
ഷൈൻ ടോം ചാക്കോ, പോലീസ് കസ്റ്റഡിയിൽ ഷൈൻ ടോം ചാക്കോ | ചിത്രങ്ങൾ: മാതൃഭൂമി
കൊച്ചി: എനര്‍ജിക്കുവേണ്ടിയാണ് താന്‍ ലഹരി ഉപയോഗിച്ചതെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ. പോലീസിന് നല്‍കിയ മൊഴിയിലാണ് ഷൈന്‍ ഇക്കാര്യം പറഞ്ഞത്. താന്‍ ലഹരി ഉപയോഗിച്ചുവെന്ന് ചോദ്യം ചെയ്യലിനിടെ നടന്‍ പോലീസിനോട് സമ്മതിച്ചിരുന്നു.
അതേസമയം വൈദ്യപരിശോധനയ്ക്ക് സ്വയം തയ്യാറായി ഷൈന്‍ ടോം ചാക്കോ എത്തിയതില്‍ പോലീസിന് സംശയമുണ്ട്. വൈദ്യപരിശോധനയില്‍ ലഹരി കണ്ടെത്താതിരിക്കാനുള്ള മറുമരുന്ന് ഇയാള്‍ ഉപയോഗിച്ചിട്ടുണ്ടോ എന്നാണ് പോലീസിന്റെ സംശയം.
മറുമരുന്ന് അഥവാ ആന്റിഡോട്ടുകള്‍ ഉപയോഗിച്ചാല്‍ ലഹരിപരിശോധനയില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഷൈന്‍ ടോം ചാക്കോ ഹോട്ടലില്‍ നിന്ന് ഇറങ്ങിയോടിയ ശേഷം 48 മണിക്കൂറിന് ശേഷമാണ് പോലീസിന് മുന്നില്‍ ഹാജരായത്. അതിനാല്‍ തന്നെ ആവശ്യത്തിന് സമയം ഇയാള്‍ക്ക് ലഭിച്ചിട്ടുണ്ട്.
ഷൈന്‍ ടോം ചാക്കോയുടെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചും പോലീസ് വിശദമായ അന്വേഷണം നടത്തും. ഇത് മുന്നില്‍ കണ്ടുകൊണ്ടുള്ള മൊഴിയും കഴിഞ്ഞദിവസം ഷൈന്‍ പോലീസിന് നല്‍കിയിരുന്നു. താന്‍ സുഹൃത്തുക്കള്‍ക്കെല്ലാം പണം നല്‍കുന്നയാളാണ് എന്നാണ് ഷൈന്‍ പറഞ്ഞത്.
കഴിഞ്ഞവര്‍ഷം കൂത്താട്ടുകുളത്തെ ലഹരിവിമുക്ത കേന്ദ്രത്തിലെത്തി ചികിത്സ തേടിയിരുന്നതായും ഷൈന്‍ മൊഴി നല്‍കിയിരുന്നു. അവിടെ പോയി വിവരങ്ങള്‍ ശേഖരിക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. അതേസമയം ഷൈന്‍ ടോം ചാക്കോയുടെ അറസ്റ്റും കേസും ഒഴിവാക്കാനായി പോലീസിനുമേല്‍ വലിയ സമ്മര്‍ദ്ദമുണ്ടായിരുന്നതായാണ് വിവരം.
മൂന്ന് മണിക്കൂർ ചോദ്യം ചെയ്യൽ, ഒടുവിൽ അറസ്റ്റ്
ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കേസിൽ ശനിയാഴ്ച രാവിലെ എറണാകുളം നോർത്ത് പോലീസ് സ്‌റ്റേഷനിൽ ഹാജരായ ഷൈനിനെ മൂന്ന് മണിക്കൂറിലേറെ സമയമാണ് ചോദ്യംചെയ്തത്. ഇതിന് ശേഷം ഷൈനിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് വൈദ്യപരിശോധനയ്ക്കു ശേഷം ഷൈനിനെ പോലീസ് ജാമ്യത്തിൽ വിട്ടു. വീണ്ടും ചോദ്യം ചെയ്യാനായി ചൊവ്വാഴ്ച ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്.
ഷൈനിനെതിരേ നർകോട്ടിക്‌സ് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ടിലെ (എൻഡിപിഎസ്) 27, 29 വകുപ്പുകൾ പ്രകാരവും ബിഎൻഎസ് 238 വകുപ്പ് പ്രകാരവുമാണ് കേസ്. ലഹരി ഇടപാടുകാരായ സജീറും തസ്ലീമയുമായുള്ള ബന്ധം സമ്മതിച്ച ഷൈൻ നേരത്തേ ലഹരി ഉപയോഗിച്ചിരുന്നതായും സമ്മതിച്ചുവെന്നാണ് പോലീസ് പറയുന്നത്.
കഴിഞ്ഞ ബുധനാഴ്ച രാത്രി എറണാകുളം നോർത്തിലുള്ള ഹോട്ടലിൽ പോലീസ് പരിശോധനക്കെത്തിയപ്പോൾ ഷൈൻ ഹോട്ടലിന്റെ മൂന്നാം നിലയിൽ നിന്ന് ചാടി ഓടിയിരുന്നു. ഇതേത്തുടർന്നാണ് സ്‌റ്റേഷനിൽ ഹാജരാകണമെന്ന് നിർദേശിച്ച് പോലീസ് ഷൈനിന് നോട്ടീസയച്ചത്. ശനിയാഴ്ച വൈകുന്നേരം മാതാപിതാക്കളുടെ ജാമ്യത്തിലാണ് ഷൈനിനെ വിട്ടയച്ചത്.
മലപ്പുറം സ്വദേശി അഹമ്മദ് മുർഷദാണ് കേസിലെ രണ്ടാം പ്രതി. പോലീസ് പരിശോധന നടക്കുന്ന സമയത്ത് ഷൈൻ താമസിച്ചിരുന്ന ഹോട്ടൽ മുറിയിൽ ഉണ്ടായിരുന്നയാളാണ് മുർഷദ്.
പരിശോധനയ്ക്കായി ഷൈൻ ടോം ചാക്കോയുടെ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. രക്തസാമ്പിളും നഖത്തിന്റെയും മുടിയുടെയും സാമ്പിളുകളുമാണ് പരിശോധനയ്ക്ക് എടുത്തിട്ടുള്ളത്. ഇതിന്റ പരിശോധനാ ഫലം എന്താണെന്നത് കേസിൽ നിർണായകമാണ്. രക്തത്തിൽ ലഹരിയുടെ ഘടകങ്ങൾ 24 മണിക്കൂറിൽ കൂടുതൽ കാണില്ല. എന്നാൽ നഖത്തിലും മുടിയിലുമൊക്കെ മയക്കുമരുന്നിന്റെ സാന്നിധ്യം ഏറെ നാൾ നിൽക്കും.
Content Highlights: Shine Tom Chacko says helium utilized cause for energy. Police doubts helium utilized antidote to debar aesculapian test





English (US) ·