മോഹൻലാലിന്റെ പോലീസ് വേഷം; ഡാൻ ഓസ്റ്റിൻ സംവിധാനംചെയ്യുന്ന ചിത്രം പ്രഖ്യാപിച്ചു, നിർമാണം ആഷിഖ് ഉസ്മാൻ

6 months ago 6

08 July 2025, 05:01 PM IST

mohanlal ashiq usman austin dan thomas retheesh ravi

മോഹൻലാൽ പുറത്തുവിട്ട പോസ്റ്റർ, മോഹൻലാൽ ആഷിഖ് ഉസ്മാനും ഡാൻ ഓസ്റ്റിൻ തോമസിനും രതീഷ് രവിക്കുമൊപ്പം | Photo: Facebook/ Mohanlal

'തല്ലുമാല', 'വിജയ് സൂപ്പറും പൗര്‍ണമിയും' എന്നീ ചിത്രങ്ങളിലെ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടന്‍ ഡാന്‍ ഓസ്റ്റിന്‍ തോമസ് മോഹന്‍ലാലിനെ നായകനാക്കി സംവിധാനംചെയ്യുന്ന ചിത്രം പ്രഖ്യാപിച്ചു. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ നിര്‍മിക്കുന്ന ചിത്രത്തിന് 'എല്‍ 365' എന്നാണ് താത്കാലികമായി പേരിട്ടിരിക്കുന്നത്. രതീഷ് രവിയാണ് കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്നത്.

രതീഷ് രവി, ആഷിഖ് ഉസ്മാന്‍, ഡാന്‍ ഓസ്റ്റിന്‍ തോമസ് എന്നിവര്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് മോഹന്‍ലാല്‍ തന്നെയാണ് ചിത്രം പ്രഖ്യാപിച്ചത്. ചിത്രവുമായി ബന്ധപ്പെട്ട് മറ്റ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ബാത്‌റൂമിലെ കണ്ണാടിയില്‍ 'എല്‍ 365' എന്നെഴുതിയ പോസ്റ്ററാണ് മോഹന്‍ലാല്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ഒരു പോലീസ് യൂണിഫോമിന്റെ പാതി ഭാഗവും പോസ്റ്ററില്‍ കാണാം.

ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആദ്യമായി മോഹന്‍ലാല്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ബിഗ് ബജറ്റ് സിനിമയായാണ് 'എല്‍365' അണിയറയില്‍ ഒരുങ്ങുന്നത്.

ആഷിഖ് ഉസ്മാന്റെ തന്നെ നിര്‍മാണത്തില്‍ മിഥുന്‍ മാനുവല്‍ തോമസ് സംവിധാനംചെയ്ത 'അഞ്ചാംപാതിര'യുടെ ചീഫ് അസോസിയേറ്റ് ഡറക്ടറായിരുന്നു ഓസ്റ്റിന്‍. ഫഹദ് ഫാസിലിനെ നായകനാക്കി അല്‍ത്താഫ് സലിം സംവിധാനംചെയ്യുന്ന 'ഓടും കുതിര ചാടും കുതിര', ഫഹദ് തന്നെ നായകനാകുന്ന തരുണ്‍ മൂര്‍ത്തി ചിത്രം 'ടോര്‍പിഡോ' എന്നിവയാണ് ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ പുറത്തിറങ്ങാനിരിക്കുന്ന മറ്റ് പ്രൊജക്ടുകള്‍.

Content Highlights: Mohanlal announces Austin Dan Thomas movie

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article