'ലോക' വാച്ച്‌ലിസ്റ്റില്‍ ഉള്‍പ്പെടുത്തിക്കഴിഞ്ഞു; ചിത്രത്തിന്റെ ക്രൂവിനെ അഭിനന്ദിച്ച് പ്രിയങ്ക

4 months ago 6

lokah-chapter-one-chandra

പ്രിയങ്കാ ചോപ്ര, ചിത്രത്തിന്റെ പോസ്റ്ററിൽ കല്യാണിയും നസ്ലെനും | Photo: Instagram

ഡൊമനിക് അരുണ്‍ സംവിധാനംചെയ്ത് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മിച്ച ഏഴാമത്തെ ചിത്രമായ 'ലോക- ചാപ്റ്റര്‍ വണ്‍: ചന്ദ്ര' തിയേറ്ററില്‍ വിജയക്കുതിപ്പ് തുടരുകയാണ്. ചിത്രത്തിനെ പ്രശംസിച്ച് സോഷ്യല്‍മീഡിയയില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ബോളിവുഡ് താരം പ്രിയങ്കാ ചോപ്ര.

ഇന്ത്യയിലെ ആദ്യത്തെ വനിതാ സൂപ്പര്‍ഹീറോയെ അവതരിപ്പിച്ച ചിത്രത്തിന്റെ ക്രൂവിനെ അഭിനന്ദിച്ചുകൊണ്ടാണ് പ്രിയങ്ക സ്റ്റോറി പോസ്റ്റ് ചെയ്തിരിക്കുന്നത്. സെപ്റ്റംബര്‍ നാലിനാണ് ലോകയുടെ ഹിന്ദി പതിപ്പ് റിലീസ് ചെയ്തത്.

ഇന്ത്യയിലെ ആദ്യത്തെ വനിതാ സൂപ്പര്‍ഹീറോ ഇതാ ഇവിടെ. ദുല്‍ഖര്‍ സല്‍മാനും ലോക ടീമിനും അഭിനന്ദനങ്ങള്‍. ഈ കഥ മലയാളി ഹൃദയങ്ങളെ കീഴടക്കിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ഹിന്ദിയിലും പുറത്തിറങ്ങിയിരിക്കുന്നു. ചിത്രം ഞാനെന്റെ വാച്ച്‌ലിസ്റ്റില്‍ ഉള്‍പ്പെടുത്തിക്കഴിഞ്ഞു. നിങ്ങളോ? , എന്നാണ് പ്രിയങ്ക ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചത്.

പ്രിയങ്കാ ചോപ്രയുടെയും കല്യാണിയുടെയും ഇന്‍സ്റ്റഗ്രാം സ്റ്റോറികള്‍.

ലോകയുടെ ഹിന്ദി പതിപ്പിന്റെ ട്രെയിലര്‍ ലിങ്കും പ്രിയങ്ക സ്റ്റോറിയില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ദുല്‍ഖര്‍, കല്യാണി പ്രിയദര്‍ശന്‍, ഡൊമനിക് അരുണ്‍ തുടങ്ങി പ്രധാന ക്രൂ അംഗങ്ങളെ ടാഗ് ചെയ്തുകൊണ്ടാണ് താരം സ്റ്റോറി പോസ്റ്റ് ചെയ്തിരിക്കുന്നത്.

നിങ്ങളെന്റെ റിയല്‍ലൈഫ് സൂപ്പര്‍ഹീറോയാണ്. എന്റെ ഏറ്റവും വലിയ പ്രചോദനവും, നന്ദി എന്ന് പറഞ്ഞുകൊണ്ടാണ് പ്രിയങ്കയുടെ സ്റ്റോറി കല്യാണി റീഷെയര്‍ ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം നടി ആലിയാ ഭട്ടും ലോകയെ പ്രകീര്‍ത്തിച്ച് ഇന്‍സ്റ്റഗ്രാം സ്‌റ്റോറി പങ്കുവെച്ചിരുന്നു. മിത്തിക് ഫോക്‌ലോറിന്റെയും നിഗൂഢതയുടെയും കൂടിച്ചേരലാണ് ലോക എന്നും ഈ സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സ്‌നേഹം കാണുമ്പോള്‍ സന്തോഷമുണ്ടെന്നുമാണ് ആലിയ കുറിച്ചത്. സിനിമയോടുള്ള തന്റെ സ്‌നേഹവും പിന്തുണയും പ്രകടിപ്പിക്കാന്‍ താന്‍ എപ്പോഴും ആഗ്രഹിക്കുന്ന ചുവടാണിതെന്നും ആലിയ കൂട്ടിച്ചേര്‍ത്തു. ലോകയുടെ ട്രെയിലറും താരം സ്റ്റോറിയില്‍ ചേര്‍ത്തിരുന്നു. സിനിമയുടെ ക്രൂവിനെ മെന്‍ഷന്‍ ചെയ്ത് പോസ്റ്റ് ചെയ്ത ആലിയയുടെ സ്‌റ്റോറി കല്യാണിയടക്കം നന്ദി പറഞ്ഞുകൊണ്ട് റീ ഷെയറും ചെയ്തിരുന്നു.

ആലിയാ ഭട്ടിന്റെയും കല്യാണിയുടെയും ഇന്‍സ്റ്റഗ്രാം സ്റ്റോറികള്‍.

കേരളത്തില്‍ 250 സ്‌ക്രീനില്‍ റിലീസ് ചെയ്ത 'ലോക- ചാപ്റ്റര്‍ വണ്‍: ചന്ദ്ര' ഇപ്പോള്‍ 503 സ്‌ക്രീനുകളിലാണ് പ്രദര്‍ശിപ്പിക്കുന്നത്. ആദ്യ ഏഴ് ദിവസംകൊണ്ട് 101 കോടിയാണ് ചിത്രം നേടിയത്.

Content Highlights: Bollywood prima Priyanka Chopra praises Malayalam superhero film

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article