'മുറത്തിൽക്കയറി കൊത്താൻ സമ്മതിക്കില്ല, നിർമാതാക്കളെയെല്ലാം ഫെഫ്ക മണ്ടന്മാരാക്കുന്നു'; ശബ്ദസന്ദേശം

8 months ago 8

എസ്.അരുൺശങ്കർ\മാതൃഭൂമി ന്യൂസ്

24 April 2025, 10:36 AM IST

FEFKA

പ്രതീകാത്മകചിത്രം | ഫോട്ടോ: Facebook, Canva

കൊച്ചി: ഷൈൻ ടോം ചാക്കോയുമായി സഹകരിക്കുന്ന കാര്യത്തിൽ ഫെഫ്കയുടെ നിലപാടിൽ നിർമാതാക്കൾക്ക് അതൃപ്തി. സൂത്രവാക്യം എന്ന ചിത്രത്തിന്റെ ആഭ്യന്തര കമ്മിറ്റിയുടെ മൊഴിയെടുപ്പിനിടെ ഫെഫ്ക വാർത്താ സമ്മേളനം വിളിച്ചത് ശരിയല്ലെന്ന് നിർമാതാവ് സന്തോഷ് പവിത്രം അഭിപ്രായപ്പെട്ടു. നിർമാതാക്കളുടെ സംഘടനയെ ഡമ്മി സംഘടനയാക്കാൻ ശ്രമമുണ്ടെന്ന് വിനയൻ ആരോപിച്ചു. നിർമാതാക്കളുടെ സംഘടനയുടെ വാട്ട്സാ​ഗ്രൂപ്പിലെ ശബ്ദസന്ദശങ്ങൾ മാതൃഭൂമി ന്യൂസിന് ലഭിച്ചു.

സൂത്രവാക്യത്തിന്റെ നിർമാതാവ് കഴിഞ്ഞദിവസവും ബി. ഉണ്ണിക്കൃഷ്ണനെ കാണാൻ പോയിട്ടുണ്ടെന്നാണ് പുറത്തുവന്ന സന്ദേശങ്ങളിലൊന്നിൽ പറയുന്നത്. അന്വേഷിച്ചപ്പോൾ പറഞ്ഞത് പ്രൊഡക്ഷൻ കൺട്രോളർ നിർബന്ധിച്ചതുകൊണ്ടാണെന്നാണ്. പ്രശ്നമാവുമെന്ന് പറഞ്ഞപ്പോൾ പോയതാണെന്നും പറഞ്ഞു. നിർമാതാക്കളായ തങ്ങളെയെല്ലാം മണ്ടന്മാരാക്കുകയാണ്. ഫെഫ്ക അവരുടെ ട്രേഡ് യൂണിയനുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്യട്ടെ. നമ്മുടെ നേതൃത്വം എന്താണ് മിണ്ടാത്തത്? തന്റേടം വേണം അതിന്. കൊത്തിക്കൊത്തി മുറത്തിൽ കയറി കൊത്താൻ സമ്മതിക്കില്ലെന്നും ഓഡിയോ ക്ലിപ്പിലുണ്ട്.

സൂത്രവാക്യം എന്ന ചിത്രത്തിന്റെ സെറ്റിൽവെച്ച് നടൻ ഷൈൻ ടോം ചാക്കോ മോശമായി പെരുമാറിയെന്ന നടി വിൻ സി അലോഷ്യസിന്റെ പരാതിയിൽ ആഭ്യന്തര സമിതി തെളിവെടുപ്പ് നടത്തിവരികയാണ്. ഇതിനിടയിലാണ് ഫെഫ്ക ഷൈനിനെ വിളിച്ചുവരുത്തുകയും താക്കീത് നൽകുകയും ചെയ്തത്. അവസാനമായി ഒരവസരംകൂടി നൽകാമെന്നും നടനോട് പറഞ്ഞിരുന്നു. ഇക്കാര്യങ്ങൾ വിവരിച്ച് രണ്ടുദിവസം മുൻപ് ബി.ഉണ്ണിക്കൃഷ്ണൻ വാർത്താ സമ്മേളനം നടത്തിയിരുന്നു. ഇതിനെതിരെയാണിപ്പോൾ നിർമാതാക്കൾ രം​ഗത്തെത്തിയിരിക്കുന്നത്.

നിർമാതാക്കളുടെ പരിധിയിൽ വരുന്ന കാര്യങ്ങളിൽ ഫെഫ്കയ്ക്ക് എന്താണ് റോൾ എന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഉന്നയിക്കുന്ന ചോദ്യം. ഫിലിം ചേംബറിന്റെ മോണിട്ടറിം​ഗ് കമ്മിറ്റിയം​ഗമായ നിർമാതാക്കൾതന്നെ ശക്തമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. നേരത്തേ ഫെഫ്കയുടെ ഇതേ നിലപാടിനെ തള്ളിക്കൊണ്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ബി. രാകേഷും രം​ഗത്തെത്തിയിരുന്നു. ഷൈനിനെതിരെ എന്ത് നടപടിയെടുക്കണമെന്ന് പണംമുടക്കുന്ന നിർമാതാക്കൾ തീരുമാനിക്കുമെന്നാണ് അദ്ദേഹം പ്രതികരിച്ചത്.

Content Highlights: Malayalam movie producers explicit outrage implicit FEFKA`s handling of Shine Tom Chako controversy

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article