മോദി പറഞ്ഞ ആ വാക്കുകളാണ് ജീവിതത്തിൽ എന്നും കരുത്തായത് -ഉണ്ണി മുകുന്ദൻ

4 months ago 4

Unni Mukundan

ഉണ്ണി മുകുന്ദൻ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ഉണ്ണി മുകുന്ദൻ | ഫോട്ടോ: www.facebook.com/IamUnniMukundan

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബയോപിക്കിൽ അദ്ദേഹത്തെ അവതരിപ്പിക്കുന്ന സന്തോഷം പങ്കുവെച്ചും മോദിക്ക് പിറന്നാളാശംസകൾ നേർന്നും ഉണ്ണി മുകുന്ദൻ. അഹമ്മദാബാദിൽ തന്റെ കുട്ടിക്കാലം മുതലേ നരേന്ദ്ര മോദിയെ അറിയാമായിരുന്നുവെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞു. അന്ന് അദ്ദേഹം ​ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു. മാ വന്ദേ എന്ന ചിത്രം നരേന്ദ്ര മോദിയുടെ വ്യക്തിജീവിത്തതിലേക്ക് വെളിച്ചംവീശുന്ന സിനിമയായിരിക്കും. തന്നോട് മോദി പറഞ്ഞ രണ്ട് വാക്കുകൾ ജീവിതത്തിൽ എപ്പോഴും കരുത്ത് നൽകിയിട്ടുണ്ടെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.

വരാൻ പോകുന്ന 'മാ വന്ദേ' എന്ന സിനിമയിൽ ഇന്ത്യയുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര ദാമോദർദാസ് മോദിജിയായി അഭിനയിക്കുന്നു എന്ന കാര്യം വിനയത്തോടെ പങ്കുവെക്കുന്നു എന്ന് ഉണ്ണി മുകുന്ദൻ സോഷ്യൽ മീഡിയാ കുറിപ്പിലൂടെ അറിയിച്ചു. അഹമ്മദാബാദിൽ വളർന്ന തനിക്ക് കുട്ടിക്കാലം മുതലേ മോദിയായിരുന്നു മുഖ്യമന്ത്രി. പിന്നീട് 2023 ഏപ്രിലിൽ അദ്ദേഹത്തെ നേരിൽ കാണാൻ അവസരം ലഭിച്ചു. അത് തന്നിൽ മായാത്ത മുദ്ര പതിപ്പിച്ച നിമിഷമാണ്. ഒരു അഭിനേതാവ് എന്ന നിലയിൽ, നരേന്ദ്ര മോദിയെ വെള്ളിത്തിരയിൽ അവതരിപ്പിക്കുന്നത് അതിയായ സന്തോഷവും പ്രചോദനവും നൽകുന്നുവെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.

നരേന്ദ്ര മോദിയായി വേഷമിടുന്നതിനെക്കുറിച്ച് ഉണ്ണി മുകുന്ദൻ പറഞ്ഞതിങ്ങനെ; "ഒരു നടനെന്ന നിലയിൽ, ഈ വേഷം ഏറ്റെടുക്കുന്നത് വലിയൊരു ഉത്തരവാദിത്തമായി തോന്നുന്നതിനൊപ്പം, വളരെയധികം പ്രചോദനം നൽകുന്ന ഒന്നുകൂടിയാണ്. അദ്ദേഹത്തിൻ്റെ രാഷ്ട്രീയ ജീവിതം അസാധാരണമായിരുന്നു. എന്നാൽ ഈ സിനിമയിൽ, ഒരു രാഷ്ട്രതന്ത്രജ്ഞൻ എന്നതിനപ്പുറമുള്ള ആ മനുഷ്യനെയാണ് ഞങ്ങൾ അവതരിപ്പിക്കാൻ ലക്ഷ്യമിടുന്നത്. പ്രത്യേകിച്ച്, അദ്ദേഹത്തിൻ്റെ സ്വഭാവവും വ്യക്തിത്വവും രൂപപ്പെടുത്തിയ അമ്മയുമായുള്ള ആഴത്തിലുള്ള ബന്ധം."

നരേന്ദ്ര മോദിയെ നേരിൽക്കണ്ട് സംസാരിച്ച അവസരത്തിൽ അദ്ദേഹം പറഞ്ഞ ഒരു കാര്യം ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം കൂടെയുണ്ടായിരുന്നതായും നടൻ തുറന്നുപറഞ്ഞു. "ഗുജറാത്തിയിൽ അദ്ദേഹം പറഞ്ഞു: 'ജൂക്വാനു നഹി', അതിനർത്ഥം ഒരിക്കലും തലകുനിക്കരുത് എന്നാണ്. അന്നുമുതൽ ആ വാക്കുകൾ എനിക്ക് ശക്തിയുടെയും ദൃഢനിശ്ചയത്തിൻ്റെയും ഉറവിടമാണ്." ഉണ്ണി കൂട്ടിച്ചേർത്തു.

നരേന്ദ്ര മോദി ആയി ഉണ്ണി മുകുന്ദൻ വേഷമിടുന്ന ഈ പാൻ ഇന്ത്യൻ ചിത്രം നിർമ്മിക്കുന്നത് സിൽവർ കാസ്റ്റ് ക്രിയേഷൻസിന്റെ ബാനറിൽ വീർ റെഡ്‌ഡി. എം ആണ്. മാ വന്ദേ എന്നാണ് ചിത്രത്തിൻ്റെ പേര്. നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് നിർമാതാക്കൾ ഈ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ക്രാന്തി കുമാർ സി.എച്ച് ആണ് ചിത്രം രചിച്ച് സംവിധാനം ചെയ്യുന്നത്.

Content Highlights: Unni Mukundan portrays Narendra Modi in`Maa Vande`, sharing his excitement

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article