'ലാലേട്ടന്‍ ആദ്യം അമ്മയെ വിളിക്കും, സുരേഷ് ഗോപി ചേട്ടന്റെ കാറില്‍ ബിസ്‌ക്കറ്റും ചോക്ലേറ്റുമുണ്ടാവും'

4 months ago 4

Sidhu Panakkal suresh gopi mallika sukumaran

സിദ്ധു പനയ്ക്കൽ മല്ലികാ സുകുമാരനൊപ്പം, സിദ്ധു പനയ്ക്കലും സുരേഷ് ഗോപിയും | Photo: Facebook/ Sidhu Panakkal

ലയാള സിനിമയിലെ താരങ്ങള്‍ക്കൊപ്പമുള്ള കാര്‍ യാത്രകളുടെ ഓര്‍മകള്‍ പങ്കുവെച്ച് മുതിര്‍ന്ന പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍. മല്ലികാ സുകുമാരനൊപ്പമുള്ള യാത്രയുടെ ചിത്രത്തിനൊപ്പം സുകുമാരന്‍ മുതല്‍ സുരേഷ് ഗോപിയും പൃഥ്വിരാജും വരെയുള്ള താരങ്ങള്‍ക്കൊപ്പമുള്ള ഓര്‍മകള്‍ പങ്കുവെച്ചാണ് സിദ്ധു പനയ്ക്കലിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്. സുകുമാരന്റെ കൂടെ മദ്രാസിലും നിലമേലില്‍നിന്ന് തിരുവനന്തപുരത്തേയ്ക്കും നടത്തിയ യാത്രകളുടെ ഓര്‍മ പങ്കുവെച്ചാണ് കുറിപ്പ് ആരംഭിക്കുന്നത്. ഏറ്റവും കൂടുതല്‍ കാര്‍ യാത്ര നടത്തിയത് മോഹന്‍ലാലിനൊപ്പമാണെന്ന് അദ്ദേഹം ഓര്‍ക്കുന്നു. ഉദ്യാനപാലകന്‍ ഷൂട്ടിങ് സമയത്ത് മമ്മൂട്ടിക്കുവേണ്ടി ഡിവൈഎസ്പിയുടെ കാര്‍ ഏര്‍പ്പാടാക്കിയതും ഒറ്റക്കൊമ്പന്‍ ഷൂട്ടിങ് സമയത്ത് സുരേഷ് ഗോപിക്കൊപ്പം നടത്തിയ കാര്‍ യാത്രകളും സിദ്ധു പനയ്ക്കല്‍ ഓര്‍ത്തെടുത്തു.

സിദ്ധു പനയ്ക്കലിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം:
രാമു ഏട്ടന്റെ വീട്ടില്‍നിന്ന് ചേച്ചിയോടൊപ്പം എറണാകുളത്തേക്ക് ഒരു യാത്ര. ഇപ്പോള്‍ ഞാന്‍ എത്ര റിലാക്‌സ് ആയാണ് യാത്ര ചെയ്യുന്നത്. സുകുമാരന്‍ സാറിന്റെ കൂടെ ഞാന്‍ ജോലിക്ക് ജോയിന്‍ ചെയ്ത് കാലത്ത് 40 കൊല്ലം മുമ്പാണ് മദ്രാസില്‍, രണ്ടുതവണ സുകുമാരന്‍ സാര്‍ ഓടിക്കുന്ന ബെന്‍സ് കാറില്‍ എനിക്ക് യാത്ര ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. സാറിന്റെ കൂടെ ഫ്രണ്ട് സീറ്റില്‍ ഇടം വലം തിരിയാതെ ശ്വാസം മര്യാദയ്ക്ക് എടുക്കാതെ ബാക്കിലേക്ക് ചാരി ഇരിക്കാതെ വടി പോലെയുള്ള ഒരു ഇരിപ്പ്. കാരണം കാറോടിക്കുന്നത് ആ കാലത്തെ ഒരു സൂപ്പര്‍സ്റ്റാര്‍ ആണ്. അദ്ദേഹത്തിന്റെ രീതിയും കാര്യങ്ങളുമൊന്നും ശരിക്കും മനസ്സിലായി തുടങ്ങിയിട്ടില്ല. ആട്ടുകല്ലിന് കാറ്റു പിടിച്ച പോലെ എന്നൊക്കെ വേണമെങ്കില്‍ പറയാം ആ ഇരുപ്പിനെ.

പിന്നീട് തിരുവനന്തപുരത്തേക്ക് ഷിഫ്റ്റ് ആയതിനുശേഷം നിലമേല്‍ എന്ന സ്ഥലത്ത് ഷോപ്പിംഗ് കോംപ്ലക്‌സും കല്യാണമണ്ഡപവും പണിതുകൊണ്ടിരിക്കുമ്പോള്‍ തിരുവനന്തപുരം ടു നിലമേല്‍ ഒരുപാട് തവണ യാത്ര ചെയ്തിട്ടുണ്ട് അദ്ദേഹത്തിന്റെ കൂടെ. അപ്പോഴേക്കും ശ്വാസമൊന്നു വിടാം എന്ന രീതിയിലേക്ക് ആയിട്ടുണ്ട്. സുകുമാരന്‍ സാര്‍ സഹോദരനെ പോലെയോ അനിയനെ പോലെയോ ഒക്കെ ആയിരിക്കാം കരുതുന്നുണ്ടാവുക പക്ഷേ നമ്മുടെ മനസ്സില്‍ ബഹുമാനത്തില്‍ നിന്നുടലെടുക്കുന്ന ഒരുതരം ഉള്‍ക്കിടിലം ഉണ്ട്, അതായിരിക്കാം റിലാക്‌സ് ആയി സിറ്റിലേക്ക് ചാഞ്ഞിരിക്കാന്‍ നമുക്ക് തോന്നാത്തത്.

സ്വതന്ത്രമായി സിനിമ ചെയ്യാന്‍ തുടങ്ങിയതിനു ശേഷം മലയാളത്തിലെ ഒട്ടുമുക്കാല്‍ താരങ്ങളോടുമൊപ്പം ഓരോ സിനിമകളും തുടങ്ങി കഴിയുന്നതുവരെ നിരവധി തവണ യാത്ര ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതല്‍ യാത്ര ചെയ്തിട്ടുള്ളത് ലാലേട്ടനോടൊപ്പമാണ്. ലാലേട്ടന്‍ കാറില്‍ കയറിയാല്‍ ആദ്യം വിളിക്കുക അമ്മയെയാണ്, അമ്മയോടും സുചിത്ര ചേച്ചിയുടെ ഒക്കെ സംസാരിച്ചു കഴിഞ്ഞാല്‍ പിന്നെ ലൊക്കേഷന്‍ എത്തുന്നത് വരെ നമ്മളോട് എന്തെങ്കിലും ഒക്കെ സംസാരിച്ചുകൊണ്ടിരിക്കും. കേരളത്തിന് പുറത്ത് ഷൂട്ട് ചെയ്യുന്ന ചില സിനിമകള്‍ക്ക് മൂന്നും നാലും മണിക്കൂര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് താമസസ്ഥലത്തേക്ക് യാത്രാ ദൂരം ഉണ്ടാകും. പരദേശി ഷൂട്ടിങ്ങിന് രാജസ്ഥാനില്‍ പോയപ്പോള്‍ ഗ്രാമം പോലെയുള്ള സ്ഥലങ്ങളിലൂടെയുള്ള യാത്രയില്‍ തന്നെ ആരും തിരിച്ചറിയില്ല എന്ന് ബോധ്യമുള്ള സ്ഥലത്ത് ചെറിയ ദാബകളില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ അദ്ദേഹത്തിന് ഇഷ്ടമാണ്.

മമ്മൂട്ടി സാറിന് ഡ്രൈവിങ്ങില്‍ ആണ് കമ്പം. പൊന്തന്‍മാട, ലവ് ഇന്‍ സിംഗപ്പൂര്‍, ഉദ്യാനപാലകന്‍ തുടങ്ങി നിരവധി സിനിമകളില്‍ അദ്ദേഹത്തോടൊപ്പം ഷൂട്ടിംഗ് സ്ഥലത്തേക്ക് പോകുകയും വരികയും ചെയ്തിട്ടുണ്ട്. ഡ്രൈവിംഗ് സീറ്റില്‍ മമ്മൂട്ടി സാര്‍ തൊട്ടടുത്ത സീറ്റില്‍ ഞാന്‍ ബാക്കില്‍ ആ കാലത്ത് ഏഴുമലയും ജോര്‍ജും. മമ്മൂട്ടി സര്‍ സ്വന്തം കാര്‍ കൊണ്ടുവരാത്ത ചില സിനിമകള്‍ ഉണ്ടാകും. അപ്പോള്‍ ആ കാലത്തെ നല്ല കാറുകള്‍ അതാത് സ്ഥലങ്ങളിലെ പ്രമുഖരുടെ കയ്യില്‍ നിന്ന് ഡ്രൈവര്‍ ഇല്ലാതെ നമ്മള്‍ എടുക്കും.

ഉദ്യാനപാലകന്‍ ഷൂട്ടിംഗ് സമയത്ത് ഒറ്റപ്പാലത്തെ ഒരു ഡിവൈഎസ്പിയുടെ കാറാണ് മമ്മൂട്ടി സാറിന് വേണ്ടി എടുത്തത്. എയര്‍പോര്‍ട്ടിലേക്ക് ഞാന്‍ സാറിനെ വിളിക്കാന്‍ പോകുമ്പോള്‍ തന്നെ ഡ്രൈവറോട് പറഞ്ഞു തിരിച്ചു വരുമ്പോള്‍ മമ്മൂട്ടി സാര്‍ ഓടിക്കാന്‍ സാധ്യതയുണ്ട് എതിരൊന്നും പറയരുത് എന്ന്. എയര്‍പോര്‍ട്ടില്‍ നിന്ന് വണ്ടിയില്‍ കയറിയപ്പോള്‍ തന്നെ ചോദിച്ചു ഇയാള്‍ എങ്ങനെ ഓടിക്കാന്‍ തരുമോ. തരും എന്ന് ഞാന്‍. വരുന്ന വഴിക്ക് ഇന്ത്യന്‍ കോഫി ഹൗസില്‍ കയറി ബ്രേക്ക്ഫാസ്റ്റ് കഴിച്ചതിനുശേഷം വണ്ടിയെടുത്തത് മമ്മൂട്ടി സാറാണ് മമ്മൂട്ടി സാറും ഞാനും ഫ്രണ്ടില്‍ ഡ്രൈവര്‍ ബാക്കില്‍.

കുറേക്കാലത്തിനു ശേഷമാണ് സുരേഷ് ഗോപി ചേട്ടന്റെ പടം വര്‍ക്ക് ചെയ്യുന്നത് ഒറ്റക്കൊമ്പന്‍. ഷൂട്ടിംഗ് സമയത്ത് പലതവണ അദ്ദേഹത്തോടൊപ്പം യാത്ര ചെയ്തു. എന്തെങ്കിലും കാര്യങ്ങളൊക്കെ സംസാരിച്ച് യാത്ര ചെയ്യാനാണ് സുരേഷ് ഗോപി ചേട്ടന് ഇഷ്ടം. പക്ഷേ അദ്ദേഹം രാഷ്ട്രീയ നേതാവും മന്ത്രിയുമായതുകൊണ്ട് ഫോണ്‍ താഴെ വയ്ക്കാന്‍ സമയം കിട്ടാറില്ല.

ഔദ്യോഗിക കാര്യങ്ങളും സ്വന്തം മണ്ഡലത്തിലെ കാര്യങ്ങളുമായി തിരക്കൊടുത്ത് തിരക്ക്. ഇപ്പോള്‍ സുരേഷ് ഗോപി ചേട്ടന്റെ കാറില്‍ ബിസ്‌ക്കറ്റ്, ചോക്ലേറ്റ്, മിട്ടായി, വറവ് സാധനങ്ങള്‍ തുടങ്ങി കുറെ സാധനങ്ങള്‍ സ്റ്റോക്ക് ഉണ്ടാകും. ലൊക്കേഷനില്‍ എത്തിയാല്‍ ഷൂട്ടിംഗ് കാണാന്‍ വന്നിരിക്കുന്ന കൊച്ചു കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമൊക്കെ കൊടുക്കാനും മറ്റുമാണത്. യാത്ര ചെയ്യുമ്പോള്‍, കഴിക്ക് എന്ന് പറഞ്ഞ് ഇടയ്ക്കിടയ്ക്ക് നമുക്കും എടുത്തു തരും.

ഇതുപോലെയുള്ള യാത്ര അനുഭവങ്ങള്‍ ഇനിയും ധാരാളം ഉണ്ട് മറ്റു നടന്മാരുടെ കൂടെയുള്ള യാത്രകള്‍. എന്റെ ഒരു സന്തോഷം എന്നു പറയുന്നത് ഇവരുടെ വണ്ടിയില്‍ കയറാന്‍ അവര്‍ എന്നെ അനുവദിക്കുന്നു എന്നുള്ളതാണ്. അങ്ങനെ ചെയ്തു കൊള്ളണം എന്നില്ലല്ലോ. അവരുടെ വലിയ മനസ്സും സ്‌നേഹവും നന്മയും ആണ് അതിനവരെ പ്രേരിപ്പിക്കുന്നത്.

ചേച്ചിയുടെയും രാജുവിന്റെയും ഇന്ദ്രന്റെയും കൂടെയൊക്കെ ധാരാളം യാത്ര ചെയ്തിട്ടുണ്ട്. ചേച്ചിയുടെ കൂടെയുള്ള ഈ യാത്രയില്‍ ആയാസരഹിതമായി ചാരിയിരുന്നു യാത്ര ചെയ്യുമ്പോള്‍ ഓര്‍മ്മയിലേക്ക് ഓടിയെത്തിയതാണ് ഇത്രയും കാര്യങ്ങള്‍.

Content Highlights: Sidhu Panakkal shares memories of car journeys with Mohanlal, Mammootty, and Suresh Gopi

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article