.jpg?%24p=9156e8d&f=16x10&w=852&q=0.8)
കുഞ്ചാക്കോ ബോബൻ, മോഹൻലാൽ, വിജയരാഘവൻ | ഫോട്ടോ: മാതൃഭൂമി
കൊച്ചി: താരസംഘടനയായ ‘അമ്മ’യിൽ ഇത്തവണ പ്രസിഡന്റ് സ്ഥാനത്തേക്ക് ഉൾപ്പെടെ ശക്തമായ മത്സരത്തിന് സാധ്യത. ആറ് പ്രധാന ഭാരവാഹികളും 11 അംഗ എക്‌സിക്യുട്ടീവും അടക്കം 17 പേരെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളായി 30-ലേറെപ്പേർ വന്നേക്കുമെന്നാണ് സൂചന. ജനറൽ സെക്രട്ടറിസ്ഥാനത്തേക്ക് വനിതയെ കൊണ്ടുവരുന്നതടക്കമുള്ള ശ്രമങ്ങളും അണിയറയിൽ നടക്കുന്നുണ്ട്.
ഓഗസ്റ്റ് 15-ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളാകാനുള്ള പത്രികവിതരണം കഴിഞ്ഞദിവസം തുടങ്ങി. ആദ്യദിവസംതന്നെ അഞ്ചോളംപേർ പത്രിക വാങ്ങിയിരുന്നു.
സംഘടനയുടെ കഴിഞ്ഞ ഭരണസമിതിയിൽ പ്രസിഡന്റായിരുന്ന മോഹൻലാൽ തുടരാൻ താത്പര്യംകാണിക്കാത്ത സാഹചര്യത്തിൽ ആ സ്ഥാനത്തേക്ക് ഒരു യുവതാരത്തെ കൊണ്ടുവരാൻ ശ്രമമുണ്ട്. കുഞ്ചാക്കോ ബോബൻ അടക്കമുള്ളവരെയാണ് പരിഗണിക്കുന്നത്.
സീനിയർ താരമായ വിജയരാഘവനെ പ്രസിഡന്റ്സ്ഥാനത്തേക്ക് കൊണ്ടുവരാൻ ഒരുവിഭാഗം ശ്രമിക്കുന്നുണ്ട്. വിജയരാഘവൻ പ്രസിഡന്റ്സ്ഥാനത്തേക്ക് വരാൻ തയ്യാറായാൽ ഒരുപക്ഷേ, മത്സരമില്ലാതെ ഒറ്റ നോമിനേഷനാകാനും സാധ്യതയുണ്ടെന്നാണ് സൂചന.
ജനറൽ സെക്രട്ടറിസ്ഥാനത്തേക്ക് ബാബുരാജ് അടക്കമുള്ളവർ മത്സരരംഗത്തുണ്ടായേക്കും. ഒരു വനിതയെ ഈ സ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള ശ്രമമുണ്ടായാൽ ചിത്രം മാറിയേക്കാം. സംഘടനയിലെ മുൻ ഭാരവാഹിയായ ശ്വേതാ മേനോൻ ഉൾപ്പെടെയുള്ളവരെ മത്സരരംഗത്ത് കൊണ്ടുവരാനും ശ്രമമുണ്ട്. അന്തിമതീരുമാനമായില്ലെന്നാണ് ശ്വേതയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞത്.
മുൻ കമ്മിറ്റി അംഗങ്ങളായ ടൊവിനോ തോമസ്, ടിനി ടോം, വിനു മോഹൻ, കലാഭവൻ ഷാജോൺ, ജയൻ ചേർത്തല, സുരേഷ് കൃഷ്ണ തുടങ്ങിയവരിൽ പലരും മത്സരരംഗത്തുണ്ടാകുമെന്നും സൂചനയുണ്ട്. ഈ മാസം 24 വരെയാണ് പത്രിക സമർപ്പിക്കാൻ കഴിയുന്നത്.
Content Highlights: Over 30 candidates expected successful AMMA elections connected Aug 15
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·