സത്യത്തില്‍ 'എംപുരാനി'ലെ ഹീറോ ആരാണ്, സയിദ് മസൂദാണോ ഖുറേഷി അബ്രാമാണോ? അതോ ഇനി വരാനിരിക്കുന്ന മൂന്നാം എംപുരാനിലെ താരമാകാന്‍ സാധ്യതയുള്ള പ്രണവ് മോഹന്‍ലാല്‍ എന്ന അപ്പുവാണോ? എന്നാൽ, റിലീസ് ചെയ്തു ഒരാഴ്ച കഴിയുമ്പോള്‍ ഒരു മുഖമേ അന്തരീക്ഷത്തിലുള്ളൂ. അതു നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മുഖമാണ്. ആശിര്‍വാദ് സിനിമാസിന്റെ ഉടമയുടെ മുഖം.
കഥയിലെ പലരുടേയും മുഖത്തേക്കാള്‍ തെളിഞ്ഞുവരുന്നതു ആന്റണിയെന്ന സാധാരണ മനുഷ്യന്റെ മുഖമാണ്. 25 വര്‍ഷമായി ഈ മനുഷ്യനെ കണ്ടതുകൊണ്ടുകൂടിയാകാം അത്. 25 വര്‍ഷം മുന്‍പു മോഹന്‍ലാല്‍ എന്ന ബ്രാന്‍ഡിന്റെ സാധ്യത തിരിച്ചറിഞ്ഞ ആളാണ് ആന്റണി. സാധാരണനിലയില്‍ ഒരു ബ്രാന്‍ഡ് ലോഞ്ച് ചെയ്യുന്നതിനു മുന്‍പ് ബ്രാന്‍ഡ് സര്‍വേ നടത്തും. ലോഗോയേക്കുറിച്ചുപോലും പഠനം നടത്തും, കസ്റ്റമര്‍ സര്‍വേ വേറെ നടത്തും അങ്ങനെ പലതും ചെയ്യും. ഇതിനെല്ലാം വലിയ സംവിധാനങ്ങള്‍ വേണം. ഇതൊന്നുമില്ലാതെ സ്വന്തം അനുഭവം കൊണ്ടും ഉറക്കമില്ലാതെ നടത്തിയ ശ്രമംകൊണ്ടും ഒരു ബ്രാന്‍ഡിനെ ആന്റണി കണ്ടെത്തുന്നു. അതാണ് മോഹന്‍ലാന്‍ എന്ന ബ്രാന്‍ഡ്. മോഹന്‍ലാല്‍ എന്ന നടനും മനുഷ്യനുമെല്ലാം ഇതിനു പുറമെയാണ്.
നരസിംഹം എന്ന സിനിമ ഉണ്ടാകുന്നതിനു പുറകില്‍ പലരുടേയും തലച്ചോറുണ്ട്. എന്നാല്‍, അതിലൂടെ താനൊരു ബ്രാന്‍ഡിനെയാണു ലോഞ്ച് ചെയ്യുന്നതെന്ന് അറിയാവുന്ന ഒരാളെ ഉണ്ടായിരുന്നുള്ളു. അത് ആന്റണിയാണ്. മോഹന്‍ലാലിന്റെ മുഖം ക്ലോസപ്പില്‍ വരുമ്പോള്‍ അലറുന്ന സിംഹത്തിന്റെ മുഖം കാണിക്കുന്നതുപോലുള്ള സീനുകള്‍ തറയാണെന്നു പലരും പറഞ്ഞു. തെലുങ്കു സിനിമപോലെയെന്നും പറഞ്ഞു. ഹിന്ദിയെപ്പോലും തെലുങ്കു സിനിമ മറികടന്ന കാര്യം പലര്‍ക്കും അറിയില്ല. പക്ഷേ, സിംഹം അലറുന്നതു ആന്റണി പോസ്റ്ററാക്കി അടിച്ചു. ബാഡ്ജാക്കി അടിച്ചു ഫാന്‍സിനു കൊടുത്തു. മലയാള സിനിമയിലെ ആദ്യത്തെ വ്യക്തിഗത ബ്രാന്‍ഡ് സെല്ലിങ്ങാണിത്. സ്‌ക്രീനില്‍ ഏത് മോഹന്‍ലാലിനെ കാണിച്ചാല്‍ ബിസിനസ് നടക്കുമെന്നും ആരാധകര്‍ തൃപ്തരാകുമെന്നും ആന്റണിക്ക് അറിയാമായിരുന്നു.
25 വര്‍ഷം മുന്‍പു 100 സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചാല്‍ അതു വലിയ നേട്ടമായി കാണുന്ന കാലത്താണു ആന്റണി ബിസിനസ് തുടങ്ങിയത്. ഇന്ന് 'എംപുരാന്‍' യു.കെയില്‍ മാത്രം പ്രദര്‍ശിപ്പിക്കുന്നതു 320 സ്‌ക്രീനിലാണ്. യു.എ.ഇയില്‍ 1500 സ്‌ക്രീനിലും. റിസര്‍വേഷന്‍ തുടങ്ങി ആദ്യ ദിവസം യു.എ.ഇയില്‍ വിറ്റത് 40,000 ടിക്കറ്റുകള്‍. ഇതു യു.എ.ഇയിലെ വിതരണക്കാര്‍ ഔദ്യോഗികമായി നല്‍കിയ കണക്കാണ്. ഇതെല്ലാം വിവാദത്തിനു മുന്‍പുള്ള കണക്കാണ്.
മലയാള സിനിമയെ 120 സ്‌ക്രീനില്‍നിന്ന് അയ്യായിരത്തോളം സ്‌ക്രീനിലേക്ക് എത്തിച്ചത് ഈ മനുഷ്യനാണ്. മലയാളം കേട്ടാല്‍ മനസ്സിലാകണമെങ്കില്‍ നാലു മിനിറ്റ് എടുക്കുന്ന പുത്തന്‍ തലമുറയെപ്പോലെപ്പോലും ആന്റണി തീയേറ്ററിലെത്തിച്ചു. ലൂസിഫര്‍ എന്ന സിനിമ സമ്മാനിച്ച ബിസിനസ് വിജയത്തില്‍നിന്ന് ആന്റണി തനിക്കു മുന്നിലെ വലിയ മാര്‍ക്കറ്റ് തിരിച്ചറിഞ്ഞു. ഒ.ടി.ടിക്കും അപ്പുറത്തേക്കു കൊണ്ടുപോകണമെങ്കില്‍ സിനിമ ഒ.ടി.ടിയേക്കാള്‍ വലുതാകണമെന്നും മനസ്സിലാക്കി. ഇന്ത്യയിലെ വലിയ നിര്‍മാതാക്കള്‍ വരെ ഒ.ടി.ടിക്കു മുന്നില്‍ കൈകൂപ്പി നില്‍ക്കുമ്പോള്‍ ഒ.ടി.ടിക്കാര്‍ ആന്റണിയെ ചേര്‍ത്തുനിര്‍ത്തുന്നതു ബിസിനസ് മുന്നില്‍ കണ്ടു മാത്രമാണ്. അല്ലാതെ, ആന്റണിയുടെ വാചകമടികൊണ്ടല്ല. സായിപ്പു നോക്കുന്നതു കംപ്യൂട്ടറില്‍ തെളിയുന്ന ലാഭക്കണക്കില്‍ മാത്രണാണ്. അവരാരും മോഹന്‍ലാലിന്റേയോ ആന്റണിയുടേയോ അളിയന്മാരോ ക്ലാസ്മേറ്റോ അല്ല.
ഒരു സിനിമപോലും ചെയ്യാത്ത പൃഥിരാജ് ഒരു കഥ പറയുമ്പോള്‍ വമ്പന്‍ ബഡ്ജറ്റായിട്ടും അതില്‍ ആന്റണി ചാടിവീണതു ആരാധകനായതുകൊണ്ടല്ല. 'ലൂസിഫറി'നു ആന്റണി കൈകൊടുക്കുമ്പോള്‍ പൃഥിരാജ് ഇന്നത്തെ പൃഥിരാജായിരുന്നില്ല. അങ്ങാടിയിലിട്ടു സോഷ്യല്‍ മീഡിയ കൂവി തോല്‍പ്പിച്ചുവെന്നു കരുതിയ രാജപ്പനായിരുന്നു. ആ കളിയുടെ രണ്ടാം ഭാഗം മലയാളി കണ്ടതാണ്. അന്ന് എല്ലാം റിസ്‌കും ആന്റണിയുടെ ചുമലിലായിരുന്നു എന്നര്‍ഥം. ആ സിനിമ തീരുമാനിച്ച ദിവസം ആന്റണി സ്വകാര്യസംഭാഷണത്തില്‍ പറഞ്ഞതു 'നമ്മളു കരുന്നതു പോലെയല്ല. അവന്‍ പറയുന്നതിലൊരു വെടിമരുന്നുണ്ട്' എന്നായിരുന്നു. അതായത് 'ലൂസിഫറി'ലെ വെടിമരുന്നു പൃഥിരാജിനും മുന്‍പു കണ്ടത് ആന്റണിയാണ്. പൃഥിരാജ് കണ്ടതു മരുന്നാണ്. ആന്റണി കണ്ടതു വെടിമരുന്നും. 'തല്‍ക്കാലം വേണ്ട മോനേ. രണ്ടു കൊല്ലം കഴിഞ്ഞിട്ടു നോക്കാം' എന്ന് ആന്റണി പറഞ്ഞിരുന്നെങ്കില്‍ തിരുത്താന്‍ പൃഥിരാജിനാകില്ലായിരുന്നു. സ്വയം നായകനാകുകയോ മറ്റെവിടെയെങ്കിലും കൊണ്ടുപോയി വില്‍ക്കാന്‍ നോക്കുകയോ ചെയ്യുക മാത്രമേ രക്ഷയുണ്ടായിരുന്നുള്ളു. ഇന്നത്തെ പൃഥിരാജല്ല 'ലൂസിഫറി'ന്റെ കഥ പറയുന്ന കാലത്തെ പൃഥിരാജ്. മുരളി ഗോപിയും മാര്‍ക്കറ്റില്‍ എല്ലാവരും കാത്തിരിക്കുന്ന തിരക്കാഥാകൃത്തുമായിരുന്നില്ല. നല്ല സിനിമ എഴുതിയിട്ടുണ്ടെന്നതു വേറെക്കാര്യം. അതല്ലല്ലോ മാര്‍ക്കറ്റ്.

ആന്റണി എടുത്ത സിനിമകളില്‍ മിക്കതും വിജയിച്ചു. തോറ്റുപോയതില്‍ ഭൂരിഭാഗവും തട്ടിമുട്ടിയെങ്കിലും അപ്പുറം കടന്നു. ഇതേ ആന്റണിയല്ലോ 'ബറോസ്' എടുത്തതെന്നു ചോദിക്കാം. ആ സിനിമ ആന്റണി ബിസിനസ് ബുദ്ധികൊണ്ടു നിര്‍മിച്ചതല്ല. സ്‌നേഹംകൊണ്ടു നിര്‍മ്മിച്ചതാണ്. വിജയിച്ചാലും ഇല്ലെങ്കിലും എടുക്കേണ്ട റിസ്‌ക്കാണത്. മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം, ബറോസ്, എംപുരാന്‍ എന്നീ മൂന്നു സിനിമകള്‍ക്കായി നാലു വര്‍ഷത്തിനിടയില്‍ ആന്റണി നിക്ഷേപിച്ചത് 350 മുതല്‍ 400 കോടി രൂപവരെയാണ്. രാജ്യത്തെ ഏതു നിര്‍മാതാവാണു നാലു വര്‍ഷത്തിനിടയില്‍ ഇത്രയേറെ പണം ഇറക്കിയിട്ടുണ്ടാകുക...! ഏതു നിര്‍മാതാവാണ് 25 കൊല്ലം തുടര്‍ച്ചയായി സിനിമ നിര്‍മിച്ചുകൊണ്ടിരിക്കുന്നത്. ഇത് ബോബന്‍ കുഞ്ചാക്കോയുടേയും അപ്പച്ചന്റേയും ജി.പി. സിപ്പിയുടേയും കാലമല്ല. ആര്‍ക്കും സിനിമ എടുക്കാവുന്ന കാലമാണ്. കോര്‍പറേറ്റ് കമ്പനികളില്‍ ചിലത് 25 വര്‍ഷം തുടര്‍ച്ചയായി സിനിമ ചെയ്തിട്ടുണ്ടാകും. വ്യക്തിഗത നിര്‍മാതാക്കള്‍ ആരും ഈ റിസ്‌ക് എടുത്തു കാണില്ല. 25 വര്‍ഷമായി രംഗത്തുള്ള ബാനറുകളിലേക്കു തിരിഞ്ഞുനോക്കിയാല്‍ അതുവ്യക്തമാകും. പലരും പെട്ടി മടക്കി വീട്ടില്‍ പോകാനുള്ള ഓരേയൊരു കാരണം അവര്‍ക്കു സ്വന്തമായി മോഹന്‍ലാല്‍ എന്നതു പോലുള്ളൊരു ബ്രാന്‍ഡുണ്ടായിരുന്നില്ല എന്നതുതന്നെയാണ്. തമിഴ് നടന്‍ വിജയിനുപോലും പല നിര്‍മാതാക്കളും പല വിതരണക്കാരുമായിരുന്നു.
400 കോടി രൂപയുടെ ബിസിനസ് എന്നു പറയുമ്പോള്‍ അതു ചില്ലറക്കളിയല്ല. ഒരു കോടി മുടക്കുന്ന ബേക്കറി ശൃംഖലയാണെങ്കില്‍ 400 ബേക്കറി തുടങ്ങാം. 400 ബ്രാഞ്ചുള്ള ബേക്കറി ശൃംഖല ചെറിയ സംരഭമല്ലല്ലോ. വിദേശത്തുനിന്നു 15 കോടി നിക്ഷേപിക്കുന്ന സ്റ്റാര്‍ട്ടപ്പുപോലും വലിയ വാര്‍ത്തയാകുന്ന കാലത്തു ആന്റണിയുടെ 400 കോടിയുടെ നിക്ഷേപം വലിയ വാര്‍ത്തയല്ലാതെ പോകുന്നതു അതിലെ നായകന്‍ ആന്റണിയായതുകൊണ്ടു മാത്രമാണ്. കാരണം, നമ്മുടെ മീഡിയയ്ക്കു അയാളോടൊരു അസൂയയും പുച്ഛവുമുണ്ട്.
ദേശീയ അവാര്‍ഡും സംസ്ഥാന അവാര്‍ഡും പ്രഖ്യാപിച്ച സമയത്തു രണ്ടു തവണ നിര്‍മാതാവിനുള്ള ദേശീയ ബഹുമതി ലഭിച്ച ആന്റണിയുടെ പാസ്‌പോര്‍ട്ട് സൈസ് പടം പ്രമുഖ പത്രങ്ങളില്‍ ഇല്ലായിരുന്നു. ചിലര്‍ തൊട്ടടുത്ത ദിവസം കൊടുത്തു. അവാര്‍ഡ് രാഷ്ട്രപതിയില്‍നിന്നു വാങ്ങിയപ്പോള്‍ രണ്ടാമത്തെ തവണ മാത്രം രണ്ടാം ദിവസം ആ പടം കൊടുത്തു. നാല് തവണയാണ് ആന്റണി സംസ്ഥാന ചലച്ചിത്ര അവാര്‍ഡു നേടിയത്. അപ്പോഴും ഒന്നാം പേജില്‍ പടമുണ്ടായിരുന്നില്ല. കേരളത്തിലെ മിക്ക മാധ്യമങ്ങളുടേയും വലിയ പരസ്യക്കാരനാണു ആന്റണി. ചാനലുകളിലെ സെക്കന്റുകള്‍ക്കും വലിയ വിലയുണ്ട്. തന്നെ തുണയ്ക്കില്ല എന്നറിഞ്ഞിട്ടും ആന്റണി പണം മുടക്കുന്നതു തന്റെ ബ്രാന്‍ഡു വില്‍ക്കണം എന്നതുകൊണ്ടാണ്. ഡിജിറ്റല്‍ രംഗമാണു സിനിമ പരസ്യത്തിനു കൂടുതല്‍ സാധ്യതയെന്നു തിരിച്ചറിഞ്ഞപ്പോള്‍ ആന്റണി അതിലേക്കും തിരിഞ്ഞു. ഇതൊന്നും ഒരു ബിസിനസ് കണ്‍സള്‍ട്ടന്‍സി ഗ്രൂപ്പും ഉപദേശിട്ടു ചെയ്യുന്നല്ല. ഉറങ്ങാതെ, വേണ്ട സമയത്തു ഭക്ഷണം കഴിക്കാതെ സാധാരണ മനുഷ്യന്‍ ചെയ്യുന്നതാണ്.
പല വലിയ ഗ്രൂപ്പുകളുടേയും പേരുകള്‍ ആശിര്‍വാദിന്റെ സിനിമ തുടങ്ങുമ്പോള്‍ സ്‌ക്രീനില്‍ കാണിക്കാറുണ്ടെന്നും ഉപയോഗിക്കുന്നത് അവരുടെ പണമല്ലേ എന്നും ചോദിക്കാം. രവി പിള്ളയും കോണ്‍ഫിഡന്റ് റോയിയും ഗോകുലം ഗോപാലനൊന്നും ആന്റണിയുടെയോ മോഹന്‍ലാലിന്റെയോ ഫാന്‍സല്ല. നിക്ഷേപിച്ച പണം തിരിച്ചുകിട്ടുമെന്ന ഉറപ്പില്‍ നിക്ഷേപിക്കുന്നവരാണ്. ഗോകുലം ഗോപാലന്‍ ഇത്രയും കാലം കുറി നടത്തിയിട്ടും ഒരു കുറിപോലും പൊട്ടിയതിന്റെ പേരില്‍ ജനകീയ വിചാരണ നേരിടേണ്ടി വന്നതായി കേട്ടിട്ടില്ല. പണവുമായി മുങ്ങിയതായിട്ടും കേട്ടിട്ടില്ല. ഇത്രയും അനുഭവവും മൂർച്ചയും ഉള്ളൊരു ബിസിനസ്സുകാരന്‍ അവസാനനിമിഷം വന്നു 'എംപുരാനി'ല്‍ കോടികള്‍ നിക്ഷേപിച്ചിട്ടുണ്ടെങ്കില്‍ അതിനു കാരണം ആന്റണിയുണ്ടാക്കിയ ബ്രാന്‍ഡിലുള്ള വിശ്വാസവും മോഹന്‍ലാല്‍ എന്ന നടനിലുള്ള വിശ്വാസവും ചേര്‍ന്ന കരുത്താണ്, തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയാണ്. ലുലു പുതിയ മാളുകള്‍ തുറക്കുമ്പോള്‍ ആരും നിക്ഷേപിച്ച പണം ബാങ്കിന്റെതാണോ രാജകുടുബങ്ങളുടെതാണോ എന്നു എം.എ. യൂസഫലിയോടു ചോദിക്കാറില്ലല്ലോ. യൂസഫലിയുടെ നിക്ഷേപം എന്നല്ലേ പറയുന്നത്. ആ മനുഷ്യനോടും ലുലു എന്ന ബ്രാന്‍ഡിനോടുമുള്ള വിശ്വാസം കൊണ്ടാണ്. ആ ബഹുമാനം ആന്റണിക്കു മലയാളി നല്‍കിട്ടില്ല.
120 തിയറ്ററില്‍ കളിക്കുന്നൊരു സിനിമയ്ക്കു പരമാവധി ചെലവിടാവുന്നതു 30 മുതല്‍ 40 കോടി രൂപവരെയാണ്. അതുതന്നെ വലിയ റിസ്‌ക്കാണ്. സാറ്റലൈറ്റും ഒ.ടി.ടിയുമെല്ലാം നിലച്ചിരിക്കുന്നു. വല്ലതും കിട്ടിയാല്‍ ഭാഗ്യം. മുതല്‍ മുടക്ക് തിയറ്ററില്‍നിന്നു തന്നെ തിരിച്ചു പിടിക്കണം. ആ സമയത്താണു ആന്റണി 150 കോടി രൂപയോളം ഇറക്കി സിനിമ നിര്‍മിക്കുന്നത്. മലയാള സിനിമയെ അത്രയും മുടക്കാവുന്ന മാര്‍ക്കറ്റിലേക്ക് എത്തിച്ചിരിക്കുന്നു. അത് ആന്റണി ചെയ്തു എന്നതുകൊണ്ടു ചെറിയ കാര്യമാകുന്നില്ല. സിനിമ 100 ശതമാനം കച്ചവടംതന്നെയാണ്. അല്ലാതെ കാരുണ്യപ്രവര്‍ത്തിയല്ല. ഇത്തരം വലിയ കച്ചവടം നടന്നാലേ ഇവിടെ മാര്‍ക്കറ്റ് നിലനില്‍ക്കൂ. രാഷ്ട്രപതിയുടെ കയ്യില്‍നിന്നു നാലു വര്‍ഷം കൂടുമ്പോള്‍ അവാര്‍ഡ് വാങ്ങുന്നവരൊന്നും മലയാള സിനിമയെ താങ്ങിനിര്‍ത്തില്ല.
യൂണിറ്റുകള്‍, സ്റ്റുഡിയോകള്‍, സാങ്കേതിക വിദഗ്ധര്‍, മെസ്സുകള്‍, വാഹനങ്ങള്‍, കോസ്റ്റ്യൂമര്‍മാര്‍, മേക്കപ്പുകാര്‍ തുടങ്ങി ടിക്കറ്റ് കീറുന്നവരും ഗെയ്റ്റ് തുറക്കുന്നവരും പോസ്റ്റര്‍ ഒട്ടിക്കുന്നവരും വരെയുള്ള ലക്ഷക്കണക്കിനു പേര്‍ ജീവിച്ചുപോകുന്നതു കച്ചവട സിനിമകൊണ്ടു മാത്രമാണ്. കലാമൂല്യമുള്ള ആത്മാവിഷ്‌ക്കാരം കൊണ്ടല്ല. അന്തരാത്മാവില്‍നിന്നു സിനിമ പിടിച്ചവരെല്ലാം ബഹുമതിയും പണവും വാങ്ങി വീട്ടിലിരുന്നിട്ടേയുള്ളു. അഭിനേതാക്കള്‍ക്കും സാങ്കേതിക വിദഗ്ധര്‍ക്കും തുച്ഛമായ പ്രതിഫലമേ ഇവര്‍ നല്‍കിയിട്ടുള്ളു. അതെല്ലാം ചെയ്യുന്നതു കച്ചവട സിനിമാക്കാരാണ്.
'എംപുരാന്‍' തുറന്നതു വലിയൊരു ബിസിനസ്സിന്റെ ഗെയ്റ്റുകളാണ്. ചൈനയിലെ 2000 സ്‌ക്രീനില്‍ 'എംപുരാന്‍' എത്താന്‍ പോകുന്നുവെന്നതു നമ്മുടെ ചെറിയ പ്രദേശത്തുള്ള ഭാഷയുടെ ബിസിനസ് വിജയമാണ്. 400 കോടി രൂപമുടക്കി ഒരാള്‍ സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രി തുറക്കുമ്പോള്‍ മലയാളി ആ മനുഷ്യനെ എഴുന്നേറ്റുനിന്നു തൊഴും. രണ്ടോ മൂന്നോ ഫൈവ് സ്റ്റാര്‍ ഹോട്ടൽ തുറക്കാവുന്ന പണമാണിത്. ഇവര്‍ക്കെല്ലാം കച്ചവടം പൂട്ടിയാലും കയ്യിലുള്ള കെട്ടിടവും ഭൂമിയും വില്‍ക്കാം. സിനിമ എടുക്കുന്ന ഒരു നിര്‍മാതാവിനും ഉത്പന്നം പിന്നീടു വില്‍ക്കാകില്ല. ആദ്യ ഷോ കഴിയുന്നതോടെ എല്ലാം തീരുമാനമാകും. അതുകൊണ്ടുതന്നെ കേരളത്തിലെ പല ബിസിനസ്സുകാരനും എടുക്കുന്നതിലും വലിയ റിസ്‌ക്കാണ് ആന്റണി എടുക്കുന്നത്.
'എംപുരാന്‍' മലയാള സിനിമയ്ക്കുവേണ്ടി തുറന്നിട്ട മാര്‍ക്കറ്റ് മലയാളം തിരിച്ചറിയണം. അതിലൂടെ മലയാള സിനിമയുടെ ചെറിയ ലോകത്തു ജീവിക്കുന്ന ബ്രില്യന്റായ സാങ്കേതിക വിദഗ്ധര്‍ക്കും എഴുത്തുകാര്‍ക്കും നടന്മാര്‍ക്കുമെല്ലാം മുന്നില്‍ തുറന്ന സാധ്യത തിരിച്ചറിയണം. ഇവിടേക്കു വലിയ നിക്ഷേപകര്‍ വരാനുള്ള സാധ്യത മനസ്സിലാക്കണം. ഞങ്ങള്‍ വരുന്നതു 'എംപുരാനു'ണ്ടാക്കിയ മാര്‍ക്കറ്റില്‍ നിന്നാണെന്ന് ധൈര്യപൂര്‍വം പറയാം. ഇതുവരെ അത്തരമൊരു വിലാസമില്ലായിരുന്നു. ഈ സിനിമ നല്ലതാണോ പൊട്ടയാണോ എന്നതല്ല വിഷയം, അതുണ്ടാക്കിയ ബിസിനസ് ചെറുതല്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ കെല്‍പ്പുള്ളവരെ അന്വേഷിച്ചു കൊറിയയിലേയും ചൈനയിലേയും ജപ്പാനിലേയുമെല്ലാം ഒ.ടി.ടി. കോര്‍പറേറ്റുകള്‍ വരാതിരിക്കില്ല. കാരണം, കുറഞ്ഞ ചെലവില്‍ മികച്ച ഉത്പന്നം ഉണ്ടാക്കുകയാണ് അവരുടെ ലക്ഷ്യം.
സിനിമയായാലും കപ്പലണ്ടി മിഠായി ആയാലും ഫോര്‍മുല മാറുന്നില്ല. ഐഫോണ്‍ ഉണ്ടാക്കാന്‍ അമേരിക്കയില്‍നിന്നു വണ്ടി കയറി സ്റ്റീവ് ജോബ്‌സും കൂട്ടരും ചൈനയില്‍ വന്നതു ദാസ് കാപ്പിറ്റല്‍ വായിച്ച് ആവേശം കൊണ്ടിട്ടല്ലല്ലോ. ചോരച്ചാലുകള്‍ നീന്തിക്കയറിയിട്ടുമല്ല. കുറഞ്ഞ ചെലവില്‍ ക്വാളിറ്റിയുള്ള ഉല്‍പ്പന്നം ഉണ്ടാക്കാം എന്നതു കൊണ്ടു മാത്രമാണ്. ജക്കാര്‍ത്ത, മലേഷ്യ, യു.എ.ഇ. പോലുള്ള മാര്‍ക്കറ്റുകളും വലുതായി വരികയാണ്. ലോകത്തിലെ പല വമ്പന്‍ നിര്‍മാണ സ്റ്റുഡിയോകളേയും സൗദി ക്ഷണിച്ചു കഴിഞ്ഞു. ലോകം ഈ മലയാള സിനിമ കാണുമ്പോഴാണ് ഈ ചെറിയ നാട്ടിലുള്ള കച്ചവട സാധ്യത തിരിച്ചറിയുന്നത്. ഇന്ത്യയില്‍ സിനിമയുണ്ടോ എന്നുപോലും അറിയാത്തവരാണില്‍ പലരും. 'എംപുരാന്‍' ചൈനയിലെ രണ്ടായിരമോ മൂവ്വായിരമോ തിയറ്ററില്‍ റിലീസ് ചെയ്യാമെങ്കില്‍ സത്യന്‍ അന്തിക്കാട് സിനിമയ്ക്കും പ്രിയദര്‍ശനും തരുണ്‍ മൂര്‍ത്തിക്കും ആഷിക് അബുവിനുമെല്ലാം സമാനമായ സാധ്യതകളില്ലേ? സെന്റിമെന്റ്‌സിന് ലോകത്തില്‍ ഒരു ഭാഷയേ ഉള്ളു. വിദേശത്തു 25 ഡോളര്‍ ടിക്കറ്റിനു ചെലവാക്കുമ്പോള്‍ അതിവിടെ രണ്ടായിരത്തോളം രൂപയാണ്. കാല്‍ഭാഗം കിട്ടിയാല്‍ത്തന്നെ കൈത്താങ്ങായില്ലേ.
ഇതെല്ലാം മോഹന്‍ലാലിന്റെ പണമാണ്, മോഹന്‍ലാലിനെ ആന്റണി വിറ്റു കാശാക്കുകയാണ് എന്നു പറഞ്ഞാണു മിക്കവരും സമാധാനിക്കുന്നത്. ഇതെല്ലാം തിരിച്ചറിയാനുള്ള ബുദ്ധി മോഹന്‍ലാലിനും 70 വര്‍ഷമായി തമിഴ്‌നാട്ടില്‍ സിനിമാ ബിസിനസ് മനോഹരമായി നടത്തുന്ന കുടുംബത്തിലെ മൂത്ത കുട്ടിയായ അളിയന്‍ സുരേഷ് ബാലാജിക്കും ഉണ്ടെന്ന കാര്യമെങ്കിലും സമ്മതിക്കുക. നമുക്കില്ലാത്തതിലും വലിയ കരുതല്‍ പെങ്ങളെ കെട്ടിയ ആളേക്കുറിച്ച് സുരേഷ് ബാലാജിക്കുണ്ടാകും എന്നെങ്കിലും സമ്മതിക്കുക. 25 വര്‍ഷമായി ആശിര്‍വാദ് സിനിമ മോഹന്‍ലാലിന്റെ മുഖവും ലോഗോയായി കാണിച്ചു ബിസിനസ് നടത്തുന്നതു അവര്‍ അറിഞ്ഞില്ലെന്നു പറയാനും പറ്റില്ല.
ആന്റണിയൊരു ബ്രാന്‍ഡ് ബില്‍ഡര്‍ തന്നെയാണ്. ഒരു മനുഷ്യനെ മറ്റൊരു മനുഷ്യന്‍ ഒരു കോര്‍പറേറ്റ് പിന്തുണയുമില്ലാതെ ബ്രാന്‍ഡാക്കിയ കഥയാണിത്. ഒരു ബിസിനസ് സ്‌കൂളിന്റെ ബുദ്ധിയും കൂടെയില്ലാതാണിതു ചെയ്തത്. മലയാളത്തിലെ 120 സ്‌ക്രീനില്‍നിന്നു ലോകത്തിലെ 5000 സ്‌ക്രീനിലേക്കു മലയാള സിനിമയെ വളര്‍ത്തിയ ചരിത്രമാണിത്. ഇത് 'എംപുരാനേ'ക്കാള്‍ വലിയ വിജയ കഥയാണ്. താന്‍ ചെയ്യുന്നതു കൂലി എഴുത്താണെന്നു കമന്റിടാന്‍ വിരല്‍ ഉയര്‍ത്തും മുന്‍പു പറയട്ടെ, സ്‌നേഹത്തിലും വലിയ കൂലി ഇല്ല ബ്രോ.
Content Highlights: Empuraan`s Business Success: Antony Perumbavoor`s Brand Building
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·