റെയിൻ റൂം മുതൽ ഈശാനകോണിലെ അത്ഭുതം വരെ! 12 കോടിയുടെ ഋഷഭിന്റെ വീട്; കുന്ദാപുരയിലുള്ള വീടിന്റെ പ്രത്യേകതകൾ

3 months ago 3

Authored by: ഋതു നായർ|Samayam Malayalam6 Oct 2025, 11:45 am

ഈശാനകോണിൽ നിർമ്മിച്ചിട്ടുള്ള കറുത്ത കല്ലിൽ ഏഴു സെക്കൻഡ് സമയം ഒരാൾ നിന്നാൽ ആ അന്തരീക്ഷം കാന്താരയിലെ ഭൂതക്കോല രംഗങ്ങളിലെ ജപങ്ങൾ കൊണ്ട് മുഖരിതമാകും

kantara section  1rishab shetty s 12 crore mansion s specialitiesഋഷഭ് ഷെട്ടി(ഫോട്ടോസ്- Samayam Malayalam)
കാന്താര ചാപ്റ്റർ 1 ബോക്സ് ഓഫീസിൽ പുതുചരിത്രം സൃഷ്ടിച്ചു കൊണ്ട് മുന്നേറുകയാണ്. കാന്താരയിലൂടെ പ്രേക്ഷകർക്ക് സമ്മാനിച്ച അത്ഭുതങ്ങൾ ചാപ്റ്റർ വണ്ണിലൂടെ വീണ്ടും ആവർത്തിച്ചിരിക്കുകയാണ് ഋഷഭ് ഷെട്ടി എന്ന് തന്നെ പറയാം. ആയിരം കോടി കളക്ഷൻ എന്ന ബെഞ്ച് മാർക്ക് വളരെ എളുപ്പത്തിൽ മറി കടക്കുമെന്ന് ഉറപ്പിച്ച പോലെയാണ് നിർമ്മാതാക്കൾ ചിത്രം റിലീസ് ചെയ്തതും.

അതിഗംഭീരമായ വിഷ്വൽ ട്രീറ്റും, ഒരണു പോലും വിട്ടുവീഴ്ച ചെയ്യാത്ത ബാക്ക് ഗ്രൗണ്ട് സ്കോറും ചേർന്ന കാന്താര ചാപ്റ്റർ 1, തിയേറ്ററുകളിൽ ഉത്സവക്കാഴ്ചയായി മാറുന്നതിനിടെ സിനിമയുടെ കഥ, സംവിധാനം എന്നിവയ്‌ക്കൊപ്പം നായകവേഷവും കൈകാര്യം ചെയ്ത ഋഷഭ് ഷെട്ടിയുടെ പ്രകടനം ഏറെ പ്രശംസ പിടിച്ചു പറ്റി. നായികാ വേഷം ചെയ്ത രുക്മിണി വാസന്തും വേറിട്ട പ്രകടനം കൊണ്ട് സിനിമയുടെ നെടുംതൂണായി മാറിയത്, പതിവ് ഹീറോ ഓറിയന്റഡ് സിനിമകളിൽ നിന്നും കാന്താരയെ വ്യത്യസ്തമാക്കുന്നുമുണ്ട്.

ചിത്രത്തെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ കൊഴുക്കുന്നതിനിടെ , കർണാടക ഉഡുപ്പിയിലെ കുന്ദാപുരയിലുള്ള നടനും സംവിധായകനുമായ ഋഷഭ് ഷെട്ടിയുടെ മനോഹരമായ വീടും ശ്രദ്ധ നേടുന്നുണ്ട്. നടന്റെ മുത്തച്ഛന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ നിർമ്മിച്ചിട്ടുള്ള വീടിന്റെ മതിപ്പ് 12 കോടി രൂപയാണ്. ബർമ്മ തേക്ക് കൊണ്ട് നിർമ്മിച്ചിട്ടുള്ള പ്രവേശന കവാടം പിച്ചള പൊതിഞ്ഞിട്ടുണ്ട്. വാതിലിനോട് ചേർന്ന് വലിയ ഒരു മണി സ്ഥാപിച്ചിട്ടുണ്ട്. മനോഹരമായ നടുത്തളവും, ഗ്രാനൈറ്റ് കൊണ്ട് നിർമ്മിച്ച തുളസിത്തറയും വീടിനെ പാരമ്പര്യത്തിന്റെ കേദാരമാക്കി മാറ്റുന്നു. തുളു നാടിന്റെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന യക്ഷഗാന ശിരോവസ്ത്രം, യുവരാജ് സിങ് ഒപ്പിട്ട ബാറ്റ്, കാന്താര സിനിമയിൽ ഉപയോഗിച്ച റൈഫിൾ പ്രോപ്പ് എന്നിവയടങ്ങുന്ന ഷെൽഫ് ഓർമ്മകൾ കൊണ്ട് മനോഹരമാക്കുന്നു.

വീട്ടിലെ യഥാർത്ഥ അത്ഭുതം കുടിയിരിക്കുന്നത് ഈശാന കോണിലാണ്. ഈശാനകോണിൽ സ്ഥാപിച്ചിട്ടുള്ള കറുത്ത കല്ലിൽ ഒരാൾ ഏഴു സെക്കൻഡ് നേരം നിന്നാൽ അന്തരീക്ഷം സിനിമയിലുപയോഗിച്ച ഭൂതക്കോല രംഗങ്ങളിലെ ജപങ്ങളാൽ മുഖരിതമാകും. സിനിമയിലൂടെ പങ്കിടാൻ ശ്രമിച്ച സംസ്കാരത്തെ ഋഷഭ് സ്വന്തം വീട്ടിലെത്തുന്നവർക്ക് പങ്കിടാൻ ആഗ്രഹിക്കുന്നു എന്ന് ചുരുക്കം.

150 ഇഞ്ച് വലുപ്പമുള്ള സ്‌ക്രീനോടു കൂടിയ സ്വകാര്യ സ്ക്രീനിങ് റൂം ഈ വീടിന്റെ മറ്റൊരാകര്ഷണമായി റിപ്പോർട്ടുകൾ പറയുന്നുണ്ട്. സ്‌ക്രീനിന് അഭിമുഖമായി ഇറ്റാലിയൻ ലെതർ റീക്ലൈനറുകളുള്ള ഒരു സുഖപ്രദമായ സ്വകാര്യ വ്യൂവിംഗ് റൂം ഈ മാളികയിലുണ്ട്.മംഗലാപുരം ടൈലുകൾ കൊണ്ട് നിർമ്മിച്ച ഒരു ഷാൻഡിലിയർ മുറിയിലുടനീളം ഊഷ്മളവും ചുവപ്പുനിറത്തിലുള്ളതുമായ ഒരു പ്രകാശം പരത്തുന്നു. ഡോൾബി അറ്റ്മോസ് ശബ്ദമികവോടെ നിർമ്മിച്ച സ്ക്രീനിങ് റൂമിന് കാന്താര സിനിമയിലെ വാനരക്ഷാ ദേവതയായ സെലിയരായ എന്ന പേരാണ് നൽകിയിട്ടുള്ളത്.

ALSO READ: സ്ട്രോക്ക് വന്നു മാസങ്ങളായി! കാലുകൾ ഉയർത്തിവയ്ക്കാൻ പോലും പരസഹായം; കൈകൾ തളർന്നത് പോലെ; ഉല്ലാസിന്റെ ഹെൽത്ത്

കറുത്ത കല്ലുകൾ കൊണ്ട് നിർമ്മിച്ചിട്ടുള്ള അടുക്കള വെളിച്ചെണ്ണ കൊണ്ട് ദിനവും മിനുക്കി തിളക്കമുള്ളതാക്കി മാറ്റാൻ സാധിക്കുന്നതാണ്‌. ലോഫ്റ്റ് ഏരിയയിൽ നാടോടി കഥകൾ മുതൽ സ്റ്റീഫൻ കിംഗ് ത്രില്ലറുകൾ വരെയുള്ള 1,200-ലധികം പുസ്തകങ്ങളുടെ ശ്രദ്ധേയമായ ശേഖരം ഉണ്ട്.CCTV ക്യാമറകൾക്ക് പുറമെ തീരദേശ സേനയിൽ നിന്നും വിരമിച്ച യക്ഷ എന്ന നായയും ഋഷഭിന്റെ വീടിന് സംരക്ഷണ കവചമൊരുക്കുന്നു. സന്ദർശകർ സ്വന്തം ഫോണുകൾ ലോക്കറിൽ നിക്ഷേപിച്ച ശേഷമാണ് പ്രവേശിക്കുന്നത്. സുരക്ഷയുടെ കാഠിന്യം വെളിപ്പെടുത്തും വിധം വൈഫൈ പാസ് വേഡുകൾ എല്ലാ മാസവും മാറുന്നു. പ്രകൃതിയിലെ ഓരോ മാറ്റവും കൃത്യമായി അനുഭവിച്ചു കൊണ്ട്, മഴയും കാറ്റും മിന്നലുമെല്ലാം ആസ്വദിച്ചു കൊണ്ട് ഋഷഭിന് എഴുതാൻ സാധിക്കുന്ന റെയിൻ റൂമാണ് മറ്റൊരു പ്രത്യേകത.


പതിനാറു കോടി രൂപയിൽ നിർമ്മിച്ച് നാനൂറു കോടി രൂപ നേടിയ കാന്താരയോട് നീതി പുലർത്തും വിധമാണ് നൂറ്റിയിരുപത്തിയഞ്ചു കോടി രൂപ ചിലവിൽ കാന്താര ചാപ്റ്റർ 1 നിർമ്മാതാക്കൾ ഒരുക്കിയിട്ടുള്ളത്. റിലീസ് ചെയ്ത് നാല് ദിവസങ്ങൾ പിന്നിടുമ്പോഴേയ്ക്കും ചിത്രം മുന്നൂറു കോടി രൂപയോളം കളക്ഷൻ നേടി എന്നാണ് റിപ്പോർട്ടുകൾ. ഋഷഭ് ഷെട്ടിയുടെ അഴിഞ്ഞാട്ടം എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന ചലച്ചിത്രം ഇന്ത്യൻ സിനിമയിൽ പുതിയ ബെഞ്ച് മാർക്ക് തീർത്തു എന്നഭിപ്രായപ്പെടുന്നവരുമുണ്ട്.
Read Entire Article