'ലോക' ഏറ്റെടുക്കാൻ ആദ്യം ഒരു വിതരണക്കാരൻ പോലും വന്നില്ല, ഈ വിജയംപോലെ മറ്റൊന്നില്ല -ദുൽഖർ സൽമാൻ

4 months ago 5

Dulquer Salmaan and Lokah Poster

ദുൽഖർ സൽമാൻ, ലോക എന്ന ചിത്രത്തിൽ കല്യാണി പ്രിയദർശൻ | ഫോട്ടോ: ഷാനി ഷാകി, X

താൻ നിർമിച്ച ഏറ്റവും പുതിയ ചിത്രമായ 'ലോക: ചാപ്റ്റർ 1-ചന്ദ്ര'യുടെ വിജയത്തിൽ സന്തോഷം പ്രകടിപ്പിച്ച് ദുൽഖർ സൽമാൻ. ഡൊമിനിക് അരുൺ സംവിധാനം ചെയ്ത് കല്യാണി പ്രിയദർശൻ നായികയായ ചിത്രം ബോക്സോഫീസിൽ 250 കോടിയോളമാണ് ഇതുവരെ നേടിയത്. താൻ നായകനായെത്തിയ സിനിമകൾ പോലും ലോകയെപ്പോലെ കളക്ഷൻ നേടിയിട്ടില്ലെന്ന് ദുൽഖർ പറഞ്ഞു. തുടക്കത്തിൽ ഒരു വിതരണക്കാരൻപോലും ചിത്രം ഏറ്റെടുക്കാൻ മുന്നോട്ടുവന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ദ ഹോളിവുഡ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിലാണ് 'ലോക'യ്ക്ക് ലഭിക്കുന്ന പ്രതികരണങ്ങളെയും സ്നേഹത്തെയും കുറിച്ച് ദുൽഖർ സൽമാൻ സംസാരിച്ചത്. "ഇത് ഞങ്ങളുടെ ഏഴാമത്തെ നിർമ്മാണ സംരംഭമാണ്. ഞങ്ങൾക്ക് എപ്പോഴും നല്ല വിജയം നേടാനായിട്ടുണ്ട്. എന്നാൽ 'ലോക' പോലെ മറ്റൊന്നും ഉണ്ടായിട്ടില്ല. ഞാൻ നായകനായി അഭിനയിച്ച ഒരു സിനിമയും ഇത്രയും വലിയ വിജയം നേടിയിട്ടില്ല. എല്ലാത്തരം പ്രേക്ഷകരും ഇത് സ്വീകരിച്ചു. അതാണ് ഏറ്റവും ആവേശകരമായ കാര്യം."ദുൽഖർ പറഞ്ഞു.

"സത്യം പറഞ്ഞാൽ, നഷ്ടം സംഭവിച്ചേക്കാമെന്ന് ഞങ്ങൾ കരുതിയിരുന്നു. ഞങ്ങൾക്ക് സിനിമയിൽ വിശ്വാസമുണ്ടായിരുന്നു. പക്ഷേ സാമ്പത്തികമായി നേട്ടമുണ്ടാകുമോയെന്ന് ഉറപ്പില്ലായിരുന്നു. ആദ്യഘട്ടത്തിൽ വിതരണക്കാർ ആരും മുന്നോട്ട് വന്നില്ല. ഈ ഫ്രാഞ്ചൈസിലെ ആദ്യ സിനിമയിൽ നഷ്ടം സംഭവിച്ചേക്കാം എന്ന യാഥാർത്ഥ്യവുമായി ഞങ്ങൾ പൊരുത്തപ്പെട്ടിരുന്നു." ദുൽഖർ വ്യക്തമാക്കി.

"ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രതികരണങ്ങൾ ഞാൻ കാണുകയായിരുന്നു. ഇന്നത്തെ പ്രേക്ഷകർ വ്യത്യസ്ത ഭാഷകളെയും ആഖ്യാന ശൈലികളെയും എത്രത്തോളം തുറന്ന മനസ്സോടെ സ്വീകരിക്കുന്നു എന്നതിൻ്റെ തെളിവാണിത്. റിലീസ് ദിവസം തന്നെ ആളുകൾ സിനിമ കണ്ടു, റിവ്യൂ ചെയ്തു, അതിനെക്കുറിച്ച് റീൽസ് ഉണ്ടാക്കി. അതൊരു അത്ഭുതകരമായ അനുഭവമായിരുന്നു. ഞങ്ങളെല്ലാവരും അവിശ്വസനീയമായ അവസ്ഥയിലായിരുന്നു. സിനിമ പെട്ടെന്ന് തരംഗമായി. 'ഇത് വിജയിക്കുമോ?' എന്ന ചർച്ച പെട്ടെന്ന് 'അടുത്ത ഭാഗത്തെക്കുറിച്ച് എന്തുചെയ്യണം?' എന്നതിലേക്ക് മാറി. ഇത് ആവേശകരമാണ്, പക്ഷേ സമ്മർദ്ദമൊന്നുമില്ല", ദുൽഖർ പറഞ്ഞു നിർത്തി.

ബിഗ് ബജറ്റ് ഫാന്റസി ത്രില്ലറായി ഒരുക്കിയ ചിത്രത്തിൽ ദുൽഖർ, ടോവിനോ തുടങ്ങി അതിഥി താരങ്ങളുടെ ഒരു വലിയനിര തന്നെയുണ്ട്. അഞ്ചുഭാഗങ്ങളുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ചിത്രമാണിത്. കേരളത്തിലെ പ്രശസ്തമായ ഐതിഹ്യമായ കള്ളിയങ്കാട്ട് നീലിയുടെ കഥയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയ ചിത്രം അത്ഭുത ലോകമാണ് പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചത്. നസ്ലിൻ, ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. കേരളത്തിൽ ചിത്രം വമ്പൻ റിലീസായി എത്തിച്ചത് വേയ്‌ഫെറർ ഫിലിംസ് ആണ്.

Content Highlights: Dulquer Salmaan`s Lokah: Chapter 1 achieves phenomenal success, grossing 250 crore

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article