'മോഹൻലാലിനൊപ്പമുള്ള ആദ്യചിത്രം മുടങ്ങി,നിരവധി അവസരങ്ങൾ നഷ്ടമായി;'രാശിയില്ലാത്തവൾ' എന്ന് മുദ്രകുത്തി'

6 months ago 6

mohanlal vidya balan chakram movie

'ചക്രം' സിനിമയിൽ മോഹൻലാലും വിദ്യാ ബാലനും, വിദ്യാ ബാലൻ | Photo: Mathrubhumi Archives, Mathrubhumi

മോഹന്‍ലാലിനൊപ്പമുള്ള തന്റെ ആദ്യചിത്രം മുടങ്ങിയപ്പോള്‍ സിനിമാ മേഖലയില്‍നിന്ന് നേരിട്ട മോശം പ്രതികരണത്തേക്കുറിച്ച് തുറന്നുപറഞ്ഞ് ബോളിവുഡ് താരം വിദ്യാ ബാലന്‍. ചിത്രം ഉപേക്ഷിക്കപ്പെട്ടതിന് പിന്നാലെ തന്നെ 'രാശിയില്ലാത്തവള്‍' എന്ന് മുദ്രകുത്തിയെന്ന് വിദ്യാ ബാലന്‍ തുറന്നുപറഞ്ഞു. തുടര്‍ന്ന് ഒരുപാട് ചിത്രങ്ങള്‍ നഷ്ടമായെന്നും ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വിദ്യാ ബാലന്‍ പറഞ്ഞു.

ഒരു പരസ്യചിത്രത്തിന്റെ ഷൂട്ടിനെത്തിയപ്പോഴാണ് മോഹന്‍ലാല്‍ ചിത്രമായ 'ചക്ര'ത്തിനുവേണ്ടി ഓഡിഷനില്‍ പങ്കെടുക്കാമോയെന്ന് ചോദിച്ചത്. മോഹന്‍ലാല്‍ ആരാധക ആയിരുന്നതുകൊണ്ടുമാത്രമാണ് അമ്മ ഓഡിഷന് പങ്കെടുക്കാന്‍ അനുവദിച്ചത്. ചിത്രത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 15 ദിവസത്തോളം ഷൂട്ട് കഴിഞ്ഞപ്പോള്‍ തന്നെ തിരികെ ബോംബെയിലേക്ക് അയച്ചുവെന്നും വിദ്യാ ബാലന്‍ പറഞ്ഞു.

'മോഹന്‍ലാല്‍ സാറിന്റെ ഡേറ്റുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങളുണ്ട്. തത്കാലം നിര്‍ത്തിവെച്ച് ഒരുമാസത്തിന് ശേഷം ഷൂട്ടിങ് പുനരാരംഭിക്കാം എന്നവര്‍ പറഞ്ഞു. സംവിധായകനും മോഹന്‍ലാലും തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. അതിനാല്‍ മിക്ക ദിവസങ്ങളിലും ഷൂട്ടിങ് ഉണ്ടായിരുന്നില്ല. സിനിമയില്‍ ഇങ്ങനെയൊക്കെയായിരിക്കും എന്നുകരുതി ഞാന്‍ ബോംബെയിലേക്ക് മടങ്ങി', വിദ്യാ ബാലന്‍ പറഞ്ഞു.

'ചക്ര'ത്തിന് പിന്നാലെ ഒന്‍പതോളം ചിത്രങ്ങളില്‍ എനിക്ക് വേഷം വാഗ്ദാനംചെയ്തിരുന്നു. എന്നാല്‍, 'ചക്രം' അപ്രതീക്ഷിതമായി മുടങ്ങിയതോടെ ആ ഒന്‍പതു അവസരങ്ങളും നഷ്ടമായി. മോഹന്‍ലാലും ആ സംവിധായകനും എട്ട് ഹിറ്റ് ചിത്രങ്ങള്‍ ഒന്നിച്ചുചെയ്തിരുന്നു. ഒന്‍പതാമത്തെ ചിത്രമായിരുന്നു ചക്രം'. അതിനാല്‍ ആ പെണ്‍കുട്ടിയാവും ചിത്രം മുടങ്ങാന്‍ കാരണമെന്ന് ആളുകള്‍ പറഞ്ഞു. ആ പെണ്‍കുട്ടി 'രാശിയില്ലാത്തവളാ'ണെന്നും ആളുകള്‍ പറഞ്ഞുവെന്നും വിദ്യാ ബാലന്‍ കൂട്ടിച്ചേര്‍ത്തു.

കമൽ സംവിധാനം ചെയ്യാനിരുന്ന 'ചക്ര'ത്തിൽ മോഹൻലാലിനും വിദ്യാ ബാലനും പുറമേ ദിലീപിനെയായിരുന്നു കേന്ദ്രകഥാപാത്രമായി തീരുമാനിച്ചിരുന്നത്. ഇവരെ വച്ച് ചിത്രത്തിന്റെ ഷൂട്ടിങ്ങും തുടങ്ങിയിരുന്നു. എന്നാൽ, പാതി വഴിയിൽ ചിത്രം മുടങ്ങി. 2003- ൽ കമൽ ഉപേക്ഷിച്ച ചക്രത്തെ ലോഹിതദാസ് ഏറ്റെടുത്തു. മോഹൻലാലിന് പകരം പൃഥ്വിരാജും വിദ്യയ്ക്ക് പകരം മീര ജാസ്മിനും നായികാ നായകന്മാരായി.

Content Highlights: Vidya Balan Was Called 'Jinxed’ After Film With Mohanlal Got Shelved

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article