ലാലേട്ടാ..രാജൂ...സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നതിന് നന്ദി - മഞ്ജു വാര്യർ

9 months ago 7

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം എമ്പുരാനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ചിത്രം വ്യാഴാഴ്ച തീയേറ്ററുകളിലെത്തും. മലയാള സിനിമ കണ്ട ഏറ്റവും വലിയ റിലീസായി എത്തുന്ന ചിത്രം മലയാള സിനിമ കണ്ട ഏറ്റവും വലിയ വിജയമാവാനുള്ള കുതിപ്പിൽ കൂടിയാണ്. ശ്രീ ഗോകുലം മൂവീസ്, ആശീർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ ഗോകുലം ഗോപാലൻ, ആന്റണി പെരുമ്പാവൂർ, സുഭാസ്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ അണിയറപ്രവർത്തകർക്ക് നന്ദി പറഞ്ഞ് രം​ഗത്തെത്തിയിരിക്കുകയാണ് നടി മഞ്ജു വാര്യർ.

ഈ സിനിമയ്ക്ക് അര്‍ഹിക്കുന്ന ഒരു വലിപ്പവും ഇതിനാവശ്യമായിട്ടുള്ള എല്ലാ ഒരുക്കങ്ങളും ഒരു മടിയുമില്ലാതെ പൂര്‍ണമനസ്സോടെ ഒപ്പം നിന്നുചെയ്തിട്ടുള്ളവരാണ് ആന്റണി പെരുമ്പാവൂര്‍, ഗോകുലം ഗോപാലന്‍ എന്നിവരെന്നും അവര്‍ നല്‍കുന്ന ശക്തി ഏറ്റവും പ്രിയപ്പെട്ടതാണെന്നും മഞ്ജു വാര്യര്‍ പറഞ്ഞു. ബുധനാഴ്ച വൈകീട്ട് കൊച്ചിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് മഞ്ജുവിന്റെ പ്രതികരണം. മോഹന്‍ലാല്‍, പൃഥ്വിരാജ്, ടൊവിനോ തോമസ്, ആന്റണി പെരുമ്പാവൂര്‍, ഗോകുലം ഗോപാലന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

എനിക്ക് ഇപ്പോള്‍ ഒന്നുമാത്രമാണ് ആത്മാര്‍ഥമായി മനസ്സ് നിറഞ്ഞുപറയാനുള്ളത്. ലാലേട്ടാ, രാജൂ, ആന്റണി ചേട്ടാ, ഗോപാലന്‍ സര്‍...മലയാള സിനിമയ്ക്ക് വേണ്ടി ഇത്രയും വലിയ സ്വപ്‌നങ്ങള്‍ കാണുകയും മുന്നിട്ടിറങ്ങി ധൈര്യത്തോടെ ആ സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കുകയും ചെയ്യുന്നതിന് സിനിമയുടെ ഒരു പ്രതിനിധിയായിട്ട് ഞാന്‍ ആത്മാര്‍ഥമായി നന്ദി പറയാന്‍ ആഗ്രഹിക്കുകയാണ്. - മഞ്ജു കൂട്ടിച്ചേർത്തു.

റിലീസ് ദിനത്തിലെ ഷോയുടെ മാത്രം 50 കോടി രൂപയുടെ ടിക്കറ്റുകളാണ് വിറ്റഴിച്ചിരിക്കുന്നതെന്ന് അടുത്തിടെ പൃഥ്വിരാജ് വെളിപ്പെടുത്തിയിരുന്നു. മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സിനിമയുടെ റിലീസ് ദിനത്തിലെ ബുക്കിങ്ങില്‍ ഇത്രയും വലിയ തുക നേടുന്നത്. അഡ്വാന്‍സ് ടിക്കറ്റ് സെയില്‍സിലൂടെ ലഭിച്ച തുകയുടെ വിവരം കഴിഞ്ഞ ദിവസം എമ്പുരാന്റെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ പുറത്തുവിട്ടിരുന്നു. ചിത്രത്തിന്റെ ഓള്‍ ഇന്ത്യ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിങ് മാര്‍ച്ച് 21-ന് രാവിലെ ഒമ്പതുമണിക്കാണ് ആരംഭിച്ചത്. ബുക്കിങ് ട്രെന്‍ഡിങ്ങില്‍ ഒരു മണിക്കൂറില്‍ ഒരു ലക്ഷത്തിനടുത്ത് ടിക്കറ്റുകള്‍ വിറ്റും ചിത്രം റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു.

Content Highlights: caller movie empuraan manju warrier

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article