'രാജേഷ് ഐസിയുവിൽ തുടരുന്നു, ദീർഘമായ ചികിത്സവേണ്ടിവന്നേക്കാം; നമ്മുടെ കാത്തിരിപ്പിന് അർഥമുണ്ടാവും'

4 months ago 6

rajesh kesav

രാജേഷ് കേശവ്‌ | Photo: Rajesh Keshav

പരിപാടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയില്‍ കഴിയുന്ന നടനും അവതാരകനുമായ രാജേഷ് കേശവിന്റെ ആരോഗ്യവിവരങ്ങള്‍ പങ്കുവെച്ച് സുഹൃത്ത്. രാജേഷ് ഇപ്പോഴും ഐസിയുവില്‍ തുടരുകയാണെന്ന് ചലച്ചിത്ര പ്രവര്‍ത്തകനായ പ്രതാപ് ജയലക്ഷ്മി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. രക്തസമ്മര്‍ദവും പള്‍സും സാധാരണഗതിയില്‍ ആണെങ്കിലും ഹൃദയാഘാതത്തെത്തുടര്‍ന്നുണ്ടായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ കൂടുതല്‍ ദീര്‍ഘമായ ചികിത്സ വേണ്ടിവന്നേക്കാമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായി കുറിപ്പില്‍ പറയുന്നു.

'രാജേഷ് ഇപ്പോഴും ഐസിയുവില്‍ തുടരുകയാണ്. ബിപിയും പള്‍സുമൊക്കെ നോര്‍മല്‍ ആണെങ്കിലും ഹൃദയാഘാതത്തെ തുടര്‍ന്നുണ്ടായ അവസ്ഥകള്‍ പരിഹരികരിക്കാന്‍ കൂടുതല്‍ ദീര്‍ഘമായ ചികിത്സ വേണ്ടി വന്നേക്കാമെന്നു ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു. തിരിച്ചുവരവിന്റെ അടയാളങ്ങള്‍ കാണിക്കുന്ന പ്രിയ സുഹൃത്തിനെ അടുത്ത ആഴ്ചയോടെ റൂമിലേക്ക് മാറ്റുന്ന കാര്യവും പരിഗണയിലെന്നു ഡോക്ടര്‍ പറയുന്നു', പ്രതാപ് അറിയിച്ചു.

'രാജേഷിന് നല്ല പരിചരണവും ചികിത്സയും ഉറപ്പുവരുത്തുന്ന കാര്യത്തില്‍ ആശുപത്രി ഡോക്ടമാരുടെ പാനല്‍ രൂപവത്കരിക്കുകയും ചികിത്സയും അതുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും കുടുംബത്തിന് നല്‍കുകയും ചെയ്യുന്നുണ്ട്. എങ്കിലും ന്യൂറോ റീഹാബിലിറ്റേഷന് വിദഗ്ധ ചികിത്സ തേടാന്‍ കേരളത്തിന് പുറത്തുള്ള ഈ മേഖലയിലെ കൂടുതല്‍ പരിചയസമ്പത്തുള്ള ആശുപത്രികളുമായി ഡോക്ടര്‍മാര്‍ ബന്ധപ്പെടുകയും ചെയ്യുന്നുണ്ട്', പ്രതാപ് കുറിച്ചു.

'പക്ഷെ ഇപ്പോഴത്തെ പരിഗണന രാജേഷിന്റെ ഐസിയുവില്‍നിന്ന് റൂമിലേക്ക് മാറ്റി ആരോഗ്യനില സാധാരണനിലയിലാക്കുക എന്നുള്ളതാണ്. അതുകഴിഞ്ഞു മാത്രമേ മറ്റു കാര്യങ്ങള്‍ പരിഗണിക്കുന്നുള്ളു. നല്ല ചികിത്സയും ആത്മാര്‍ഥമായ പ്രാര്‍ഥനയും രാജേഷിന്റെ തിരിച്ചുവരവിനെ ഏറെ സഹായിക്കുമെന്നുറപ്പാണ്. നമ്മുടെ കാത്തിരിപ്പിനു അര്‍ഥമുണ്ടാകും', പ്രതാപ് കൂട്ടിച്ചേര്‍ത്തു.

ദിവസങ്ങള്‍ക്കുമുമ്പാണ് കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ നടന്ന പരിപാടിക്കിടെ രാജേഷ് കുഴഞ്ഞുവീണത്. ഉടന്‍ മരടിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഴഞ്ഞുവീണ ഉടന്‍ ഹൃദയാഘാതമുണ്ടായി. ആശുപത്രിയില്‍ എത്തിച്ച് ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞയാഴ്ച വെന്റിലേറ്ററില്‍നിന്ന് മാറ്റിയിരുന്നു.

Content Highlights: Actor Rajesh Kesav, who collapsed recently, remains successful ICU

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article