02 April 2025, 09:15 PM IST

പ്രേംകുമാർ, എമ്പുരാൻ പോസ്റ്റർ | ഫോട്ടോ: എസ്. ശ്രീകേഷ് | മാതൃഭൂമി, Facebook
തിരുവനന്തപുരം: കലാകാരനും കലാപ്രവർത്തകർക്കും അതിരുകളില്ലാത്ത ആവിഷ്കാര സ്വാതന്ത്ര്യം വേണമെന്ന് ആഗ്രഹിക്കുന്നയാളാണ് താനെന്ന് ചലച്ചിത്ര അക്കാദമി ചെയർമാനും നടനുമായ പ്രേംകുമാർ. എമ്പുരാന്റെ റീ സെൻസറിങ്ങുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ആവിഷ്കാര സ്വാതന്ത്ര്യമെന്നത് കലാകാരന്റെ അവകാശംതന്നെയാണ്. സെൻസറിങ് സംവിധാനത്തോട് വ്യക്തിപരമായ അനുഭാവമുള്ളയാളല്ല താൻ. മോഹൻലാലിന്റെ ഖേദപ്രകടനം വ്യക്തിപരമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
കലാകാരന്റെ ആവിഷ്‌കാരത്തിന് മുകളില്‍ ഭരണകൂട താത്പര്യമാകാമെന്നും കത്രിക വയ്ക്കുന്നതിനോടും സ്വാതന്ത്യത്തിന് മേല്‍ കടന്നുകയറ്റം നടത്തുന്നതിനോടും വ്യക്തിപരമായിട്ട് യോജിക്കുന്ന ആളല്ല താനെന്നും പ്രേംകുമാർ അഭിപ്രായപ്പെട്ടു. സെന്‍സര്‍ ബോർഡിന്റെ അനുമതി നേടി പ്രദര്‍ശനത്തിന് എത്തിയ സിനിമയ്ക്കാണ് എതിര്‍പ്പ് വന്നത്. സെൻസർ ബോർഡിന്റെ രാഷ്ട്രീയമൊക്കെ എല്ലാവർക്കുമറിയാം. ആ സിനിമയെ ഇന്നിപ്പോള്‍ എതിര്‍ക്കുന്നവര്‍ പോലും ആ സിനിമ കണ്ടിട്ട് അനുകൂലിച്ച് സംസാരിച്ചതൊക്കെ നമ്മുടെ മുന്നിലുണ്ട്. അപ്പോള്‍ എന്താണ് പെട്ടെന്ന് ഒരു പ്രകോപനം അവര്‍ക്ക് ഉണ്ടായതെന്ന് അറിയില്ല. അതിനകത്ത് ചിലപ്പോള്‍ രാഷ്ട്രീയം ഉണ്ടാകും.
അസഹിഷ്ണുതയുള്ള സമൂഹം അല്ല കേരളത്തില്‍ ഉള്ളത്. ഈ പറയുന്ന സിനിമയുടെ തന്നെ സൃഷ്ടാവായിട്ടുള്ള മുരളി ഗോപി അദ്ദേഹം മുമ്പ് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന സിനിമ ചെയ്തിരുന്നു. അത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ അപഹസിച്ചു കൊണ്ടുള്ള സിനിമയായിരുന്നു. ആ സിനിമയെ പോലും സഹിഷ്ണുതയോടെ കണ്ട ഒരു സമൂഹമാണ് കേരളത്തിലുള്ളത്. അന്നാരും അത് റീസെന്‍സറിങ് ചെയ്യണമെന്നോ വിവാദഭാഗങ്ങള്‍ ഒഴിവാക്കണമെന്നോ ആരും ആവശ്യപ്പെട്ടില്ല. അത് ആവിഷ്‌കാര സ്വാതന്ത്യമാണെന്ന രീതിയിൽത്തന്നെയാണ് ഇവിടെയെല്ലാവരും സമീപിച്ചത്.
ഇപ്പോള്‍ എന്തുകൊണ്ടാണ് ഇത്രയേറെ അസഹിഷ്ണുത കാട്ടുന്നതെന്ന് മനസിലാവുന്നില്ല. കല എന്നത് മനുഷ്യരെയും ലോകത്തെയും ഒരുമിപ്പിക്കുന്നതാവണം. അതൊരിക്കലും ഒരു ഭിന്നിപ്പിന്റെ തലത്തിലേക്ക് പോകരുത്. പകയുടേയും വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും പ്രചാരകരായി കലയും കലാസൃഷ്ടികളും കലാകാരന്മാരും മാറരുത്. ഔചിത്യം എന്ന് പറയുന്നത് കലാപ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നും ഉണ്ടാകണം. കലാസൃഷ്ടി ചെയ്യുമ്പോള്‍ ഔചിത്യം ഉണ്ടാകേണ്ടതുണ്ടെന്നും പ്രേംകുമാർ വ്യക്തമാക്കി.
Content Highlights: Chalachithra Academy president Prem Kumar defends creator freedom, criticizes censorship
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·