വഞ്ചനാക്കേസ്: ആരോപണം നിഷേധിച്ച് സംഗീതസംവിധായകന്‍ ഷാന്‍ റഹ്‌മാനും ഭാര്യയും

9 months ago 7

shaan rahman

ഷാൻ റഹ്‌മാൻ | ഫയൽചിത്രം | ഫോട്ടോ: ശ്രീജിത്ത് പി.രാജ്/ മാതൃഭൂമി

കൊച്ചിയില്‍ സംഘടിപ്പിച്ച സംഗീതനിശയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതിയില്‍ വിശദീകരണവുമായി സംഗീതസംവിധായകന്‍ ഷാന്‍ റഹ്‌മാനും ഭാര്യയും. തങ്ങള്‍ക്കെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ നിഷേധിച്ച ഇരുവരും, ഈ ആരോപണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതമാണെന്നും വ്യക്തമാക്കി. സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് ഷാന്‍ റഹ്‌മാനും ഭാര്യ സൈറ ഷാനും പ്രതികരിച്ചത്.

സംഗീതനിശയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് തുടക്കംമുതലേ വെല്ലുവിളികള്‍ നേരിട്ടിരുന്നതായും അതിലൊന്ന് പരാതിക്കാരനായ നിജു രാജ് അബ്രഹാമുമായി (അറോറ എന്റര്‍ടെയ്ന്‍മെന്റ്) ഉണ്ടായ തര്‍ക്കമായിരുന്നുവെന്നും ഷാന്‍ റഹ്‌മാനും ഭാര്യയും പ്രസ്താവനയില്‍ പറഞ്ഞു. ''ഇതുമായി ബന്ധപ്പെട്ട ഒരു പരാതി ഫയല്‍ചെയ്തു. എറണാകുളം സൗത്ത് പോലീസ് അന്വേഷണം നടത്തിവരികയാണ്. തുടക്കംമുതലേ ഞങ്ങള്‍ അന്വേഷണവുമായി സുതാര്യതയും സഹകരണവും നീതിയും പുലര്‍ത്തിയിട്ടുണ്ട്. പ്രൊഫഷണലിസം, സമഗ്രത, നിയമനടപടി എന്നിവയില്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. എങ്കിലും നിജുരാജ് അബ്രഹാം ജനങ്ങളെയും മാധ്യമങ്ങളെയും തെറ്റിദ്ധരിപ്പിക്കാനായി തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതായി ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഈ ആരോപണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതമാണെന്നും യഥാര്‍ഥ പ്രശ്‌നങ്ങളില്‍നിന്ന് ശ്രദ്ധതിരിച്ചുവിടുവാന്‍ വേണ്ടിയുള്ളതാണെന്നും വ്യക്തമാണ്. ഈ കേസ് അട്ടിമറിക്കാനും ഒരു സെറ്റില്‍മെന്റിന് പ്രേരിപ്പിക്കാനും വേണ്ടി മെനഞ്ഞ തന്ത്രം ആണെന്ന് ഞങ്ങള്‍ക്ക് ഉറച്ച വിശ്വാസമുണ്ട്. ആയതിനാല്‍ എല്ലാ ആരോപണങ്ങളും ശക്തമായി നിഷേധിക്കുന്നു.

നിയമവിദഗ്ധര്‍ ഈ വിഷയം സജീവമായി കൈകാര്യംചെയ്യുന്നുണ്ട്. ഇവിടത്തെ നീതിന്യായ വ്യവസ്ഥയില്‍ പൂര്‍ണ വിശ്വാസമുള്ളതിനാല്‍ സത്യം ജയിക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഞങ്ങളുടെ പ്രേക്ഷകരും ടീമംഗങ്ങളും പങ്കാളികളും ഞങ്ങളില്‍ അര്‍പ്പിച്ച വിശ്വാസത്തിന് ഞങ്ങള്‍ നന്ദി രേഖപ്പെടുത്തുന്നു. വസ്തുതകള്‍ വ്യക്തമായും മാന്യമായും അവതരിപ്പിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. ഏകപക്ഷീയമായ വിവരണത്തെ അടിസ്ഥാനമാക്കിയുള്ള ഊഹാപോഹങ്ങള്‍ ഒഴിവാക്കണമെന്ന് ഞങ്ങള്‍ മാധ്യമങ്ങളോടും പൊതുജനങ്ങളോടും അഭ്യര്‍ഥിക്കുന്നു. നിയമപരവും ഔദ്യോഗികവുമായ ചാനലുകളിലൂടെ ഞങ്ങള്‍ പങ്കിടുന്ന കൂടുതല്‍ അപ്‌ഡേറ്റുകള്‍ക്കായി ദയവായി കാത്തിരിക്കുക'', ഷാന്‍ റഹ്‌മാനും ഭാര്യയും പ്രസ്താവനയിലൂടെ അറിയിച്ചു.

കൊച്ചിയില്‍ ജനുവരി 25-ന് നടന്ന സംഗീതനിശയുടെ സംഘാടനവുമായി ബന്ധപ്പെട്ട് ഷാന്‍ റഹ്‌മാന്‍ കരാര്‍പ്രകാരമുള്ള 38 ലക്ഷം രൂപ നല്‍കാതെ വഞ്ചിച്ചെന്നായിരുന്നു പരാതി. കൊല്ലം സ്വദേശിയും ഷോ ഡയറക്ടറുമായ നിജു രാജാണ് പരാതി നല്‍കിയത്. തുടര്‍ന്ന് സംഗീതനിശ സഷാന്‍ റഹ്‌മാനും ഭാര്യയ്ക്കും എതിരേ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

സംഗീതനിശയ്ക്ക് ശേഷം ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് വെബ്സൈറ്റില്‍നിന്ന് ലഭിക്കുന്ന തുക നല്‍കാമെന്നാണ് ഷാന്‍ റഹ്‌മാന്‍ ആദ്യം പറഞ്ഞതെന്നാണ് പരാതിക്കാരന്റെ ആരോപണം. എന്നാല്‍, ബുക്കിങ് വെബ്സൈറ്റില്‍നിന്ന് 38 ലക്ഷത്തിലധികം രൂപ ലഭിച്ചിട്ടും തനിക്ക് നല്‍കാനുള്ള പണം നല്‍കിയില്ലെന്നും പരാതിക്കാരന്‍ ആരോപിച്ചിരുന്നു.

Content Highlights: shaan rahman and his woman denies cheating lawsuit allegations

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article