'വലിയ കലാകാരന്മാരെ കാത്തുനിർത്തും, കാണാൻ കൂട്ടാക്കില്ല'; എ.ആർ റഹ്മാനെതിരെ വീണ്ടും അഭിജിത് ഭട്ടാചാര്യ

9 months ago 7

10 April 2025, 03:07 PM IST

Abhijeet Bhattacharya, ar rahman

അഭിജിത് ഭട്ടാചാര്യ | Photo: ANI, എ.ആർ റഹ്‌മാൻ. Photo: AFP

സംഗീതസംവിധായകന്‍ എ.ആര്‍. റഹ്‌മാനെതിരെ ഗായകന്‍ അഭിജിത് ഭട്ടാചാര്യ. മുതിര്‍ന്ന ഗായകര്‍ക്കും സംഗീതസംവിധായകര്‍ക്കും ഗാനരചയിതാക്കള്‍ക്കും അര്‍ഹിക്കുന്ന ബഹുമാനം റഹ്‌മാന്‍ നല്‍കാറില്ലെന്നാണ് അഭിജിത്തിന്റെ ആരോപണം. വലിയ നേട്ടങ്ങളടക്കം സ്വന്തമാക്കിയ ബഹുമാന്യരായ കലാകാരന്മാരെ തന്റെ സ്റ്റുഡിയോയില്‍ മണിക്കൂറുകളോളം കാത്തിരിക്കാന്‍ നിര്‍ബന്ധിക്കുമെന്നാണ് അഭിജിത്തിന്റെ ആരോപണം. പദ്മഭൂഷണ്‍, പദ്മശ്രീ ജേതാക്കള്‍ അടക്കമുള്ള കലാകാരന്മാരോട് റഹ്‌മാന്റെ ബഹുമാനക്കുറവ് കണ്ട് താന്‍ ഞെട്ടിപ്പോയെന്നും അഭിജിത് ഭട്ടാചാര്യ പറഞ്ഞു.

വാര്‍ത്താഏജന്‍സിയായ എഎന്‍ഐയോട് സംസാരിക്കുമ്പോഴാണ് അഭിജിത് ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞത്. എ.ആര്‍. റഹ്‌മാന്റെ സംഗീതത്തില്‍ 1999-ല്‍ പുറത്തിറങ്ങിയ 'ദില്‍ ഹി ദില്‍ മേ' എന്ന ചിത്രത്തിന് വേണ്ടി ഒരു പാട്ട് പാടാന്‍ പോയപ്പോഴുള്ള അനുഭവമാണ് അഭിജിത് പങ്കുവെച്ചത്. പദ്മഭൂഷണ്‍, പദ്മശ്രീ ജേതാക്കള്‍ അടക്കമുള്ള വളരെ പ്രശസ്തരായ കാലാകാരന്മാരെ, റഹ്‌മാന്‍ സ്റ്റുഡിയോയുടെ താഴത്തെ നിലയില്‍ മണിക്കൂറുകളോളം ബെഞ്ചില്‍ കാത്തിരിക്കാന്‍ നിര്‍ബന്ധിച്ചുവെന്നാണ് അഭിജിത് ഭട്ടാചാര്യ പറയുന്നത്.

'പദ്മശ്രീ, പദ്മഭൂഷണ്‍ ജേതാക്കളെയാണ് താഴത്തെ നിലയിലെ ബെഞ്ചില്‍ ഇരുത്തിയത് എന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം. രണ്ടു- രണ്ടരമണിക്കൂറോളം കാത്തിരുന്നിട്ടും റഹ്‌മാന്‍ ഇറങ്ങിവന്നില്ല. എല്ലാവരും പരസ്പരം സംസാരിച്ച് സമയം തള്ളി നീക്കി. ഞാന്‍ എന്റെ വാച്ചില്‍നോക്കിയിരുന്നു. എന്നിട്ടും റഹ്‌മാന്‍ വന്നില്ല', എന്നായിരുന്നു അഭിജിത് ഭട്ടാചാര്യയുടെ വാക്കുകള്‍. പിന്നീട് തന്റെ പാട്ട് റെക്കോര്‍ഡ് ചെയ്യുമ്പോള്‍ പോലും റഹ്‌മാനെ കാണാന്‍ കഴിഞ്ഞില്ലെന്ന് അഭിജിത് ആരോപിച്ചു. റഹ്‌മാന്റെ സഹായിയാണ് തന്റെ ഭാഗം റെക്കോര്‍ഡ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

റഹ്‌മാനും അഭിജിത്തും ഒരു ഗാനത്തില്‍ മാത്രമാണ് സഹകരിച്ചിട്ടുള്ളത്. സമാന ആരോപണം അഭിജിത് നേരത്തേയും റഹ്‌മാനെതിരെ ഉന്നയിച്ചിരുന്നു. തന്നെ പുലര്‍ച്ചെ രണ്ട് മണിക്ക് വിളിച്ച് 3.30-ന് പാട്ട് റെക്കോര്‍ഡ് ചെയ്യാന്‍ ആവശ്യപ്പെട്ടുവെന്നായിരുന്നു അഭിജിത് പറഞ്ഞത്. ക്രിയേറ്റിവിറ്റിയുടെ പേരില്‍ പുലര്‍ച്ചെ പാട്ട് റെക്കോര്‍ഡ് ചെയ്യണമെന്ന് പറയുന്നത് തനിക്ക് മനസിലാവുന്നില്ലെന്നും അഭിജിത് തുറന്നു പറഞ്ഞിരുന്നു.

Content Highlights: Abhijeet Bhattacharya Accuses AR Rahman Of Making Legends Wait

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article