
പ്രതീകാത്മക ചിത്രം, ആമിർ ഖാൻ | Photo: AP, AFP
പദ്ധതിയിട്ടതിനേക്കാള്‍ ഇരട്ടി തുകയിലാണ് 'ലഗാന്‍' പൂര്‍ത്തിയായതെന്ന് ചിത്രത്തിലെ നായകനും നിര്‍മാതാവുമായ ആമിര്‍ ഖാന്‍. 12 കോടിയില്‍ തീര്‍ക്കാന്‍ ലക്ഷ്യമിട്ട ചിത്രം പൂര്‍ത്തിയായപ്പോള്‍ 25 കോടി രൂപയിലെത്തിയെന്ന് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആമിര്‍ ഖാന്‍ പറഞ്ഞു. തനിക്ക് ഒരിക്കലും ചിത്രങ്ങള്‍ ബജറ്റിനുള്ളില്‍ തീര്‍ക്കാന്‍ സാധിക്കാറില്ലെന്നും ആമിര്‍ കൂട്ടിച്ചേര്‍ത്തു.
2,000 ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ഉണ്ടായിട്ടും 1000 പേരെക്കൂടി അധികം വേണമെന്ന് സംവിധായകന്‍ അശുതോഷ് ഗവാരിക്കര്‍ ആവശ്യപ്പെട്ടു. താന്‍ ഗവാരിക്കറിനൊപ്പമായിരുന്നു. പ്രൊഡക്ഷന്‍ ടീമിന് അത് ഇഷ്ടമായില്ല. 2,000 പേരെ കൊണ്ടുവന്ന് അഭിനയിപ്പിക്കാതെ നിര്‍ത്തിയിട്ടും കൂടുതല്‍ പേരെ വേണമെന്ന് ആവശ്യപ്പെട്ടത് അവര്‍ക്ക് അംഗീകരിക്കാന്‍ കഴിയുന്ന കാര്യമായിരുന്നില്ലെന്നും ആമിര്‍ ഖാന്‍ ഓര്‍ത്തെടുത്തു.
'കൂടുതല്‍പ്പേര്‍ വേണമെന്ന് ആവശ്യപ്പെട്ടതോടെ അന്ന് ചിത്രീകരണം നടന്നില്ല. ഇന്നിനി എന്തുചെയ്യുമെന്ന് റീന (റീന ദത്ത- ആമിര്‍ ഖാന്‍ മുന്‍ഭാര്യ) ചോദിച്ചു. നമുക്ക് ക്രിക്കറ്റ് കളിക്കാമെന്നായി ഞാന്‍. മറ്റേതെങ്കിലും രംഗം ചിത്രീകരിക്കാന്‍ കഴിയുമോ എന്ന് ഞാന്‍ ചോദിച്ചു. പക്ഷേ, പകുതി ദിവസം അപ്പോള്‍ തന്നെ കഴിഞ്ഞിരുന്നു'- ആമിര്‍ കൂട്ടിച്ചേര്‍ത്തു.
'ഞാന്‍ എപ്പോഴും സംവിധായകന്റെ പക്ഷത്തായിരിക്കും. എനിക്കൊരിക്കലും ബജറ്റിനുള്ളില്‍ ചിത്രം പൂര്‍ത്തിയാക്കാന്‍ കഴിയാറില്ല. എന്റെ ദൗര്‍ബല്യങ്ങളില്‍ ഒന്നാണത്. എന്നാല്‍, മറ്റ് നിര്‍മാതാക്കള്‍ ഇക്കാര്യങ്ങളില്‍ കടുംപിടിത്തക്കാരാണ്. എന്തുസംഭവിച്ചാലും ബജറ്റില്‍ ഒതുങ്ങി നില്‍ക്കണമെന്ന് അവര്‍ പറയും'- ആമിര്‍ ഖാന്‍ പറഞ്ഞു.
സാഹചര്യം ആവശ്യപ്പെട്ടതുകൊണ്ടാണ് താന്‍ നിര്‍മാണത്തിലേക്ക് ഇറങ്ങിയതെന്ന് ആമിര്‍ ഖാന്‍ പറഞ്ഞു. ലഗാന്‍ ആണ് ആമിര്‍ ഖാന്‍ ആദ്യം നിര്‍മിച്ച ചിത്രം. 'സംവിധായകന്‍ വിഭാവനംചെയ്തതുപോലെ തന്നെ ചിത്രം നിര്‍മിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. മറ്റൊരു നിര്‍മാതാവ് ചിത്രത്തില്‍ ഇടപെടുന്നത് താത്പര്യമില്ലായിരുന്നു'- ആമിര്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു.
'ആ കാലത്ത് ഹിന്ദി സിനിമകളുടെ സെറ്റുകളില്‍ വാക്കീ-ടോക്കികള്‍ ഉപയോഗിച്ചിരുന്നില്ല. എന്നാല്‍ 'ലഗാനി'ല്‍ ഞങ്ങള്‍ അത് ഉപയോഗിച്ചു. ഞങ്ങള്‍ ആ ആശയവിനിമയ സംവിധാനം കൊണ്ടുവന്നു. ഒറ്റ ഷെഡ്യൂളിലാണ് സിനിമ ചിത്രീകരിച്ചത്. മുഖ്യധാരാ സിനിമകളില്‍ അതുവരെ ഉപയോഗിച്ചിട്ടില്ലാത്ത സിങ്ക് സൗണ്ടും ഞങ്ങള്‍ ഉപയോഗിച്ചു. പണ്ട് സെറ്റുകളില്‍ സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ടാകാറില്ലായിരുന്നു എന്ന് ഞാനോര്‍ക്കുന്നു. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളോടായിരുന്നു സെറ്റിന് കാവല്‍ നില്‍ക്കാന്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ 'ലഗാന്റെ' നിര്‍മാണ വേളയില്‍, സിനിമ സെറ്റിന്റെ സുരക്ഷയ്ക്കായി ഞാന്‍ റോണിത് റോയിയെ വിളിച്ചു. 'ലഗാന്റെ' ചിത്രീകരണ സമയത്ത് ഞങ്ങള്‍ക്ക് 150 സുരക്ഷാ ഗാര്‍ഡുകള്‍ ഉണ്ടായിരുന്നു. ഞാന്‍ നിര്‍മ്മാതാവായതുകൊണ്ട്, ഞാന്‍ വിശ്വസിക്കുന്ന കാര്യങ്ങള്‍ എനിക്ക് ചെയ്യാന്‍ കഴിഞ്ഞു'- ആമിര്‍ പറഞ്ഞു.
Content Highlights: Aamir Khan reveals Lagaan`s accumulation outgo doubled, exceeding the archetypal budget
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·