മോഹൻലാൽ കഥാപാത്രത്തിലേക്ക് അലിഞ്ഞുചേരുന്ന നടൻ, നൽകിയത് മറക്കാനാകാത്ത പ്രകടനങ്ങൾ- കാർത്തി

4 months ago 4

mohanlal

മോഹൽലാൽ, കാർത്തി | Photo: PTI, Instagram: www.instagram.com/karthi_offl/?hl=en

ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാര നേട്ടത്തിൽ മോഹൻലാലിനെ അഭിനന്ദിച്ച് നടൻ കാർത്തി. ഇപ്പോൾ ലഭിച്ചിരിക്കുന്ന ബഹുമതി ലാലിനെപ്പോലെയൊരു ഇതിഹാസത്തിന് ചേരുന്നതാണെന്ന് അദ്ദേഹം എക്സിൽ കുറിച്ചു.

'ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം ലഭിച്ച മോഹൻലാൽ സാറിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. കഥാപാത്രങ്ങൾ സൂക്ഷ്മമോ, സങ്കീർണ്ണമോ, ഗംഭീരമോ ആകട്ടെ, അവയിൽ അലിഞ്ഞുചേരാനുള്ള അങ്ങയുടെ കഴിവ് നമ്മുടെ സിനിമയ്ക്ക് സമ്മാനിച്ചത് മറക്കാനാവാത്ത പ്രകടനങ്ങളാണ്. ഇപ്പോൾ ലഭിച്ചിരിക്കുന്ന ബഹുമതി തികച്ചും അർഹമായത് മാത്രമല്ല, മറിച്ച് താങ്കളെപ്പോലെ ഒരു ഇതിഹാസത്തിന് യോജിച്ചതുമാണ്', കാർത്തി എക്സിൽ കുറിച്ചു.

ഇന്ത്യൻ ചലച്ചിത്രകലയിലെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം കഴിഞ്ഞദിവസമാണ് മോഹൻലാലിന് പ്രഖ്യാപിച്ചത്. ഇന്ത്യൻ സിനിമയുടെ വളർച്ചയ്ക്കും സിനിമയുടെ വികാസനത്തിനും നൽകിയ അതുല്യസംഭാവനകൾ പരിഗണിച്ചാണ് 2023-ലെ പുരസ്‌കാരം. ചൊവ്വാഴ്ച ഡൽഹിയിൽ നടക്കുന്ന ദേശീയ ചലച്ചിത്രപുരസ്‌കാര വിതരണച്ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും.

ഇന്ത്യൻ ചലച്ചിത്രകലയുടെ പിതാവ് എന്നറിയപ്പെടുന്ന ദാദാസാഹേബ് ഫാൽക്കെയുടെ സ്മരണയ്ക്കായി 1969-ലാണ് കേന്ദ്രസർക്കാർ പുരസ്‌കാരം ഏർപ്പെടുത്തിയത്. ആദ്യപുരസ്‌കാരം ചലച്ചിത്രതാരം ദേവികാ റാണിക്കായിരുന്നു. തുടർന്ന് പൃഥ്വിരാജ് കപൂർ, പങ്കജ് മല്ലിക്, നൗഷാദ്, സത്യജിത് റേ, വി.ശാന്താറാം, രാജ്കപുർ, ഭൂപേൻ ഹസാരിക, മജ്‌രൂഹ് സുൽത്താൻപുരി, ദിലീപ് കുമാർ, രാജ്കുമാർ, അശോക് കുമാർ, അടൂർ ഗോപാലകൃഷ്ണൻ, ശ്യാം ബെനഗൽ, ലതാ മങ്കേഷ്‌കർ, ആശാ ഭോൺസ്‌ലെ, കെ.ബാലചന്ദർ, അമിതാഭ് ബച്ചൻ, രജനീകാന്ത്, മിഥുൻ ചക്രവർത്തി തുടങ്ങി ഇന്ത്യൻ സിനിമയിലെ പ്രതിഭകൾക്ക് പുരസ്‌കാരം ലഭിച്ചു. ഇതുവരെ 54 പേർക്കാണ് പുരസ്‌കാരം നൽകിയത്. 55-ാമത് പുരസ്‌കാരമാണ് മോഹൻലാലിന്.

Content Highlights: Mohanlal's Dadasaheb Phalke Award Win: Karthi Lauds the Cinematic Legend

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article