രവികുമാറിന്റെ കൂടി ഓർമ്മയാണ് ഗോപന് ആ പാട്ട്

9 months ago 7

കാതുകൾക്ക് മുകളിലൂടെ അലസമായി ഒഴുകിക്കിടക്കുന്ന മുടി, വലിയ കോളറുള്ള ഷർട്ട്, കാറ്റിലിളകുന്ന ബെൽബോട്ടം പാന്റ്സ്, പോളിഷ് ചെയ്ത് മിനുക്കിയ ഹൈഹീൽഡ് ഷൂ, വലംകയ്യിൽ ക്വാർട്സ് വാച്ച്; പശ്ചാത്തലത്തിൽ മൈസൂരുവിലെ ലളിതമഹൽ കൊട്ടാരത്തിന്റെ ഗതകാലപ്രൗഢി.

എൺപതുകൾ പുനർജ്ജനിക്കുകയാണ് വെള്ളിത്തിരയിൽ; സുന്ദരനും സുസ്മേരവദനനുമായ രവികുമാറിലൂടെ. ഈ ഗാനരംഗമില്ലെങ്കിൽ വിജയാനന്ദ് സംവിധാനം ചെയ്ത 'ശക്തി' (1980) എത്ര അപൂർണ്ണം! 'മിഴിയിലെന്നും നീ ചൂടും നാണം, കള്ളനാണം...'. സീമയുടെ കാതുകളിൽ പ്രണയലോലനായി മന്ത്രിക്കുന്നു കാമുകനായ രവികുമാർ.

ഗാനമെഴുതിയ ബിച്ചു തിരുമലയും ഈണമിട്ട കെ.ജെ. ജോയിയും നേരത്തെ യാത്രയായി. ഇപ്പോഴിതാ പാടി അഭിനയിച്ച രവികുമാറും. എസ്. ജാനകിയോടൊപ്പം ആ പാട്ടിന് ശബ്ദം പകർന്ന എറണാകുളം ഗോപൻ എന്ന ഗോപകുമാറിന് ഏകാന്തത അനുഭവപ്പെടുന്നത് സ്വാഭാവികം. വിശ്വസിക്കാനാകുന്നില്ല രവികുമാർ യാത്രയായി എന്ന്, ​ഗോപൻ പറയുന്നു. 'അടുത്ത സുഹൃത്തുക്കളായിരുന്നു ഞങ്ങൾ. ശക്തിയുടെ ഷൂട്ടിംഗ് വേളയിൽ നിർമ്മാതാവ് രഘുകുമാറിന്റെ ചെന്നൈ ഓഫീസിൽ വെച്ച് പതിവായി കണ്ടുമുട്ടാറുണ്ടായിരുന്നു. അന്നത്തെ തിരക്കേറിയ നായകരിലൊരാൾ. പക്ഷേ ആ ഭാവമൊന്നും പെരുമാറ്റത്തിൽ കാണിച്ചിട്ടില്ല. സംഗീതവും സൗഹൃദങ്ങളുമൊക്കെ ഇഷ്ടപ്പെടുന്ന ഒരാളായിരുന്നു.'

സിനിമയിൽ അധികം പാട്ടുകളൊന്നും പാടിയിട്ടില്ല വൈറ്റില സ്വദേശി ഗോപൻ. സംഗീതസംവിധായകൻ കൂടിയായ ഈ ഗായകനെ മലയാളികൾ ഇന്നും ഓർക്കുന്നത് 'മിഴിയിലെന്നും' എന്ന ഒരൊറ്റ പാട്ടിന്റെ പേരിലാകും. സിനിമയിൽ നിന്ന് ഗോപനും ഗോപനിൽ നിന്ന് സിനിമയും അകന്നിട്ട് വർഷങ്ങൾ ഏറെയായല്ലോ. 'ശക്തി റിലീസ് ചെയ്ത ദിവസം എറണാകുളത്തെ തിയേറ്ററിൽ ചെന്ന് കണ്ടത് രവികുമാറിനൊപ്പമാണ്.' ഗോപന്റെ ഓർമ്മ. 'പ്രൊഡ്യൂസർ രാജൻ പ്രകാശും ഉണ്ടായിരുന്നു കൂടെ. സിനിമയിൽ നമ്മൾ പാടിയ ആദ്യത്തെ പാട്ട് സ്‌ക്രീനിൽ ചിത്രീകരിച്ചുകാണുകയല്ലേ? അതും പാടി അഭിനയിച്ച ആൾക്കൊപ്പം. ആ ആദ്യകാഴ്ചയുടെ ത്രിൽ ഒന്നു വേറെയായിരുന്നു...'

ചെന്നൈ വിട്ട ശേഷവും രവികുമാറുമായുള്ള സൗഹൃദം തുടർന്നു ഗോപൻ, പരസ്പരമുള്ള കൂടിക്കാഴ്ച്ചകൾ കുറവായിരുന്നെങ്കിലും. 'അനായാസമായ അഭിനയശൈലി ആയിരുന്നു അദ്ദേഹത്തിന്റേത്; പ്രത്യേകിച്ച് ഗാനരംഗങ്ങളിൽ. മിഴിയിലെന്നും എന്ന പാട്ടിന്റെ രംഗത്തും അത് പ്രകടമാണ്. എന്റെ ജീവിതത്തിലെ മറക്കാനാവാത്ത ഒരു കാലഘട്ടത്തിന്റെ ഭാഗമായിരുന്നു രവികുമാർ. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ വിയോഗം വേദനാജനകം.'

പിന്നണി സംഗീതത്തിലേക്കുള്ള ഗോപന്റെ കടന്നുവരവ് യാദൃച്ഛികമായിരുന്നു എന്ന് പറഞ്ഞുകൂടാ. ആർക്കാണ് സ്വന്തം ശബ്ദം സിനിമയിൽ ഒരിക്കലെങ്കിലും കേൾപ്പിക്കാൻ മോഹമില്ലാത്തത്. എങ്കിലും അന്നത് അത്ര എളുപ്പമല്ല. അമ്മ വഴിയാണ് തനിക്ക് സംഗീതപ്രേമം പകർന്നുകിട്ടിയത് എന്ന് പറയും ഗോപൻ. അച്ഛന് ബിസിനസ്സായിരുന്നു. എം.ജി. റോഡിൽ എറണാകുളം റേഡിയോ കമ്പനി എന്നൊരു കട നടത്തിയിരുന്നു അദ്ദേഹം. തൃശൂരും കോഴിക്കോട്ടുമൊക്കെ ശാഖകളുണ്ടായിരുന്ന സ്ഥാപനം. മകൻ തന്റെ വഴി പിന്തുടരണമെന്നാണ് സ്വാഭാവികമായും അച്ഛൻ ആഗ്രഹിച്ചത്. എങ്കിലും ഗോപന്റെ സംഗീതമോഹങ്ങൾക്ക് എതിരുനിന്നില്ല അദ്ദേഹം. പതിനാറാം വയസ്സ് മുതൽ പാട്ട് പഠിച്ചുതുടങ്ങുന്നു ഗോപൻ. എം.ആർ. സുബ്രഹ്മണ്യൻ ആയിരുന്നു ആദ്യഗുരു. പിന്നെ എം.ആർ. ശിവരാമൻ ഭാഗവതർ, ഓച്ചിറ ബാലകൃഷ്ണൻ എന്നിവർ. അതിനിടെ ഡൽഹി സർവകലാശാലയിൽ നിന്ന് ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ ബിരുദം നേടിയെങ്കിലും ഗോപന്റെ മനസ്സ് സംഗീതത്തിൽ തന്നെയായിരുന്നു. ചെന്നൈയിലെ അഡയാർ മ്യൂസിക് കോളേജിൽ സംഗീതവിദ്വാൻ കോഴ്‌സിന് ചേരുന്നത് അങ്ങനെയാണ്.

അതിനും വർഷങ്ങൾക്ക് മുൻപുതന്നെ കൊച്ചിൻ കലാഭവനുവേണ്ടി ഗാനമേളകളിൽ പാടിത്തുടങ്ങിയിരുന്നു ഗോപൻ. '1968 - 69 കാലത്ത് ആബേലച്ചൻ കലാഭവൻ തുടങ്ങുമ്പോൾ ഞങ്ങൾ മൂന്നു പേരായിരുന്നു മുഖ്യ ഗായകർ - കൊച്ചിൻ ഇബ്രാഹിം, ജോളി എബ്രഹാം..പിന്നെ ഞാനും. സ്ത്രീശബ്ദത്തിലുള്ള പാട്ടുകൾ പാടാൻ സുന്ദരി എന്നൊരു ഗായികയും ഉണ്ടായിരുന്നു. ഹിന്ദി പാട്ടുകൾ ഇബ്രാഹിം പാടും. ഞാനും ജോളിയും മലയാളത്തിലെ ഹിറ്റ് പാട്ടുകളും. കാട്ടിലെ പാഴ്മുളം തണ്ടിൽ നിന്നും, ഹൃദയസരസ്സിലെ തുടങ്ങിയ സെമി ക്‌ളാസിക്കൽ പാട്ടുകൾ ഞാനാണ് പാടുക. ഇന്നത്തെപോലെ അല്ല. കസേരമേൽ ഇരുന്നു വേണം പാടാൻ. ഷുവർ മൈക്ക് എന്നറിയപ്പെട്ടിരുന്ന വലുപ്പമുള്ള മൈക്കാണ് ഗാനമേളക്കാർ ഉപയോഗിച്ചിരുന്നത്. അതു കഴിഞ്ഞു പാട്ടുകാർ നിന്നുപാടുന്ന കാലം വന്നു. കോർഡ്‌ലെസ്സ് മൈക്കുകളും.എല്ലാ മാറ്റങ്ങൾക്കും സാക്ഷിയാകാൻ കഴിഞ്ഞു എന്നത് എന്റെ ഭാഗ്യം.''

അഡയാർ കോളേജിൽ പഠിക്കുമ്പോഴാണ് ഗോപൻ ഭദ്രനെ പരിചയപ്പെടുന്നത്. അന്ന് സഹസംവിധായകനാണ് ഭദ്രൻ. സിനിമയിൽ ഭാഗ്യം തേടിയെത്തുന്നവരുടെ ആവാസകേന്ദ്രമായിരുന്ന ആർ.കെ. ലോഡ്ജിൽ ഒരു മുറി തരപ്പെടുത്തിക്കൊടുത്തതും ഭദ്രൻ തന്നെ. താമസിയാതെ സിനിമാരംഗത്തെ പലരുടെയും സൗഹൃദവലയത്തിൽ ഗോപൻ ഇടം നേടി. പാട്ട് ആസ്വദിക്കാൻ മാത്രമല്ല പാട്ടിനെക്കുറിച്ചു വാതോരാതെ സംസാരിക്കാനും ഇഷ്ടമുള്ളവർ. രഘുകുമാർ ആയിരുന്നു അവരിലൊരാൾ. നല്ലൊരു തബലിസ്റ്റും സിത്താറിസ്റ്റുമായിരുന്ന രഘുവേട്ടനൊപ്പം ധാരാളം സ്വകാര്യ മെഹ്ഫിലുകളിൽ പങ്കെടുത്തിട്ടുണ്ട് അക്കാലത്ത്. ജയനെയും രവികുമാറിനെയും നായകരാക്കി 1980 ൽ 'ശക്തി'' നിർമ്മിക്കാൻ തീരുമാനിച്ചപ്പോൾ രഘു സുഹൃത്തായ യുവഗായകനെ ഓർത്തു. പിന്നണി ഗാനലോകത്തേക്ക് വഴിതുറന്നത് ആ സൗഹൃദമാണ്.

റെക്കോഡിങ്ങിനിടെ കെ.ജെ.ജോയ്, ബിച്ചു തിരുമല എന്നിവർക്കൊപ്പം ഗോപൻ

സിനിമയിലെ ആദ്യഗാനം പാടേണ്ടത് ഇഷ്ടഗായിക എസ്. ജാനകിക്കൊപ്പമാണ് എന്നറിഞ്ഞപ്പോൾ തോന്നിയ ആഹ്ളാദത്തിന് അതിരില്ല. 'ചെന്നൈ തരംഗിണി സ്റ്റുഡിയോയിൽ പാടാൻ ചെന്നപ്പോഴായിരുന്നു ജാനകിയമ്മയുമായുള്ള ആദ്യ കൂടിക്കാഴ്ച. ആരാധനയോടെ അവരെ നോക്കിനിന്നു കുറേ നേരം. എത്രയെത്ര സുന്ദരഗാനങ്ങളാണെന്നോ ആ നിമിഷം മനസ്സിലേക്ക് ഒഴുകിയെത്തിയത്. കാലത്തിന് തൊടാൻ പോലുമാകാത്ത പാട്ടുകൾ.''പാടേണ്ടത് ജാനകിക്കൊപ്പമാണ് എന്ന അത്ഭുതസത്യം ഉൾക്കൊള്ളാൻ മനസ്സ് പാകപ്പെടുത്തുകയായിരുന്നു ഗോപൻ. സ്റ്റുഡിയോയിൽ ഇരുന്നുതന്നെയാണ് കെ.ജെ. ജോയ് ഇരുവരെയും പാട്ട് പഠിപ്പിച്ചത്, ഹാർമോണിയം വായിച്ചു കൊണ്ട്. രണ്ടുതവണയേ പാട്ട് റിഹേഴ്‌സ് ചെയ്യേണ്ടി വന്നുള്ളൂ. മൂന്നാമത്തെ ടേക്കിൽ പാട്ട് ഓക്കേ. നേരിട്ട് പാടി റെക്കോഡ് ചെയ്യുന്ന കാലമാണ്. ട്രാക്ക് സമ്പ്രദായം ഇല്ല. പാടി പുറത്തുവന്നപ്പോൾ ആദ്യം അഭിനന്ദിച്ചയാളെ മറന്നിട്ടില്ല ഗോപൻ- രാമപ്രസാദ്. എസ് ജാനകിയുടെ ഭർത്താവ്. 'ബുദ്ധിമുട്ടുള്ള പാട്ടാണെങ്കിലും അസ്സലായി പാടി എന്ന് അദ്ദേഹം പറഞ്ഞുകേട്ടപ്പോൾ സന്തോഷം തോന്നി'.

'ശക്തി''യിൽ തന്നെ മറ്റൊരു പാട്ടിൽ കൂടി പങ്കാളിയായി ഗോപൻ. 'മീശ മുളച്ചപ്പോൾ'' എന്ന തമാശപ്പാട്ട് യേശുദാസ്, ചന്ദ്രമോഹൻ, ഗണേഷ് തുടങ്ങിയവർക്കൊപ്പമാണ് പാടിയത്. ആ സിനിമയുമായി ബന്ധപ്പെട്ട മറ്റൊരു നല്ല ഓർമ്മ ദാസേട്ടൻ 'എവിടെയോ കളഞ്ഞുപോയ കൗമാരം'' എന്ന പാട്ട് പാടി റെക്കോഡ് ചെയ്യുന്നതിന് സാക്ഷ്യം വഹിച്ചതാണ്. ലളിതസുന്ദരമായ ഒരു ഗസലിന്റെ ശൈലിയിൽ ജോയ് ചിട്ടപ്പെടുത്തിയ ആ ഗാനം അനായാസമായി പാടി യേശുദാസ്. 'ശക്തി''യിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട പാട്ടുകളായിരുന്നു എവിടെയോ കളഞ്ഞുപോയ കൗമാരവും മിഴിയിലെങ്ങും നീ ചൂടും നാണവും. 'എന്റെ പാട്ട് ഹിറ്റായെങ്കിലും കൂടുതൽ അവസരങ്ങളൊന്നും തേടിവന്നില്ല. അങ്ങോട്ട് തേടിപ്പോകുന്ന ശീലം എനിക്കും ഉണ്ടായിരുന്നില്ല. പിന്നീട് പാടിയത് ഇളയരാജ സംഗീതം നൽകിയ രണ്ടു തമിഴ് മൊഴിമാറ്റ ചിത്രങ്ങൾക്കാണ്. ഒടുവിൽ പാടിയത്`കൊച്ചുതെമ്മാടി ''യിലും. പി ഭാസ്കരൻ -ദേവരാജൻ ടീമിന്റെ എന്നാലിനിയൊരു കഥ ചൊല്ലാം'' എന്ന ഗാനത്തിൽ മാധുരി, ബ്രഹ്മാനന്ദൻ, ഷെറിൻ പീറ്റേഴ്‌സ്, ലത തുടങ്ങിയവരും ഉണ്ടായിരുന്നു സഹഗായകനായി.

ഇടയ്ക്ക് സംഗീതസംവിധാനത്തിലും ഭാഗ്യപരീക്ഷണം നടത്തി ഗോപൻ. ആലപ്പി അഷ്‌റഫ് സംവിധാനം ചെയ്ത വനിതാപോലീസിലായിരുന്നു (1984) അരങ്ങേറ്റം. മധു ആലപ്പുഴ എഴുതിയ രണ്ടു പാട്ടുകൾ യേശുദാസും ചിത്രയും പാടിയെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല. ഗോപനിലെ സംഗീത സംവിധായകന് സ്വന്തം പ്രതിഭ തെളിയിക്കാനുള്ള അവസരം ലഭിച്ചത് മൂന്ന് വർഷം കഴിഞ്ഞ് ഉണ്ണി ആറന്മുളയുടെ സംവിധാനത്തിൽ പുറത്തുവന്ന 'സ്വർഗ്ഗം'' എന്ന ചിത്രത്തിലാണ്. ഉണ്ണി തന്നെ എഴുതി ഗോപന്റെ ഈണത്തിൽ യേശുദാസ് പാടിയ ഏഴു നിറങ്ങളിൽ ഏതു നിറം ഏഴു സ്വരങ്ങളിൽ ഏതു സ്വരം'' എന്ന ഗാനം ഇന്നുമുണ്ട് ഓർമ്മയിൽ.

സിനിമയുമായുള്ള ബന്ധം ഉപേക്ഷിച്ച് കുടുംബ ബിസിനസ്സിൽ ശ്രദ്ധ കേന്ദ്രീകരിച്ച ഗോപൻ സംഗീതവേദികളിൽ അപൂർവമായേ പിന്നീട് പ്രത്യക്ഷപ്പെട്ടുള്ളൂ. 'സിനിമ ഒരു പ്രത്യേക ലോകമാണ്. എല്ലാം ക്ഷണികമാണവിടെ. കഴിവ് മാത്രം പോരാ ഭാഗ്യം കൂടി വേണം പിടിച്ചുനിൽക്കാൻ. എങ്കിലും ഒരു സത്യമുണ്ട്. ഗായകരും സംഗീതസംവിധായകരും ഗാനരചയിതാക്കളുമെല്ലാം വിസ്മൃതരായാലും അവരുടെ മികച്ച സൃഷ്ടികൾ കാലത്തെ അതിജീവിക്കും.' അത്തരമൊരു സൃഷ്ടിക്ക് ശബ്ദം പകരാൻ തന്നെ തിരഞ്ഞെടുത്തതിൽ ഈശ്വരന് നന്ദി പറയുന്നു ഗോപൻ. 'ഞാനും നിങ്ങളുമൊക്കെ ഓർമ്മയായാലും ആ പാട്ട് ആരുടെയെങ്കിലുമൊക്കെ മനസ്സിൽ കാണുമല്ലോ ...''!

Content Highlights: vocalist gopan remenbers mizhiyilennum nee choodum naanam opus and histrion ravikumar

ABOUT THE AUTHOR

ഗ്രന്ഥകർത്താവ്,മാതൃഭൂമി സീനിയർ കണ്ടന്റ് സ്പെഷ്യലിസ്റ്റ്, ക്ലബ് എഫ്.എം. മുൻ മ്യൂസിക്ക് ഹെഡ്

More from this author

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article