ദ്രകഥാപാത്രം ഞാനാണെന്നും ഏറെ പുതുമയുള്ള, വ്യത്യസ്തമായൊരു ത്രില്ലർ സിനിമയാണെന്നും മനസ്സിലായി. ഞാൻ അദ്ദേഹത്തോട് ചോദിച്ചു: ‘‘ലാൽ സാർ (മോഹൻലാൽ) അടക്കം എല്ലാവരും സാർ വിളിച്ചാൽ സിനിമചെയ്യാൻ റെഡിയാണ്, എന്നിട്ടും പെട്ടെന്ന് എന്നെ വിളിക്കാനുള്ള കാരണം എന്താണ്’’. അപ്പോൾ അദ്ദേഹം പറഞ്ഞു: ‘‘ഈ തിരക്കഥ വായിച്ചുകഴിഞ്ഞപ്പോൾ എനിക്ക് ആസിഫിന്റെ മുഖമാണ് ഓർമ്മവന്നത്. ആസിഫിന് ഈ കഥാപാത്രം ചേരുമെന്നുതോന്നി, അതാണ് വിളിച്ചത്’’. ആ മറുപടി എനിക്ക് വലിയ ആത്മവിശ്വാസം നൽകി. ആ സിനിമ വലിയ വിജയമാകുകയും ചെയ്തു.
മൂന്നുവർഷത്തിനുശേഷം അദ്ദേഹം മിറാഷിന് വിളിക്കുമ്പോഴും എനിക്ക് ചെയ്യാൻപറ്റുന്ന വേഷമായതുകൊണ്ടാണ് അദ്ദേഹം വിളിക്കുന്നതെന്ന ആ ആത്മവിശ്വാസം എനിക്കുണ്ട്. മിറാഷിന്റെ തിരക്കഥയും ജീത്തു ജോസഫ് എന്ന സംവിധായകനുമാണ് എന്നെ ഈ സിനിമയുടെ ഭാഗമാക്കിയത്. സ്ത്രീകേന്ദ്രിത വഴിയിൽ കഥപറയുന്ന മിറാഷ് ജീത്തുസാർ ആദ്യം ബോളിവുഡിൽ ചെയ്യാനിരുന്ന സിനിമയാണ്. എന്നാൽ, അവിടെ പലനടന്മാരും കഥ സ്ത്രീകേന്ദ്രിതമായതിനാൽ ചെയ്യാൻ മടിപറഞ്ഞു. ആ സമയത്താണ് അദ്ദേഹം ഈ കഥ എന്നോട് പറയുന്നത്. ആസിഫിന് ഇഷ്ടമായെങ്കിൽ നമുക്കിത് മലയാളത്തിൽ ചെയ്യാമെന്ന് പറഞ്ഞു. കേട്ടുനോക്കിയപ്പോൾ പുതുമയുള്ള ഒരു ത്രില്ലറാണ്, ഒരു ന്യൂ ജനറേഷൻ ത്രില്ലറെന്ന് മിറാഷിനെ വിശേഷിപ്പിക്കാം.
കഥാപാത്രത്തെപ്പറ്റി...
ഒരു ഇൻവെസ്റ്റിഗേറ്റീവ് ഓൺലൈൻ ജേണലിസ്റ്റാണ് മിറാഷിലെ അശ്വിൻ എന്ന എന്റെ കഥാപാത്രം. വളച്ചൊടിക്കലൊന്നുമില്ലാതെ സത്യസന്ധമായ വാർത്തകൾക്കു പുറകെപ്പോകുന്ന ഒരാൾ. അശ്വിന്റെ മുന്നിലെത്തുന്ന ഒരു കേസും തുടർന്നുണ്ടാകുന്ന സംഭവങ്ങളിലൂടെയൊക്കയുമാണ് ഈ കഥ പുരോഗമിക്കുന്നത്. വളരെ രസകരമായൊരു കഥാവഴിയാണ്.
ജീത്തു ജോസഫ് എന്ന സംവിധായകനൊപ്പം വർക്കുചെയ്യുമ്പോൾ അഭിനേതാവെന്നനിലയിൽ ആസിഫ് എത്രമാത്രം ആസ്വദിക്കുന്നുണ്ട്...
വളരെ അച്ചടക്കമുള്ള സംവിധായകനാണ്, നല്ലൊരു ടീം അദ്ദേഹത്തിനുണ്ട്. ഷൂട്ടിങ് അടക്കമുള്ള സിനിമയുടെ എല്ലാ കാര്യങ്ങളും കൃത്യമായി പ്ലാൻചെയ്തിട്ടുണ്ടാകും. എത്ര ദിവസമാണോ ഷൂട്ടിങ് പ്ലാൻ ചെയ്തിരിക്കുന്നത് അതിനുമുൻപേതന്നെ അദ്ദേഹം അത് തീർത്തിരിക്കും. അത്രമാത്രം പ്രൊഫഷണലാണ്. ദൃശ്യംപോലെ ഒരുപാട് വലിയ ഹിറ്റുകൾചെയ്ത് ഉയരത്തിൽനിൽക്കുന്ന സംവിധായകനാണെന്ന ഫീൽ ഒരിക്കലും അദ്ദേഹത്തോട് സംസാരിക്കുമ്പോഴോ കൂടെനിൽക്കുമ്പോഴോ ഉണ്ടാകില്ല. വളരെ സിംപിളും ഈസിയുമായി കാര്യങ്ങൾചെയ്യുന്ന ഏറെ ഫ്രീയായി സിനിമചെയ്യുന്ന ഒരാളാണ്. അതുതന്നെയാണ് അദ്ദേഹത്തിന്റെ വിജയരഹസ്യവും എന്നെനിക്ക് തോന്നാറുണ്ട്. എത്ര ഉയരത്തിലെത്തുമ്പോഴും ഒരു തലക്കനവുമില്ലാതെ ഒരു സംവിധായകൻ എങ്ങനെ പെരുമാറണം എന്നത് സാറിന്റെകൂടെ സമയം ചെലവഴിക്കുമ്പോൾ നമുക്ക് മനസ്സിലാകും.
കിഷ്‌കിന്ധാകാണ്ഡം, സൺഡേ ഹോളിഡേ... അപർണയുമായി ഒന്നിച്ച ചിത്രങ്ങൾ വലിയ വിജയങ്ങളാണ്, അപർണ എന്ന പെർഫോമറെപ്പറ്റി...
നമ്മളൊരു ടീമുണ്ടാക്കി ക്രിക്കറ്റ് കളിക്കുമ്പോഴും നമുക്ക് അറിയാവുന്ന ഏറ്റവും നല്ല കളിക്കാരെ ആണല്ലോ ടീമിലെടുക്കുന്നത്. അതുപോലെ ഈ സിനിമ മലയാളത്തിൽ ചെയ്യാനായി ജീത്തുസാർ തീരുമാനിക്കുമ്പോൾത്തന്നെ അദ്ദേഹത്തിന്റെ മനസ്സിൽ പ്രധാന സ്ത്രീകഥാപാത്രം അപർണയാണ്. അതുകൂടി മനസ്സിൽവെച്ചാണ് ഞാൻ ഈ കഥ കേൾക്കുന്നത്. അതെനിക്കും വലിയ ആത്മവിശ്വാസം നൽകിയിരുന്നു. കാരണം ഒരുപാട് ടേണും ട്വിസ്റ്റും ഇമോഷണൽ സീനുകളുമൊക്കെയുള്ള ഒരു ത്രില്ലറിൽ അപർണയെപ്പോലൊരു പെർഫോർമർ ആ കഥാപാത്രത്തിലേക്കുവരുമ്പോൾ അത് നല്ലൊരു ഔട്ട്പുട്ട് ഉണ്ടാക്കും. പിന്നെ നമ്മുടെ സുഹൃത്തിന്റെകൂടെ വീണ്ടും സിനിമചെയ്യുമ്പോൾ നമുക്കും അതൊരു സുരക്ഷിതത്വവും ആത്മവിശ്വാസവുമൊക്കെ നൽകും. ജീത്തുസാറെപ്പോലെതന്നെ അപർണകൂടിയുള്ളത് എനിക്ക് ഈ സിനിമ കുറെക്കൂടി രസകരമാക്കി.
ഏറെ വ്യത്യസ്തമായ ചിത്രമായിരുന്നു കൂമൻ, അതിന് ഒരു രണ്ടാംഭാഗം വേണമെന്ന് ആഗ്രഹിച്ചിട്ടുണ്ടോ...
കൂമനിലെ ഗിരി എന്ന കഥാപാത്രം ജീത്തുസാറിനും എനിക്കും വളരെ ഇഷ്ടമാണ്. വളരെ ഈഗോയിസ്റ്റും അതേസമയം കൂർമബുദ്ധിയുമുള്ള ഒരു പോലീസുകാരൻ. ആ കഥാപാത്രത്തിന് ഇനിയും സാധ്യതകളുണ്ട്. ഉറപ്പായിട്ടും കൂമന് മുകളിൽനിൽക്കുന്ന ഒരു രണ്ടാംഭാഗത്തിനുള്ള കഥ കിട്ടിയാൽ ചെയ്യണം എന്നതാണ് ഞങ്ങളുടെയെല്ലാം ആഗ്രഹം. അതിന്റെ തിരക്കഥാകൃത്തായ കൃഷ്ണുകുമാറേട്ടനും അത്തരമൊരു കഥ ആലോചിക്കുന്നുണ്ടെന്നാണ് ജീത്തുസാർ പറഞ്ഞത്. അത്തരമൊരു മികച്ച കഥവരട്ടെ എന്ന് നമുക്കാഗ്രഹിക്കാം.
പ്രേക്ഷകരോട് എന്താണ് പറയാനുള്ളത്? ഏതൊക്കെയാണ് ആസിഫിന്റെ വരാനിരിക്കുന്ന സിനിമകൾ...
നല്ല സംവിധായകൻ, നടൻ, നടി, ഒരുപാട് ഭാഷ, ബിഗ് ബജറ്റ് എന്നൊക്കെ ഒരുപാട് പ്രത്യേകതകൾ പറഞ്ഞാലും സിനിമ നല്ലതാണെങ്കിൽമാത്രമേ മലയാളിപ്രേക്ഷകർ അത് തിയേറ്ററിൽവന്ന് കാണുകയുള്ളൂ. ഒരിക്കലും നിർബന്ധിച്ച് സിനിമ കാണിക്കാൻപറ്റുന്ന പ്രേക്ഷകരല്ല നമ്മുടേത്. മിറാഷ് പ്രേക്ഷകർ ഇഷ്ടപ്പെട്ട് തിയേറ്ററിൽ വന്നുകാണും എന്നാണ് പ്രതീക്ഷ. രോഹിത് വി.എസ്. സംവിധാനം ചെയ്യുന്ന ടിക്കി ടാക്ക എന്ന സിനിമയാണ് ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്. ഒന്നരമാസംകൂടി അതിന്റെ ഷൂട്ടിങ് ബാക്കിയുണ്ട്. മിറാഷ് കഴിഞ്ഞാൽ തിയേറ്ററിലെത്തുന്ന എന്റെ പ്രധാന റിലീസ് ആ സിനിമയായിരിക്കും.
Content Highlights: Asif Ali exclusive interview
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·