‘He is Mr. Nobody. But decidedly somebody. Classy. Sleek. പ്രശ്നക്കാരനാണോ എന്നുചോദിച്ചാൽ, I don't deliberation so. Because that's excessively elemental a connection to picture him’
ബസൂക്കയുടെ ട്രെയിലറിൽ മമ്മൂട്ടിയുടെ കഥാപാത്രത്തിന് നൽകുന്ന മുഖവുരയ്ക്കൊപ്പം സ്ക്രീനിൽ തെളിയുന്ന, നീട്ടിവളർത്തിയ മുടി പിന്നിലേക്ക് കെട്ടിവെച്ച് ക്ലാസിക് ലുക്കിലെത്തുന്നു മമ്മൂട്ടി. ആരാധകരെ ആവേശത്തിരയിലാഴ്ത്താൻ അതുമതിയായിരുന്നു.
ബസൂക്ക ഏപ്രിൽ പത്തിന് തിയേറ്ററിലെത്തുകയാണ്. നവാഗതനായ ഡീനോ ഡെന്നീസ് തിരക്കഥ രചിച്ച് സംവിധാനംചെയ്ത ഗെയ്മിങ് ത്രില്ലർ ചിത്രത്തിൽ തമിഴ് സംവിധായകനും അഭിനേതാവുമായ ഗൗതം വാസുദേവ് മേനോൻ, സിദ്ധാർഥ് ഭരതൻ, ബാബു ആന്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, സുമിത് നേവൽ, ദിവ്യാ പിള്ള തുടങ്ങി വൻതാരനിര അണിനിരക്കുന്നുണ്ട്. മികച്ച തിരക്കഥാകൃത്തായ കലൂർ ഡെന്നീസിന്റെ മകനാണ് ബസൂക്കയുടെ സംവിധായകനും തിരക്കഥാകൃത്തുമായ ഡീനോ ഡെന്നീസ്. ത്രില്ലർ മൂഡിലുള്ള സിനിമ എല്ലാപ്രായക്കാർക്കും ആസ്വദിക്കാനാവുമെന്ന് സംവിധായകൻ പറയുന്നു. ബസൂക്കയുടെ വിശേഷങ്ങളും സിനിമാ പ്രതീക്ഷകളും ഡീനോ ഡെന്നീസ് പങ്കുവെക്കുന്നു.
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘ബസൂക്ക’ ഉടൻ തിയേറ്ററുകളിൽ എത്തുകയാണ്. സിനിമയെക്കുറിച്ചുള്ള പ്രതീക്ഷകൾ എന്തെല്ലാം?
ഏപ്രിൽ പത്തിനാണ് ബസൂക്ക റിലീസ് ചെയ്യുന്നത്. ധാരാളം സമയമെടുത്ത് പൂർത്തിയാക്കിയ സിനിമയാണിത്. അഭിനേതാക്കൾ, സിനിമയിലെ സാങ്കേതികരംഗത്തുള്ളവർ എന്നിങ്ങനെ സിനിമയുടെ എല്ലാ മേഖലയിലുള്ളവരുടെയും ഒരുപാട് നാളത്തെ പരിശ്രമമാണ് ഈ സിനിമ. ആ ശ്രമം ഫലംകാണുമെന്ന് പ്രതീക്ഷിക്കുന്നു.
ആദ്യ സിനിമ മമ്മൂക്കയെവെച്ച് ചെയ്യണമെന്ന ആഗ്രഹം തുടക്കത്തിലേ ഉണ്ടായിരുന്നോ? എങ്ങനെയാണ് മമ്മൂക്ക സിനിമയിലെത്തുന്നത്
യുവനടന്മാരെവെച്ച് സിനിമചെയ്യാം എന്നാണ് ആദ്യം വിചാരിച്ചിരുന്നത്. രണ്ടുമൂന്ന് അഭിനേതാക്കളെ കാണാനായി ശ്രമിച്ചിരുന്നു. എന്നാൽ, ഒരിക്കൽ മമ്മൂക്കയോട് കഥപറയാനുള്ള അവസരം ലഭിച്ചു. പിന്നീടാലോചിച്ചപ്പോൾ ആ കഥാപാത്രം ചെയ്യാൻ മലയാളസിനിമയിൽ ഏറ്റവുംകൂടുതൽ അനുയോജ്യം മമ്മൂക്കയായി തോന്നി. അങ്ങനെ മമ്മൂക്കയോട് കഥപറഞ്ഞു. ആവശ്യത്തിന് സമയമെടുത്തുകൊണ്ട് സ്‌ക്രിപ്റ്റ് തയ്യാറാക്കിയാൽമതിയെന്ന് മമ്മൂക്ക പറഞ്ഞിരുന്നു. 2023-ലാണ് സിനിമയുടെ ഷൂട്ടിങ് തുടങ്ങുന്നത്. ഏകദേശം മൂന്നുവർഷമെടുത്തായിരുന്നു തിരക്കഥ പൂർത്തിയാക്കുന്നത്. തിരക്കഥയെഴുതാൻ അത്രയുംസമയം ആവശ്യവുമായിരുന്നു.
മമ്മൂക്കയിലേക്ക് എത്തുക ശ്രമകരമായിരുന്നോ? തിരക്കഥ പറയുമ്പോഴുണ്ടായ അനുഭവം പറയാമോ
മമ്മൂക്കയോട് കഥ പറയാനായി ഒരുപാട് ശ്രമങ്ങൾ നടത്തിയിരുന്നു. പിന്നീട് കഥപറയാൻ അവസരം കിട്ടി. ഒരു അഞ്ചുമിനിറ്റിൽ കഥ പറയാൻ മമ്മൂക്ക പറഞ്ഞു. അഞ്ചുമിനിറ്റിൽ ഈ കഥ പറയാൻ കഴിയില്ല, കുറഞ്ഞ സമയംകൊണ്ട് കഥ മനസ്സിലാവണമെന്നില്ല, തിരക്കഥ മുഴുവൻ പറഞ്ഞാലേമനസ്സിലാവുകയുള്ളൂ, പിന്നീട് കഥപറയാം, എന്നു ഞാൻ പറഞ്ഞു. അതോടെ കഥ മുഴുവനും പറയാൻ മമ്മൂക്ക പറഞ്ഞു. സിനിമയുടെ ആദ്യപകുതിവരെ, ഏകദേശം ഒരുമണിക്കൂർ മമ്മൂക്ക കഥ കേട്ടു. ചെറിയ ഇടവേളയ്ക്കുശേഷം ബാക്കികൂടെ പറഞ്ഞു. രണ്ടരമണിക്കൂർ നീണ്ട ചർച്ചയായിരുന്നു.
തിരക്കഥാകൃത്തായി കഥ പറയാൻപോയ ആൾ സംവിധായകനായതെങ്ങനെ?
സിനിമയിലെത്തണം, തിരക്കഥാകൃത്ത് ആവണം എന്ന ആഗ്രഹവുമായി നടക്കുകയാണ്. സംവിധാനം ചെയ്യുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുപോലുമില്ല. മമ്മൂക്കയെവെച്ച് ഇത്തരത്തിലൊരു വിഷയം സംവിധാനം ചെയ്യുക എന്നത് തുടക്കക്കാരനെന്ന നിലയിൽ വലിയ ബുദ്ധിമുട്ടുള്ളതാണ്. ചിന്തിക്കാൻപോലും പറ്റാത്ത കാര്യമായിരുന്നു. മമ്മൂക്കയോട് കഥപറഞ്ഞശേഷം സംവിധായകൻ ആരെന്ന് ചോദ്യത്തിന് ഒന്നുരണ്ടുപേരുകൾ ഞാൻ പറഞ്ഞു. ആയിട്ടില്ല, പിന്നീട് തീരുമാനിക്കാം എന്നാണ് മമ്മൂക്ക പറഞ്ഞത്. പിന്നീട് ഒരുദിവസം മമ്മൂക്ക എന്നെ വിളിച്ച് എന്നോടുതന്നെ സിനിമ സംവിധാനം ചെയ്യാൻ പറഞ്ഞു. എന്റെ അച്ഛനോടും ഇക്കാര്യംപറഞ്ഞു. എനിക്കത് വലിയ ടെൻഷനായി. പ്രോജക്ട് നടക്കില്ലേ എന്ന ആശങ്കയായിരുന്നു. വേണ്ട, ആദ്യം ഞാൻ സ്ക്രിപ്റ്റ് ചെയ്തോളാം. സംവിധാനം പിന്നീട് ചെയ്യാമെന്ന് പറഞ്ഞപ്പോൾ, നീതന്നെ ചെയ്താൽമതി. നീ ചെയ്യുന്നതാണ് കൂടുതൽ നല്ലതെന്ന് മമ്മൂക്ക പറഞ്ഞു. പിന്നീട് ഒരുപാട് ചർച്ചകൾക്കുശേഷം സംവിധാനം ചെയ്യാൻ തീരുമാനിച്ചു. അതിൽ കൂടുതൽ വർക്കുചെയ്യാൻ തുടങ്ങി.
എന്തെല്ലാമായിരുന്നു സംവിധായകനാവാനുള്ള തയ്യാറെടുപ്പുകൾ?
തിരക്കഥ ഒരുക്കിയത് ഞാൻതന്നെ ആയതിനാൽ സിനിമയിലെ രംഗങ്ങളും സ്ക്രീൻപ്ലേയും മറ്റും കൃത്യമായി മനസ്സിലുണ്ടായിരുന്നു. അതിനാൽ ഒാരോ ഷോട്ടും എങ്ങനെ ചിത്രീകരിക്കണം എന്നതിൽ കൂടുതൽ ശ്രദ്ധിച്ചു. ഓരോ രംഗങ്ങളും ഷോട്ടുകളും എങ്ങനെ ചിത്രീകരിക്കണമെന്നതിനെക്കുറിച്ച് ധാരണയുണ്ടാക്കി. അതായിരുന്നു ആദ്യത്തെ തയ്യാറെടുപ്പ്. സിനിമയുടെ സാങ്കേതികതയിലേക്ക് കൂടുതൽ ശ്രദ്ധിച്ചത് ഛായാഗ്രാഹകൻ നിമിഷ് രവി വരുമ്പോഴാണ്. നിമിഷുമായി ഒരുപാട് ചർച്ച നടത്തി. ഓരോ രംഗവും എങ്ങനെ ചെയ്യാം, അതിന്റെ ആർട്ട് വർക്കുകൾ, ലുക്ക് ബുക്കുകൾ തുടങ്ങിയവ എഐയുടെ സഹായത്തോടെ തയ്യാറാക്കി. ഷൂട്ടിങ് തുടങ്ങുന്നതിന് മുൻപുതന്നെ ഒട്ടുമിക്ക കാര്യങ്ങളെക്കുറിച്ചും ധാരണയുണ്ടാക്കി. അത് ഷൂട്ടിന് ഗുണംചെയ്തു. ടെൻഷനുണ്ടെങ്കിലും ഷൂട്ട് ചെയ്യാൻ ആത്മവിശ്വാസം കിട്ടി. എല്ലാത്തിനും കൃത്യമായി പ്ലാനുള്ളതിനാൽ അത് നടപ്പാക്കുന്നതിൽ വലിയ ബുദ്ധിമുട്ടുകൾ ഉണ്ടായില്ല. സിനിമ തുടങ്ങുന്നതിന് മുൻപേ അത്യാവശ്യം സമയം ലഭിച്ചതുകൊണ്ടാണ് എല്ലാം കൃത്യമായി പ്ലാൻചെയ്യാനായത്.
മമ്മൂക്കയ്ക്കൊപ്പം ആദ്യ സിനിമ സംവിധാനം ചെയ്യുമ്പോഴുണ്ടായ അനുഭവങ്ങൾ പങ്കുവെക്കാമോ?
ആദ്യ പ്രോജക്ടായതുകൊണ്ടുതന്നെ മമ്മൂക്കയുടെ ആദ്യ രംഗം ഷൂട്ട് ചെയ്യുന്നതുവരെ എന്താകുമെന്നതിനെക്കുറിച്ച് വലിയ ടെൻഷനായിരുന്നു. മമ്മൂക്കയെ അധികം ബുദ്ധിമുട്ടിക്കാതെ സ്വസ്ഥമായി ഷൂട്ട് ചെയ്യുക എന്നായിരുന്നു ആഗ്രഹം. ആദ്യ രംഗം ഷൂട്ട് ചെയ്തുകഴിഞ്ഞപ്പോൾ ഒരുപാട് സന്തോഷംതോന്നി. മമ്മൂക്കയ്ക്ക് ഒറ്റ ടേക്കിൽത്തന്നെ ഓക്കെയാവുന്നതും പെട്ടെന്ന് രംഗങ്ങളെല്ലാം ഷൂട്ട് ചെയ്യാനാവുന്നതും എനിക്ക് വലിയ സംതൃപ്തി നൽകി.
അച്ഛൻ ലെജൻഡറി തിരക്കഥാകൃത്ത്, സിനിമകളും തിരക്കഥകളും ചർച്ചയായിരുന്ന കുട്ടിക്കാലം, സിനിമ പണ്ടുമുതൽേക്ക ഉള്ളിലുണ്ടായിരുന്നോ? സിനിമാസ്വപ്നങ്ങളിലേക്കുള്ള യാത്ര
എന്റെ കുട്ടിക്കാലത്തായിരുന്നു പപ്പ ഏറ്റവുംകൂടുതൽ സിനിമകൾക്ക് തിരക്കഥയെഴുതിയത്. പപ്പയുടെ കരിയറിന്റെ പീക്ക് ടൈം. തുടർച്ചയായി ഓരോ പ്രോജക്ടുകൾ. പപ്പയ്ക്കൊപ്പം ജോലിസ്ഥലങ്ങളിൽ ഞാനും പോകാറുണ്ടായിരുന്നു. സംവിധായകരെയും സാങ്കേതികവിഭാഗത്തിലുള്ളവരെയും കണ്ടിരുന്നു. വീട്ടിലും ഒരുപാടുപേർ കാണാൻ വരാറുണ്ടായിരുന്നു. വീട്ടിലെ ചർച്ചകളിലെല്ലാം സിനിമയുമുണ്ടായിരുന്നു. ചെറുപ്പംമുതൽക്കെ കാണുന്നതും കേൾക്കുന്നതും സിനിമയാണ്. മുൻപും ഞാൻ ചെറിയ കഥകളൊക്കെ തയ്യാറാക്കാറുണ്ടായിരുന്നു.
തിരക്കഥ കേട്ട് അച്ഛൻ അഭിപ്രായം പറഞ്ഞോ? ഈ സിനിമയിൽ അച്ഛൻ നൽകിയ പ്രോത്സാഹനം...
ബസൂക്കയുടെ കഥ ആദ്യം ചർച്ചചെയ്യുന്നത് പപ്പയുമായാണ്. പപ്പയാണ് കഥയെ കൂടുതൽ വികസിപ്പിക്കാൻ പറയുന്നത്. തിരക്കഥയെക്കുറിച്ചുള്ള അടിസ്ഥാനകാര്യങ്ങളെല്ലാം പപ്പയോട് ചോദിച്ചുമനസ്സിലാക്കി. എന്റെ സുഹൃത്തുക്കൾക്കൊപ്പം ചർച്ചചെയ്താണ് ഞാൻ തിരക്കഥയെഴുതിയത്. എഴുതി പൂർത്തിയാക്കിയശേഷം പപ്പയെ കാണിച്ചു. ഓരോ രംഗവും പപ്പ വായിച്ചുനോക്കും. ഞാനുമായി ചർച്ചചെയ്യും. ചില കാര്യങ്ങളിൽ അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടായിരുന്നു. അങ്ങോട്ടുമിങ്ങോട്ടും ക്രിയാത്മകമായ അഭിപ്രായങ്ങൾ പറഞ്ഞുകൊണ്ടാണ് തിരക്കഥ പൂർത്തിയാക്കുന്നത്. തിരക്കഥയാണ് ഒരു സിനിമയുടെ ഏറ്റവും വലിയ ഘടകമെന്ന് പപ്പ പറയാറുണ്ടായിരുന്നു. സിനിമയുടെ ദൈർഘ്യത്തെക്കുറിച്ചും പപ്പ ഉപദേശിച്ചിരുന്നു. തുടക്കത്തിൽ ഞാൻ ഒരുപാട് ദൈർഘ്യംകൂട്ടി എഴുതാറുണ്ടായിരുന്നു. ‘സിനിമയുടെ ദൈർഘ്യം കൂടിക്കഴിഞ്ഞാൽ അത് സിനിമയെ വല്ലാതെ ബാധിക്കും. ആളുകൾക്ക് ബോറടിക്കും. രംഗങ്ങളുടെ ദൈർഘ്യത്തിലും ശ്രദ്ധവേണം. സിനിമയുടെ ദൈർഘ്യവും മീറ്ററും മനസ്സിൽകണ്ടുവേണം എഴുതാൻ’ എന്ന് പപ്പ പറഞ്ഞുതന്നു. സിനിമ ചെയ്യാൻ തുടങ്ങിയതോടെ പപ്പ പറഞ്ഞത് ശരിയായിരുെന്നന്ന് തിരിച്ചറിഞ്ഞു.
ട്രെയിലർ ഇറങ്ങിയ ഉടനെ ലക്ഷങ്ങളാണ് കാഴ്ചക്കാർ. പ്രേക്ഷകർ ട്രെയിലർ ഏറ്റെടുത്തതിനെക്കുറിച്ച്
പ്രേക്ഷകർ സ്വീകരിച്ചതിൽ വലിയ സന്തോഷമുണ്ട്. അതേസമയം, സിനിമയ്ക്ക് ഉത്തരവാദിത്വങ്ങളും കൂടുകയാണ്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറക്കിയപ്പോൾത്തന്നെ അത് വൈറലായിരുന്നു. മമ്മൂക്കയുടെ സ്റ്റൈലും ലുക്കും ചർച്ചയായിരുന്നു. പിന്നീട് സിനിമയുടെ ടീസർ ഇറക്കിയപ്പോഴും പ്രേക്ഷകരിൽനിന്ന് വലിയ പ്രതികരണമുണ്ടായിരുന്നു. അവധിക്കാലത്താണ് റിലീസ്. എല്ലാവരും തിയേറ്ററിൽപോയി സിനിമ കാണുന്ന സമയം. അതുകൊണ്ടുതന്നെ വലിയ ഉത്തരവാദിത്വമുണ്ട്. സിനിമയെപ്പറ്റി കൂടുതൽ സംസാരിച്ച് ഹൈപ്പ് ഉണ്ടാക്കണമെന്നില്ല. സാധാരണരീതിയിൽ ആളുകൾ സിനിമ കാണണം എന്നാണ് ആഗ്രഹം.
ബസൂക്ക ഒരു ഗെയ്മിങ് ത്രില്ലർ സിനിമയാണെന്ന് കേട്ടിരുന്നു. മലയാള സിനിമയിൽ അത്രയധികം പരിചിതമല്ലാത്തതരം സിനിമ. എന്താണ് സിനിമയുടെ പ്രമേയം?
ത്രില്ലർ മൂഡിൽ മുന്നോട്ടുപോകുന്ന കൊമേഴ്‌സ്യൽ സിനിമയാണിത്. എല്ലാ പ്രായക്കാർക്കും കണ്ട് ആസ്വദിക്കാവുന്നവിധമാണ് സിനിമയെടുത്തിരിക്കുന്നത്. മലയാള സിനിമയിൽ ആർക്കും പരിചയമില്ലയെന്ന് പറയാനാവില്ല. എങ്കിലും ചില ഫ്രഷ് എലമെന്റുകൾ കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്.
സിനിമയിൽ മമ്മൂക്കയുടെ സ്വാഗ് ലുക്കിനെക്കുറിച്ച് ആരാധകർക്കിടയിൽ വലിയ ചർച്ചകൾ നടക്കുന്നല്ലോ...
മമ്മൂക്കയുടെ ലുക്ക് എങ്ങനെയാവണമെന്ന് കൃത്യമായ പ്ലാൻ ഉണ്ടായിരുന്നു. വളരെ മുൻപുതന്നെ അതേക്കുറിച്ച് ചിന്തിച്ചു. ഹെയർ സ്റ്റൈൽ, കോസ്റ്റ്യൂം എന്നിവയിൽ എന്തെല്ലാം പുതുമകൾ കൊണ്ടുവരാമെന്ന് ആലോചിച്ചു. കോസ്റ്റ്യൂം ഡിസൈനറുമായി ചർച്ച ചെയ്ത് മമ്മൂക്കയ്ക്ക് പ്രത്യേകം ലുക്കുണ്ടാക്കാൻ തീരുമാനിച്ചു. ഞാൻ ആ സമയം മുടിനീട്ടി വളർത്തി പോണി ടെയിൽ കെട്ടാറുണ്ടായിരുന്നു. മമ്മൂക്കയ്ക്കും അതേ ലുക്ക് നൽകുകയാണെങ്കിൽ നല്ലതാവുമെന്ന് തോന്നി.
Content Highlights: Mammootty's caller movie bazooka manager deeno dennis interview
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·