'മുഴുവൻ ക്രൂവും കാത്തുനിന്നു, സൽമാൻ വൈകീട്ട് 5മണിക്ക് ഹെലികോപ്റ്ററിലെത്തി ഷൂട്ട് കാൻസൽ ചെയ്തുമടങ്ങി'

4 months ago 5

abhinav kashyap

അഭിനവ് കശ്യപ്, സൽമാൻ ഖാൻ| Photo: AFP

ബോളിവുഡ് താരം സൽമാൻ ഖാനെതിരെ ​ഗുരുതര ആരോപണവുമായി സംവിധായകൻ അഭിനവ് കശ്യപ്. 2010-ൽ അഭിനവിൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ദബാങ്ങിൻ്റെ ചിത്രീകരണത്തിനിടെ താരത്തിൽ നിന്നുണ്ടായ മോശം അനുഭവങ്ങളെ പറ്റി അഭിനവ് അടുത്തിടെ ബോളിവു‍ഡ് ടിക്കാനയ്ക്കുൾപ്പടെ നൽകിയ പല അഭിമുഖങ്ങളിലും തുറന്നു പറഞ്ഞിരുന്നു.

സൽമാൻ ഖാനെതിരെയും അദ്ദേഹത്തിന്റെ കുടുംബത്തിനെതിരെയും നേരത്തെ വിമർശനം ഉന്നയിച്ചിരുന്ന അഭിനവ്, സിനിമാ സെറ്റുകളിൽ വൈകിയെത്തുന്നത് സൽമാന്റെ പതിവായിരുന്നുവെന്ന് പറയുന്നുണ്ട്. സൽമാൻ ഖാന്റെ പുതിയ ചിത്രമായ ‘സിക്കന്ദറി’ന്റെ സംവിധായകൻ എ.ആർ. മുരുഗദോസ് സൽമാൻ വൈകിയെത്തുന്നതിനെക്കുറിച്ച് നടത്തിയ പരാമർശങ്ങളെ പിന്തുണച്ചുകൊണ്ടാണ് അഭിനവ് സ്വന്തം അനുഭവങ്ങൾ വെളിപ്പെടുത്തിയത്.

"ദബാങ്ങിന്റെ സമയത്ത് കുറച്ച് മെച്ചമുണ്ടായിരുന്നു, അദ്ദേഹം വൈകുന്നേരം 5 മണിക്ക് എത്തുമായിരുന്നു, വെട്ടം പോകാൻ ഏകദേശം 30 മിനിറ്റ് മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. അതായിരുന്നു വ്യത്യാസം '- സിക്കന്ദർ സെറ്റിൽ സൽമാൻ രാത്രി 8 മണിക്ക് എത്തുന്നതിനെക്കുറിച്ചുള്ള മുരുഗദോസിന്റെ പരാമർശങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ അഭിനവ് പറഞ്ഞു.

'സിക്കന്ദറിൽ' ഇൻഡോർ ഷോട്ടുകളായിരുന്നതിനാൽ പകൽ സമയം പുനഃസൃഷ്ടിക്കാൻ എളുപ്പമായിരുന്നുവെന്നും അഭിനവ് സൂചിപ്പിച്ചു.എന്നാൽ ക്ഷീണിതരായി, നട്ടുച്ചവെയിലത്ത് അദ്ദേഹത്തിനായി ആളുകളെ കാത്തുനിർത്താൻ സൽമാന് ഇഷ്ടമാണെന്നും അഭിനവ് കൂട്ടിച്ചേർത്തു.

സൽമാൻ എത്തിയാൽ പോലും അദ്ദേഹം വാനിറ്റി വാനിന് പുറത്ത് ഒരു മണിക്കൂറിലധികം കാപ്പി കുടിച്ച് സമയം കളയുമായിരുന്നെന്ന് അഭിനവ് പറയുന്നുണ്ട്. "ഞങ്ങൾ കുറച്ച് ഷോട്ടുകൾ എങ്ങനെയെങ്കിലും എടുക്കും. അതോടെ ആ ദിവസത്തെ ഷൂട്ട് തീരും," അദ്ദേഹം പറഞ്ഞു.

ദബാംഗിന്റെ ക്ലൈമാക്സ് ഷൂട്ട് ചെയ്യാനായി മുംബൈയിൽ നിന്ന് നാല് മണിക്കൂറിലധികം ദൂരമുള്ള പഞ്ച്ഗണിയിൽ നൂറുകണക്കിന് അണിയറപ്രവർത്തകരെ കാത്തുനിർത്തിയ സംഭവവും അഭിനവ് വിവരിച്ചു. സൽമാൻ ഉച്ചയ്ക്ക് 2 അല്ലെങ്കിൽ 3 മണിയോടെയെങ്കിലും എത്തുമെന്ന് കരുതി. സൽമാൻ യാത്ര പുറപ്പെട്ടു എന്ന് അദ്ദേഹത്തിന്റെ സഹായികൾ കള്ളം പറഞ്ഞെങ്കിലും പിന്നീട് വാനിറ്റി വാനിൽ ഉറങ്ങുകയാണെന്നും അതിനുശേഷം ഹെലികോപ്റ്ററിൽ വരാൻ പോവുകയാണെന്നും അറിയിച്ചു. വൈകുന്നേരം 3 അല്ലെങ്കിൽ 4 മണിയോടെ അദ്ദേഹം പുറപ്പെട്ടതായി അറിയിപ്പ് ലഭിച്ചു'- അഭിനവ് പറഞ്ഞു.

വൈകുന്നേരം 5 മണിക്ക് ശേഷം ഷൂട്ട് റദ്ദാക്കാൻ ആലോചിക്കുമ്പോഴാണ് ഒരു ഹെലികോപ്റ്റർ അടുത്തെത്തുന്ന ശബ്ദം കേട്ടത്. ലൊക്കേഷനിൽ ഹെലികോപ്റ്റർ ഇറക്കാൻ സൗകര്യമില്ലായിരുന്നെങ്കിലും ഹെലികോപ്റ്റർ സെറ്റിന് മുകളിൽ വന്ന് 15 മീറ്റർ ഉയരത്തിൽ താഴ്ന്നു. അതിനുശേഷം, സൽമാൻ തല പുറത്തേക്കിട്ട് കൈകൊണ്ട് ഒരു ആംഗ്യം കാണിച്ചു എന്നിട്ട് തിരിച്ചുപോയി'- അഭിനവ് പറഞ്ഞു. അടുത്ത ദിവസം ഷൂട്ട് ചെയ്യാമെന്ന് നടൻ തീരുമാനിച്ചശേഷം ഹോട്ടലിലേക്ക് പോവുകയായിരുന്നു.

സംവിധായകൻ അനുരാ​ഗ് കശ്യപിന്റെ സഹോദരൻ കൂടിയായ അഭിനവ് കശ്യപ് സംവിധായകനായി അരങ്ങേറ്റം കുറിച്ച ചിത്രമാണ് 2010-ൽ പുറത്തിറങ്ങിയ ദബാങ്. സൽമാൻ ഖാനും സൊനാക്ഷി സിൻഹയുമാണ് ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്തത്. 2013-ൽ രൺബീർ കപൂറിനെ നായകനാക്കി ബേഷരം എന്ന ചിത്രം ചെയ്തെങ്കിലും പരാജയമായിരുന്നു.

Content Highlights: Salman Khan's On-Set Behavior Criticized by Director Abhinav Kashyap

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article