ബാലതാരമായി മലയാളികളുടെ ഹൃദയത്തില്‍ ഇടംനേടിയ ആളാണ് നടിയും അവതാരകയുമായ മീനാക്ഷി. മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പിറന്ന സൂപ്പര്‍ഹിറ്റ് ചിത്രമായ ഒപ്പത്തിലും നാദിര്‍ഷാ സംവിധാനം ചെയ്ത് പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ എന്നിവര്‍ നായകന്മാരായെത്തിയ അമര്‍ അക്ബര്‍ അന്തോണിയിലുമെല്ലാം പ്രധാനവേഷങ്ങളില്‍ 'ബേബി മീനാക്ഷി' ഉണ്ടായിരുന്നു. പ്രൈവറ്റ് എന്ന ചിത്രമാണ് മീനാക്ഷിയുടേതായി ഉടന്‍ തിയേറ്ററുകളിലെത്താനുള്ളത്. വളര്‍ന്ന് വലിയ കുട്ടിയായെങ്കിലും മലയാളികളുടെ മനസില്‍ എന്നും നന്ദിനിയും പാത്തുവായുമെല്ലാം നിറഞ്ഞുനില്‍ക്കുന്ന മീനാക്ഷി ഈ ഓണത്തിന് മാതൃഭൂമി ഡോട്ട് കോമിനോട് വിശേഷങ്ങള്‍ പങ്കുവെക്കുകയാണ്.
വീട്ടിലെ ഓണത്തെ കുറിച്ച് പറയാമോ? ഓണം ഓര്‍മകള്‍ എന്തൊക്കെയാണ്?
ഓണത്തെ കുറിച്ചുള്ള ഓര്‍മകള്‍ പറയാന്‍ മാത്രം പ്രായം എനിക്കായിട്ടില്ല. എന്നാലും ഓണം എനിക്ക് വളരെ സ്‌പെഷ്യലാണ്. എന്റെ വീടും തറവാടുമെല്ലാം വളരെ അടുത്താണ്. തറവാട്ടില്‍ എന്റെ അച്ഛച്ഛന്റെ അമ്മ മുതലുള്ളവരുണ്ട്. ആ അമ്മൂമ്മയ്ക്ക് 100 വയസിന് മേലെ പ്രായമുണ്ട്. കുടുംബത്തിലെ എല്ലാവരും ഒന്നിച്ച് കൂടിയാണ് ഓണവും വിഷുവും അങ്ങനെയുള്ള എല്ലാ വിശേഷങ്ങളും ആഘോഷിക്കാറ്. ഒന്നിച്ചിരുന്ന് സദ്യയുണ്ണാനും ഊഞ്ഞാല് കെട്ടി ആടാനും ഓണക്കോടി കിട്ടാനുമെല്ലാമുള്ള ഭാഗ്യം ഞങ്ങള്‍ക്ക് ഇപ്പോഴുമുണ്ട്. എത്ര വലിയ ഷൂട്ടിങ് തിരക്കായാലും എത്രയും വേഗം വീട്ടിലെത്തി കുടുംബത്തിലെ എല്ലാവരുടേയും കൂടെ ഓണമാഘോഷിക്കണമെന്നാണ് എന്റെ ആഗ്രഹം. കാരണം വളരെ കുഞ്ഞിലേ തൊട്ട് ഇപ്പൊ വരെ അത്രയും നല്ല ഓണാഘോഷമാണ് ഞങ്ങളുടെ വീട്ടില്‍ ഞാന്‍ കണ്ടിട്ടുള്ളത്. ഓണത്തിന് വീട്ടില്‍ തന്നെയിരിക്കാനായി വാശി പിടിച്ച് പ്രോഗ്രാമുകള്‍ ക്യാന്‍സല്‍ ചെയ്തിട്ടുപോലുമുണ്ട്.
ഓണത്തിന് ഒരുപാട് റിലീസുകളുണ്ട്. ഏത് ചിത്രമാണ് ആദ്യം കാണാന്‍ ആഗ്രഹിക്കുന്നത്?
എല്ലാ ചിത്രങ്ങളും കാണും. ഇത് വെറുതേ പറയുന്നതല്ല. ഞങ്ങള്‍ക്കെല്ലാവര്‍ക്കും സിനിമ അത്രയ്ക്ക് ഇഷ്ടമാണ്. എന്റെ വീട് പുതുക്കിപ്പണിതപ്പോള്‍ വീടിന്റെ പ്ലാനിനേക്കാള്‍ മുന്നേ ഹോം തിയേറ്ററാണ് പ്ലാന്‍ ചെയ്തത്. വീട്ടിലിപ്പൊ ഒരു കുഞ്ഞ് ഹോം തിയേറ്ററുണ്ട്. ഞങ്ങള്‍ അവിടെയിരുന്ന് എല്ലാ സിനിമയും കാണും. തിയേറ്ററില്‍ പോക്കൊക്കെ ഇപ്പൊ കുറവാണ്. പക്ഷേ ഒടിടിയില്‍ വരുമ്പൊ എല്ലാ സിനിമയും വിടാതെ കാണും.
എല്ലാ ദിവസവും രാത്രി വീട്ടിലും തറവാട്ടിലുമുള്ള എല്ലാവരും ഹോം തിയേറ്ററില്‍ വന്ന് സിനിമ കാണും. അതുകൊണ്ട് ഒരു സിനിമ പോലും മിസ് ചെയ്യാന്‍ ചാന്‍സില്ല. ഇടയ്‌ക്കൊക്കെ തിയേറ്ററില്‍ പോയിട്ടും സിനിമ കാണാറുണ്ട്. ഈ ഓണത്തിന് ഇറങ്ങിയ എല്ലാ സിനിയ്ക്കായും ഒരേ എക്‌സൈറ്റ്‌മെന്റോടെയാണ് കാത്തിരുന്നത്.
മീനാക്ഷിയോട് സംസാരിക്കുമ്പോള്‍ 'ഒപ്പ'ത്തെ കുറിച്ച് ചോദിക്കാതിരിക്കാന്‍ കഴിയില്ല.
ഒപ്പം ഇപ്പോഴാണ് എനിക്ക് കൂടുതല്‍ സ്‌പെഷ്യലാകുന്നത്. അന്നെനിക്ക് പത്ത് വയസോ മറ്റോ ആയിരുന്നു. വലിയ ഭാഗ്യമാണെന്നും വലിയ ഓര്‍മകളാണെന്നുമെന്നും അന്ന് ഓര്‍ത്തിരുന്നില്ല. ഇപ്പൊ ആലോചിക്കുമ്പോള്‍ അതൊക്കെ ഒരുവട്ടം കൂടി കിട്ടുകയായിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കാറുണ്ട്. അന്ന് ലാലങ്കിളും പ്രിയനങ്കിളുമൊക്കെ ടിവിയില്‍ കാണുന്ന ഏതോ വലിയ രണ്ടാള്‍ക്കാരാണ് എന്ന് മാത്രമേ അറിയാമായിരുന്നുള്ളൂ. പക്ഷേ ഇപ്പോഴാണ് അത്ര വലിയ കോംബോയുടെ കൂടെയാണ് അന്ന് ഞാനുണ്ടായിരുന്നത് എന്ന് തിരിച്ചറിയുന്നത്. ഇപ്പൊ ലാലേട്ടന്റെ കൂടെ അഭിനയിക്കാന്‍ ചിലപ്പൊ പറ്റിയേക്കാം. അതുപോലെ പ്രിയനങ്കിളിന്റെ ചിത്രത്തിലും അഭിനയിക്കാന്‍ അവസരം കിട്ടിയേക്കാം. പക്ഷേ ഇവര്‍ രണ്ടുപേരുടേയും കോംബോ, അതും വര്‍ഷങ്ങള്‍ക്ക് ശേഷം രണ്ടുപേരും വീണ്ടും ഒന്നിക്കുമ്പൊ അതിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായിരുന്നു.
ആ സെറ്റിലെ ഏറ്റവും ചെറിയ ആള്‍ ഞാനായിരുന്നു. എന്നെ വളരെ കൊഞ്ചിച്ച് കളിച്ചുചിരിച്ച് നടന്നാണ് എല്ലാവരും നോക്കിയത്. ഷൂട്ട് ചെയ്തതൊന്നും എനിക്ക് ഓര്‍മയില്ല. കാരണം അന്ന് ഞാന്‍ അതല്ല 'സീരിയസാ'യി എടുത്തത്. എനിക്ക് കുറേ സാധനങ്ങള്‍ വാങ്ങിത്തന്നതും ബഹളമുണ്ടാക്കി നടന്നതുമെല്ലാമാണ് എന്റെ ഓര്‍മ. എല്ലാവരും കൂടെ ടൂറ് പോകുന്നത് പോലെയൊക്കെയായിരുന്നു. ഇപ്പൊ ആലോചിക്കുമ്പോള്‍ ഒരു പ്രാവശ്യം കൂടെ ഇതുപോലൊരു അവസരം കിട്ടുകയായിരുന്നെങ്കില്‍ കുറച്ചുകൂടെ കാര്യങ്ങള്‍ പഠിക്കാമായിരുന്നു എന്നൊക്കെ തോന്നാറുണ്ട്.
ലാലേട്ടന്റെ കൂടെയുള്ള നിമിഷങ്ങളൊന്നും ഞാന്‍ മറന്നിട്ടില്ല. കൂടെ നിന്ന് അഭിനയിക്കുകയാണെന്ന് എനിക്ക് തോന്നിയിട്ടേയില്ല. അതുകൊണ്ടാണ് അത്ര ചെറുതായിരുന്നപ്പൊ പോലും എനിക്ക് ഒപ്പത്തിന്റെ സെറ്റ് ഫാമിലി പോലെ തോന്നിയത്. ലാലങ്കിള്‍ മാത്രമല്ല, പ്രിയനങ്കിളും ആ സിനിമയുടെ മുഴുവന്‍ ക്രൂവും അടിപൊളിയായിരുന്നു.
ഒപ്പം ഇറങ്ങി ഒരുപാട് വര്‍ഷങ്ങള്‍ കഴിഞ്ഞു. ഇതിനിടെ മോഹന്‍ലാലിനെ വീണ്ടും കണ്ടിരുന്നോ?
ഒപ്പം ഇറങ്ങി കുറേ വര്‍ഷങ്ങള്‍ക്കുശേഷം ലാലങ്കിളിനെ കണ്ട രസകരമായൊരു അനുഭവമുണ്ട്. ഞാന്‍ ഒരു ഷോ ആങ്കര്‍ ചെയ്യുന്നുണ്ടായിരുന്നു. ആ ഷോയിലേക്ക് ലാലങ്കിള്‍ ഗസ്റ്റായി വന്നു. ഒരുപാട് കുഞ്ഞിലേയാണ് അതിന് മുമ്പ് എന്നെ ലാലങ്കിള്‍ കണ്ടത്. പിന്നീട് ഷോയില്‍ അദ്ദേഹം വരുന്നത് ഞാന്‍ പ്ലസ് വണിനോ പ്ലസ് ടുവിനോ മറ്റോ പഠിക്കുന്ന സമയത്താണ്. അതുകൊണ്ട് അദ്ദേഹത്തിന് എന്നെ മനസിലാകുമോ അറിയുമോ എന്നെല്ലാം സംശയമായിരുന്നു അപ്പൊ എനിക്ക്.
പക്ഷേ ലാലങ്കിള്‍ എന്നോട് ഇങ്ങോട്ട് ചോദിച്ചു, 'എന്റെ നന്ദിനിക്കുട്ടി അല്ലേ' എന്ന്. അതെനിക്ക് വളരെ സ്‌പെഷ്യലായിരുന്നു. എന്നെ മറന്നുപോയിക്കാണും എന്ന് വിചാരിച്ചയാളാണ് അന്നത്തെ അതേ സ്‌നേഹത്തോടെയും അടുപ്പത്തോടെയും സംസാരിള് അത് തീരെ പ്രതീക്ഷിക്കുന്നില്ല. അത് വേറൊരു ഫീലായിരുന്നു. ഇപ്പൊ കണ്ടാലും ലാലങ്കിള്‍ അന്നെങ്ങനെയായിരുന്നോ അതുപോലെ തന്നെയാണ്. പ്രിയനങ്കിളും അങ്ങനെ തന്നെയാണ്. 'ഞാന്‍ കുഞ്ഞുകൊച്ചല്ല, വലുതായി' എന്ന് പറയുമ്പൊ പ്രിയനങ്കിള്‍ പറയും 'നിനക്കല്ലേ നീ വലുതായത്, ഞങ്ങള്‍ക്ക് നീ ഒരിക്കലും വലുതാകില്ല' എന്ന്.
അമര്‍ അക്ബര്‍ അന്തോണിയും ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ്.
ഒപ്പത്തിന് മുമ്പ് ചെയ്ത സിനിമയാണ് അമര്‍ അക്ബര്‍ അന്തോണി. അത് കണ്ടിട്ടാണ് എന്നെ ഒപ്പത്തിലേക്ക് വിളിച്ചത്. നാദിര്‍ഷാ അങ്കിളായിരുന്നു ഡയറക്ടര്‍. പലരും വിചാരിക്കുന്നത് എന്റെ ആദ്യ സിനിമ അമര്‍ അക്ബര്‍ അന്തോണി ആണെന്നാണ്. പക്ഷേ അതിന് മുമ്പ് കുറേ സിനിമകലില്‍ ചെറിയ ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ പാത്തു എന്ന പ്രധാന കഥാപാത്രമായപ്പോള്‍, അല്ലെങ്കില്‍ 'എന്നോ ഞാനെന്റെ...' എന്ന പാട്ട് വന്നപ്പോഴാണ് എല്ലാവരും എന്നെ ശ്രദ്ധിക്കുന്നത്. അതിന് തൊട്ടുമുമ്പ് ആനമയിലൊട്ടകം എന്നൊരു ചിത്രത്തിലാണ് അഭിനയിച്ചത്.
അമര്‍ അക്ബര്‍ അന്തോണിയുടെ തിരക്കഥയെഴുതിയവരില്‍ ഒരാളായ വിഷ്ണു ചേട്ടന്‍ അതില്‍ അഭിനയിച്ചിട്ടുണ്ടായിരുന്നു. വിഷ്ണു ചേട്ടനാണ് അച്ഛന്റെയടുത്ത് പറഞ്ഞ് എന്നെ നാദിര്‍ഷാ അങ്കിളിന്റെ അടുത്ത് കൊണ്ടുപോകുന്നത്. ഫ്‌ളാറ്റില്‍ ചെന്നപ്പൊ എന്നെ കൊണ്ട് ചില കാര്യങ്ങള്‍ ചെയ്യിച്ച് നോക്കി. ഞാന്‍ അതെല്ലാം ചെയ്തു. അപ്പൊ നാദിര്‍ഷാ അങ്കിള്‍ പറഞ്ഞു, 'ഞാന്‍ ഓഡിഷന്‍ നിര്‍ത്തുകയാണ്. ഇവളാണെന്റെ പാത്തു' എന്ന്. നേരത്തേ പറഞ്ഞത് പോലെ അന്ന് അതിന്റെ വില എനിക്ക് മനസിലായിരുന്നില്ല. പക്ഷേ ഇന്ന് അതോര്‍ക്കുമ്പോള്‍ എനിക്ക് ഭയങ്കര സന്തോഷമാണ്.
മീനാക്ഷിയുടെ വരാനിരിക്കുന്ന ചിത്രമാണ് പ്രൈവറ്റ്. ട്രെയിലര്‍ ഇതിനകം ഹിറ്റായിക്കഴിഞ്ഞു. ചിത്രത്തെ കുറിച്ച്?
പ്രൈവറ്റ് ഉടനെ റിലീസ് ചെയ്യും. ഞാനും കാത്തിരിക്കുകയാണ്. ദീപക് ഡിയോണ്‍ എന്നാണ് സംവിധായകന്റെ പേര്. ചേട്ടന്റെ ആദ്യത്തെ സിനിമയാണ്. സാധാരണ സിനിമകളേക്കാള്‍ കൂടുതല്‍ ദിവസങ്ങളെടുത്താണ് പ്രൈവറ്റ് ഷൂട്ട് ചെയ്തത്. കംപ്ലീറ്റ് ഫീല്‍ ഗുഡ് എന്റര്‍ടെയിനറാണ്. സിനിമ കാണുമ്പൊ 'ഒരു സുഖം തോന്നുന്നില്ല' എന്ന് പറഞ്ഞ് അങ്ങനെ ഇറങ്ങിപ്പോരാന്‍ ആര്‍ക്കും പറ്റില്ല എന്ന് ഉറപ്പ് തരാന്‍ കഴിയും. വിമര്‍ശനങ്ങള്‍ ഉണ്ടാകാമെങ്കിലും ഈ സിനിമ കണ്ടത് നഷ്ടമായിപ്പോയി എന്ന് ആര്‍ക്കും തോന്നാന്‍ സാധ്യതയില്ല എന്നാണ് എന്റെ വിശ്വാസം.
ഇന്ദ്രന്‍സ് അങ്കിള്‍ ബാലൻ മാരാര്‍ എന്ന ക്യാരക്ടറാണ് ചെയ്യുന്നത്. അഷിതാ ബീഗം എന്നാണ് എന്റെ ക്യാരക്ടറിന്റെ പേര്. ഈ രണ്ട് ക്യാരക്ടേഴ്‌സിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. ഒപ്പം നമുക്ക് പരിചിതമായ കുറേ മുഖങ്ങളും ചിത്രത്തിലുണ്ട്. ഞാന്‍ ഇങ്ങനെ മുഴുനീള വേഷം ചെയ്യുന്ന ആദ്യത്തെ സിനിമ എന്ന് തന്നെ പറയാം. കാരണം, ബാക്കി ചിത്രങ്ങളെല്ലാം കുറേ വര്‍ഷം മുമ്പ് കുട്ടിയായിരിക്കെ ചെയ്തതാണ്. ഒരു പ്രായത്തിന് ശേഷം ഞാന്‍ ചെയ്യുന്ന ത്രൂ ഔട്ട് ക്യാരക്ടറുള്ള മൂവി പ്രൈവറ്റ് തന്നെയാണ്. അതുകൊണ്ട് തന്നെ ഇതെനിക്ക് ഒരുപാട് സ്‌പെഷ്യലാണ്.
അതുമാത്രമല്ല ഇതിന്റെ കഥയും ശക്തമായ രാഷ്ട്രീയം പറയുന്നതാണ്. പറയേണ്ട കാര്യം വളരെ സ്‌ട്രോങ്ങായി പറയുന്ന, സാമൂഹ്യപ്രാധാന്യമുള്ള വിഷയങ്ങള്‍ സംസാരിക്കുന്ന സിനിമയാണ് പ്രൈവറ്റ്. എന്നാല്‍ സിനിമകളില്‍ സ്ഥിരം കാണുന്ന ഒന്നായിരിക്കില്ല ഈ കഥയിലെ കോണ്‍ഫ്‌ളിക്റ്റ്. ആരും പ്രതീക്ഷിക്കാത്ത ഒരു സംഭവമായിരിക്കും ഇതിലുള്ളത്.
പ്രൈവറ്റിന് പ്രൊമോഷനൊന്നും കാര്യമായി ഉണ്ടായിരുന്നില്ല. അതുകൊണ്ട് ട്രെയിലര്‍ ഇറങ്ങുമ്പൊ എന്ത് ഇംപാക്ടാണ് ഉണ്ടാകുക എന്ന് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. ആരെങ്കിലും ഇത് കാണുമോ, കണ്ടാല്‍ എന്താ പറയുക എന്നൊന്നും അറിയില്ലായിരുന്നു. പക്ഷേ ട്രെയിലര്‍ ഔട്ടായശേഷം എനിക്ക് കിട്ടിയ റെസ്‌പോണ്‍സ് 'അതിഭീകര'മായിരുന്നു. ഇതിന് മുമ്പ് ഒരു സിനിമയും റിലീസ് ആകുന്നതിന് മുമ്പ് എനിക്ക് ഇത്ര റെസ്‌പോണ്‍സ് കിട്ടിയിട്ടില്ല. എന്നെ ആരൊക്കെയോ വിളിക്കുന്നു, എന്തൊക്കെയോ പറയുന്നു! 'മീനാക്ഷിയെ ഇതിന് മുമ്പ് ഇങ്ങനെയൊരു കഥാപാത്രമായി കണ്ടിട്ടില്ല, ഞങ്ങളെല്ലാവരും ഇങ്ങനെ കാണാന്‍ ആഗ്രഹിച്ചിരുന്നു' എന്നൊക്കെ ഒരുപാടൊരുപാട് പേര്‍... ഞാനെന്തോ വലിയ നേട്ടമുണ്ടാക്കിയ പോലെയാണ് എല്ലാവരും എന്നോട് സംസാരിച്ചത്. എനിക്കത് വലിയ കാര്യമായിരുന്നു. പ്രൈവറ്റ് ഇറങ്ങാന്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്നവരില്‍ ഒരാള്‍ ചിലപ്പൊ ഞാനായിരിക്കും.
ഇന്ദ്രന്‍സിനൊപ്പമുള്ള അനുഭവങ്ങള്‍?
ഇന്ദ്രന്‍സ് അങ്കിള്‍ ഒരുപാട് നല്ലൊരങ്കിളാണ്. പ്രൈവറ്റിന്റെ ഷൂട്ട് തീര്‍ന്നപ്പൊ എനിക്കുണ്ടായ ഏറ്റവും വലിയ വിഷമം അങ്കിളിനെ കാണാന്‍ പറ്റത്തില്ലല്ലോ എന്നതാണ്. ഷൂട്ട് തുടങ്ങിയപ്പൊ മുതല്‍ എല്ലാ സമയവും ഞങ്ങള്‍ ഒന്നിച്ചായിരുന്നു. ഇതുവരെ ചെയ്യാത്ത പരിപാടികളൊക്കെയാണ് അതിലുള്ളത്. നൈറ്റ് ഷൂട്ട്, ഓഫ് റോഡ് പിക്കപ്പ് അങ്ങനെയെല്ലാം. ഞങ്ങള്‍ ഉറക്കിളച്ചിരുന്ന് രാവിലെ തൊട്ട് രാത്രി വരെ ഒന്നിച്ചായിരുന്നു. ഷൂട്ട് തീര്‍ന്നപ്പൊ തീര്‍ന്നല്ലോ എന്ന സമാധാനമുണ്ടായിരുന്നെങ്കിലും 'അയ്യോ ഇനി അങ്കിളിനെ കാണാന്‍ പറ്റത്തില്ലല്ലോ' എന്ന വിഷമമായിരുന്നു ഏറ്റവും കൂടുതല്‍.
പ്രൈവറ്റിലെ അഷിതാ ബീഗത്തെ കുറിച്ച്?
എന്റെ ഏകദേശം അതേ വയസുള്ള, മലപ്പുറത്തുകാരിയായ പെണ്‍കുട്ടിയാണ് അഷിതാ ബീഗം. അതിനാല്‍ തന്നെ മലപ്പുറത്തെ സ്ലാങ്ങാണ് അഷിതാ ബീഗം പറയുന്നത്. 'നിനക്ക് എവിടുന്നാടീ ഇത്രയും മലപ്പുറം സ്ലാങ് കിട്ടിയത്' എന്ന് ട്രെയിലര്‍ ഇറങ്ങിക്കഴിഞ്ഞപ്പൊ ഒരുപാട് പേര്‍ എന്നോട് ചോദിച്ചു. എന്റെ കൂട്ടുകാര്‍ മിക്കവരും കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. ഞാന്‍ ഇവരുമായെല്ലാം 24 മണിക്കൂറും സംസാരിക്കുന്നയാളാണ്! ഇവര്‍ സംസാരിക്കുന്നത് എന്റെ വീട്ടിലുള്ളവര്‍ക്ക് പലപ്പോഴും മനസിലാകത്തില്ല. 'ഇവരിതെന്താ ഈ പറയുന്നേ' എന്ന് വിചാരിക്കും. പക്ഷേ കുഞ്ഞിലേ തൊട്ട് സംസാരിച്ച് എനിക്ക് ഇത് നല്ല പരിചയമാണ്. അവരുടെ സംസാരഭാഷയും ശൈലിയുമെല്ലാം എനിക്ക് ഭയങ്കര ഇഷ്ടമാണ്. അതുകൊണ്ട് മലപ്പുറം സ്ലാങ് പറഞ്ഞ് അഭിനയിക്കുമ്പോഴും ഡബ്ബ് ചെയ്യുമ്പോഴുമെല്ലാം ഞാന്‍ ഭയങ്കര ക്യൂരിയസ് ആയിരുന്നു. 'അയ്യേ, ഇവളിതെന്താ പറയുന്നത്, ഞങ്ങള്‍ ഇങ്ങനെയൊന്നുമല്ല സംസാരിക്കുക' എന്ന് ചിലപ്പൊ മലപ്പുറത്തുകാര്‍ക്ക് ഇതുകാണുമ്പൊ തോന്നും. അത് ഞാന്‍ ഇംപ്രൂവ് ചെയ്യേണ്ട കാര്യമാണ്.
മലബാര്‍ ഭാഗങ്ങളിലേക്ക് വരാറുണ്ടോ?
ഉണ്ട്. കോഴിക്കോട് എനിക്ക് വളരെ പ്രിയപ്പെട്ട സ്ഥലമാണ്. ഒരുപാട് തവണ വന്നിട്ടുണ്ട്. വരുമ്പോഴെല്ലാം ബീച്ചിലൊക്കെ പോയി പറ്റുന്ന ഭക്ഷണമെല്ലാം കഴിച്ചിട്ടാണ് വരാറ്.
ബീച്ച് പോലുള്ള പൊതുസ്ഥലങ്ങളിൽ പോകുമ്പോള്‍ ഒരുപാടുപേര്‍ ചുറ്റും കൂടില്ലേ? അത് എങ്ങനെയാണ് മാനേജ് ചെയ്യുന്നത്?
അങ്ങനെ ആളുകള്‍ എന്റെയടുത്തേക്ക് വരുന്നത് എനിക്ക് സന്തോഷമുള്ള കാര്യമാണ്. എന്നെ കാണുമ്പൊ 'ഞങ്ങടെ മീനൂട്ടീ' എന്ന് വിളിച്ച് എന്റെയടുത്ത് വന്ന് ആളുകള്‍ സംസാരിക്കുന്നതെല്ലാം വലിയ സന്തോഷമാണ്. അതിലൊന്നും ബുദ്ധിമുട്ട് വിചാരിക്കുന്നയാളല്ല ഞാന്‍. കാരണം സംസാരിക്കുന്നതാണ് എനിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യം. ആരെയെങ്കിലും ഒരാളെ കുറേ നേരം സംസാരിക്കാന്‍ കിട്ടിയാല്‍ എത്രനേരം സംസാരിക്കാമോ അത്രയും സമയം ഞങ്ങളുടെ സംസാരം രസകരമായി മുന്നോട്ട് കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നയാളാണ് ഞാന്‍. എന്നെ കണ്ട് ഒരാള്‍ ഇങ്ങോട്ട് വന്ന് മിണ്ടുന്നതും സംസാരിക്കുന്നതുമൊക്കെ ഞാന്‍ ആ ഒരു സെന്‍സിലാണെടുക്കുക. പലരും എന്റെയടുത്ത് വന്നിട്ട് പറയും 'മീനൂട്ടി ഞങ്ങടെ വീട്ടിലെ കുട്ടിയെ പോലയാണ്' എന്ന്. ഞാന്‍ അവരോട് പറയും, 'അത് മാറ്റമില്ലാതെ അങ്ങനെ തന്നെ ഇരിക്കട്ടെ, എനിക്കും അതാണ് സന്തോഷം, എന്നെ വേറെയൊരു കുട്ടിയായി കാണണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നേയില്ല' എന്ന്.
പബ്ലിക് പ്ലേസില്‍ എനിക്ക് ബുദ്ധിമുട്ടുകളൊന്നും ആളുകളില്‍ നിന്ന് ഉണ്ടായിട്ടില്ല. ആരും ഇടിച്ച് കയറി വന്ന് ഫോട്ടോ എടുത്തിട്ട് പോകുകയൊന്നും ചെയ്യാറില്ല. എല്ലാവര്‍ക്കും പ്രൈവറ്റ് സ്‌പേസിനെ കുറിച്ചുള്ള സെന്‍സ് ഉണ്ട്. അവരും അവരുടെ പ്രൈവറ്റ് സ്‌പേസില്‍ എന്‍ജോയ് ചെയ്യാന്‍ വന്നവരാണ്. അതിന്റെ ഇടയില്‍ കണ്ടുപരിചയമുള്ള ഒരാളെ കാണുന്നു, വന്ന് സംസാരിക്കുന്നു. അതിന്റെ അപ്പുറത്തേക്ക് ശല്യപ്പെടുത്തുന്ന പോലെയുള്ള അനുഭവം ഉണ്ടായിട്ടേയില്ല.
യഥാര്‍ഥ പേര് അനുനയ എന്നാണ്. പേര് മാറ്റിയതാണോ?
അല്ലല്ലല്ല... എന്റെ പേര് മാറിയിട്ടില്ല. എന്റെ പേര് അനുനയ എന്ന് തന്നെയാണ്. മീനാക്ഷി എന്നത് എന്റെ വീട്ടില്‍ വിളിക്കുന്ന പേരാണ്. ആ പേരാണ് വിളിക്കാനെളുപ്പം എന്നതുകൊണ്ട് സ്ഥിരമാക്കിയതാണ്. ഇപ്പോഴും സര്‍ട്ടിഫിക്കറ്റിലെല്ലാം റെക്കോര്‍ഡ്‌സിലുമെല്ലാം അനുനയ അനൂപ് എന്നാണ് എന്റെ പേര്.
രസകരമായ ഒട്ടേറെ പോസ്റ്റുകള്‍ മീനാക്ഷിയുടെ ഫെയ്‌സ്ബുക്ക് വാളില്‍ പോയാല്‍ കാണാം. ഈ പോസ്റ്റുകളുടെ പിന്നിലെ 'തല' മീനാക്ഷിയുടേത് തന്നെയാണോ?
എന്റെ സോഷ്യല്‍ മീഡിയാ അക്കൗണ്ടുകളെല്ലാം നോക്കുന്നത് അച്ഛന്റെ നേതൃത്വത്തിലുള്ള ഒരു ടീമാണ്. കാരണം ഇതൊരു പേഴ്‌സണല്‍ അക്കൗണ്ടല്ലല്ലോ, പ്രൊഫഷണല്‍ അക്കൗണ്ടല്ലേ. അതുകൊണ്ട് തന്നെ ഒന്നിലേറെ പേര്‍ അത് കൈകാര്യം ചെയ്യുന്നു എന്നത് സത്യമാണ്. എന്നാല്‍ അതില്‍ വരുന്ന കണ്ടന്റുകളും ക്യാപ്ഷനുകളും അതിന്റെ ഐഡിയകളുമെല്ലാം എന്റേത് തന്നെയാണ്. അല്ലാതെ അക്കാര്യത്തില്‍ ആളുകളെ പറ്റിക്കുന്ന ഒരു പരിപാടിയും അവിടെ നടക്കുന്നില്ല. പോസ്റ്റ് ചെയ്യുന്നത് ചിലപ്പോള്‍ അവരാരെങ്കിലുമാകും, പക്ഷേ ആ പോസ്റ്റ് ഉണ്ടാക്കുന്നത് ഞാനാണ്.
ഫെയ്‌സ്ബുക്കിലെ ചിത്രങ്ങള്‍ക്കൊപ്പമുള്ള ക്യാപ്ഷനുകള്‍ മുഴുവന്‍ എന്റെ തലയിലുദിക്കുന്നതല്ല. വീട്ടുകാരുമായും കൂട്ടുകാരുമായുമെല്ലാമുള്ള സംസാരത്തില്‍ നിന്നാണ് പലപ്പോഴും അതൊക്കെ കിട്ടാറ്. എന്റെ വീട്ടില്‍ പൊതുവേ തമാശയായാണ് എല്ലാവരും സംസാരിക്കുക. എന്നും എന്റെ വീട്ടില്‍ ഭയങ്കര ചിരിയാണ്. അങ്ങനെ ദിവസവുമുള്ള സംസാരത്തില്‍ നിന്ന് കിട്ടുന്നതാണ് ഞാനിടുന്ന ക്യാപ്ഷനുകളെല്ലാം.
അങ്ങനെ കിട്ടിയ ഒരു പോസ്റ്റ് ഉദാഹരണമായി പറയാമോ?
ഇന്‍സ്റ്റഗ്രാമിലെ എന്റെ ഒരു ചിത്രത്തിന് ഒരു കൂട്ടുകാരന്‍ കമന്റ് ചെയ്തു. 'മീനൂ' എന്നെഴുതിയിട്ട് ഒരു ചായയുടെ ഇമോജിയും കൂടെ ഇട്ടായിരുന്നു കമന്റ്. അത് ഞാനെടുത്ത് ഫെയ്‌സ്ബുക്കില്‍ ചായ കുടിക്കുന്ന ഫോട്ടോയ്ക്ക് ക്യാപ്ഷനായി ഇട്ടു.
ഇന്‍സ്റ്റഗ്രാമില്‍ പക്ഷേ മീനാക്ഷി മറ്റൊരാളാണ്.
ഇന്‍സ്റ്റഗ്രാമിലെ ഓഡിയന്‍സ് വ്യത്യസ്തമാണ്. ഫെയ്‌സ്ബുക്കില്‍ നമ്മുടെ എഴുത്തുകളും നമ്മുടെ ഓരോ വാക്കുകളും ഓരോ ക്യാപ്ഷനുകളുമെല്ലാം ആസ്വദിക്കുന്ന ആളുകളുടെ എണ്ണം കൂടുതലാണ്. എഫ്ബി ഒരു പ്രൊഫഷണല്‍ സ്‌പേസാണ്. പക്ഷേ ഇന്‍സ്റ്റഗ്രാമില്‍ യൂത്ത് ഓഡിയന്‍സാണ് കൂടുതല്‍. അപ്പൊ എഫ്ബിയിലിടുന്ന അതേ പോസ്റ്റുകള്‍ അവിടെ ഇടാന്‍ കഴിയില്ല. എന്നാലും മിക്ക പോസ്റ്റുകളും ഇന്‍സ്റ്റഗ്രാമിലും ഇടാറുണ്ട്. പക്ഷേ അവിടെയുള്ളത് എന്റെ ഏജ് കാറ്റഗറിയിലുള്ളവരാണ്. അവിടെ പ്രൊമോഷനൊക്കെയാണ് കൂടുതല്‍.
എഫ്ബിയിലും ഇന്‍സ്റ്റയിലും ചര്‍ച്ചയാകുന്ന ടോപ്പിക്കുകളും വ്യത്യസ്തമായിരിക്കും. പുതിയൊരു റീലിനെ കുറിച്ചായിരിക്കും ഇന്‍സ്റ്റഗ്രാമില്‍ ചര്‍ച്ച ചെയ്യുന്നത്. ഈ റീലിനെ കുറിച്ച് എന്താണ് അഭിപ്രായം, അല്ലെങ്കില്‍ ഈ ചലഞ്ച് ആക്‌സപ്റ്റ് ചെയ്യുന്നുണ്ടോ എന്നെല്ലാം. പക്ഷേ എഫ്ബിയില്‍ തികച്ചും വ്യത്യസ്തമായ വിഷയമായിരിക്കും ചര്‍ച്ചയാകുന്നത്. രണ്ടിന്റേയും ഓഡിയന്‍സ് ഡിഫറന്റാണ്. അതുപോലെ എന്റെ യൂട്യൂബ് ചാനലില്‍ വരുന്ന കണ്ടന്റുകള്‍ ഇത് രണ്ടില്‍ നിന്നും വ്യത്യസ്തമാണ്. എഫ്ബി, ഇന്‍സ്റ്റ, യൂട്യൂബ്... പ്ലാറ്റ്‌ഫോം ഏതായാലും അതിലെ കണ്ടന്റ് എല്ലാം എന്റേത് തന്നെയാകും.
ഡോ. ബൈജുവിനെ കുറിച്ച് എഴുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
അസുഖം വരുമ്പൊ ഞാനും എന്റെ വീട്ടിലുള്ളവരുമെല്ലാം ബൈജു ഡോക്ടറിനെയാണ് കാണിക്കാറ്. ഒരുതരത്തില്‍ ഞങ്ങളുടെ കുടുംബ ഡോക്ടറാണ്! എനിക്ക് കുഞ്ഞൊരു ചുമ വന്നാല്‍ പോലും ഓടി ചെല്ലുന്നത് ബൈജു ഡോക്ടറുടെ അടുത്തേക്കാണ്. ഏത് പാതിരാത്രിയാണേലും വിളിച്ച് 'എനിക്ക് വയ്യാട്ടോ' എന്ന് പറയാന്‍ പറ്റുന്ന, എന്റെ അച്ഛനെ പോലെ സംസാരിക്കാന്‍ പറ്റുന്നയാള്‍.
അസുഖം വന്നാല്‍ അതിന് ഇന്‍ജക്ഷന്‍ വെക്കുന്നതിനേക്കാള്‍ ഭേദം എന്നെ കൊല്ലുന്നതാണ്. അത്ര പേടിയാണ് എനിക്ക്. സൂചി വെക്കുമ്പൊ ഭയങ്കര ബഹളം വെക്കുന്നയാളാണ് ഞാന്‍. എന്റെ അങ്ങനെയുള്ള എല്ലാ പേടികളും അറിയാവുന്നയാളാണ് ബൈജു ഡോക്ടര്‍. എന്റെ കൂടെ വന്ന് കൊഞ്ചിച്ച് സമാധാനിപ്പിച്ച് വേണ്ടതെല്ലാം അദ്ദേഹം ചെയ്തുതരും. എന്റെ ആരോഗ്യകാരങ്ങള്‍ അച്ഛനേയും അമ്മയേയും പോലെ ശ്രദ്ധിക്കുന്നയാളാണ് എന്റെ ബൈജു ഡോക്ടര്‍.
മമിതാ ബൈജുവുമായും ഇതേ അടുപ്പമുണ്ടോ?
ചേച്ചിയെ എനിക്ക് കുട്ടിക്കാലം മുതലേ നന്നായി അറിയാം. ഞങ്ങള്‍ ഒരേ സ്‌കൂളിലാണ് പഠിച്ചത്. കിടങ്ങൂര്‍ എന്‍എസ്എസ് സ്‌കൂളില്‍ മമിത ചേച്ചി പ്ലസ് വണ്ണിന് പഠിക്കുമ്പൊ ഞാന്‍ ഹൈസ്‌കൂള്‍ ക്ലാസിലോ മറ്റോ ആയിരുന്നു. ഇപ്പൊ ചേച്ചി കൊച്ചിയിലും ഞാന്‍ കോട്ടയത്തുമാണ്. ഇടയ്ക്ക് ഞങ്ങള്‍ ഫോണില്‍ സംസാരിക്കാറുണ്ട്.
മീനാക്ഷി ഒരോ കാര്യത്തെ കുറിച്ചും സംസാരിക്കുമ്പോൾ അതേക്കുറിച്ച് നന്നായി പഠിച്ച് സംസാരിക്കുന്നതായി തോന്നിയിട്ടുണ്ട്. അങ്ങനെയാണോ?
ഉറപ്പായും. അങ്ങനെ കാര്യങ്ങള്‍ അറിയാന്‍ ഒരുപാട് ഇഷ്ടമുള്ളയാളാണ്. അതുകൊണ്ട് തന്നെ ഡേ-ടു-ഡേ ലൈഫില്‍ എനിക്ക് താത്പര്യമുള്ള വിഷയങ്ങളെ കുറിച്ച് അറിയാന്‍ ശ്രമിക്കും. ഭയങ്കര ക്യൂരിയോസിറ്റിയുള്ള ആളാണ് ഞാന്‍. അതെന്താണ്, ഇതെന്താണ് എന്നൊക്കെ അന്വേഷിച്ച് നടക്കാന്‍ വലിയ ഇഷ്ടമാണ്. എന്നേക്കാള്‍ പ്രായം കൂടിയ, എന്നാല്‍ എന്റെ വളരെ അടുത്ത സുഹൃത്തുക്കളായിട്ടുള്ള ആളുകളുണ്ട്. അവരോടൊക്കെ എന്നും സംസാരിക്കും, എന്റെ സംശയങ്ങള്‍ ചോദിക്കും. പണ്ടുമുതലേ ഞാന്‍ ഇങ്ങനെയാണ് എന്നാണ് അച്ഛനുമമ്മയുമൊക്കെ പറഞ്ഞുകേട്ടിട്ടുള്ളത്. എല്ലാ കാര്യത്തിനും എനിക്ക് നൂറ് സംശയമാണ് എന്നൊക്കെ. അതിലുപരിയായി ഓരോ കാര്യത്തിനും ഒരു റീസണുണ്ടെന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. ഉദാഹരണത്തിന്, 'ഞാന്‍ അതിനെ കണ്ട് പേടിച്ചു' എന്ന് പറയുമ്പൊ, എന്തുകൊണ്ടാണ് പേടിച്ചത്, എല്ലാ മനുഷ്യരും അത് കണ്ടാല്‍ ഒരുപോലെ പേടിക്കാറുണ്ടോ എന്നെല്ലാം എന്നെനിക്കറിയണം. അതിന്റെ റീസണ്‍ തപ്പി പോകും. എന്തെങ്കിലുമൊരു കാര്യം കാണുമ്പോള്‍ എന്തുകൊണ്ടായിരിക്കും അത് സംഭവിക്കുന്നത് എന്ന് ഞാന്‍ ചിന്തിക്കും. ശരിയെന്ന് തോന്നുന്ന ഒരു കാരണം ഞാന്‍ കണ്ടുപിടിക്കാറുമുണ്ട്.
ആരോടൊക്കെയാണ് ഇത്തരം കാര്യങ്ങള്‍ സംസാരിക്കാറ്? ഇക്കാര്യത്തില്‍ സ്വാധീനിച്ച വ്യക്തികള്‍ ആരൊക്കെയാണ്?
വളരെ കുറച്ചാളുകളുമായേ ഞാന്‍ ഇങ്ങനത്തെ കാര്യങ്ങള്‍ ഒരുപാട് സമയം സംസാരിക്കാറുള്ളൂ. വൈശാഖന്‍ തമ്പി സാറുമായി സംസാരിക്കാറുണ്ട്. മൈത്രേയനുമായി സംസാരിക്കാറുണ്ട്. അവരേപൊലെ തന്നെയാണ് എന്റെ അച്ഛനും. ഞാനും അച്ഛനുമായി ഇത്തരം കാര്യങ്ങള്‍ സംസാരിക്കാറുണ്ട്. അച്ഛന്റെയടുത്തുനിന്നാണ് ഞാന്‍ ഇവരെയൊക്കെ കേള്‍ക്കുന്നതും ഇവര്‍ പറയുന്നതില്‍ കാര്യമുണ്ടെന്നുമെല്ലാം തോന്നിത്തുടങ്ങുന്നത്. എന്നെ വളരെയധികം ഇന്‍ഫ്‌ളുവന്‍സ് ചെയ്തതും എല്ലാ കാര്യങ്ങളിലും സംശയം ചോദിക്കുന്നതും എന്റെ പൊട്ടസംശയങ്ങള്‍ പോലും ചോദിക്കാന്‍ പറ്റുന്നത് ഇവരോടാണ്.
വൈശാഖന്‍ തമ്പിയുമായും മൈത്രേയനുമായുമെല്ലാം ഇങ്ങനത്തെ കാര്യങ്ങള്‍ എപ്പോഴും സംസാരിക്കുന്നയാളാണ് അച്ഛന്‍. ഒത്തിരി കുഞ്ഞിലേ തൊട്ട് അച്ഛന്‍ എന്നെയും ഇവരുടെ അടുത്ത് കൊണ്ടുപോകുമായിരുന്നു. അന്ന് എനിക്ക് ഇഷ്ടമല്ലായിരുന്നു. ചെറിയ കുട്ടിയായ എന്നോട് ഭൂമി ഉണ്ടായ കഥ പറഞ്ഞതിനോടൊന്നും എനിക്ക് ഒരു താത്പര്യവുമുണ്ടായിരുന്നില്ല. പക്ഷേ കുറച്ചുകൂടി വലുതായപ്പൊ അങ്ങനത്തെ സംശയങ്ങള്‍ എനിക്കുണ്ടായി. എനിക്ക് അനിയന്മാരാണുള്ളത്. അവര് ചോദിക്കുമ്പോഴും എനിക്ക് ഉത്തരം പറയാനില്ലായിരുന്നു. അത് അറിയാനുള്ള ക്യൂരിയോസിറ്റിയിലാണ് ഇവരുടെയെല്ലാം വീഡിയോകള്‍ കണ്ട് തുടങ്ങിയത്. ഓരോ വീഡിയോകളും വളരെ ഇന്ററസ്റ്റിങ് ആയ വിഷയങ്ങളാണ് അവര് സംസാരിച്ചിരുന്നത്. അങ്ങനെ വീഡിയോകള്‍ കണ്ട്, ഇവരെയെല്ലാം നേരിട്ട് കാണണമെന്ന് ഞാന്‍ തന്നെ പറയുകയായിരുന്നു. അങ്ങനെയാണ് ഇവരെയെല്ലാം നേരിട്ട് കാണുന്നതും സംസാരിക്കുന്നതും.
അറിയാനുള്ള ആഗ്രഹം ഇത്രയേറെ ഉള്ളയാള്‍ പക്ഷേ സയന്‍സ് വിഷയങ്ങളൊന്നുമല്ല, മറിച്ച് ഇംഗ്ലീഷ് സാഹിത്യമാണ് പഠിക്കുന്നത്.
അതെ. ഞാന്‍ മണര്‍കാട് സെന്റ് മേരീസ് കോളേജിലെ ബിഎ ലിറ്ററേച്ചര്‍ വിദ്യാര്‍ഥിനിയാണ്. അറിയാന്‍ ശ്രമിക്കുന്ന കാര്യങ്ങളൊന്നും അക്കാദമിക് ആയി പഠിക്കാനോ ആ മേഖലയില്‍ കരിയറുണ്ടാക്കാനോ ആഗ്രഹിക്കുന്നയാളല്ല ഞാന്‍. ഈ കാര്യങ്ങളൊന്നും പെര്‍ഫെക്ടായി ഞാന്‍ പഠിച്ചിട്ടുമില്ല. ഇഷ്ടമുള്ള കാര്യങ്ങള്‍ നോക്കുന്നുവെന്നേ ഉള്ളൂ. എന്റെ പ്രായത്തിലുള്ള മറ്റുള്ളവര്‍ക്ക് അറിയുന്ന പല കാര്യങ്ങളും ചിലപ്പോള്‍ എനിക്ക് അറിയണമെന്നില്ല. പക്ഷേ എനിക്ക് താത്പര്യമുള്ള കാര്യങ്ങള്‍ ഞാന്‍ അറിയാന്‍ ശ്രമിക്കും.
പഠിക്കുന്നതിനൊപ്പം ജോലി ചെയ്യുന്നയാളാണ് ഞാന്‍. പത്താം ക്ലാസില്‍ നല്ല മാര്‍ക്കുണ്ടായിരുന്നു എനിക്ക്. എല്ലാവരും എന്നോട് പറഞ്ഞത് പ്ലസ് വണ്ണിന് സയന്‍സ് എടുക്കണമെന്നാണ്. പക്ഷേ എന്റെ ജോലിയുടെ കൂടെ മുന്നോട്ട് കൊണ്ടുപോകാന്‍ പറ്റുന്നതും എനിക്ക് താത്പര്യമുള്ളതുമായ വിഷയം ഹിസ്റ്ററിയായിരുന്നു. അതുകൊണ്ട് പ്ലസ് വണ്‍-പ്ലസ് ടു ഞാന്‍ ഹ്യുമാനിറ്റീസാണ് പഠിച്ചത്. അതിന്റെ മറ്റൊരു കാരണം, ഹ്യുമാനിറ്റീസിന് പ്രാക്ടിക്കല്‍ ഇല്ലായിരുന്നു എന്നതാണ്. സയന്‍സാണെങ്കിലും കൊമേഴ്‌സാണെങ്കിലും പ്രാക്ടിക്കല്‍സ് ഉണ്ട്. എനിക്ക് സ്‌കൂളില്‍ എന്നും പോകാന്‍ കഴിഞ്ഞെന്നുവരില്ല. അപ്പൊ എനിക്ക് ചെയ്‌തോണ്ടിരിക്കുന്ന ജോലിയുമില്ല, പഠിത്തവുമില്ല എന്ന അവസ്ഥയിലാകും. അതുകൊണ്ട് ഇഷ്ടമുള്ള വിഷയമായ ഹ്യുമാനിറ്റീസ് എടുത്തു.
പ്ലസ് ടുവിലും നല്ല മാര്‍ക്കുണ്ടായിരുന്നു. അത് കഴിഞ്ഞപ്പോഴും അതെടുക്കാം ഇതെടുക്കാം എന്നെല്ലാം പറഞ്ഞ് പലരും പലതും സജസ്റ്റ് ചെയ്തു. എനിക്ക് പ്ലസ് ടു കഴിഞ്ഞ് സൈക്കോളജി പഠിക്കാനായിരുന്നു ഇഷ്ടം. പക്ഷേ കോട്ടയത്ത് നല്ല സൈക്കോളജി കോഴ്‌സുകള്‍ കുറവായിരുന്നു. ദൂരെ പോയി പഠിക്കാന്‍ എനിക്ക് താത്പര്യമില്ലായിരുന്നു. വീട്ടില്‍ നില്‍ക്കാനാണ് എനിക്കിഷ്ടം. അത് മാത്രമല്ല, സൈക്കോളജിയും ദിവസവും കോളേജില്‍ പോയില്ലെങ്കില്‍ പഠിക്കാന്‍ എളുപ്പമല്ല. ലിറ്ററേച്ചറാണെങ്കില്‍ എനിക്ക് ജോലിക്കൊപ്പം മുന്നോട്ട് കൊണ്ടുപോകാന്‍ പറ്റും എന്ന് തോന്നി. അങ്ങനെയാണ് ലിറ്ററേച്ചര്‍ ചൂസ് ചെയ്തത്. ആ തോന്നല്‍ ശരിയുമായിരുന്നു. ഞാന്‍ ഇപ്പൊ സെക്കന്‍ഡ് ഇയറാണ്, പഠിത്തം നന്നായി തന്നെ മുന്നോട്ട് പോകുന്നുണ്ട്.
ഇപ്പോള്‍ സിനിമാതാരമാണ്, ടിവി അവതാരകയാണ്. ഇതുതന്നെയായിരുന്നോ പണ്ടുമുതല്‍ ആഗ്രഹിച്ചിരുന്നത്? വേറെയെന്തെങ്കിലും അംബിഷ്ന്‍ ഉണ്ടായിരുന്നോ?
അംബിഷ്‌നൊക്കെ ഉണ്ടാകുന്നതിന് മുമ്പേ സിനിമയിലേക്ക് വന്ന ഒരാളാണ് ഞാന്‍. എല്ലാവരും ഭാവിയെ കുറിച്ച് സ്വപ്‌നം കാണുന്ന സമയത്ത് ഞാന്‍ അങ്ങനെയൊരു സ്വപ്‌നത്തിലാണ് ജീവിക്കുന്നത്. ജോലിയെ കുറിച്ചോ പഠിത്തത്തെ കുറിച്ചോ 19 വയസില്‍ എന്തായിരിക്കുമോ ഞാന്‍ സ്വപ്‌നം കാണുമായിരുന്നത് അതിനപ്പുറമുള്ള ഡ്രീമിലാണ് ഞാനിപ്പൊ നിക്കുന്നത്. ഏറ്റവും സന്തോഷമായിട്ടുള്ള ജീവിതം.
പിന്നെ ഒരു അംബിഷ്ന്‍ എനിക്കുണ്ട്. ആളുകള്‍ക്ക് നമ്മളോടുള്ള ഇഷ്ടം പിടിച്ചുവാങ്ങിക്കാന്‍ കഴിയില്ല. എന്നെ ഒരുപാടുപേര്‍ക്ക് ഇഷ്ടമാണ്. 'മീനൂട്ടി വലുതാകുമ്പോഴും ഇങ്ങനെ തന്നെ നിക്കണം, ഈ സ്വഭാവം തന്നെ വെക്കണം' എന്ന് എല്ലാരും എന്നോട് പറയും. മനഃപൂര്‍വമായി ഉണ്ടാക്കിയെടുത്ത സ്വഭാവമാണെങ്കില്‍ നമുക്ക് അത് സൂക്ഷിക്കാന്‍ പറ്റും. എന്നാല്‍ എന്റെ കാര്യത്തില്‍ ഇത് സ്വാഭാവികമായി ഉണ്ടായതാണ്. കുറച്ച് കഴിയുമ്പൊ ഇത് മാറുമോ ഇല്ലയോ എന്ന് നമുക്കറിയില്ല. എത്രകാലം കഴിഞ്ഞാലും ഇപ്പൊ ഉള്ളപോലെ, എല്ലാവരുടേയും സ്‌നേഹം ഏറ്റുവാങ്ങി, എല്ലാവരേയും സന്തോഷിപ്പിച്ച് നില്‍ക്കണമെന്നതാണ് എന്റെ 'അംബിഷ്ന്‍'.
ജെന്‍ സി തലമുറയില്‍ പെട്ട ആളാണ്. പക്ഷേ പുതുതലമുറയിലെ കുട്ടികള്‍ ഉപയോഗിക്കുന്ന വാക്കുകളോ ഭാഷയോ ഒന്നുമല്ല സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ മീനാക്ഷി ഉപയോഗിക്കുന്നത്.
ആദ്യമേ പറയട്ടെ, തലമുറയുടെ അടിസ്ഥാനത്തില്‍ ജെന്‍ സി, ആല്‍ഫ, നയന്റീസ് എന്നൊന്നും ഞാന്‍ ആളുകളെ ഡിഫറന്‍ഷ്യേറ്റ് ചെയ്യാറില്ല. അങ്ങനെയുള്ള കാറ്റഗറികള്‍ യാഥാര്‍ഥ്യമാണ്. എങ്കിലും എനിക്ക് ആ വ്യത്യാസം ഇല്ലാ എന്ന് പറഞ്ഞുവെന്ന് മാത്രം.
ഭാഷയുടെ കാര്യം പറഞ്ഞത് ശരിയാണ്. എന്റെ കൂട്ടുകാര്‍ പലരും പറയാറുണ്ട്, ഞാന്‍ കാലം മാറി ജനിച്ചയാളാണെന്ന്. എനിക്കും അത്രയേ പറയാനുള്ളൂ. തന്റേതല്ലാത്ത കാരണത്താല്‍ കാലം മാറി ജനിച്ചുപോയതാണ്! എനിക്കീ ജെന്‍ സി വേര്‍ഡ്‌സൊന്നും അത്ര പരിചിതമല്ല. എന്റെ ഇഷ്ടങ്ങളും ജെന്‍ സി എന്ന് പറയപ്പെടുന്ന തലമുറയുടെ ഇഷ്ടങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്.
സോ, യൂ ആര്‍ നോട്ട് എ 'പൂക്കി'!
യെസ്! എന്റെ കൂട്ടുകാരൊക്കെ ഈ പറയുന്ന 'പൂക്കി വൈബു'ള്ള ആള്‍ക്കാരാണ്. എനിക്ക് അവരുടെ കൂടെ വൈബ് ചെയ്ത് നടക്കാന്‍ ഇഷ്ടവുമാണ്. ഞാന്‍ അങ്ങനെ നടക്കാറുമുണ്ട്. അവരുടെ കൂടെ ഞാന്‍ നല്ലോണം എന്‍ജോയ് ചെയ്യുന്നുണ്ട്. ബുദ്ധിമുട്ടൊന്നും തോന്നാറില്ല. നല്ലോണം പ്രായമുള്ള ഒരാളാണ് എന്റെയൊപ്പമുള്ളതെങ്കിലും ഞാന്‍ നല്ലോണം എന്‍ജോയ് ചെയ്യും, എന്റെ കൂട്ടുകാരെ പോലെ 'ജെന്‍ സി' പിള്ളേരാണെങ്കിലും ഞാന്‍ എന്‍ജോയ് ചെയ്യും. എനിക്ക് രണ്ടും ഇഷ്ടമാണ്.







English (US) ·