'ലോക' 200 കോടി കളക്ഷനിലേക്ക്; മലയാളത്തിലെ വമ്പന്‍ സിനിമകളെ മറികടന്നേക്കും

4 months ago 4

lokah-movie

ചിത്രത്തിൻെറ പോസ്റ്ററുകൾ Photo: Instagram/lokahofficial

മലയാള സിനിമാ ചരിത്രത്തിലെ എക്കാലത്തെയും ഉയര്‍ന്ന കളക്ഷന്‍ നേടുന്ന ചിത്രമായി മാറാന്‍ ഒരുങ്ങുകയാണ് ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത 'ലോക ചാപ്റ്റർ1- ചന്ദ്ര' . കല്യാണി പ്രിയദര്‍ശനും നസ്ലെനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ വിജയം നേടി പ്രദര്‍ശനം തുടരുകയാണ്. ചിത്രം മലയാള സിനിമയിലെ ഏറ്റവും വലിയ കളക്ഷന്‍ റെക്കോര്‍ഡ് സ്വന്തമാക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാ ലോകം.

മൂന്നാം ആഴ്ചയിലേക്ക് പ്രവേശിച്ച 'ലോക', മലയാളത്തിലെ മുന്‍നിര കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിക്കാന്‍ ഒരുങ്ങുകയാണ്. രണ്ടാം ആഴ്ചയില്‍ തന്നെ 'തുടരും' (2025), 'മഞ്ഞുമ്മല്‍ ബോയ്‌സ്' (2024), 'എല്‍2: എമ്പുരാന്‍' (2025) എന്നീ ചിത്രങ്ങളെ മറികടന്ന് ഉയര്‍ന്ന വരുമാനം നേടിയിരുന്നു.

12ാം ദിനം ഇന്ത്യയില്‍ നിന്ന് ലോക നേടിയ കളക്ഷന്‍ 5.75 കോടിയാണ്. ഇന്‍ഡസ്ട്രി ട്രാക്കറായ സാക്‌നില്‍ക്കിന്റെ (Sacnjilk) കണക്കനുസരിച്ച് ചിത്രത്തിന്റെ ഇതുവരെയുള്ള ആഭ്യന്തര കളക്ഷന്‍ 88.25 കോടിയിലെത്തിയിട്ടുണ്ട്. അതേസമയം രണ്ടാം ഞായറാഴ്ച 10.15 കോടി രൂപയുടെ കളക്ഷനാണ് ചിത്രം നേടിയത്.

നിലവില്‍, തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത 'തുടരും' മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മൂന്നാമത്തെ ചിത്രമാണ്. രണ്ടാം ആഴ്ചയില്‍ 4.85 കോടി രൂപ 'തുടരും' നേടിയപ്പോള്‍, ചിദംബരം സംവിധാനം ചെയ്ത 'മഞ്ഞുമ്മല്‍ ബോയ്‌സ്' 4.5 കോടിയും, പൃഥ്വിരാജിന്റെ 'എല്‍2: എമ്പുരാന്‍' 1.55 കോടിയും ഇന്ത്യയില്‍ നേടി.

അടുത്ത ദിവസങ്ങളില്‍ വന്‍ റിലീസുകള്‍ ഇല്ലാത്തതിനാല്‍, 'ലോക'യ്ക്ക് തിയേറ്ററുകളില്‍ മുന്‍നിരയില്‍ തുടരാന്‍ സാധ്യതയേറെയാണ്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം 'ഹൃദയപൂര്‍വം' ആണ് 'ലോക'യോട് തിയേറ്ററുകളില്‍ മത്സരിക്കുന്ന ഏക ചിത്രം. ആഗോള തലത്തില്‍ 61.1 കോടി രൂപ നേടിയ 'ഹൃദയപൂര്‍വ'ത്തിന്റെ രണ്ടാമത്തെ തിങ്കളാഴ്ചയിലെ കളക്ഷന്‍ 1.34 കോടി രൂപയാണ്.

ആഗോള ബോക്‌സ് ഓഫീസില്‍ 'ലോക' ഇതിനോടകം 187.3 കോടി രൂപ നേടിയതായാണ് കണക്കുകള്‍. 'തുടരും' 234.5 കോടിയും, 'മഞ്ഞുമ്മല്‍ ബോയ്‌സ്' 240.5 കോടിയും, 'എല്‍2: എമ്പുരാന്‍' 265.5 കോടിയും നേടിയിട്ടുണ്ട്.

മലയാള സിനിമയുടെ ബോക്‌സ് ഓഫീസ് ചരിത്രം തിരുത്തിക്കുറിക്കാന്‍ 'ലോക' ഒരുങ്ങുന്നതിന്റെ ആവേശത്തിലാണ് പ്രേക്ഷകരും സിനിമാ ലോകവും.

Content Highlights: Lokah, directed by Dominic Arun, is smashing container bureau records

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article