22 September 2025, 08:28 PM IST

'ദേ കോൾ ഹിം ഒ.ജി'യിൽ പവൻ കല്യാൺ, ഇമ്രാൻ ഹഷ്മി എന്നിവർ | സ്ക്രീൻഗ്രാബ്
തെന്നിന്ത്യൻ ചലച്ചിത്ര പ്രേക്ഷകർ, പ്രത്യേകിച്ച് തെലുങ്ക് സിനിമാസ്വാദകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആന്ധ്ര ഉപമുഖ്യമന്ത്രികൂടിയായ പവൻ കല്യാൺ നായകനാവുന്ന 'ദേ കോൾ ഹിം ഒ.ജി'. സാഹോ എന്ന ചിത്രത്തിനുശേഷം സുജീത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലർ കയ്യടി നേടുകയാണ്. അതേസമയം, ട്രെയിലർ പുറത്തിറങ്ങിയത് വലിയ സംഭവവികാസങ്ങൾക്കൊടുവിലാണ്. ട്രെയിലറിന്റെ വ്യാജപതിപ്പ് യൂട്യൂബ് അടക്കമുള്ള പ്ലാറ്റ്ഫോമുകളിൽ ചോർന്നതിനെത്തുടർന്ന് ഒറിജിനൽ പതിപ്പ് പുറത്തിറക്കാൻ നിർമാതാക്കൾ നിർബന്ധിതരാകുകയായിരുന്നു.
ഞായറാഴ്ചയായിരുന്നു പവൻ കല്യാണിന്റെ ഏറ്റവും പുതിയ ചിത്രമായ ദേ കോൾ ഹിം ഒ.ജി എന്ന ചിത്രത്തിന്റെ പ്രീ-റിലീസ് ചടങ്ങ് നടന്നത്. ചടങ്ങിനിടെ വേദിയിൽ ഔദ്യോഗികമായി പുറത്തുവിടാത്ത ട്രെയിലറും പ്രദർശിപ്പിച്ചു. കാണികളിൽ ആരൊക്കെയോ പകർത്തിയ ഈ സ്ക്രീൻ ദൃശ്യമാണ് പിന്നീട് വ്യാപകമായി പ്രചരിച്ചത്.
ശബ്ദം പോലും വ്യക്തമല്ലാത്ത രീതിയിലുള്ള ദൃശ്യങ്ങളായിരുന്നെങ്കിലും കണ്ടവരെല്ലാം ഗംഭീരമെന്നാണ് ട്രെയിലറിനോട് പ്രതികരിച്ചത്. സോഷ്യൽ മീഡിയാ ഉപയോക്താക്കൾ ചെറിയ ക്ലിപ്പുകളും ചിത്രങ്ങളും അഭിപ്രായങ്ങളും പോസ്റ്റ് ചെയ്തതോടെ, ട്രെയിലർ ഒന്നിലധികം ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ ഒരു പ്രധാന ചർച്ചാവിഷയമായി മാറി. ഇതിനിടെ ട്രെയിലറിന്റെ മുഴുവൻ രൂപവും ലീക്കായി. ഇതോടെ തിങ്കളാഴ്ച വൈകീട്ട് നിർമാതാക്കളുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ ചിത്രത്തിന്റെ ഒറിജിനൽ ട്രെയിലർ പുറത്തിറങ്ങി.
ആക്ഷനും വൈകാരികതയും നിറഞ്ഞ ഒരു ഗ്യാങ്സ്റ്റർ ഡ്രാമയാണ് ദേ കോൾ ഹിം ഒ.ജി. ആക്ഷൻ രംഗങ്ങളാലും ശക്തമായ സംഭഷണങ്ങളാലും സമ്പന്നമാണ് ട്രെയിലർ. ബോളിവുഡ് താരം ഇമ്രാൻ ഹഷ്മിയാണ് വില്ലൻ വേഷത്തിൽ. അദ്ദേഹം അഭിനയിക്കുന്ന ആദ്യ തെന്നിന്ത്യൻ ചിത്രംകൂടിയാണിത്. പ്രിയങ്കാ മോഹനാണ് പവൻ കല്യാണിന്റെ നായികയായെത്തുന്നത്. ശ്രേയ റെഡ്ഡി, അർജുൻ ദാസ്, ഹരീഷ് ഉത്തമൻ, പ്രകാശ് രാജ് തുടങ്ങിയവരാണ് മറ്റുവേഷങ്ങളിൽ. 'ദേ കോൾ ഹിം ഓജി' സെപ്റ്റംബർ 25-ന് തിയേറ്ററുകളിലെത്തും.
Content Highlights: 'They Call Him OG' Trailer Takes Social Media by Storm After Pre-Release Event Leak





English (US) ·