.jpg?%24p=890fff7&f=16x10&w=852&q=0.8)
രാജേഷ് കേശവ് | Photo: Facebook/ Rajesh Keshav
പരിപാടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയില്‍ കഴിയുന്ന നടനും അവതാരകനുമായ രാജേഷ് കേശവിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. രാജേഷിനെ വെന്റിലേറ്ററില്‍നിന്ന് മാറ്റിയതായി വ്യാഴാഴ്ച പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് കൊച്ചിയിലെ സ്വകാര്യഹോട്ടലിലെ പരിപാടിക്കിടെ കുഴഞ്ഞുവീണ രാജേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
രക്തസമ്മര്‍ദം സാധാരണ നിലയില്‍ തുടരുകയാണ്. സ്വയം ശ്വാസമെടുക്കാന്‍ ആരംഭിച്ചു. വിവിധ വിഭാഗങ്ങളില്‍നിന്നുള്ള വിദഗ്ധരടങ്ങിയ സംഘത്തിന്റെ നിരീക്ഷണം തുടരുകയാണെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. ക്രിട്ടിക്കല്‍ കെയര്‍, കാര്‍ഡിയോളജി, ന്യൂറോളജി, ഗാസ്‌ട്രോഎന്‍ട്രോളജി, ഒഫ്താല്‍മോളജി വിഭാഗങ്ങളില്‍നിന്നുള്ള വിദഗ്ധരുള്‍പ്പെടുന്നതാണ് സംഘം.
ഞായറാഴ്ചത്തെ പരിപാടിയുടെ അവസാനത്തോടെ ഹോട്ടലില്‍ കുഴഞ്ഞുവീണ രാജേഷിനെ ഉടന്‍ തന്നെ മരടിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കുഴഞ്ഞുവീണ ഉടന്‍ ഹൃദയാഘാതമുണ്ടായി. ആശുപത്രിയില്‍ എത്തിച്ച് ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.
ടെലിവിഷന്‍ റിയാലിറ്റി ഷോകളിലൂടേയും ടോക് ഷോകളിലൂടേയും അവതാരകനായാണ് രാജേഷ് ശ്രദ്ധനേടിയത്. പിന്നീട് വിവിധ സിനിമകളില്‍ അഭിനയിച്ചു. 'ബ്യൂട്ടിഫുള്‍', 'ട്രിവാന്‍ഡ്രം ലോഡ്ജ്', 'ഹോട്ടല്‍ കാലിഫോര്‍ണിയ', 'നീന', 'തട്ടുംപുറത്ത് അച്യുതന്‍' എന്നിവയടക്കം ഒട്ടേറെ ചിത്രങ്ങളില്‍ രാജേഷ് അഭിനയിച്ചിട്ടുണ്ട്.
Content Highlights: Actor Rajesh Keshav, hospitalized aft collapsing, shows improvement
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·