
രാജേഷ് കേശവ്, പ്രതാപ് ജയലക്ഷ്മി പങ്കുവെച്ച ചിത്രം | ഫോട്ടോ: Facebook
ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന നടനും അവതാരകനുമായ രാജേഷ് കേശവിനെ വെല്ലൂരിലെ ആശുപത്രിയിലേക്ക് മാറ്റുന്നു. സുഹൃത്തും സഹപ്രവർത്തകനുമായ പ്രതാപ് ജയലക്ഷ്മിയാണ് ഫെയ്സ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ 29 ദിവസങ്ങളായി ചികിത്സയിൽകഴിയുന്ന രാജേഷ് കേശവിനെ എയർ ആംബുലൻസിന്റെ സഹായത്തോടെയാണ് വെല്ലൂരിലേക്കെത്തിക്കുന്നത്. രാജേഷിന്റെ അനുജൻ രൂപേഷും ഭാര്യ സിന്ധുവും ഒപ്പമുണ്ട്. രാജേഷ് പഴയ ആരോഗ്യത്തോടെ എത്രയും വേഗം മടങ്ങിവരും. എല്ലാവരും പ്രാർത്ഥിക്കണമെന്നും പ്രതാപ് അഭ്യർത്ഥിച്ചു.
പ്രതാപ് ജയലക്ഷ്മിയുടെ കുറിപ്പിന്റെ പൂർണരൂപം:
നമ്മുടെ പ്രിയപ്പെട്ട രാജേഷ് ഇന്നൊരു യാത്രയ്ക്ക് തുടക്കമിടുകയാണ്. പല രാജ്യങ്ങളിൽ, ഒരുപാട് സന്തോഷത്തോടെ ഞങ്ങൾ യാത്ര ചെയ്തിട്ടുണ്ട്. പക്ഷേ ഈ യാത്ര കൊച്ചിയിൽ നിന്നും വെല്ലൂർ ഹോസ്പിറ്റലിലേക്കാണ്. രാജേഷിന്റെ അനുജൻ രൂപേഷും ഭാര്യ സിന്ധുവും ഒപ്പമുണ്ട്.
കഴിഞ്ഞ 29 ദിവസങ്ങളായി കൊച്ചിയിലെ ലേക് ഷോർ ഹോസ്പിറ്റലിലെ ഡോക്ടർമാരുടെ ആത്മാർത്ഥമായ ചികിത്സയിലും, രാജേഷിനെ ഒരു സഹോദരനെ പോലെ, മകനെപ്പോലെ 24 മണിക്കൂർ പരിചരിച്ച ദൈവത്തിന്റെ മാലാഖമാരായ സിസ്റ്റർമാരോടും, കൂടെ നിന്നു സഹകരിച്ച മറ്റു ജീവനക്കാരോടും, മാനേജ്മെന്റിനും നന്ദി.
രാജേഷിനെ എത്രയും പെട്ടെന്ന് വെല്ലൂരിൽ എത്തിക്കാൻ എയർ ആംബുലൻസ് ഒരൊറ്റ രാത്രി കൊണ്ട് അറേഞ്ച് ചെയ്ത ചങ്ങാതിക്കൂട്ടത്തിലെ പ്രിയപ്പെട്ട സുഹൃത്തുക്കളെ ഹൃദയത്തോട് ചേർക്കുന്നു. കേന്ദ്രമന്ത്രി ശ്രീ സുരേഷ് ഗോപിയോടും, ശ്രീ SKN ന്നോടും, ശ്രീ യൂസഫലി സാറിനോടും, വേഫയർ ഫിലിംസ് ടീമിനോടും, തോളോട് ചേർന്ന് കാര്യങ്ങൾ ഏകോപിപ്പിക്കുന്ന സ്വരാജിനെയും, ശ്രീനിയെയും, രാജാകൃഷ്ണനെയും, രാജീവ് വാര്യരെയും, പ്രേമിനെയും, ഷെമീംനെ പോലുള്ള ഒരുപാടു സുഹൃത്തുക്കളോടു നന്ദി പറഞ്ഞാൽ കുറഞ്ഞു പോകും. ചങ്കു സുഹൃത്തുക്കളുടെ പേരുകൾ ഇനിയും ഒരുപാടുണ്ട് പറയാൻ...
വെന്റിലേറ്റർ സംവിധാനമടക്കമുള്ള പ്രത്യേക ആംബുലൻസ് ലേക് ഷോറിൽ നിന്നും പുറപ്പെട്ടു, രാജേഷ് വീഴുന്നതിനു മുൻപ് പരിപാടി അവതരിപ്പിച്ച ക്രൗൺ പ്ലാസ ഹോട്ടലും, വൈറ്റിലയും, പാലാരിവട്ടവും കടന്നു വേഗത്തിൽ ഇടപ്പള്ളി എത്തുമ്പോൾ ഇടതു വശത്തായി ലുലു മാളും, മാരിയറ്റും. അവൻ കൊച്ചിയിൽ ഏറ്റവുമധികം ആർപ്പ് വിളിച്ച സ്റ്റേജും, താമസിച്ച ഹോട്ടലും ... പിന്നിടുന്ന വഴികൾ രാജേഷ് അറിഞ്ഞിട്ടുണ്ടാവുമോ?
ആംബുലൻസിന്റ സൈറൺ വിളിയിൽ അവന്റെ ശബ്ദം കുറഞ്ഞുപോയോ എന്നറിയില്ല. ആലുവയും കടന്ന് വേഗത്തിൽ നെടുമ്പാശ്ശേരിയിൽ എത്തി. 15 മിനിറ്റ് കൊണ്ട് പരിശോധനകൾ പൂർത്തിയാക്കി, മരുന്നുകൾ അടക്കമുള്ള ബാഗുകൾ ക്ലിയർ ചെയ്തു. എയർ ആംബുലൻലേക്ക് കയറ്റാനും ICATT യുടെ ക്യാപ്റ്റനും, ഡോക്ടറും അടക്കമുള്ള സംഘം തയ്യാറായി നിൽക്കുന്നു. ഒന്നര മണിക്കൂർ കൊണ്ട് എത്തുമെന്ന് പ്രതീക്ഷയിൽ യാത്ര തുടരുകയാണ്.
വെല്ലൂരിലും കാര്യങ്ങൾ ഏകോപിപ്പിക്കുന്ന കുറച്ചു വലിയ മനുഷ്യരുണ്ട്. അത് പിന്നെയെഴുതാം. രാജേഷിന്റെ ആരോഗ്യ വിവരങ്ങൾ തിരക്കി വിളിക്കുന്ന, മെസ്സേജ് അയക്കുന്നവരോടൊക്കെ സ്‌നേഹം..നന്ദി.. നിങ്ങളുടെ പ്രാർത്ഥന തുടരുക.. രാജേഷ് പഴയ ആവേശത്തോടെ, ആരോഗ്യത്തോടെ എത്രയും വേഗം മടങ്ങി വരും..പ്രാർത്ഥിക്കുക... കാത്തിരിക്കുക..
Content Highlights: TV anchor Rajesh Keshav, hospitalized successful Kochi aft a bosom attack, is being transferred to Vellore
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·