
കങ്കണയുടേതായി പുറത്തുവന്ന വീഡിയോയിൽനിന്ന് | സ്ക്രീൻഗ്രാബ്
ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ നടന്ന ഒരു പരാതി പരിഹാര യോഗത്തിൻ്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ, രൂക്ഷവിമർശനം നേരിട്ട് കങ്കണ റണൗട്ട്. സഹായം അഭ്യർത്ഥിച്ചെത്തിയ ഒരു വയോധികനെ കങ്കണ നിലത്ത് മുട്ടിലിരുത്തിയെന്നും ഇദ്ദേഹത്തിന്റെ പരാതി തള്ളിക്കളഞ്ഞെന്നുമാണ് വിമർശകർ പറയുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. തൻ്റെ രാഷ്ട്രീയ ജീവിതത്തിലുള്ള അതൃപ്തി കങ്കണ പ്രകടിപ്പിച്ച് ദിവസങ്ങൾക്കകമാണ് ഈ വീഡിയോ പുറത്തുവന്നത്.
മാണ്ഡിയിൽനിന്നുള്ള ലോക്സഭാംഗമാണ് നടികൂടിയായ കങ്കണ റണൗട്ട്. പ്രദേശത്ത് അടുത്തിടെ നടന്ന ഒരു പരാതി പരിഹാര യോഗത്തിൽ കങ്കണയും പങ്കെടുത്തിരുന്നു. ഈ യോഗത്തിനെത്തിയ ഒരു വയോധികൻ നിലത്ത് കാൽമുട്ടിൽ ഇരുന്നുകൊണ്ടാണ് കങ്കണയോട് പരാതി ബോധിപ്പിച്ചത്. തന്റെ പ്രശ്നത്തിന് പരിഹാരം കാണാൻ സഹായിക്കണമെന്ന് ഇദ്ദേഹം പറയുമ്പോൾ ഇതൊന്നും തന്റെ ജോലിയല്ലെന്നാണ് കങ്കണ പറയുന്നത്.
"ഇത് മുഖ്യമന്ത്രിയുടെ ജോലിയാണ്, നിങ്ങൾ അദ്ദേഹത്തോടാണ് പറയേണ്ടത്... മുഖ്യമന്ത്രി ചെയ്യേണ്ട കാര്യങ്ങൾ എന്നോട് പറഞ്ഞിട്ട് എന്തിനാണ്..." എന്ന് കങ്കണ പറയുന്നത് കേൾക്കാം. ഇതിന് മറുപടിയായി, പാർലമെൻ്റിൽ ഈ വിഷയം ഉന്നയിക്കാമല്ലോ എന്ന് വയോധികൻ കങ്കണയോട് പറയുന്നു. ഇതിന് പിന്നാലെ, കേന്ദ്ര ഊർജ്ജ, ഭവന, നഗരകാര്യ മന്ത്രി മനോഹർ ലാൽ ഖട്ടറുമായി ബന്ധപ്പെടാൻ സഹായിക്കാമെന്ന് കങ്കണ അദ്ദേഹത്തിനോട് പറഞ്ഞു.
വീഡിയോയുടെ ഒരിടത്ത്, ഒരാൾ ഇടപെട്ട് ആ പ്രായമായ വ്യക്തിയെ അവിടെ നിന്ന് കൊണ്ടുപോകാൻ ശ്രമിക്കുന്നത് കാണാം. എന്നാൽ, കങ്കണ അയാളെ തട്ടിമാറ്റി സംഭാഷണം തുടരുകയായിരുന്നു. എന്നാൽ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾക്കാണ് വഴിവെച്ചത്. കങ്കണയുടെ പ്രതികരണം വിവേകശൂന്യമാണെന്ന് പലരും വിമർശിച്ചു. പ്രായമായ ആ വ്യക്തിയെ കാൽക്കൽ ഇരുത്തുന്നതിന് പകരം അടുത്തിരിക്കാൻ പറയാത്തതിനും ചിലർ കങ്കണയെ രൂക്ഷമായി വിമർശിച്ചു.
എന്തിനാണ് ഈ പ്രായമായ മനുഷ്യനെ നിലത്തിരുത്തുന്നത്? എന്നാണ് ഒരാൾ കമന്റ് ചെയ്തത്. ഇതിൻ്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ കഴിയില്ലെങ്കിൽ അവർ എന്തിനാണ് രാഷ്ട്രീയത്തിൽ പ്രവേശിച്ചത്?" എന്ന് മറ്റൊരു സോഷ്യൽ മീഡിയ ഉപയോക്താവ് അഭിപ്രായപ്പെട്ടു. ബോളിവുഡ് നടിമാർ രാഷ്ട്രീയക്കാരായാൽ ഇതാണ് സംഭവിക്കുന്നത്. അപ്പൂപ്പൻ്റെ പ്രായമുള്ള ഒരു മനുഷ്യനെ സഹായം ചോദിക്കാനായി കാൽക്കൽ ഇരുത്തുന്നത് കാണുമ്പോൾ ലജ്ജ തോന്നുന്നു. ഇത് തൻ്റെ വകുപ്പോ വിഷയമോ അല്ലെന്ന് പറഞ്ഞ് അവർ നിരസിക്കുകയും ചെയ്തു. പിന്നെ എന്തിനാണ് അവർ ജനങ്ങളെ പ്രതിനിധീകരിക്കുന്നത് എന്നും പ്രതികരണങ്ങൾ വന്നു.
Content Highlights: Kangana Ranaut Faces Backlash for Dismissing Elderly Man's Plea successful Himachal Pradesh





English (US) ·