.jpg?%24p=c05d63c&f=16x10&w=852&q=0.8)
പ്രതീകാത്മക ചിത്രം | Photo: Facebook/ JioHotstar Malayalam
മോഹന്‍ലാലിനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനംചെയ്ത 'ഹൃദയപൂര്‍വ്വം' ഒടിടിയിലേക്ക്. ചിത്രത്തിന്റെ ഒടിടി സ്ട്രീമിങ് തീയതി പുറത്തുവിട്ടു. ഓണം റിലീസായി എത്തിയ ചിത്രം വിജയകരമായി തീയേറ്ററില്‍ പ്രദര്‍ശനം തുടരുന്നതിനിടെയാണ് ഒടിടി റിലീസ് പ്രഖ്യാപനം.
ജിയോ ഹോട്‌സ്റ്റാറിലാണ് ചിത്രം സ്ട്രീംചെയ്യുക. ജിയോഹോട്‌സ്റ്റാര്‍ മലയാളം തന്നെയാണ് റിലീസ് തീയതി പ്രഖ്യാപിച്ചത്. സെപ്റ്റംബര്‍ 26 മുതല്‍ ചിത്രം ഒടിടി പ്ലാറ്റ്‌ഫോമില്‍ ലഭ്യമാവും.
ഹൃദയംമാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേനായ സന്ദീപ് ബാലകൃഷ്ണന്‍ എന്ന കഥാപാത്രമായി മോഹന്‍ലാല്‍ എത്തിയ ചിത്രം ഓഗസ്റ്റ് 28-നാണ് പ്രദര്‍ശനത്തിനെത്തിയത്. തീയേറ്റര്‍ റിലീസ് കഴിഞ്ഞ് ഒരുമാസം പിന്നിടുമ്പോഴാണ് ഒടിടി സ്ട്രീമിങ്. 10 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്നുവെന്ന പ്രത്യേകത ചിത്രത്തിനുണ്ടായിരുന്നു.
കുടുംബപ്രേക്ഷകര്‍ ഏറ്റെടുത്ത ചിത്രത്തില്‍ സിദ്ദീഖ്, ജനാര്‍ദ്ദനന്‍, സംഗീത് പ്രതാപ്, സംഗീത, മാളവിക, ബാബുരാജ്, സബിതാ ആനന്ദ്, ലാലു അലക്‌സ്, നിഷാന്‍, സൗമ്യ പിള്ള തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. കേരളത്തിലും പുണെയിലുമായാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. സത്യന്‍ അന്തിക്കാടിന്റെ മകന്‍ അഖില്‍ സത്യനാണ് ചിത്രത്തിന്റെ കഥ ഒരുക്കിയത്. മറ്റൊരു മകന്‍ അനൂപ് സത്യനാണ് ചീഫ് അസോസിയേറ്റ് ഡയറക്ടര്‍.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ചിത്രം നിര്‍മിച്ചത് ആന്റണി പെരുമ്പാവൂരാണ്. നവാഗതനായ ടി.പി. സോനു ആണ് തിരക്കഥ. അനു മൂത്തേടത്ത് ഛായാഗ്രഹണവും കെ. രാജഗോപാല്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.
ഗാനരചന: മനു മഞ്ജിത്ത്, സംഗീതം: ജസ്റ്റിന്‍ പ്രഭാകര്‍, കലാസംവിധാനം: പ്രശാന്ത് നാരായണന്‍, മേക്കപ്പ്: പാണ്ഡ്യന്‍, കോസ്റ്റ്യൂം: സമീറ സനീഷ്, സഹസംവിധായകര്‍: ആരോണ്‍ മാത്യു, രാജീവ് രാജേന്ദ്രന്‍, വന്ദന സൂര്യ, ശ്രീഹരി, പ്രൊഡക്ഷന്‍ മാനേജര്‍: ആദര്‍ശ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്: ശ്രീക്കുട്ടന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബിജു തോമസ്, സ്റ്റില്‍സ്: അമല്‍ സി. സദര്‍.
Content Highlights: Hridayapoorvam OTT Release Date: Mohanlal-Sathyan Anthikad Film Streams Sept 26 connected JioHotstar
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·