'മൂന്നുനാല് ദിവസമായി ഉറക്കമില്ല', വിൻ സിയും ഷൈനും പ്രൊമോഷനുമായി സഹകരിക്കുന്നില്ലെന്ന് നിർമാതാവ്

9 months ago 9

vincy-shine-tom-chacko-soothravakyam-srikanth

വിൻ സി അലോഷ്യസ്, ഷൈൻ ടോം ചാക്കോ, ശ്രീകാന്ത് കണ്ടർഗുള

കൊച്ചി: അഭിനേതാക്കളായ വിന്‍ സി അലോഷ്യസിനും ഷൈന്‍ ടോം ചാക്കോയ്ക്കുമെതിരെ 'സൂത്രവാക്യം' സിനിമയുടെ നിര്‍മാതാവ്. ഇരുവരും സിനിമയുടെ പ്രൊമോഷനുമായി സഹകരിക്കുന്നില്ലെന്നും ഇത് ചിത്രത്തെ പ്രതികൂലമായി ബധിക്കുന്നുവെന്നും നിര്‍മ്മാതാവ് ശ്രീകാന്ത് കണ്ടര്‍ഗുള മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. 'സൂത്രവാക്യ'ത്തിന്റെ സെറ്റില്‍ വെച്ച് ഷൈന്‍ ടോം ചാക്കോ തന്നോട് അപമര്യാദയായി പെരുമാറിയെന്ന വിന്‍ സിയുടെ വെളിപ്പെടുത്തലിനു പിന്നാലെയാണ് ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കേസില്‍ ഷൈനിനെ അറസ്റ്റ് ചെയ്തത്.

'ഇന്നലെ ഈസ്റ്ററിനോടനുബന്ധിച്ച് സിനിമയുടെ ഒരു പോസ്റ്റര്‍ ഞങ്ങള്‍ പുറത്തിറക്കി. വിന്‍ സിയും ഷൈന്‍ ടോം ചാക്കോയും അത് ഷെയര്‍ ചെയ്തില്ല. അവര്‍ അത് പ്രൊമോട്ട് ചെയ്യുന്നില്ല. സെറ്റിലെ മയക്കുമരുന്നിനെ കുറിച്ചോ ലൈംഗികാതിക്രമത്തെ കുറിച്ചോ ഒന്നും എനിക്കറിയില്ല.' -ശ്രീകാന്ത് കണ്ടര്‍ഗുള പറഞ്ഞു.

'എന്റെ സിനിമയെ ഇതെല്ലാം പ്രതികൂലമായി ബാധിക്കുന്നു. ഞാന്‍ കേരളത്തിലെത്തിയത് കൂടുതല്‍ മലയാള സിനിമകള്‍ നിര്‍മിക്കാനാണ്. എന്നാല്‍ ആദ്യചിത്രത്തില്‍ തന്നെ ഇതൊക്കെയാണ് അനുഭവം. എന്താണ് പറയേണ്ടതെന്ന് എനിക്കറിയില്ല. കഴിഞ്ഞ മൂന്നുനാല് ദിവസമായി ഉറക്കമില്ല.' -ശ്രീകാന്ത് തുടര്‍ന്നു.

ആന്ധ്രപ്രദേശില്‍ നിന്നുള്ള നടനും സംവിധായകനും നിര്‍മാതാവുമാണ് ശ്രീകാന്ത് കണ്ടര്‍ഗുള. അദ്ദേഹം മലയാളത്തില്‍ ആദ്യമായി നിര്‍മിക്കുന്ന ചിത്രമാണ് സൂത്രവാക്യം.

സിനിമാ ചിത്രീകരണത്തിനിടെ താന്‍ നേരിട്ട ദുരനുഭവങ്ങള്‍ പൊതുസമൂഹത്തോട് തുറന്നുപറഞ്ഞതിന് നടി വിന്‍ സി അലോഷ്യസിനെ അഭിനന്ദിക്കുന്നതായി നേരത്തേ നിര്‍മാതാവ് ശ്രീകാന്ത് കണ്ടര്‍ഗുള പറഞ്ഞിരുന്നു. വിന്‍ സി കാണിച്ച ധൈര്യത്തെ ബഹുമാനിക്കുന്നു. സംഭവത്തെക്കുറിച്ച് തങ്ങള്‍ക്ക് പരാതിയൊന്നും ലഭിച്ചിരുന്നില്ല. മാധ്യമങ്ങളിലൂടെയാണ് നടി നേരിട്ട ദുരനുഭവത്തെക്കുറിച്ച് അറിഞ്ഞതെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു.

ഷൈനിന്റെ അറസ്റ്റ്

കൊച്ചിയിലെ ഹോട്ടലില്‍ പോലീസ് ഡാന്‍സാഫ് ടീമിന്റെ പരിശോധനയ്ക്കിടെ മുറിയില്‍നിന്ന് ചാടിയോടിയതോടെയാണ് ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരേ അന്വേഷണമുണ്ടായത്. തുടര്‍ന്ന് കേരളം വിട്ട ഷൈന്‍ ടോം ചാക്കോയോട് ശനിയാഴ്ച ചോദ്യംചെയ്യലിന് ഹാജരാകാന്‍ പോലീസ് നോട്ടീസ് നല്‍കി. ഇതനുസരിച്ച് ചോദ്യംചെയ്യലിന് ഹാജരായ ഷൈന്‍ ടോം ചാക്കോയെ പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു. എന്‍ഡിപിഎസ് നിയമത്തിലെ 27, 29 വകുപ്പുകള്‍ പ്രകാരമാണ് ഷൈനിനെ അറസ്റ്റ് ചെയ്തത്. ലഹരി ഉപയോഗം കണ്ടെത്താനായി നടൻ്റെ രക്തം, മുടി, നഖം തുടങ്ങിയവയുടെ സാമ്പിളുകളെടുക്കുകയും വൈദ്യപരിശോധന നടത്തുകയും ചെയ്തു.

ഷൈന്‍ ടോം ചാക്കോയ്ക്ക് ലഹരി ഇടപാടുകാരനായ സജീറുമായുള്ള ബന്ധവും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇയാളുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയതിന്റെ തെളിവുകളും പോലീസിന് ലഭിച്ചു. രാസലഹരി ഉപയോഗിക്കാറുണ്ടെന്ന് ഷൈന്‍ ടോം ചാക്കോ ചോദ്യംചെയ്യലില്‍ സമ്മതിച്ചെങ്കിലും പോലീസ് പരിശോധനയ്ക്ക് വന്നദിവസം ലഹരി ഉപയോഗിച്ചിട്ടില്ലെന്നാണ് നടൻ മൊഴി നൽകിയത്.

അറസ്റ്റിലായ ഷൈൻ ടോം ചാക്കോയെ അന്ന് തന്നെ പോലീസ് സ്റ്റേഷൻ ജാമ്യം നൽകി വിട്ടയക്കുകയായിരുന്നു. അച്ഛന്റെയും അമ്മയുടെയും ജാമ്യത്തിലാണ് ഷൈന്‍ ടോം ചാക്കോയെ പോലീസ് വിട്ടയത്. മാതാപിതാക്കളാണ് നടന് ജാമ്യക്കാരായതെങ്കിലും സഹോദരനും സുഹൃത്തുക്കളും അഭിഭാഷകരും സ്‌റ്റേഷനിലെത്തിയിരുന്നു. അതേസമയം, ജാമ്യത്തിലിറങ്ങിയ ഷൈന്‍ ടോം ചാക്കോ കുടുംബാംഗങ്ങള്‍ക്കൊപ്പമായിരുന്നില്ല തിരികെപ്പോയത്. സുഹൃത്തുക്കള്‍ക്കും അഭിഭാഷകര്‍ക്കും ഒപ്പമാണ് അദ്ദേഹം സ്റ്റേഷനില്‍നിന്ന് മടങ്ങിയത്.

Content Highlights: Soothravakyam shaper alleges Vincy Aloshious & Shine Tom Chacko are not cooperating with promotion

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article