Authored by: അശ്വിനി പി|Samayam Malayalam•18 Dec 2025, 10:29 americium IST
2004 ല്‍ രോഹിണിയുമായി വേര്‍പിരിഞ്ഞതിന് ശേഷം 2008 ല്‍ ആണ് രഘുവരന്‍ മരണപ്പെട്ടത്. അമിതമായ മദ്യപാനത്തെ തുടര്‍ന്ന്, ആന്തരികാവയവങ്ങള്‍ക്ക് തകരാറ് സംഭവിച്ചായിരുന്നു മരണം

രഘുവരന്‍ എന്ന അഭിനേതാവിന്റെ മുപ്പത്് ശതമാനം മാത്രമേ സിനിമ ഇന്റസ്ട്രി ഉപയോഗിച്ചിട്ടുള്ളൂ, ബാക്കി എഴുപത് ശതമാനം അദ്ദേഹത്തിന്റെ ഉള്ളില്‍ തന്നെയാണ്. ഒരു കഥാപാത്രമായി കഴിഞ്ഞാല്‍, അതിന് വേണ്ടി എന്തൊക്കെ മുന്നൊരുക്കങ്ങള്‍ എടുക്കുന്നുണ്ട് എന്ന് നേരിട്ട് കണ്ടിട്ടുള്ള ആളാണ് ഞാന്‍. കുട്ടികളെ ക്രൂരമായി പീഡിപ്പിക്കുന്ന രംഗങ്ങളില്‍ അഭിനയിക്കില്ല എന്ന നിബന്ധന മാത്രമേ രഘുവിന് ഉണ്ടായിരുന്നുള്ളൂ, അല്ലാതെ ഒരു നടന്‍ എന്ന രീതിയില്‍ ഏത് തരം റോളുകള്‍ ഏറ്റെടുത്ത് ചെയ്യാനും അദ്ദേഹത്തിന് പ്രത്യേക താത്പര്യമായിരുന്നു.
തന്റെ ഉള്ളിലെ നടനെ പൂര്‍ണമായും പുറത്തെടുക്കുക എന്ന ഉദ്ദേശത്തില്‍ ആത്മ എന്നൊരു സിനിമ രഘു പ്രഖ്യാപിച്ചിരുന്നു. വിദേശത്ത് നിന്നും വരുന്ന ഒറു വനിതയിലൂടെ കഥ പറയുന്നതായിരുന്നു ആ സിനിമ. ശരിക്കും അതൊരു ഇന്റര്‍നാഷണല്‍ ലെവല്‍ സിനിമയായിരുന്നു. അതിന് വേണ്ടി ചില ഫോട്ടോഷൂട്ടുകള്‍ എല്ലാം നടത്തിയിരുന്നു. അന്നെടുത്ത ഫോട്ടോകള്‍ പലതും ഇന്ന് സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വരാറുണ്ട്. പക്ഷേ അത് പൂര്‍ത്തിയാക്കാന്‍ രഘുവിന് സാധിച്ചില്ല. അതിന് മുന്‍പേ അദ്ദേഹം മരണപ്പെട്ടു- രോഹിണി പറഞ്ഞു.കക്ക എന്ന സിനിമയില്‍ ഒന്നിച്ചഭിനയിച്ചതിലൂടെയാണ് രഘുവരനും രോഹിണിയും പ്രണയത്തിലായത്. അന്ന് അദ്ദേഹത്തിന്റെ അഭിനയം കണ്ട് ആരാധികയായി മാറി എന്ന് രോഹിണി ഇന്ന് പറയുന്നു. 1996 ല്‍ ആയിരുന്നു ഇരുവരുടെയും വിവാഹം. ഒരു മകനും പിറന്നു. ഒത്തുപോകാന്‍ കഴിയാത്ത ചില സാഹചര്യങ്ങളാല്‍ 2004 ല്‍ രോഹിണിയും രഘുവും വിവാഹ മോചനം നേടിയിരുന്നു. പക്ഷേ ഇരുവരുടെയും ഉള്ളിലെ പ്രണയം നഷ്ടപ്പെട്ടില്ല. 2008 ല്‍ ആയിരുന്നു അമിതമായ മദ്യമാപനത്തെ തുടര്‍ന്ന്, ആന്തരികാവയവങ്ങള്‍ നശിച്ച് രഘുവരന്‍ മരണപ്പെട്ടത്. മരണാനന്തരം രഘുവിന്റെ എല്ലാ ചടങ്ങുകളും നടത്തിയത് രോഹിണിയാണ്. ഇന്നും അദ്ദേഹത്തിന്റെ ഭാര്യ എന്ന നിലയില്‍ തന്നെയാണ് രോഹിണി സ്വയം വിശേഷിപ്പിക്കുന്നത്, മുന്‍ ഭാര്യ എന്ന വിശേഷണം അല്ല. രഘുവിന്റെ ഓര്‍മകള്‍ എന്നും തനിക്കും മകനുമൊപ്പമുണ്ട് എന്ന് രോഹിണി പറയുന്നു






English (US) ·