മുത്ത മഴൈയ്ക്കല്ല, ഉയരുന്നത് ചിന്‍മയിയുടെ 'തഗ് ലൈഫി'നുള്ള കയ്യടികളാണ്

6 months ago 7

വാക്കുകൾകൊണ്ട് ആക്രമണം നടത്തിയവർ പോലും വാതോരാതെ വാഴ്ത്തുകയാണിപ്പോൾ ചിന്‍മയി ശ്രീപദ എന്ന ഗായികയെ. അപമാനത്തിന്റേയും അവഗണനയുടേയും നിഴല്‍ച്ചുഴിയില്‍ നിന്നുള്ള ഗായികയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പാണിത്. സാമൂഹികമാധ്യമങ്ങളിലും വേദികളിലും 'മുത്ത മഴൈ' എന്ന ഗാനത്തിന്റെ ചിന്മയി പാടിയ വേര്‍ഷനാണ് ട്രെന്‍ഡിങ്ങില്‍. തഗ് ലൈഫ് എന്ന ചിത്രത്തിലെ ഗാനത്തിന്റെ തെലുങ്ക്, ഹിന്ദി പതിപ്പുകളില്‍ തന്റെ പ്രിയഗായകരിലൊരാളായ ചിന്‍മയിയുടെ ശബ്ദമാണ് സംഗീതസംവിധായകന്‍ എ.ആര്‍. റഹ്‌മാന്‍ ഉപയോഗപ്പെടുത്തിയതെങ്കിലും തമിഴില്‍ ഗാനമാലപിച്ചത് ധീ ആയിരുന്നുവെന്നും തഗ് ലൈഫിന്റെ ഓഡിയോ ലോഞ്ച് വേളയില്‍ ചിൻമയി ​ഗാനമാലപിച്ചതും ശേഷമുണ്ടായതും സംഗീതപ്രേക്ഷകര്‍ക്കറിയാം. ധീ പാടിയതിനേക്കാള്‍ വൈറലായത് ചിന്‍മയിയുടെ സ്റ്റേജ് പെര്‍ഫോമന്‍സ് വേര്‍ഷനാണ്. സംഗീതപ്രണയികളുടേയും ഗായികയുടെ ആരാധകരുടേയും ആവശ്യപ്രകാരം സിനിമയിലെ ഗാനരംഗത്ത് ചിന്‍മയിയുടെ ശബ്ദം ചേര്‍ത്തുളള യൂട്യൂബ് വീഡിയോയും തഗ് ലൈഫിന്റെ നിര്‍മാതാക്കള്‍ റിലീസ് ചെയ്തു, അതും ഹിറ്റ്. മാറ്റിനിര്‍ത്തിയവര്‍ പോലും മാനിക്കുമ്പോള്‍ ചിന്‍മയിയുടെ മനസ്സില്‍ തീര്‍ച്ചയായും മുത്തുമഴ പെയ്യുകയാകണമെന്നാകും നമ്മള്‍ കരുതുന്നത്. എന്നാല്‍ നാം വിചാരിക്കുന്നതിലും എത്ര ഉയരെയാണ് ചിന്‍മയി എന്ന കലാകാരിയുടെ മികവ്, വ്യക്തിത്വം, ആത്മാഭിമാനബോധം!

ഒരു സ്ത്രീ അവരനുഭവിച്ച അപമാനത്തെ കുറിച്ച് ഉറക്കെ പറഞ്ഞാല്‍, അതിനെതിരെ പ്രതികരിച്ചാല്‍ എന്താണ് സംഭവിക്കുക എന്നതിന് മറ്റൊരു തെളിവ് കൂടിയായിരുന്നു ചിന്‍മയിയുടെ #മീ ടൂ വെളിപ്പെടുത്തല്‍. എന്തുകൊണ്ട് നേരത്തെ പറഞ്ഞില്ല, ഇപ്പോഴെന്തിനു പറയണം, മനഃപൂര്‍വ്വം അപമാനിക്കാനുള്ള ശ്രമം, ശ്രദ്ധ നേടാനുള്ള തന്ത്രം, മഹാനായ കലാകാരനെ വ്യക്തിഹത്യ ചെയ്യാനുള്ള ശ്രമം തുടങ്ങി സര്‍വ്വസാധാരണമായ പ്രത്യാക്രമണങ്ങളും അവഹേളനങ്ങളും ചിന്‍മയി നേരിട്ടു. എന്നാല്‍ തളര്‍ന്നിരിക്കാനോ പിന്തിരിഞ്ഞോടാനോ ചിന്‍മയി ഒരുങ്ങിയില്ല, തെറ്റുചെയ്യാത്തൊരാള്‍ ആരെ, എന്തിനെ ഭയക്കണം. തമിഴ് സാഹിത്യത്തിലെ മിന്നുംതാരങ്ങളില്‍ ഒരാള്‍ക്കെതിരെയായിരുന്നു ചിന്‍മയിയുടെ വെളിപ്പെടുത്തല്‍. പാട്ടെഴുത്തുകാരനും കവിയും നോവലിസ്റ്റുമായ വൈരമുത്തു ഒരിക്കലും അരുതാത്തത് ചെയ്യില്ല എന്ന് അദ്ദേഹത്തിന്റെ ആരാധകര്‍ വാദിച്ചു, ചിന്‍മയിയെ ആക്രമിച്ചു. ജാതീയമായ അധിക്ഷേപം എന്നുവരെ ചിന്‍മയിയുടെ വെളിപ്പെടുത്തല്‍ ലേബല്‍ ചെയ്യപ്പെട്ടു. ഒടുവില്‍ സിനിമ ഇന്‍ഡസ്ട്രിയില്‍ നിന്ന് വിലക്കും. പക്ഷെ ആര്‍ക്ക് നഷ്ടം? ചിന്‍മയിയുടെ മുത്ത മഴൈ യൂട്യൂബ് വീഡിയോയ്ക്ക് ചുവടെ വന്ന ഒരു കമന്റ് കടമെടുത്താല്‍, നഷ്ടം തമിഴ് സിനിമയ്ക്ക് മാത്രം.

സണ്‍ ടിവിയിലെ റിയാലിറ്റി ഷോയിലൂടെയാണ് ഗായകന്‍ ശ്രീനിവാസ് ചിന്‍മയിയുടെ കഴിവ് കണ്ടെത്തിയത്. എ.ആര്‍. റഹ്‌മാന് ചിന്‍മയിയെ പരിചയപ്പെടുത്തിയത് ശ്രീനിവാസാണ്. പിന്നീടുണ്ടായത് എല്ലാവര്‍ക്കുമറിയാം. കന്നത്തില്‍ മുത്തമിട്ടാല്‍ എന്ന ചിത്രത്തില്‍ ആദ്യമായി റഹ്‌മാന്‍ സംഗീതത്തില്‍ ചിന്‍മയി പാടി. ഭാവഗായകന്‍ പി. ജയചന്ദ്രനോടൊപ്പം ഒരു ദൈവം തന്ത പൂവേ എന്ന ഗാനം. ആ പാട്ടിനൊപ്പം ചിന്‍മയി എന്ന ഗായികയും തമിഴകത്ത് എക്കാലത്തേയും ഹിറ്റാവുകയായിരുന്നു. മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരത്തിന് പരിഗണിക്കപ്പെട്ടു. സംസ്ഥാനപുരസ്‌കാരം ലഭിക്കുകയും ചെയ്തു. റഹ്‌മാന്റെ പ്രിയഗായകരിലൊരാളായി ചിന്‍മയി മാറി. ഇളയരാജ, വിദ്യാസാഗര്‍, എസ്.എ. രാജ്കുമാര്‍, ഡി. ഇമ്മന്‍, ഹാരിസ് ജയരാജ്, ജി.വി.പ്രകാശ് കുമാര്‍, യുവന്‍ ശങ്കര്‍ രാജ, ഗോപി സുന്ദര്‍, എ.എം. രത്‌നം, മണി ശര്‍മ, ദീപക് ദേവ്, അനിരുദ്ധ്, ദേവി ശ്രീപ്രസാദ് തുടങ്ങി ഒട്ടുമിക്ക സംഗീത സംവിധായകരും ചിന്‍മയിയുടെ കഴിവ് ഉപയോഗപ്പെടുത്തി, നിരവധി ഹിറ്റുകള്‍ ചിന്‍മയിയുടെ പേരില്‍ എഴുതിച്ചേര്‍ക്കപ്പെട്ടു. ടെലിവിഷന്‍ പരിപാടികള്‍ക്കും ജിംഗിളുകള്‍ക്കും വേണ്ടിയും ചിന്‍മയി ശബ്ദം നല്‍കി. ആറ് തവണ നാല് ഭാഷകളില്‍ മികച്ച ഗായികയ്ക്കുള്ള ഫിലിം ഫെയര്‍ പുരസ്‌കാരം ചിന്‍മയി കരസ്ഥമാക്കി, ഒട്ടേറെ മറ്റ് പുരസ്‌കാരങ്ങളും ചിന്‍മയിയെ തേടിയെത്തി.

2018 ല്‍ ചര്‍ച്ചയായ #മീ ടൂ മൂവ്‌മെന്റില്‍ ഏറെ ശ്രദ്ധേയമായ ശബ്ദമായിരുന്നു ചിന്‍മയിയുടേത്. ഡബ്ബിങ് യൂണിയന്‍ പ്രസിഡന്റ് രാധാരവിയ്‌ക്കെതിരെ രണ്ട് വനിതാപ്രവര്‍ത്തകര്‍ ഉയര്‍ത്തിയ ലൈംഗികാരോപണത്തെ ചിന്‍മയി ശക്തമായി പിന്തുണച്ചു. താമസിയാതെ ചിന്‍മയിയെ സംഘടനയില്‍നിന്ന് പുറത്താക്കി. അതേകൊല്ലം തന്നെയാണ് സ്വിറ്റ്‌സര്‍ലന്‍ഡില്‍വെച്ച് പരിപാടിക്കിടെ വൈരമുത്തു മോശമായി പെരുമാറിയെന്ന വെളിപ്പെടുത്തല്‍ നടത്തുന്നതും. 2006 ല്‍ സില്ല്‌ന് ഒരു കാതല്‍ എന്ന ചിത്രത്തില്‍ ഭൂമിക ചൗളയ്ക്ക് ശബ്ദം നല്‍കിയാണ് ചിന്‍മയി ഡബ്ബിങ് മേഖലയിലെത്തിയത്. റഹ്‌മാന്റെ ഓഫീസ് വഴിയാണ് ഈ അവസരം ചിന്‍മയിയെ തേയിയെത്തിയത്. പിന്നീട് തൃഷ, തമന്ന, സമീറ റെഡ്ഡി, സാമന്ത തുടങ്ങി നിരവധി നായികമാര്‍ക്ക് ചിന്‍മയി ശബ്ദം പകര്‍ന്നു. വിണ്ണൈത്താണ്ടി വരുവായയില്‍ ജെസ്സിയുടെ ശബ്ദത്തിന് ഏറെ അംഗീകാരവും അഭിനന്ദനവും ലഭിച്ചു. ചിത്രത്തിന്റെ തെലുങ്ക്, ഹിന്ദി പതിപ്പുകളിലും നായികമാരുടെ ശബ്ദമായത് ചിന്‍മയിയാണ്. കന്നഡ സിനിമയിലും ചിന്‍മയി ഡബ് ചെയ്തു. അടുത്തിറങ്ങിയ ലിയോയില്‍ തൃഷയ്ക്കു വേണ്ടിയും ഹൈ നന്നായില്‍ മൃണാള്‍ ഠാക്കൂറിന് വേണ്ടിയും ചിന്‍മയിയാണ് ഡബ്ബ് ചെയ്തത്.

ടെലിവിഷന്‍, റേഡിയോ ഷോകളുടെ അവതാരകയായും ചിന്‍മയി തിളങ്ങി. റിയാലിറ്റി ഷോകളില്‍ വിധികര്‍ത്താവായെത്തി. ഒട്ടേറെ സിനിമകളുടെ ഓഡിയോ ലോഞ്ചുകളിലും സിനിമാപരിപാടികളിലും ഹോസ്റ്റായെത്തിയും ചിന്‍മയി വിസ്മയിപ്പിച്ചു. 2005 ല്‍ വിവര്‍ത്തനസേവനങ്ങള്‍ നല്‍കുന്ന ബ്ലൂ എലിഫന്റ് എന്ന കമ്പനി ആരംഭിച്ചു. ബ്ലൂ എലിഫന്റിന്റെ സിഇഒ ആണ് ചിന്‍മയി ഇപ്പോള്‍. 2010ല്‍ സാര്‍ക് ചേംബറിന്റെ മികച്ച സംരംഭകയ്ക്കുള്ള പുരസ്‌കാരം ചിന്‍മയിയ്ക്ക് ലഭിച്ചു. 2011ല്‍ യുഎസിന്റെ ഫോര്‍ച്യൂണ്‍ എന്ന ഗ്ലോബല്‍ വിമന്‍ മെന്ററിങ് പാര്‍ട്‌നര്‍ഷിപ്പ് പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2015 ല്‍ ഹെക സ്റ്റുഡിയോസ് എന്ന പേരില്‍ ഒരു ആര്‍ക്കിടെക്ചറല്‍ ആന്‍ഡ് ഇന്റീരിയര്‍ ഡിസൈന്‍ സ്ഥാപനം കൂടി ആരംഭിച്ചു. 2021ല്‍ ഡീപ് സ്‌കിന്‍ ഡയലോഗ്‌സ് എന്ന മെഡി സ്പാ തുടങ്ങി. 2022ല്‍ അതിന്റെ ഒരു ശാഖ കൂടി ഹൈദരാബാദില്‍ ആരംഭിച്ചു.

ചെന്നൈയിലായിരുന്നു ചിന്‍മയിയുടെ ജനനം. മൂന്ന്-നാല് വയസ്സ് പ്രായമുള്ളപ്പോള്‍ തന്നെ ചിന്‍മയി സംഗീതഭ്യസനം ആരംഭിച്ചു. അമ്മ പത്മഹാസിനിയായിരുന്നു ആദ്യകാല ഗുരു. പത്താം വയസ്സില്‍ കേന്ദ്രസര്‍ക്കാരിന്റെ യങ് ടാലന്റ് സ്‌കോളര്‍ഷിപ്പ് നേടിയ ചിന്‍മയി പിന്നീട് കര്‍ണാടകസംഗീതത്തില്‍നിന്ന് ഹിന്ദുസ്ഥാനി സംഗീതപഠനത്തിലേക്ക് പിന്നീട് ശ്രദ്ധ പതിപ്പിച്ചു. ഗസലുകളിലേയും ഹിന്ദുസ്ഥാനി സംഗീതത്തിലേയും മികവിന് ചിന്‍മയി പലപ്പോഴും അംഗീകാരങ്ങള്‍ നേടി. സംഗീതപഠനത്തോടൊപ്പം അക്കാദമിക് തലത്തിലും ശ്രദ്ധ ചെലുത്തുന്ന കാര്യം ഗൗരവമായി പരിഗണിച്ച ചിന്‍മയി ജര്‍മന്‍ ഭാഷയിലും വെബ് ഡിസൈനിലും കോഴ്‌സുകള്‍ ചെയ്തു. സ്‌കൂള്‍പഠനകാലത്തുതന്നെ ചില ജോലികളും ചിന്‍മയി ചെയ്തിരുന്നു. ഒരു 'മള്‍ട്ടി ടാലന്റഡ്, മള്‍ട്ടി ടാസ്‌കിങ് പേഴ്‌സണ്‍' എന്നുതന്നെ ചിന്‍മയിയെ വിശേഷിപ്പിക്കാം. മദ്രാസ് സര്‍വകലാശാലയില്‍നിന്ന് സൈക്കോളജിയില്‍ ബിരുദം നേടി. മികച്ച നര്‍ത്തകി കൂടിയാണ് ചിന്‍മയി എന്നറിയാത്തവര്‍ ചുരുക്കം. വിവിധ ഭാഷകളിലും ഗായികയ്ക്ക് നൈപുണ്യമുണ്ട്. നടനും സംവിധായകനുമായ രാഹുല്‍ രവീന്ദ്രനാണ് ചിന്‍മയിയുടെ ജീവിതപങ്കാളി. ഇരട്ടകുട്ടികളായ ദൃപ്തയും ശര്‍വാസുമാണ് മക്കള്‍.

ചിന്‍മയിയും രാഹുല്‍ രവീന്ദ്രനും

ചിന്‍മയിയ്ക്ക് സിനിമാസംഗീതത്തില്‍ ആദ്യത്തെ അവസരം നല്‍കിയത് റഹ്‌മാനായിരുന്നു. പിന്നീട് തന്റെ പല ഭാഷാചിത്രങ്ങളിലും റഹ്‌മാന്‍ ചിന്‍മയിയെ പാടാന്‍ ക്ഷണിച്ചു. ആ ഗായികയ്ക്ക് ഹിറ്റുകള്‍ നല്‍കി. റഹ്‌മാന്റെ സംഗീതത്തില്‍ ഒരു ഗാനമെങ്കിലും പാടാനുള്ള അവസരം തേടി പലരും അലയുമ്പോള്‍, തന്റെ ഈണത്തെ വിശ്വാസത്തോടെ ഏല്‍പ്പിക്കാനാകുന്ന ഗായികയെന്ന നിലയില്‍ അദ്ദേഹത്തെ ഹൃദയത്തില്‍ വലിയൊരു സ്ഥാനം തന്നെ ആ ഗായികയ്ക്ക് ലഭിച്ചിട്ടുണ്ടെന്നതില്‍ സംശയമില്ല.. മാറ്റിനിര്‍ത്തപ്പെടലിന്റെ ഏഴാണ്ടുകള്‍ അവസാനിച്ചതും റഹ്‌മാന്റെ ഗാനത്തിലൂടെയെന്നത് ഒരുപക്ഷേ യാദൃച്ഛികമാകാം. മുത്തു മഴൈ പാടിയത് മറ്റൊരു ഗായികയാണെങ്കിലും മറ്റുഭാഷകളില്‍ ചിന്‍മയിയാണ് ഗാനമാലപിച്ചത്. വേദിയില്‍ ചിന്‍മയി മുത്തു മഴൈ പാടിയപ്പോള്‍, ശ്രോതാക്കളും ആരാധകരും രണ്ടു ഗായികമാരുടേയും ആലാപനത്തെ താരതമ്യം ചെയ്തപ്പോള്‍, ചിന്‍മയിയുടെ മികവിനെ ഉയര്‍ത്തിക്കാട്ടിയപ്പോള്‍ എത്രവേഗത്തിലാണ് അഭിനന്ദനത്തിന്റെ കുത്തൊഴുക്കില്‍പ്പെട്ട് അവഗണനയുടെ കാലം മാഞ്ഞുപോയത്. ചിന്‍മയി എന്ന ഗായികയെ, ആ വ്യക്തിയെ, അവരുടെ മനോധൈര്യത്തെ ഒരുവട്ടം കൂടി പ്രശംസിക്കുന്ന സന്ദര്‍ഭമായി മുത്ത മഴൈ എന്ന ​ഗാനത്തിന് ലഭിക്കുന്ന ഉറക്കെയുള്ള കയ്യടികൾ.

Content Highlights: Singer Chinmayi Sripada`s resurgence aft facing MeToo backlash, with her `Muthu Mazhai`

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article