ഇക്കഴിഞ്ഞ ദിവസമാണ് ആമിര്‍ ഖാന്‍ തന്റെ പുതിയ കാമുകിയെ പരിചയപ്പെടുത്തി വാര്‍ത്തകളില്‍ ഇടംപിടിച്ചത്. തന്റെ 60-ാം പിറന്നാള്‍ ആഘോഷത്തിനിടെയാണ് ബെംഗളൂരു സ്വദേശിനിയായ ഗൗരി സ്പ്രാറ്റിനെ ആമിര്‍ പരിചയപ്പെടുത്തിയത്. സംവിധായിക കൂടിയായ കിരണ്‍ റാവുവുമായുള്ള ബന്ധം വേര്‍പെടുത്തിയ ശേഷമാണ് താരത്തിന്റെ ജീവിതത്തിലേക്ക് പുതിയ പങ്കാളി വരുന്നത്.
കിരണ്‍ റാവുവിനെ വിവാഹം കഴിക്കും മുമ്പ് തന്റെ ബാല്യകാല സുഹൃത്തായിരുന്ന റീന ദത്തയെ ആമിര്‍ വിവാഹം ചെയ്തിരുന്നു. താരത്തിന്റെ ആദ്യ വിവാഹം കൂടിയായിരുന്നു അത്. 1986-ല്‍ വിവാഹിതരായ ഇരുവരും പിന്നീട് 2002-ലാണ് പിരിയുന്നത്.
ഇപ്പോഴിതാ റീന ദത്തയുമായുള്ള വിവാഹ മോചനത്തിനു ശേഷം താന്‍ കടുത്ത ദുഃഖത്തിലായിരുന്നുവെന്നും മദ്യത്തിന് അടിമയായെന്നും വിഷാദത്തിലേക്ക് പോയെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് താരം. താന്‍ അമിതമായി മദ്യപിക്കാന്‍ തുടങ്ങി. ഒന്നര വര്‍ഷത്തോളം ജോലിയില്‍ ശ്രദ്ധിച്ചിരുന്നില്ലെന്നും താരം അഭിമുഖത്തില്‍ വ്യക്തമാക്കി.
''റീനയും ഞാനും വേര്‍പിരിഞ്ഞപ്പോള്‍, ഏകദേശം 2-3 വര്‍ഷത്തോളം ഞാന്‍ കടുത്ത ദുഃഖത്തിലായിരുന്നു. ഞാന്‍ ജോലി ചെയ്യുകയോ തിരക്കഥകള്‍ കേള്‍ക്കുകയോ ചെയ്തിരുന്നില്ല. വീട്ടില്‍ ഒറ്റയ്ക്കായിരുന്നു, ഏകദേശം 1.5 വര്‍ഷത്തോളം ഞാന്‍ ധാരാളം മദ്യപിച്ചു. മദ്യം കഴിക്കാത്ത ഒരാളായിരുന്നു ഞാന്‍ എന്നറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടും. വേര്‍പിരിയലിനുശേഷം, എന്തുചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു. രാത്രിയില്‍ എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. അതോടെ ഞാന്‍ മദ്യപിക്കാന്‍ തുടങ്ങി. ഒട്ടും മദ്യപിക്കാത്ത ഒരാളില്‍ നിന്ന്, ഒരു ദിവസം കൊണ്ട് ഒരു കുപ്പി മുഴുവന്‍ കുടിക്കുന്ന ഒരാളായി ഞാന്‍ മാറി. ദേവദാസിനെപ്പോലെയായിരുന്നു ഞാന്‍, സ്വയം നശിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരാള്‍. ഒന്നര വര്‍ഷത്തോളം ഞാന്‍ അത് തുടര്‍ന്നു. കടുത്ത വിഷാദത്തിലായിരുന്നു ഞാന്‍.'' - ആമിര്‍ വ്യക്തമാക്കി.
പിന്നീട് താന്‍ യാഥാര്‍ഥ്യത്തെ നേരിടാന്‍ തയ്യാറെടുത്തെന്നും താരം പറഞ്ഞു. സിനിമാ മേഖലയില്‍ പുതുമുഖങ്ങളായിരിക്കേ രഹസ്യമായി വിവാഹം കഴിച്ചവരായിരുന്നു റീനയും ആമിറും. വളരെക്കാലം അവര്‍ വിവാഹബന്ധം രഹസ്യമാക്കി വെച്ചു. 16 വര്‍ഷത്തെ ദാമ്പത്യത്തിനു ശേഷം 2002-ലാണ് ഇരുവരും വിവാഹമോചിതരാകുന്നത്. ജുനൈദ് ഖാനും ഇറ ഖാനും ഈ ബന്ധത്തിലുള്ള മക്കളാണ്. വിവാഹമോചനത്തിനു ശേഷം കുട്ടികളുടെ സംരക്ഷണ ചുമതല റീനയ്ക്കായിരുന്നു. പിന്നീട് 2005-ല്‍ ആമിര്‍, കിരണ്‍ റാവുവിനെ വിവാഹം കഴിച്ചു. 16 വര്‍ഷത്തിനു ശേഷം 2021-ലാണ് ഇരുവരും പിരിഞ്ഞത്. ആസാദ് ഈ ബന്ധത്തിലുള്ള മകനാണ്.
Content Highlights: Aamir Khan reveals his conflict with alcoholism and slump pursuing his divorcement from Reena Dutta.
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·