'ലിങ്ക് ചോദിക്കുന്നത് നിർത്തൂ'; ഒ‍‍‍‍ഡിഷന്റേതെന്ന പേരിൽ ന​ഗ്നദൃശ്യം പ്രചരിച്ചതിൽ പ്രതികരണവുമായി നടി

9 months ago 9

mobile

പ്രതീകാത്മക ചിത്രം | AI Image | Courtesy: Meta AI

സാമൂഹികമാധ്യമങ്ങളില്‍ നഗ്നവീഡിയോ പ്രചരിച്ച സംഭവത്തില്‍ പ്രതികരണവുമായി തമിഴ് സീരിയല്‍ നടി. ഇന്‍സ്റ്റഗ്രാമിലാണ് നടിയുടെ പ്രതികരണം. മൂന്ന് സ്റ്റോറികളായുള്ള പ്രതികരണത്തില്‍, വീഡിയോ വ്യാജമാണെന്നും നിര്‍മിത ബുദ്ധി ഉപയോഗിച്ച് നിര്‍മിച്ചതാണെന്നുമാണ് നടി പറയുന്നത്.

നടിയുടെ പേരില്‍ സ്വകാര്യവീഡിയോ പ്രചരിച്ചതിന് പിന്നാലെ അവര്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് പ്രൈവറ്റ് ആക്കിയിരുന്നു. പിന്നീട് പബ്ലിക്ക് ആക്കിയ അക്കൗണ്ടില്‍ ആദ്യം സ്റ്റോറിയായി ഒരു വീഡിയോ പങ്കുവെച്ചിരുന്നു. എഐ ക്ലോണിങ്ങിനെക്കുറിച്ചുള്ള വീഡിയോ ടൂട്ടോറിയലാണ് നടി സ്‌റ്റോറിയില്‍ പങ്കുവെച്ചത്. പ്രചരിക്കുന്ന നഗ്നവീഡിയോയെക്കുറിച്ച് ഇതിൽ പ്രത്യക്ഷപ്രതികരണം ഒന്നുമില്ലായിരുന്നു.

പിന്നാലെ, മണിക്കൂറുകള്‍ക്ക് ശേഷം നടി വീണ്ടും രണ്ട് സ്റ്റോറികള്‍ പങ്കുവെച്ചു. 'എല്ലാം കാട്ടുതീപോലെ പ്രചരിപ്പിക്കരുത്', എന്നായിരുന്നു ആദ്യസ്റ്റോറിയില്‍ നടി ആവശ്യപ്പെട്ടത്. 'നിങ്ങള്‍ക്ക് എന്നെക്കുറിച്ച് പ്രചരിപ്പിക്കുന്ന കണ്ടന്റ് തമാശയായിരിക്കാം. എന്നാല്‍, എനിക്കും എന്നോട് അടുത്തുനില്‍ക്കുന്നവര്‍ക്കും അത് ബുദ്ധിമുട്ടുള്ള കാര്യമാണ്. പ്രത്യേകിച്ച് എന്നെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുള്ള സമയവും കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടേറിയ സാഹചര്യവുമാണ്. ഞാനും ഒരു പെണ്‍കുട്ടിയാണ്. എനിക്കും വികാരങ്ങളുണ്ട്. എന്നോട് അടുപ്പമുള്ളവര്‍ക്കും വികാരമുണ്ട്. നിങ്ങള്‍ അത് കൂടുതല്‍ വഷളാക്കുന്നു. എല്ലാം കാട്ടുതീപോലെ പ്രചരിപ്പിക്കരുതെന്ന് ഞാന്‍ നിങ്ങളോട് വിനീതമായി അഭ്യര്‍ഥിക്കുകയാണ്. ഇനി നിര്‍ബന്ധമാണെങ്കില്‍, നിങ്ങളുടെ അമ്മയുടേയോ സഹോദരിയുടേയോ കാമുകിയുടേയോ വീഡിയോ പോയി കാണുക. അവരും പെണ്‍കുട്ടികളാണ്. അവര്‍ക്കും എന്റേതുപോലുള്ള ശരീരമുണ്ട്. പോയി അവരുടെ വീഡിയോകള്‍ ആസ്വദിക്കൂ', ശ്രുതി കുറിച്ചു.

'ഇത് നിങ്ങളുടെ വിനോദമല്ല, ഒരു മനുഷ്യജീവനാണ്. ഇരയെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള ഒരുപാട് കമന്റുകളും പോസ്റ്റുകളും ഞാന്‍ കണ്ടു. ഇത്തരം വീഡിയോകള്‍ ചോര്‍ത്തുന്നവരും കാണുന്നവരും ചോദ്യംചെയ്യപ്പെടാതിരിക്കുമ്പോഴും എന്തുകൊണ്ടാണ് എപ്പോഴും സ്ത്രീകള്‍ മാത്രം ജഡ്ജ് ചെയ്യപ്പെടുന്നത്? ആളുകള്‍ ഇതിനോട് പ്രതികരിക്കുന്ന രീതി അരോചകമാണ്. എല്ലാ സ്ത്രീകള്‍ക്കും നിങ്ങളുടെ അമ്മയ്ക്കും മുത്തശ്ശിക്കും പെങ്ങള്‍ക്കും ഭാര്യയ്ക്കുമുള്ളതുപോലെയുള്ള ഒരേ ശരീരഭാഗങ്ങളാണ് ഉള്ളത്. ഇത് കേവലം ഒരു വീഡിയോ അല്ല, ഒരാളുടെ ജീവനും മാനസികാരോഗ്യവുമാണ്. നിര്‍മിത ബുദ്ധി ഉപയോഗിച്ച് നിര്‍മിക്കുന്ന ഡീപ്‌ഫെയ്ക്കുകള്‍ ജീവിതങ്ങള്‍ നശിപ്പിക്കുന്നു. പ്രചരിപ്പിക്കുന്നത് നിര്‍ത്തൂ, ലിങ്കിന് ചോദിക്കുന്നത് അവസാനിപ്പിക്കൂ. മനുഷ്യനാവാന്‍ തുടങ്ങൂ. ചോര്‍ന്ന വീഡിയോകള്‍, യഥാര്‍ഥമായാലും ഡീപ്‌ഫെയ്ക്കായാലും പ്രചരിപ്പിക്കുന്നത് ഇന്ത്യയില്‍ ക്രിമിനല്‍ കുറ്റമാണ്', എന്നാണ് അവരുടെ മറ്റൊരു സ്റ്റോറിയിലെ വാക്കുകള്‍. ഇന്ത്യയിലെ നീതിന്യായവ്യവസ്ഥപ്രകാരം നടപടി സ്വീകരിക്കാന്‍ കഴിയുന്ന ഏതാനും വകുപ്പുകള്‍ കൂടി നടി പങ്കുവെച്ചു. ഐടി ആക്ടിലേയും ഐപിസിയിലേയും ഏതാനും വകുപ്പുകളാണ് നടി ചേര്‍ത്തിരിക്കുന്നത്.

കഴിഞ്ഞദിവസങ്ങളിലാണ് തമിഴ് സീരിയല്‍ നടിയുടേതെന്ന പേരില്‍ സ്വകാര്യവീഡിയോ വ്യാപകമായി പ്രചരിച്ചത്. ഓഡിഷനെന്ന പേരില്‍ ചിലര്‍ സ്വകാര്യരംഗങ്ങള്‍ അഭിനയിക്കാന്‍ ആവശ്യപ്പെട്ടെന്നും തുടര്‍ന്ന് നടി ഇത്തരംരംഗങ്ങള്‍ അഭിനയിച്ചുകാണിച്ചത് ഇവര്‍ റെക്കോഡ് ചെയ്ത് പ്രചരിപ്പിച്ചതാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വ്യാജ ഓഡിഷന്‍ കെണിയില്‍പ്പെട്ട നടി, പിന്നീട് വീഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം തട്ടിപ്പാണെന്ന് മനസിലാക്കിയതെന്നും റിപ്പോര്‍ട്ടുകളിലുണ്ടായിരുന്നു.

Content Highlights: Tamil serial histrion addresses a leaked backstage video, claiming it`s AI-generated

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article