മ്യൂട്ട് ആന്‍ഡ് കട്ട് ! അടിയന്തര എഡിറ്റിങ്ങിനുശേഷം 'പുതിയ' എമ്പുരാന്‍ ഇന്ന് വൈകിട്ടോ നാളെയോ എത്തും

9 months ago 7

31 March 2025, 08:30 AM IST

Empuraan Movie

Image: Facebook

തിരുവനന്തപുരം: എമ്പുരാന്‍ സിനിമയുടെ പുതിയ പതിപ്പ് തിങ്കളാഴ്ച വൈകിട്ടോ ചൊവ്വാഴ്ച രാവിലേയോ തീയേറ്ററുകളിലെത്തും. സിനിമയുടെ ഉള്ളടക്കത്തെച്ചൊല്ലി വിവാദമുണ്ടായതിനെ തുടര്‍ന്ന് ചില രംഗങ്ങളും പരാമര്‍ശങ്ങളും ഒഴിവാക്കണമെന്ന് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു. എഡിറ്റിങ്ങിനുശേഷം വ്യാഴാഴ്ചയോടെ ചിത്രത്തിന്റെ പുതിയ പതിപ്പെത്തുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ എഡിറ്റിങ് സംബന്ധമായി സെന്‍സര്‍ബോര്‍ഡ് സമയനിഷ്‌കര്‍ഷത വെച്ചതോടെ തിടുക്കത്തില്‍ത്തന്നെ സിനിമയുടെ റീ എഡിറ്റിങ് നടത്തുകയായിരുന്നു.

ഞായറാഴ്ചയും തിങ്കളാഴ്ചയും അവധി ദിവസങ്ങളായിട്ടും സിനിമയുടെ എഡിറ്റിങ് സംബന്ധിച്ച് ഞായറാഴ്ച രാത്രിവരെ സെന്‍സര്‍ബോര്‍ഡംഗങ്ങള്‍ പ്രത്യേകയോഗം ചേരുകയും മാറ്റം വരുത്തേണ്ട രംഗങ്ങളെ കുറിച്ച് വീണ്ടും സിനിമകണ്ട് തീരുമാനിക്കുകയും ചെയ്തു. സിനിമയുടെ ആദ്യഭാഗം ഇരുപത് മിനിറ്റോളം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സെന്‍സര്‍ ബോര്‍ഡിന്റെ ഇടപെടലുണ്ടാകുകയും പിന്നീട് ചര്‍ച്ച ചെയ്ത് മൂന്നുമിനിറ്റോളം വെട്ടിമാറ്റിയാല്‍ മതിയെന്ന തീരുമാനത്തിലേക്കെത്തുകയുമായിരുന്നു. സിനിമയിലെ വില്ലന്‍ കഥാപാത്രത്തിന്റെ ബജ്‌രംഗി എന്ന പേരില്‍ മാറ്റം വരുത്താനുള്ള നിര്‍ദേശവും സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ പാലിക്കും. പേരുമാറ്റമോ പേര് പരാമര്‍ശിക്കുന്ന ഭാഗങ്ങളില്‍ മ്യൂട്ട് ചെയ്യുകയോ ചെയ്യുമെന്നാണ് വിവരം. സിനിമയില്‍നിന്ന് കലാപരംഗങ്ങളും ബലാത്സംഗരംഗവും ഒഴിവാക്കും.

വിവാദങ്ങളുയര്‍ന്ന സാഹചര്യത്തില്‍ നടന്‍ മോഹന്‍ലാല്‍ സമൂഹികമാധ്യമങ്ങളിലൂടെ ഖേദപ്രകടനം നടത്തുകയും സിനിമയുടെ സംവിധായകന്‍ കൂടിയായ പൃഥ്വിരാജ് മോഹന്‍ലാലിന്റെ പോസ്റ്റ് പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. സിനിമയുടെ എഴുത്തുകാരനായ മുരളി ഗോപി വിഷയത്തില്‍ ഇതുവരെ പ്രതികരണമൊന്നും നടത്തിയിട്ടില്ല. സിനിമാസംഘടനകളും മൗനം പാലിക്കുകയാണ്. നാലുഭാഷകളിലായി നാലായിരം തീയേറ്ററുകളിലാണ് എമ്പുരാന്‍ നിലവില്‍ പ്രദര്‍ശിപ്പിക്കുന്നത്. വിവാദങ്ങള്‍ക്കിടയിലും നിറഞ്ഞ സദസ്സിലാണ് സിനിമയുടെ പ്രദര്‍ശനം.

Content Highlights: Empuraan New mentation with edits releasing soon

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article