
വാഗാ അതിർത്തിയിൽ നിന്ന്. ഫയൽ ഫോട്ടോ (Photo: PTI)
ഇന്ത്യയുടെ പാട്ടും ഒരിക്കൽ അടിച്ചുമാറ്റിയിട്ടുണ്ട് പാകിസ്താൻ. അടിച്ചുമാറ്റുക മാത്രമല്ല സ്വന്തം ദേശഭക്തി അതിൽ വിദഗ്ദമായി വിളക്കിച്ചേർക്കുക കൂടി ചെയ്തു.
പാട്ടിന്റെ പല്ലവിയിൽ നിന്ന് ഹിന്ദുസ്ഥാനെ നിർദയം പടിയിറക്കിവിട്ടു ആദ്യം. പകരം പാകിസ്താനെ കുടിയിരുത്തി അവിടെ. പിന്നെ വന്ദേമാതരത്തിന്റെ സ്ഥാനത്ത് പാകിസ്താൻ സിന്ദാബാദ് എന്ന് എഴുതിച്ചേർത്തു. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ പുതുതലമുറയുടെ ആത്മാഭിമാനമുണർത്താൻ വേണ്ടി കവി പ്രദീപും ഹേമന്ദ് കുമാറും ചേർന്ന് ആറു പതിറ്റാണ്ടിലേറെക്കാലം മുൻപ് സൃഷ്ടിച്ച ഗാനം അങ്ങനെ ഞൊടിയിടയിൽ പാകിസ്താന്റെ ദേശഭക്തിഗാനമായി വേഷം മാറുന്നു. 'അന്താരാഷ്ട്ര' തലത്തിലുള്ള ഒരു മോഷണക്കഥ.
വിചിത്രമായി തോന്നിയ ആ കഥ ആദ്യം പങ്കുവെച്ചത് ദോഹയിൽ വെച്ച് പരിചയപ്പെട്ട റഷീദ് എന്ന പാകിസ്താനി മാധ്യമപ്രവർത്തകൻ. മറ്റേതെങ്കിലും പാട്ട് ഓർമ്മവരുന്നെങ്കിൽ പറയണം എന്ന ആമുഖത്തോടെ 'ബേദാരി' എന്ന പാക് സിനിമയിലെ ഉർദു ഗാനം കേൾപ്പിച്ചുതന്നത് റഷീദാണ്. 'ആവോ ബഛോ സൈർ കരായേ തുംകോ പാകിസ്താൻ കി / ജിസ്‌കി ഖാതിർ ഹംനേ ദീ കുർബാനി ലാഖൂ ജാൻ കി പാകിസ്താൻ സിന്ദാബാദ്...'' എന്ന പല്ലവി കേട്ടപ്പോഴേ മനസ്സ് മന്ത്രിച്ചു: മുൻപ് എവിടെയോ കേട്ടിട്ടുണ്ടല്ലോ ഈ ഈണം. അധികം തലപുകയ്ക്കേണ്ടി വന്നില്ല. എല്ലാ സ്വാതന്ത്ര്യ ദിനത്തിനും പതിവായി ആകാശവാണി പ്രക്ഷേപണം ചെയ്യാറുള്ള ദേശഭക്തിഗാനമാണ് - 'ജാഗ്രിതി' (1954)എന്ന ഹിന്ദി സിനിമയ്ക്കുവേണ്ടി ഹേമന്ദിന്റെ ഈണത്തിൽ കവി പ്രദീപ് രചിച്ച് അദ്ദേഹം തന്നെ പാടിയ പാട്ട്: 'ആവോ ബഛോ തുമേ ദിഖായേ ജാംകി ഹിന്ദുസ്ഥാൻ കി/ഇസ് മിട്ടി സേ തിലക് കരോയെ ധർത്തി ഹേ ബലിദാൻ കി, വന്ദേമാതരം...'' ഇന്ത്യയുടെ മഹത്തായ പൈതൃകത്തെ കുറിച്ചുള്ള കഥകൾ കുറെ കുട്ടികളുമായി പങ്കുവെച്ചുകൊണ്ട് സിനിമയിലെ അധ്യാപക കഥാപാത്രം പാടുന്ന പാട്ട്. പക്ഷേ, ആവേശോജ്വലമായ ആ ദേശഭക്തിഗാനത്തിൽ എങ്ങനെ പാകിസ്താൻ കയറിവന്നു?
ഒറിജിനൽ ഹിന്ദി പാട്ടിന്റെ വരികൾ പാടിക്കൊടുത്തപ്പോൾ പൊട്ടിച്ചിരിച്ചു റഷീദ്: 'അത് നിങ്ങളുടെ ആവോ ബഛോ. ഇത് ഞങ്ങളുടെ ആവോ ബഛോ... പക്ഷേ, ഒരു സത്യം പറയാതിരിക്കാൻ വയ്യ. ദേശഭക്തി ഗാനമാണെങ്കിൽ പോലും പാകിസ്താനിൽ നിരോധിക്കപ്പെട്ട പാട്ടാണിത്... ഞങ്ങളുടെ നാട്ടിൽ ഈ പാട്ട് റേഡിയോയിൽ പ്രക്ഷേപണം ചെയ്യുന്നത് പോലും കുറ്റകരമാണ്.'' ഒരു കാര്യം കൂടി പറഞ്ഞു റഷീദ്: 'ഈ പാട്ടിനെ കുറിച്ച് പാകിസ്‌താനിൽ പലരും പല കഥകളും പറഞ്ഞുകേട്ടിട്ടുണ്ട്. പലതും വിശ്വസനീയമല്ല. സത്യാവസ്ഥ നിങ്ങൾക്ക് നാട്ടിൽ ചെന്ന് അന്വേഷിക്കാവുന്നതേയുള്ളൂ''. അത്ഭുതം തോന്നി. ഇന്ത്യ - പാക് വിഭജനത്തിന് പിന്നാലെ, അതുവരെ ഹിന്ദി സിനിമയിൽ തിളങ്ങി നിന്ന വിശ്രുത ഗായിക നൂർജഹാനും സംഗീത സംവിധായകൻ ഫിറോസ് നിസാമിയും ഉൾപ്പെടെ പല പ്രമുഖരും പാകിസ്താനിൽ ചേക്കേറിയതായി അറിയാം. പക്ഷേ, പോകുന്ന പോക്കിൽ അവരാരും ഇന്ത്യൻ പാട്ടുകൾ അടിച്ചുമാറ്റി കൊണ്ടുപോയതായി കേട്ടിട്ടില്ല.
അന്വേഷണം ചെന്നെത്തിയത് കറാച്ചിയിലെ 'ഡോൺ' ദിനപത്രത്തിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചുവന്ന ഒരു പഴയ ലേഖനത്തിലാണ്. സയ്യദ് ഷാ ബുഖാരി എഴുതിയ ആ ലേഖനവുമായി (2015 നവംബർ 5) റഷീദിന്റെ വാക്കുകൾ ചേർത്തുവെച്ചപ്പോൾ തെളിഞ്ഞുവന്നത് നഗ്നമായ ഒരു 'മോഷണ'ത്തിന്റെ ചിത്രം. ദീർഘകാലം പാകിസ്ഥാൻ ഫിലിം സെൻസർ ബോർഡിലെ അംഗമായിരുന്ന സയ്യദ് ഷാ ബുഖാരി എഴുതുന്നു: 'ജാഗ്രിതി എന്ന ഹിന്ദി സിനിമയുടെ കാർബൺ കോപ്പിയാണ് ബേദാരി എന്ന പാക് ചിത്രം. ബേദാരിയിലെ ഗാനങ്ങളും മോഷണങ്ങളാണെന്ന കാര്യം ആദ്യം അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയത് ഞാനാണ്. ഇതൊന്നുമറിയാതെ എത്രയോ വർഷങ്ങളായി ആ ഗാനങ്ങൾ പലതും ഇന്നും പാകിസ്താനിലെ പൊതുചടങ്ങുകളിൽ അഭിമാനപൂർവം ആലപിക്കപ്പെടുന്നു. പാകിസ്താൻ ടെലിവിഷൻ അതിലൊരു പാട്ടിനെ അവരുടെ തീം സോംഗ് വരെ ആക്കി. ഇന്ത്യൻ സിനിമയിൽ നിന്ന് മോഷ്ടിക്കപ്പെട്ട ഒരു ഗാനത്തിലൂടെ നമ്മുടെ രാഷ്ട്ര പിതാവിന് ആദരം അർപ്പിക്കുന്നത് അപമാനകരമല്ലേ?' സയ്യദ് ഷായുടെ ലേഖനം ചർച്ചാവിഷയമായതിന് പിന്നാലെ ഗാനത്തിന് പി ടി വിയുടെ നിരോധനം വന്നു. എങ്കിലും 'ബേദാരി'യിലെ ഗാനങ്ങൾ ദേശഭക്തിയോടെ ആലപിക്കപ്പെടുന്ന വിദ്യാലയങ്ങൾ ഇന്നും കുറവല്ല പാകിസ്താനിൽ.

ഫിലിമിസ്താൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ സത്യേൻ ബോസ് സംവിധാനം ചെയ്ത 'ജാഗ്രിതി' പുറത്തിറങ്ങിയത് 1954 ലാണ്. തനിപ്പകർപ്പായ ബേദാരി 56 ലും. അഭി ഭട്ടാചാര്യ നായകനായ സോദ്ദേശ്യ ചിത്രമായിരുന്നു ജാഗ്രിതി. സ്വഭാവദൂഷ്യം കൊണ്ട് വഴിതെറ്റിപ്പോയ കുട്ടികളിലെ നന്മ വീണ്ടെടുത്ത് അവരെ ദേശീയബോധമുള്ള ഉത്തമ പൗരന്മാരാക്കി വളർത്തുന്ന അധ്യാപകന്റെ കഥ. ആ വർഷത്തെ മികച്ച രണ്ടാമത്തെ സിനിമയ്ക്കുള്ള ദേശീയ അവാർഡ് നേടിയ ജാഗ്രിതി ഇന്ന് ഓർക്കപ്പെടുന്നത് അർത്ഥസമ്പുഷ്ടമായ അതിലെ ഗാനങ്ങളിലൂടെയാവാം. ഉള്ളടക്കത്തിലും നിലവാരത്തിലും പാക് ചിത്രങ്ങളേക്കാൾ ഒരു ചുവട് മുന്നിൽ നിന്നിരുന്ന ചിത്രങ്ങളാണ് അക്കാലത്ത് ഹിന്ദിയിൽ പുറത്തിറങ്ങിയിരുന്നത്. അത്തരം ചിത്രങ്ങൾക്ക് പാകിസ്താനിലും ഉണ്ടായിരുന്നു വലിയൊരു പ്രേക്ഷകവൃന്ദം. ഇന്ത്യൻ ചിത്രങ്ങൾ ഇറക്കുമതി ചെയ്യുന്നതിനും പ്രദർശിപ്പിക്കുന്നതിനും പാകിസ്താൻ സർക്കാരിന്റെ കർശനവിലക്ക് ഉണ്ടായിരുന്നതിനാൽ, 'ജാഗ്രിതി'യിലൂടെ അൽപ്പം പണം കൊയ്യാൻ നിർമാതാവ് വസീർ അലി റിസ്‌വി കണ്ടെത്തിയ പോംവഴിയായിരുന്നു പടം ഉർദുവിലേക്ക് പകർത്തുക എന്നത്. അക്കാലത്ത് ആരുടേയും അനുമതിയില്ലാതെ എളുപ്പം ചെയ്യാവുന്ന കാര്യം.
'ബേദാരി'യുടെ കഥ 'ജാഗ്രിതി'യുടേത് തന്നെ. പക്ഷേ, ഇന്ത്യൻ ദേശീയബോധം തുളുമ്പുന്ന മുദ്രാവാക്യങ്ങൾ ഉർദു പതിപ്പിൽ പാക് അനുകൂല മുദ്രാവാക്യങ്ങളായി മാറി; മഹാത്മാഗാന്ധിയെ കുറിച്ചുള്ള പരാമർശങ്ങൾ, പാക് രാഷ്ട്രപിതാവ് 'ഖ്വൈദ്-എ-അസം' മുഹമ്മദലി ജിന്നയെ കുറിച്ചുള്ള വാഴ്ത്തുപാട്ടുകളായി. ഗാനങ്ങളിലായിരുന്നു ഏറ്റവും കടുത്ത പരീക്ഷണങ്ങൾ. ഉർദു ചിത്രത്തിന് വേണ്ടി ഗാനരചന നിർവഹിച്ചത് പ്രശസ്ത കവി ഫയാസ് ഹാശ്മി. സംഗീതം വിഖ്യാത സിത്താർ വാദകൻ കൂടിയായ ഉസ്താദ് ഫത്തേ അലി ഖാൻ. പ്രദീപും ഹേമന്ദ് കുമാറും ചേർന്ന് ഹിന്ദി സിനിമയിൽ സൃഷ്ടിച്ച മനോഹര ഗാനങ്ങളെ 'പാകിസ്താൻവൽക്കരിക്കുക'' എന്ന ദൗത്യമേ ഉണ്ടായിരുന്നുള്ളൂ ഇരുവർക്കും. ബുദ്ധിപൂർവം തന്നെ ആ ദൗത്യം നിറവേറ്റി അവർ. സലീം റാസ പാടിയ 'ആവോ ബഛോ സൈർ കരായേ തുംകോ പാകിസ്താൻ കി'' എന്ന പാട്ടിന്റെ വരികളിൽ മാത്രമല്ല ദൃശ്യങ്ങളിലും പാകിസ്താൻ വന്നു നിറഞ്ഞു. തീവണ്ടി യാത്രക്കിടെ കുട്ടികൾക്ക് കഥ പറഞ്ഞുകൊടുക്കുന്ന രീതിയിലാണ് ഇതിന്റെ രചന. ഹിന്ദി ഗാനത്തിൽ യമുനയും ഗംഗയും രജ്പുട്ടാനയും ഛത്രപതി ശിവജിയും ജാലിയൻ വാലാബാഗും ഒക്കെ തിളങ്ങിനിൽക്കുമ്പോൾ ഉർദുവിൽ കാശ്മീരിനും പഞ്ചാബിനും സിന്ധിനും മുഹമ്മദലി ജിന്നക്കും സിറാജുദ്ദൗലക്കും ഒക്കെയാണ് പ്രാമുഖ്യം.

ഗാന്ധിജിയെ വാഴ്ത്തുന്ന 'ദേ ദിൽ ഹമേ ആസാദി ബിനാ ഖഡഗ് ബിനാ ധാൽ/ സബർമതി കേ സാന്ത് തു നേ കർ ദിയെ കമാൽ'' എന്നൊരു പാട്ടുണ്ട് 'ജാഗ്രിതി''യിൽ. ആശ ഭോസ്ലെ പാടിയ ഈ പാട്ട് ഉർദുവിൽ വന്നപ്പോൾ ഖ്വൈദ് -എ -അസം (മഹാനായ നേതാവ്) എന്ന് വിശേഷിപ്പിക്കപ്പെടുന്ന പാക് രാഷ്ട്രപിതാവ് ജിന്നയായി അതിലെ നായകൻ. 'ദേ ദിൽ ഹമേ ആസാദി കി ദുനിയാ ഹുയീ ഹൈരാൻ / ഏ ഖ്വൈദ് -എ -അസം തേരാ എഹ്സാൻ ഹേ എഹ്സാൻ'' എന്ന ആ ഗാനം പാടിയത് മുനാവർ സുൽത്താന. ട്യൂൺ ഹിന്ദി ഗാനത്തിന്റേതു തന്നെ. തീർന്നില്ല: ഒറിജിനൽ ചിത്രത്തിൽ മുഹമ്മദ് റഫി പാടിയ ഹം ലായേ ഹേ തൂഫാൻ സേ എന്ന ഗാനത്തിനും ഉണ്ടായി ഒരു ഉർദു പതിപ്പ് - പാടിയത് സലീം റാസ. 'സ്വന്തം കുഞ്ഞിനെ ഏതെങ്കിലും ക്രൂരന്മാർ തട്ടിക്കൊണ്ടുപോയി അംഗവൈകല്യം വരുത്തിയാൽ എന്തു തോന്നും? അതേ വികാരമാണ് എനിക്കിപ്പോൾ''- സ്വന്തം രചന മോഷ്ടിക്കപ്പെട്ട കഥയറിഞ്ഞപ്പോൾ വേദന മറച്ചുവെക്കാതെ കവി പ്രദീപ് പറഞ്ഞു. പണ്ഡിറ്റ് നെഹ്‌റുവിനെ പോലും വികാരാധീനനാക്കിയ ഏ മേരെ വതൻ കേ ലോഗോം, കിത്നാ ബദൽ ഗയാ ഇൻസാൻ, കഭി ധൂപ് കഭി ഛാവോം തുടങ്ങി സാമൂഹ്യ പ്രസക്തിയുള്ള നിരവധി പ്രശസ്ത ഗാനങ്ങളുടെ രചയിതാവാണ് ഗായകൻ കൂടിയായ പ്രദീപ്.
റഫീഖ് റിസ്‌വി സംവിധാനം ചെയ്ത 'ബേദാരി' പാകിസ്താനിൽ ഭേദപ്പെട്ട ഹിറ്റായിരുന്നു. മുഖ്യ ആകർഷണം പാട്ടുകൾ തന്നെ. എങ്കിലും പടം മോഷണമാണെന്ന് പാക് അധികൃതർ തിരിച്ചറിയാൻ അധികകാലം വേണ്ടിവന്നില്ല. 1958 ഓടെ ബേദാരിയുടെ പ്രദർശനം സർക്കാർ നിരോധിച്ചു. എങ്കിലും അതിലെ പാട്ടുകൾ പാക് ജനതയുടെ ദേശപ്രേമ സങ്കൽപ്പങ്ങളുടെ ഭാഗമായി മാറിയിരുന്നു അപ്പോഴേക്കും. ``ആ ഗാനങ്ങളും നിരോധിക്കപ്പെടേണ്ടവ തന്നെയാണ്. പാകിസ്താന് സ്വന്തമായി സ്വാതന്ത്ര്യസമര പാരമ്പര്യം ഉള്ളപ്പോൾ എന്തിന് അക്കാര്യത്തിൽ മാത്രം ഇന്ത്യയെ ആശ്രയിക്കണം?'' - സയ്യദ് ഷാ ബുഖാരിയുടെ ചോദ്യം.
പക്ഷേ, സയ്യദ് ഷായുടെ നാട്ടുകാർ സമ്മതിക്കേണ്ടേ? ഇന്ത്യക്കാരായ രണ്ട് അപൂർവ പ്രതിഭാശാലികൾ ചേർന്ന് മിനഞ്ഞെടുത്ത ആ ഗാനങ്ങൾ ആറു പതിറ്റാണ്ടിനിപ്പുറവും സ്വന്തം ഹൃദയത്തോട് ചേർത്ത് കൊണ്ടുനടക്കുന്നു പല പാകിസ്താൻകാരും; വരികളിൽ ചില്ലറ മാറ്റങ്ങളോടെയെങ്കിലും.
Content Highlights: Discover the communicative of however a beloved Indian patriotic opus copied and repurposed arsenic a Pakistani song
ABOUT THE AUTHOR
ഗ്രന്ഥകർത്താവ്,മാതൃഭൂമി സീനിയർ കണ്ടന്റ് സ്പെഷ്യലിസ്റ്റ്, ക്ലബ് എഫ്.എം. മുൻ മ്യൂസിക്ക് ഹെഡ്
![]()
മാതൃഭൂമി.കോം വാട്സാപ്പിലും






English (US) ·