08 September 2025, 09:49 AM IST

മോഹൻലാലും സത്യൻ അന്തിക്കാടും | ഫോട്ടോ: അറേഞ്ച്ഡ്
മോഹന്‍ലാല്‍ കൂടെയുണ്ടെങ്കില്‍ സിനിമ കേവലം ഒരു ജോലിയല്ലെന്നും അത് ആനന്ദമാണെന്നും സംവിധായകന്‍ സത്യന്‍ അന്തിക്കാട്. തനിക്കും മോഹന്‍ലാലിനുമിടയിലുള്ള 'രസതന്ത്രം' വല്ലാത്തൊരു അനുഭവമാണെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു. തൃശ്ശൂരിലെ തീയേറ്ററില്‍ 'ഹൃദയപൂര്‍വ്വം' കാണാന്‍ എത്തിയ പ്രേക്ഷകരുമായി സംവദിക്കുമ്പോഴാണ് സത്യന്‍ അന്തിക്കാട് മനസുതുറന്നത്.
'ഈശ്വരാനുഗ്രഹത്താല്‍ ഹൃദയപൂര്‍വ്വം പുറത്തിറങ്ങി ആദ്യദിവസം മുതല്‍ കിട്ടുന്ന പ്രതികരണം ആവേശം ജനിപ്പിക്കുന്നതാണ്. മോഹന്‍ലാലും ഞാനും ഒന്നിച്ചുവരുന്നു എന്നതാണ് ചിത്രത്തിന്റെ പ്രത്യേകതയും എന്റെ സന്തോഷവും', സത്യന്‍ അന്തിക്കാട് പറഞ്ഞു.
'മോഹന്‍ലാല്‍ കൂടെയുണ്ടെങ്കില്‍ സിനിമ ഒരു ജോലിയല്ല, ആനന്ദമാണ്. ലാലും ഞാനും കൂടെയുള്ള രസതന്ത്രം ഒരു വല്ലാത്ത അനുഭവമാണ്. ഹൃദയപൂര്‍വ്വം അക്ഷരാര്‍ഥത്തില്‍ ഒരു കുടുംബ സിനിമയാണ്. മകന്‍ അഖില്‍ കഥയെഴുതിയിരിക്കുന്നു. മറ്റൊരു മകന്‍ അനൂപ് സത്യനാണ് ചീഫ് അസോസിയേറ്റ് ഡയറക്ടര്‍. ഇവരുടെ മൂത്ത ചേട്ടന്‍ അരുണ്‍ ആണ് ചിത്രത്തിന്റെ ഏറ്റവും വലിയ വിമര്‍ശകനും ഉപദേശകനും', അദ്ദേഹം പറഞ്ഞു.
ചിത്രം വലിയ വിജയമായി മാറുന്നു എന്ന പ്രതികരണമാണ് ലഭിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതില്‍ വലിയ സന്തോഷമുണ്ടെന്ന് പറഞ്ഞ സത്യന്‍ അന്തിക്കാട്, പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ചു.
Content Highlights: Sathyan Anthikad expresses joyousness implicit Hridayapoorvam success, praising collaboration with Mohanlal
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·